ഡോക്ടർമാരില്ല, മരുന്നിനുപോലും മരുന്നുമില്ല
text_fieldsആലപ്പുഴ മെഡിക്കൽ കോളജ്
ആലപ്പുഴ
ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളജുകളിലൊന്നായി എണ്ണപ്പെട്ടിരുന്ന, തൊഴിലാളി കുടുംബങ്ങൾക്കും വി.വി.ഐ.പികൾ ഉൾപ്പെടെ മേൽത്തട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്ന ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ സൽപ്പേര് ഏറക്കുറെ ഓർമയായിരിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾക്കായിരുന്നു ക്ഷാമമെങ്കിൽ ആലപ്പുഴയിൽ ഉപകരണങ്ങൾ മാത്രമല്ല ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടർമാരുമില്ല, ജീവനക്കാരുമില്ല. ജനറൽ സർജറി വിഭാഗത്തിൽ 18 ഡോക്ടർമാർ വേണ്ടിടത്ത് എട്ടുപേർ മാത്രമാണുള്ളത്. ദിവസവും മൂന്ന് മേജർ ശസ്ത്രക്രിയകളും പത്തോളം മൈനർ ശസ്ത്രക്രിയകളും നടക്കുന്ന ആശുപത്രിയിൽ ഡോക്ടർക്ഷാമം തുടർന്നാൽ ശസ്ത്രക്രിയകളുടെ എണ്ണം കുറക്കലേ നിർവാഹമുള്ളൂ. ബൈപാസ് ശസ്ത്രക്രിയക്കായി മാത്രം 80ലധികം രോഗികളാണ് ഇവിടെ കാത്തിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ബൈപാസ് ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്.
അത്യാവശ്യ മരുന്ന് ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, രോഗികൾക്ക് പറയാനുള്ളത് മരുന്ന് കിട്ടാത്തതിന്റെ വിഷമതകളാണ്. ചികിത്സക്കെത്തുന്ന രോഗികളിൽ ഭൂരിഭാഗവും നിർധനരാണ്. സർജറി ഉപകരണങ്ങളും മരുന്ന് കയറ്റുമ്പോൾ കൈയിൽ ധരിപ്പിക്കുന്ന ഐ.വി ക്യാനുല, ഡ്രിപ്പിടാനുള്ള ഐ.വി സെറ്റ്, ഓക്സിജൻ മാസ്ക്, ആവി പിടിക്കാനുള്ള നെബുലൈസർ തുടങ്ങിയവയെല്ലാം രോഗികൾ പുറത്തുനിന്ന് വാങ്ങണം. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള പല മരുന്നുകളും ഫാർമസിയിൽ ഇല്ല. ഹൃദ്രോഗം, ന്യൂറോ, അർബുദ, വൃക്ക രോഗികൾക്കുള്ള മരുന്നുകൾ ഇല്ലേയില്ല.
പണമടച്ചാൽ മാത്രം സി.ടി സ്കാൻ റിപ്പോർട്ട്
അപകടത്തിൽ പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെ സി.ടി സ്കാൻ പരിശോധന നടത്തി അടിയന്തര ചികിത്സ നൽകുക എന്നതാണ് മെഡിക്കൽ എത്തിക്സിന്റെ ഒന്നാം പാഠം. സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളും അത് ഏറെക്കാലമായി പാലിച്ചുപോന്നിരുന്നതുമാണ്. എന്നാൽ, കണ്ണിൽ ചോരയില്ലാത്ത സ്വകാര്യ ആശുപത്രിക്കാരുടെ മനോഭാവമാണ് ആലപ്പുഴയിൽ. പണമടക്കാതെ സി.ടി സ്കാൻ പരിശോധന റിപ്പോർട്ട് നൽകില്ലെന്നാണ് ഇവിടത്തെ നിലപാട്. ഇത് പലപ്പോഴും അടിയന്തര ചികിത്സയെ ബാധിക്കുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പരാതി പറയുന്നു.
അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ പലപ്പോഴും നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇടിച്ച വാഹനങ്ങളുടെ ഡ്രൈവർമാരുമാണ് ആശുപത്രിയിലെത്തിക്കുക. ബന്ധുക്കളെ അറിയിച്ച് അവരെത്തിയശേഷം ഇക്കൂട്ടർ മടങ്ങും. സി.ടി സ്കാൻ പരിശോധന വേണ്ടിവരുന്ന രോഗികൾക്ക് ബന്ധുക്കളെത്തിയശേഷം പണമടച്ച് റിപ്പോർട്ട് വാങ്ങുന്നതാണ് പതിവ്. പ്രാഥമിക പരിശോധനകൾക്കുപോലും പണമടക്കേണ്ടിവരുന്നത് സാധാരണക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.
ട്രോമാ കെയറിലെ അവസാനിക്കാത്ത ട്രോമകൾ
അപകടത്തിൽപെട്ട് എത്തുന്നവർക്ക് വിദഗ്ധ ചികിത്സ നൽകാൻ 10 കിടക്കകളുള്ള ട്രോമാ കെയർ ഐ.സി.യു ഉണ്ടെങ്കിലും നാല് കിടക്കകൾക്ക് മാത്രമാണ് വെന്റിലേറ്റർ സൗകര്യമുള്ളത്. ഇ.സി.ജി എടുക്കാൻ യന്ത്രം മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരണം. സ്കാനിങ് പരിശോധനക്ക് അകലെ പോകേണ്ട സ്ഥിതിയാണ്. പരിക്ക് ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞാൽ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജിനെയും സമീപ ജില്ലയിലെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കണം.
2014ൽ പണം അനുവദിച്ച് ഡൽഹിയിലെ എയിംസിന്റെ രൂപരേഖയിൽ തുടങ്ങിയ ട്രോമാകെയർ ബ്ലോക്കിന്റെ നിർമാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. പരിക്കേറ്റവർക്ക് എത്രയുംവേഗം ചികിത്സകിട്ടാൻ ആശുപത്രി സമുച്ചയത്തിന്റെ പ്രവേശനഭാഗത്തുതന്നെയാണ് ബ്ലോക്ക് പണിയാരംഭിച്ചത്. വാഹനാപകട കേസുകൾ കൂടിയ സാഹചര്യത്തിൽ 30 കോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി എന്ന് തുടങ്ങാനാകുമെന്ന് സർക്കാറിനുപോലും അറിയില്ല. അപകടത്തിൽപെട്ട് എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഇപ്പോഴും.
ഗ്യാസ്ട്രോ എന്ററോളജിയിൽ സ്ഥിരം ഡോക്ടറില്ല
സൂപ്പർ സ്പെഷാലിറ്റി വിഭാഗം തുടങ്ങി രണ്ടുകൊല്ലമായിട്ടും ഗ്യാസ്ട്രോ എന്ററോളജിയിൽ സ്ഥിരം ഡോക്ടറെ നിയമിച്ചിട്ടില്ല. ആരോഗ്യ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ 2018 മുതൽ ജോലി ചെയ്തിരുന്ന ഡോ. ഗോപു ആർ. ബാബു കാലാവധി കഴിഞ്ഞ് കഴിഞ്ഞ നവംബറിൽ മടങ്ങിയതോടെയാണ് ചികിത്സാവിഭാഗം പ്രതിസന്ധിയിലായത്. പ്രശ്നം പരിഹരിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പ്രൊവിഷനൽ അസോസിയറ്റ് പ്രഫസറെ ആഴ്ചയിൽ രണ്ടുദിവസം ആലപ്പുഴയിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഈ ഡോക്ടർ ആഴ്ചയിൽ ഒരുദിവസമെത്തിയാണ് രോഗികളെ നോക്കുന്നത്. അന്നുമാത്രം 200ലധികം രോഗികളുണ്ടാകും.
അടുത്തിടെ, രോഗികൾ ബഹളംവെച്ചതോടെ മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും മെഡിസിൻ വിഭാഗം മേധാവിയും എത്തിയാണ് രോഗികളെ പരിശോധിച്ചത്. ഗ്യാസ്ട്രോ എന്ററോളജിയിൽ ഡി.എം കഴിഞ്ഞ മൂന്ന് ഡോക്ടർമാരെ സീനിയർ റെസിഡന്റുമാരായി ബോണ്ട് അടിസ്ഥാനത്തിൽ നിയമിച്ചെങ്കിലും മൂന്നുപേരും ജോലിക്കെത്തിയില്ല. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർമാരുടെ പട്ടികയുള്ളപ്പോൾ സ്ഥിര നിയമനം നടത്താത്തതാണ് പ്രശ്നം.
കാസർകോട് - കേരളത്തിലെ ഏക ഗവ. ‘ഒ.പി മെഡിക്കൽ കോളജ്’
രവീന്ദ്രൻ രാവണേശ്വരം
കേരളത്തിലെ ‘ഒ.പി മെഡിക്കൽ കോളജ് ഏത് എന്നൊരു ചോദ്യം ഏതെങ്കിലും ക്വിസ് മത്സരത്തിലോ മത്സര പരീക്ഷകളിലോ വന്നാൽ ഒട്ടും സംശയിക്കാതെ ഉത്തരം നൽകാം- കാസർകോട് ഗവ.മെഡിക്കൽ കോളജ്. ഒരു തരത്തിലുള്ള വികസന പ്രവർത്തനങ്ങളിലും സർക്കാറുകൾ പരിഗണിക്കാത്ത കാസർകോട് ജില്ലക്കാർ ആരോഗ്യ പരിരക്ഷതേടി അയൽ സംസ്ഥാനത്തേക്കോ മറ്റു ജില്ലകളി ലേക്കോ പോവുകയാണ് പതിവ്.
ഏറെ കാലത്തെ മുറവിളികളെത്തുടർന്ന് 2012ൽ ശിലാസ്ഥാപനം നടത്തിയ സർക്കാർ മെഡിക്കൽ കോളജിൽ ഒരു വർഷം മുമ്പ് മാത്രമാണ് ഔട്ട്പേഷ്യൻറ് വിഭാഗം പ്രവർത്തിച്ചുതുടങ്ങിയത്. നിർമാണത്തിന് ആവശ്യമായ ഫണ്ട് വകയിരുത്താത്തതിനാൽ ആശുപത്രി ബ്ലോക്കും അക്കാദമിക് ബ്ലോക്കും യാഥാർഥ്യമായില്ല. ക്ലാസുകൾ ബദിയടുക്ക ഉക്കിനടുക്കയിലെ മെഡിക്കൽ കോളജ് കെട്ടിടത്തിലും പ്രാക്ടിക്കൽ പഠനം കാസർകോട് ജനറൽ ആശുപത്രിയിലുമായാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ഇതുപോലൊരു സംവിധാനത്തിന് നാഷനൽ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകുമോ എന്ന് ഒരുറപ്പുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.