Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പശ്ചിമേഷ്യയിൽ  സൈനിക സമവാക്യങ്ങൾ മാറുമോ?
cancel

ആഗസ്റ്റ് ഏഴിനു വെള്ളിയാഴ്ച സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ മക്കയിൽ ഒപ്പുവെച്ച ത്രിരാഷ്ട്ര പ്രതിരോധകരാർ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ദീർഘകാല ശാക്തിക ബന്ധങ്ങളിൽ വലിയ പ്രതിഫലനങ്ങളുണ്ടാക്കാൻ പോന്നതാണ്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, തുർക്കിയ പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. അതിന്റെ വ്യവസ്ഥകൾ വെളിപ്പെട്ടിട്ടില്ല. അതിനാൽ കരാറിന്റെ അർഥതലങ്ങളും ഏറെ അനുമാനങ്ങൾക്ക് വക നൽകുന്നു. മൂന്നു രാജ്യങ്ങളിൽ ആർക്കെതിരായ ഏത് ആക്രമണവും മൂന്നു രാജ്യങ്ങളുടെയും മേലുള്ള ആക്രമണമായി ഗണിക്കപ്പെടും എന്നതാണ് ഈ കരാറിന്റെ പ്രധാനതത്ത്വം.

ഇപ്പറഞ്ഞ പ്രധാന വ്യവസ്ഥയുമായി മുമ്പും സൈനിക ഉടമ്പടികൾ പലതുമുണ്ടായിട്ടുണ്ട്. അതൊക്കെയും മിക്കവാറും രേഖയിൽ മാത്രം ഒതുങ്ങിയതാണ് അനുഭവം. ഈ കരാർ തത്ത്വത്തിൽ നടപ്പിലാവുമ്പോൾ തന്നെ അതിന്റെ വ്യാപ്തിയെത്രയെന്നത് അവ്യക്തമാണ്. ആക്രമണത്തിന്റെ നിർവചനത്തിൽ ഏതെല്ലാം പരിഗണിക്കപ്പെടുമെന്നതും പ്രത്യാക്രമണം എത്രവരെ ആവാമെന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. നാറ്റോ രൂപവത്കരിച്ചപ്പോൾ പ്രസ്തുത ഉടമ്പടിയിലും 2000ൽ ഗൾഫ് രാഷ്ട്രങ്ങളുടെ കൂട്ടായ്മ ജി.സി.സി ഒപ്പിട്ട സംയുക്ത പ്രതിരോധ കരാറിലും സമാന വകുപ്പുകൾ ഉണ്ടായിരുന്നു. നാറ്റോ ഉടമ്പടിയിലെ ഈ വകുപ്പ് കാരണമാണ് ഫിൻലൻഡും യുക്രെയ്നും നാറ്റോ അംഗങ്ങളാവുന്നതിനെ റഷ്യ നഖശിഖാന്തം എതിർത്തത്. യുക്രെയ്നിനു നേരെയുള്ള ആക്രമണം യൂറോപ്പിലെ നാറ്റോ ശക്തികൾ മൊത്തം ചെറുക്കാൻ ബാധ്യസ്ഥമായാൽ അവ റഷ്യക്കുമേൽ നടത്താൻ തുനിയുന്ന സൈനിക നടപടി ഉയർത്തിക്കൊണ്ടായിരുന്നു അത്. എന്നാൽ, നാറ്റോ തന്നെ അത്തരം ഒരു ആക്രമണത്തിന്റെ പേരിൽ മറ്റൊരു രാജ്യത്തിനു നേരെയും നടപടി സ്വീകരിച്ചിട്ടില്ല.

പ്രതിരോധ സഹകരണത്തിൽ പങ്കു ചേരുന്ന രാജ്യങ്ങൾ സ്വാഭാവികമായും ഏതെങ്കിലും ഒന്നോ അതിലധികമോ ശത്രു രാജ്യത്തെയോ തങ്ങളെ ആക്രമിക്കാൻ സാധ്യതയുള്ള അയൽ രാജ്യത്തെയോ അപ്പുറം പ്രതിഷ്ഠിക്കും. 2025 സെപ്റ്റംബറിൽ സൗദി-പാകിസ്താൻ പ്രതിരോധ സഹകരണ കരാർ ഒപ്പിട്ടപ്പോഴും ഇതേ വിഷയം ഉയർന്നിരുന്നു. ഈ കരാറിന്റെ ഉള്ളടക്കം എവിടെയും പ്രസിദ്ധീകരിപ്പെടാത്തതു കൊണ്ട് നിരീക്ഷണങ്ങളെല്ലാം ആ വഴിക്കാണ് പോകുന്നത്. ഇപ്പോൾ യു.എസ്-ഇറാൻ യുദ്ധം നടക്കുന്നതിനിടയിൽ ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ പല ഘട്ടങ്ങളിലായി നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ നിൽക്കാനുള്ള ഒരു വഴിയായി ഇതിനെ കാണുന്നവരുണ്ട്. എന്നാൽ, സൗദി അറേബ്യ ഒഴിച്ചുള്ള പാകിസ്താനും തുർക്കിയക്കും തത്തുല്യമായ താൽപര്യമല്ല ഉള്ളത്. ഇറാനുമായി 900 കിലോമീറ്റർ നീണ്ട അതിർത്തി പങ്കിടുന്ന പാകിസ്താനോ 500 കിലോമീറ്റർ നീണ്ട അതിർത്തി പങ്കിടുന്ന തുർക്കിയക്കോ പറയത്തക്ക ശത്രുതയൊന്നുമില്ല. സൗദി അറേബ്യയും തുർക്കിയയും തമ്മിൽ ഉസ്മാനിയാ ഖിലാഫത്തിന്റെ പതനം മുതൽ മൊത്തത്തിലുണ്ടായിരുന്ന വിരോധം പിന്നീട് മാഞ്ഞുപോയിട്ടുണ്ടെന്ന് പറയാം. 2018ൽ ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിൽ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ടതിനെ തുടർന്ന് മോശമായ നയതന്ത്ര ബന്ധവും പിന്നീട് മെച്ചപ്പെട്ടതാണ്.

പാകിസ്താനുമായി സൗദി കഴിഞ്ഞ വർഷം കരാർ ഒപ്പിട്ട ശേഷം സൗദിക്കുനേരെ പല തവണ ഹൂതികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിനെതിരെയൊന്നും സൗദി, പാകിസ്താന്റെ സൈനിക സഹായം തേടിയതായി അറിവില്ല. നിലവിലെ യുദ്ധത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങൾ മിക്കവാറും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും അതോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലുമാണ് നടന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇറാന്റെ ആക്രമണം നേരിട്ട ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ സംരക്ഷണക്കുടക്ക് കീഴിലാണ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും യു.എസ് താവളങ്ങളുമുണ്ട്. ഇതുവെച്ച് ഗൾഫ് രാജ്യങ്ങൾ ഇനി അമേരിക്കയെ തങ്ങളുടെ സംരക്ഷണത്തിന് നമ്പാൻ പറ്റുന്ന ശക്തിയായി കാണുന്നില്ല എന്നുവേണമെങ്കിൽ പറയാം. മാത്രമല്ല, യു.എസ് സൈനിക സാഹസങ്ങൾ കൊണ്ട് മാത്രമാണ് തങ്ങൾ ഇപ്പോഴനുഭവിച്ച പ്രഹരങ്ങൾക്ക് വിധേയരായതെന്നും ഗൾഫ് രാഷ്ട്രങ്ങൾക്ക് പറയാവുന്നതാണ്.

പുതിയ ത്രിരാഷ്ട്ര കരാറിൽ മൂന്നു രാജ്യങ്ങൾക്കും സ്വന്തം താൽപര്യങ്ങളുണ്ട്. ഗൾഫ് രാഷ്ട്രങ്ങൾ അവക്കുപുറത്ത് ഒരു സൈനിക ഉടമ്പടി ഒപ്പുവെക്കുന്നത് ആദ്യമാണ്. ഈ കരാറിൽ പങ്കാളികളായ ഓരോ രാജ്യത്തിനും ആ നിലക്ക് തങ്ങളുടേതായ ശക്തിയുമുണ്ട്. തുർക്കിയ ഗണ്യമായ സൈനിക ശേഷിയും നാറ്റോവിന്റെ യൂറോപ്പിലെ ഏറ്റവും ശക്തമായ സൈന്യവുമുള്ള രാജ്യം. സൗദി അറേബ്യയാകട്ടെ, മേഖലയിലെ സാമ്പത്തികശക്തിയും പെട്രോളിയത്തിലെ കുത്തകയും. പാകിസ്താൻ ആറര ലക്ഷം സൈനികരുള്ള, ഇപ്പോൾ തന്നെ പല ഗൾഫ് രാജ്യങ്ങളിലും സൈനിക പരിശീലനം നൽകുന്ന രാജ്യം.

അമേരിക്കയുമായി സൈനിക സഹകരണമുള്ള രാജ്യങ്ങളാണ് ഇത്തരമൊരു കരാറിലെ കക്ഷികൾ. അതിനാൽ അമേരിക്കയെ എവിടെയാണ് മൂന്നു രാജ്യങ്ങളും പ്രതിഷ്ഠിക്കുന്നത് എന്നത് ചിന്തനീയമാണ്. ഒരു കാലത്ത് ഇറാനെ ശത്രുപക്ഷത്ത് നിർത്തിയിരുന്ന ഗൾഫ് രാജ്യങ്ങളെല്ലാം ഇന്ന് അങ്ങനെയല്ല. പക്ഷേ, ഇസ്രായേൽ-അമേരിക്ക സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ തിരിച്ചടികളിൽ അവർക്കു പ്രതിഷേധമുണ്ട്. അതോടൊപ്പം ഇറാനോടുള്ളതിനേക്കാൾ സൗദി അറേബ്യക്ക് ഇന്ന് വിരോധമുള്ളത് ഇസ്രായേലിനോട് ആണെന്നതും അവഗണിച്ചുകൂടാ. ഫലസ്തീൻ രാജ്യമുൾപ്പെട്ട ഒരു ദ്വിരാഷ്ട്ര പരിഹാരം സ്വീകരിക്കാത്ത ഇസ്രായേലിനോട് സൗദിക്ക് രാജിയാവാൻ പറ്റില്ല. ആ നിലക്കു നോക്കിയാൽ പുതിയ ത്രിരാഷ്ട്ര കരാറിൽ ഏതേത് ശക്തികളുടെ മറു പക്ഷത്താണ് മൂന്നു രാജ്യങ്ങളും നിൽക്കുന്നത് എന്നത് കാത്തിരുന്നത് കാണേണ്ടതാണ്. അതിനുള്ള അവസരം വന്നില്ലെങ്കിലും ഏതു വിഷയങ്ങളിലാണ് സൗദി അറേബ്യ തുർക്കിയയോടും പാകിസ്താനോടും അടുത്തിരിക്കുന്നത് എന്നതും പഠനവിഷയമാണ്. പെട്ടെന്ന് കൃത്യമായ മറുപടി ആർക്കും ഉണ്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west asiaMilitary Power displayGeopolitics
News Summary - പശ്ചിമേഷ്യയിൽ സൈനിക സമവാക്യങ്ങൾ മാറുമോ?
Next Story