Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ?

text_fields
bookmark_border
വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ?
cancel

കേരളത്തിലെ ആസൂത്രണബോർഡ് അംഗങ്ങളുടെ നിയമനത്തിൽ സാമുദായികവും ലിംഗപരവുമായ പ്രാതിനിധ്യം അവഗണിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രധാന പിന്നാക്കസംഘടനകളും നേതാക്കളും ഒറ്റക്കെട്ടായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശന് തുറന്ന കത്തെഴുതുകയുണ്ടായി. ഭരണാധികാരസ്ഥാനങ്ങളിൽ എല്ലാ സമുദായങ്ങൾക്കും മതിയായ പ്രാതിനിധ്യം ലഭ്യമാക്കുക എന്ന മൗലികാവകാശം സർവകലാശാല കൗൺസിലുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോർഡുകളും കമീഷനുകളും കോർപറേഷനുകളും, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ സംവിധാനങ്ങളുടെ നിയമനങ്ങളിൽ നഷ്ടമാകുന്നതിലെ നിരാശയും വേദനയും ആ കത്തിലുണ്ട്. ആസൂത്രണബോർഡിലെ പുതിയ അംഗങ്ങൾ യോഗ്യരും കഴിവു തെളിയിച്ചവരുമാണെന്ന കാര്യം നിസ്തർക്കമാണെങ്കിലും നിയമനത്തിൽ സാമുദായികവും ലിംഗപരവുമായ ഏകപക്ഷീയത സംഭവിച്ചുവെന്നത് വസ്തുതയാണ്. സാമൂഹികനീതിയെക്കുറിച്ച് ജാഗ്രതയുള്ള സമൂഹമെന്ന് വിചാരിക്കുന്ന കേരളത്തിൽപോലും നയരൂപവത്കരണ വേദികളായ സ്റ്റാറ്റ്യൂട്ടറി ബോർഡുകളിലും കൗൺസിലുകളിലും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ ഇപ്പോഴും അധികാരസ്ഥാനങ്ങൾക്കു പുറത്തുതന്നെ നിൽക്കേണ്ടിവരുന്നു എന്നത് ഒട്ടും ആശാസ്യമല്ല. പലതരം രാഷ്ട്രീയ പരിഗണനകളിലൂന്നുമ്പോൾ തകരേണ്ടതല്ല, സാമൂഹികനീതിയെക്കുറിച്ചും വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുമുള്ള വിഭാവനങ്ങൾ.

വികസനത്തിന്റെ ദിശ നിശ്ചയിക്കുന്ന ഇത്തരം സംവിധാനങ്ങളിൽ എസ്‌.സി-എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നു എന്ന പരാതി കേവലം സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള തർക്കമായി ലഘൂകരിക്കപ്പെടുന്നതുതന്നെ നീതിനിഷേധത്തിന് തുല്യമാണ്. യഥാർഥത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടോ എന്ന ജനാധിപത്യപരമായ അന്വേഷണമായി ഭരണാധികാരികളും രാഷ്ട്രീയനേതൃത്വവും ഇത്തരം ചോദ്യങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നിർണയിക്കുന്നതിലും വിഭവങ്ങൾ പങ്കുവെക്കുന്നതിലും നിർണായകസ്ഥാനമുള്ള ബോർഡുകളിൽ ചരിത്രപരമായും സാമൂഹികമായും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന രാഷ്ട്രീയപ്രബുദ്ധത ആർജിക്കാൻ ഇത്തരം ചോദ്യങ്ങൾ അനിവാര്യമാണെന്ന് തെളിയിക്കുന്നു, ആസൂത്രണബോർഡ് അംഗങ്ങളുടെ നിയമനത്തിൽ സംഭവിച്ച ‘അശ്രദ്ധ’.

നമ്മുടെ സംസ്ഥാനത്ത് നിയമസഭയിലും സര്‍ക്കാര്‍ ജോലികളിലും ഭരണഘടനാപരമായ സംവരണതത്ത്വങ്ങൾ പാലിക്കപ്പെടുമ്പോഴും, അക്കാദമികസമിതികൾ, ഉപദേശകസമിതികൾ, സ്റ്റാറ്റ്യൂട്ടറി ബോർഡുകൾ എന്നിവയിലേക്ക് പ്രഫഷനലുകളെയോ വിദഗ്ധരെയോ നാമനിർദേശം ചെയ്യുമ്പോൾ സാമൂഹിക സന്തുലിതാവസ്ഥ പാടേ വിസ്മരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ‘സ്വാഭാവികത’യിൽ സംഭവിക്കുന്ന സാമൂഹിക പ്രിവിലേജുകളെ മറികടക്കാൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികളുടെ സവിശേഷജാഗ്രത മാത്രം മതിയാകില്ല; മറിച്ച് നിയമപരമായ സംവരണവും സാമൂഹികവൈവിധ്യവും നിർബന്ധമാക്കുന്ന വ്യവസ്ഥകളും അനിവാര്യമാണെന്നതിലേക്ക് സംസ്ഥാന സർക്കാറിന് സംഭവിച്ച ഈ ‘മറവി’ വിരൽചൂണ്ടുന്നു. അക്കാദമിക രംഗത്തെ വിദഗ്ധരെ തെരഞ്ഞെടുക്കുമ്പോഴും പട്ടികജാതി-വർഗ, പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ തമിഴ്നാട്ടിലെ ഹയർ എജുക്കേഷൻ കൗൺസിൽ (TNSCHE) മാതൃക കേരളത്തിലും നിർബന്ധമാണ്. നയരൂപവത്കരണത്തിൽ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ശബ്ദം കേൾക്കാതിരുന്നാൽ, അതു നടപ്പാക്കുന്ന വികസന പദ്ധതികളുടെ സ്വഭാവത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നതിന് കേരളത്തിലെ വികസനഭൂപടത്തിൽ മലബാറും മലയോര, തീരദേശ മേഖലകളും അവഗണിക്കപ്പെട്ടതിന്റെ ചരിത്രംതന്നെ ധാരാളമാണ്.

രാഹുൽഗാന്ധിയുടെ ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തെ കേവലം മുദ്രാവാക്യമായി നിർത്താതെ, കേരളത്തിന്റെ മണ്ണിൽ പ്രയോഗവത്കരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ ഭരണപക്ഷ നേതൃത്വത്തിന് സവിശേഷമായ ഉത്തരവാദിത്തമുണ്ട്. ഇത്തരം രാഷ്ട്രീയപ്രാതിനിധ്യങ്ങളെ വിസ്മരിച്ചതിനും നിഷേധിച്ചതിനുമുള്ള വിയോജനക്കുറിപ്പാണ് കോൺഗ്രസിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയതെന്ന് അധികാര പങ്കാളിത്ത സന്ദർഭങ്ങളിൽ അവർ മറന്നുപോകരുത്. വഖഫ് ബോർഡ് നിയമനത്തിലെ പ്രാതിനിധ്യവിവാദത്തിൽ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗും സ്വീകരിച്ച ഉൾച്ചേർക്കൽ സമീപനം ശ്ലാഘനീയമാണ്.

സമുദായ ഐക്യത്തിനും സാമൂഹികനന്മക്കും അർഹമായ പദവികളേക്കാൾ പ്രാധാന്യമുണ്ട് എന്ന് പ്രഖ്യാപിച്ച ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെയും ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും നിലപാട് കേരളത്തിലെ എല്ലാ സമുദായ, രാഷ്ട്രീയ നേതാക്കൾക്കും മഹത്തായ സന്ദേശമാണ് നൽകുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പ്രകടിപ്പിച്ച ജാഗ്രതയും ഇടപെടലും ആസൂത്രണബോർഡ് മുതൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വരെയുള്ള നിർണായക സംവിധാനങ്ങളുടെ നിയമനങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് അർഹമായ ഇടം നൽകുന്നതിലും പുലർത്തേണ്ടതുണ്ട്. യഥാർഥ വികസനത്തിന്റെ ആദ്യപടിയും ജനാധിപത്യത്തിന്റെ സൗന്ദര്യവും സാക്ഷാത്കരിക്കപ്പെടുക നീതിനിഷേധിക്കപ്പെട്ടവരുടെ അധികാര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമാണ്. അതുകൊണ്ടുതന്നെ, വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണബോർഡിൽ കൂടി നടപ്പാക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will Waqf Board reforms reflect in Planning Board?
Next Story