ഗുലാം അലി പാടുമ്പോള്‍
text_fieldsസിനിമയെപോലും രാഷ്ട്രീയമായും മതപരമായും ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചപ്പോള്‍ നമ്മുടെ മനസ്സിനെ അത്തരത്തില്‍ വേര്‍തിരിക്കാതിരുന്ന ഒന്നായിരുന്നു സംഗീതം. എന്നാല്‍, അതിലും കപട ദേശീയതയുടെയും മതവാദത്തിന്‍െറയുമൊക്കെ നിറം കലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു ഹിന്ദുത്വ ശക്തികള്‍.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഗുലാം അലിയെന മഹത്തായ പാട്ടുകാരനുനേരെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ തിരിഞ്ഞിരുന്നു. മുംബൈയില്‍ അദ്ദേഹം പാടുന്നതിനെതിരെ ആയിരുന്നു അത്. അന്ന് കവിതയിലൂടെ ഏറ്റവും ശക്തമായി ഫാഷിസത്തെ പ്രതിരോധിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്നും നമുക്കിടയില്‍ ഉണ്ട്. ഫാഷിസത്തിനെതിരെ ഇന്നും കവിതയെഴുതിയും കലഹിച്ചും സംസ്കാരിക നായകന്‍മാര്‍ പൊരുതുന്നു. ഒരുപക്ഷെ, അത്തരമൊരു സമര രൂപത്തിന്‍റെ തുടക്കക്കാരന്‍ എന്നു കൂടി ചുള്ളിക്കാടിന്‍റ ക്ഷുഭിത യൗവനത്തെ നമുക്ക് പരിചയപ്പെടുത്താം.
എന്നാല്‍, ഏതുതരം പ്രതിരോധത്തെക്കാളും ശക്തമായതാണ് സംഗീതം കൊണ്ടുള്ള പ്രതിരോധം. അസഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍ക്ക് ഏറ്റവും ഉദാത്തമായ മറുപടിയാണ് ഗുലാം അലി എന്ന അതുല്യ ഗായകന് നല്‍കിയ സ്വീകരണത്തിലൂടെയും അദ്ദേഹത്തിന്‍െറ അതിരില്ലാത്ത സംഗീതത്തിന് ചെവികൊടുക്കുന്നതിലൂടെയും നാം ചെയ്യുന്നത്. ഏത് അതിര്‍വരമ്പുകൊണ്ട് കെട്ടിത്തിരിച്ചാലും സംഗീതമെന്ന മഹത്തായ കലയെ വേര്‍തിരിക്കാന്‍ കഴിയില്ളെന്നതിന്‍െറ മനോഹരമായ ഉദാഹരണവുമാണത്. പ്രത്യേകിച്ചും ഇന്ത്യന്‍ സംഗീതത്തെ സംബന്ധിച്ച്.
ഇന്ത്യന്‍ സംഗീതത്തിന്‍െറ ഉദയം എവിടെയാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഏതു സംഗീതവും പോലെ അതിന് ചരിത്രാതീതകാലത്തോളം പഴക്കമുണ്ട്. കാലം അതിനെ പല രൂപത്തില്‍ പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്. അതിന് അതുല്യമായ സംഭാവനയും ജീവിതവും നല്‍കിയ എത്രയോ മഹാന്‍മാരായ കലാകാരന്‍മാര്‍. അവരെ സഹായിച്ച രാജവംശങ്ങള്‍. അങ്ങനെ ആര്‍ക്കൊക്കെ അവകാശപ്പെട്ടതാണ് നമ്മുടെ മഹത്തായ സംഗീത പാരമ്പര്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയാന്‍ ടാന്‍സെന്‍ മതങ്ങളെ ഒന്നായിക്കണ്ട അക്ബറിന്‍െറ കൊട്ടാരത്തിലെ ഗായകനായിരുന്നു. താന്‍സെനെപ്പോലെ എത്രയോ പേര്‍ ജീവാത്മാവ് പകര്‍ന്നാണ് ഈ മഹത്തായ സംഗീത ശാസ്ത്രം രൂപപ്പെടുത്തിയത്. നമ്മുടെ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ മുമ്പാണ് ഈ മഹത്തായ സംഗീത ശാഖകളെല്ലാം പിറന്നു വീണ് വളര്‍ന്നു കയറിയത്.

ഇന്ത്യന്‍ സംഗീതം അതിന്‍െറ ശാസ്ത്രീയമായ വികാസം പ്രാപിച്ചത് അനേകം ഖരാനകളിലൂടെയാണ്. അതില്‍ കൊല്‍ക്കത്ത,ഗ്വാളിയര്‍,പഞ്ചാബിലെ കിരാന, ജലന്ധര്‍, പട്യാല, ആഗ്ര, ജയ്പൂര്‍,ഡല്‍ഹി, മേവട്ടി, ബനാറസ് ഇങ്ങനെ രാജ്യത്തിന്‍െറ എത്രയും മേഖലകളുണ്ട്. അതില്‍ എത്ര മത-ജാതി വിഭാഗത്തില്‍പ്പെട്ടവരുണ്ട്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമാണ് പഞ്ചാബിലെ ജലന്ധര്‍. ഇവിടത്തെ ഖരാന വളര്‍ത്തിയ എത്രയെത്ര സംഗീതജ്ഞര്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി ഇന്നുമുണ്ട്. ജലന്ധര്‍ സംഗീതോല്‍സവം ഇന്നും പ്രസിന്ധമാണ്. പട്യാല ഖരാനയും ഇങ്ങനെയാണ്. ഇരു രാജ്യക്കാരും ആചാര്യനായി കരുതുന്ന ബഡേ ഗുലാമലിഖാന്‍ അവിഭക്ത ഇന്ത്യയിലാണ് ജനിച്ചത്. പിന്നീട് ആ നാട് പാകിസ്താനിലായി.
അന്നത്തെക്കാലത്തുപോലും പാട്ടുകാര്‍ ജാതിയോ മതമോ നോക്കിയിട്ടില്ല. കിരാന ഖരാനയിലെ മഹാനായ ഗായകനായിരുന്നു അബ്ദുല്‍ കരിംഖാന്‍. അദ്ദേഹത്തിന്‍െറ ശിഷ്യനാകാന്‍ അവിടെയത്തെിയ സവായ് ഗന്ധര്‍വയോ, അബ്ദുല്‍ കരിംഖാന്‍െറ അഭൗമ സംഗീതത്തില്‍ ആകൃഷ്ടനായി 11ാം വയസ്സില്‍ വീടുവിട്ട് പിന്നീട് സവായ് ഗന്ധര്‍വയുടെ ശിഷ്യനായി ലോകപ്രശസ്തനായ ഭീംസെന്‍ ജോഷിയോ മതം നോക്കിയല്ല സംഗീതത്തെ സ്നേഹിച്ചത്.
ഷെഹ്നായിയിലെ ഇതിഹാസം ബിസ്മില്ലാ ഖാന്‍ കാശി വിശ്വനാഥക്ഷേത്രത്തിലെ ആസ്ഥാന ഗായകന്‍കൂടിയായിരുന്നു. അവിടെ പാടുമ്പോള്‍ അദ്ദേഹം അതിയായ ആനന്ദം അനുഭവിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. അംജദ് അലിഖാനോ തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈനോ ഒരിക്കലും സംഗീതത്തെ മതവുമായോ ദേശീയതയുമായോ ബന്ധിപ്പിച്ചിട്ടില്ല. അവരുടെ ജീവിതവും സംഗീതവും അതാണ് പകര്‍ന്നു തന്നിട്ടുള്ളത്. സങ്കല്‍പത്തില്‍ മാത്രമുള്ള ശിവന്‍െറ ഡമരുവിന്‍െറ നാദം ഇന്നും അനുഭവിക്കണമെങ്കില്‍ സക്കീര്‍ ഹുസൈന്‍െറ തബല കേള്‍ക്കണം.

പാകിസ്താനില്‍ ജനിച്ച ബഡേ ഗുലാമലി ഖാനോ, റാഹത്ത് ഫത്തേ അലിഖാനോ, നുസ്റത്ത് ഫത്തേ അലിഖാനോ, അദ്നന്‍ സമിയോ സംഗീതപ്രേമികള്‍ക്ക് അന്യരല്ല. നമ്മുടെ സംഗീതജ്ഞരുടെ, പാട്ടുകാരുടെ പാട്ടുകള്‍ പാകിസ്താനികളും ആസ്വദിക്കുന്നു. ഇപ്പറഞ്ഞ ഗായകരെല്ലാം വിദേശരാജ്യങ്ങളില്‍ നിരന്തരം സംഗീതം അവതരിപ്പിക്കുന്നവരാണ്. അവരെ കേള്‍ക്കാന്‍ ഇന്ത്യക്കാരും പാകിസ്താനികളും വിവിധ രാജ്യക്കാരും ഒരുപോലെയത്തെുന്നു. സംഗീതത്തിനെതിരായ ഏത് സങ്കുചിത ചിന്താഗതിക്കാര്‍ക്കും സംഗീതംകൊണ്ടുതന്നെയുള്ള ധാര്‍മിക മറുപടിയാണ് ഉത്തമം. അതാണ് കേരളം കൈക്കൊണ്ടതും.
അതുകൊണ്ട് ചുള്ളിക്കാടിന്‍റെ കവിത നമുക്ക് വീണ്ടും ചൊല്ലാം....
‘‘വിരഹാര്‍ത്ഥിയും ആര്‍ദ്ര ഗംഭീരമലിയുടെ നാദവും
ഉറുദുവും ഉരുകിചേരും ഗാന ലായനിയൊഴുകുമപ്പോള്‍
ചിര ബന്ധിതമേതോ രാഗ സന്താപം, ഹാര്‍ -
മോണിയത്തിന്‍ ചകിത വാതായനം ഭേദിക്കുന്നു..
ഹൃദയാന്തരം ഋതു ശൂന്യമാം വര്‍ഷങ്ങള്‍ തന്‍
തബല ധിമി ധിമിക്കുന്നു; ഭൂത തംബുരുവിന്‍്റെ
ശ്രുതിയില്‍ ഗുലാം അലി പാടുമ്പോള്‍ പിന്‍ ഭിത്തിയില്‍
ആര് തൂക്കിയതാണീ കലണ്ടര്‍..?
കലണ്ടറില്‍ നിത്യ ജീവിതത്തിന്‍ ദുഷ്കര പദപ്രശ്നം
പലിശ, പറ്റു പടി വൈദ്യനും വാടകകയും പകുത്തെടുത്ത
പല കള്ളികള്‍ ഋണ ധന ഗണിതത്തിന്‍്റെ
രസ ഹീനമാം ദുര്‍നാടകം.
ഗണിതമലല്ളോ താളം; താളമാകുന്നു കാലം..
കാലമോ സംഗീതമായ്, പാടുന്നു ഗുലാം അലി !......

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.