ഏക സിവില്‍കോഡ് ആര്‍ക്ക്, എന്തിന്?
text_fieldsഏക സിവില്‍കോഡ് ഒരിക്കല്‍ക്കൂടി മാധ്യമശ്രദ്ധ പിടിച്ചെടുത്തതാണ് ഈയാഴ്ചയിലെ വിശേഷം. വിവിധ മത സമുദായങ്ങളും ജാതികളും ഗോത്രസമൂഹങ്ങളും വൈവിധ്യപൂര്‍ണമായ ജീവിതശൈലി പങ്കിടുന്ന, സമാനതകളില്ലാത്ത ഇന്ത്യാ മഹാരാജ്യത്ത് വിവാഹം, വിവാഹമോചനം, അനന്തര സ്വത്തവകാശം എന്നീ കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതാണ് ഈ നാടിന്‍െറ സകല കുഴപ്പങ്ങള്‍ക്കും ഛിദ്രതക്കും കാരണമെന്ന ചിലരുടെ ചിരകാല വികലചിന്തയാണ് യഥാര്‍ഥത്തില്‍ ഏക സിവില്‍കോഡ് കൊണ്ടുവന്നേ തീരൂ എന്ന ശാഠ്യത്തിന്‍െറ പിന്നില്‍. നാനാത്വത്തില്‍ ഏകത്വം എന്ന മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ മുഖമുദ്ര പിച്ചിച്ചീന്തിയേ അടങ്ങൂ എന്ന് തീരുമാനിച്ചവര്‍ സര്‍വാധികാരങ്ങളോടെ വാഴുന്ന വര്‍ത്തമാനകാലത്ത് കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍കോഡിന്‍െറ രൂപരേഖ തയാറാക്കാന്‍ നിയമ കമീഷനോട് ആവശ്യപ്പെട്ടതില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല. ബി.ജെ.പിയുടെ ദീര്‍ഘകാല അജണ്ടയിലെ ഒരു മുഖ്യ ഇനമായിരുന്നല്ളോ അത്. തീവ്ര ഭൂരിപക്ഷ വോട്ടുകളില്‍ കണ്ണുനട്ട് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പയറ്റാവുന്ന തന്ത്രം എന്നതാണിപ്പോഴതിന്‍െറ സാംഗത്യം എന്ന് കരുതുന്നവരുണ്ട്. സുപ്രീംകോടതി ഏക സിവില്‍കോഡ് സംബന്ധിച്ച ഹരജികള്‍ പരിഗണിക്കവെ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചതാണ് യഥാര്‍ഥ പ്രകോപനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വിഷയം നിയമ കമീഷനെ ഏല്‍പിച്ചാല്‍ തല്‍ക്കാലം കോടതിയെ അക്കാര്യം അറിയിച്ച് തടിയൂരാം. അല്ലാതെ ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗദര്‍ശക തത്ത്വങ്ങളില്‍ 44ാം ഖണ്ഡിക രാഷ്ട്രത്തിനാകെ പൊതു സിവില്‍കോഡ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പ്രയോഗവത്കരിക്കാനുള്ള ബേജാറൊന്നുമല്ല പുതിയ നീക്കത്തിന്‍െറ പിന്നില്‍. മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ തന്നെ ഊന്നിപ്പറഞ്ഞ സമ്പൂര്‍ണ മദ്യനിരോധത്തിന്‍െറ കാര്യത്തില്‍ ആരും കോടതിയെ സമീപിക്കുകയോ സര്‍ക്കാര്‍ ഭാഗത്തുനിന്ന് നിസ്സാര നീക്കംപോലും ആരംഭിക്കുകയോ ചെയ്തിട്ടില്ളെന്നോര്‍ക്കണം. വ്യക്തിനിയമം മൂലം നടക്കുന്നതായി ആരോപിക്കപ്പെടുന്ന സ്ത്രീപീഡനത്തിന്‍െറ അനേകമനേകം ഇരട്ടി പീഡനമാണ് മദ്യപാനംമൂലം കുടുംബങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേരെ നടക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ കൊലകളും ബലാത്സംഗങ്ങളും സ്വത്തുനാശവും സംഘട്ടനങ്ങളുമാണ് അനുനിമിഷം വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന്‍െറ ദുഷ്ഫലങ്ങളെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അഗാധമായ സുഷുപ്തിയിലാണ്. ബ്രിട്ടീഷ് ഭരണകാലം തൊട്ടേ നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളുടെ അപാകങ്ങളും വൈകല്യങ്ങളുംകൊണ്ട് സ്ത്രീകള്‍ ദുരിതമനുഭവിക്കേണ്ടിവരുന്നു എന്നത് വാസ്തവമാണ്. അതിന് പക്ഷേ, പരിഹാരം നിയമപരിഷ്കാരമാണ്, ഏക സിവില്‍കോഡല്ല. നിയമപരമായ ചില വൈകല്യങ്ങള്‍ക്ക് 1939ല്‍ കൊണ്ടുവന്ന വിവാഹം റദ്ദാക്കല്‍ നിയമഭേദഗതിയും 1986ലെ വിവാഹമുക്ത നിയമവും പരിഹാരവുമായി. രണ്ടിനും ഉത്തരവാദപ്പെട്ട പണ്ഡിതന്മാരുടെ പൂര്‍ണ പിന്തുണയും ലഭിച്ചു എന്നതാണ് ശ്രദ്ധേയം. അതേ രീതിയില്‍ ഇനിയുള്ള ന്യൂനതകളും പരിഹരിക്കാവുന്നതേയുള്ളൂ. അതല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതെന്തിന്? അവിടെയാണ് ഹിന്ദുത്വ സര്‍ക്കാറിന്‍െറ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യേണ്ടിവരുന്നത്.

മറ്റൊരു ചോദ്യം ഇവ്വിഷയകമായി മുമ്പേ ഉന്നയിച്ചുവരുന്നതാണ്. എന്താണീ ഏകീകൃത സിവില്‍കോഡ്? അത് ഹിന്ദുത്വ സിവില്‍കോഡോ നിലവിലെ ഹിന്ദു സിവില്‍കോഡോ അല്ളെന്ന് ബി.ജെ.പിയും സര്‍ക്കാറും പറയുന്നു. പിന്നെ, എല്ലാവര്‍ക്കും സ്വീകാര്യമായ സിവില്‍കോഡ് എന്താണ്, അങ്ങനെയൊന്ന് നിര്‍മിച്ചെടുക്കുക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമാണോ? വിവാഹംതന്നെ ആവശ്യമില്ളെന്നും ഇഷ്ടമുള്ള ആണിനും പെണ്ണിനും ഇഷ്ടമുള്ള കാലം ഒരുമിച്ചുജീവിക്കാനും ഇഷ്ടപ്രകാരം വേര്‍പിരിയാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഉറക്കെ ചിന്തിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒട്ടേറെയാളുകള്‍ രാജ്യത്തുണ്ട്. ക്രൈസ്തവര്‍ക്ക് വിവാഹമോചനം അതീവ ദുഷ്കരമായ ഒരു പ്രക്രിയയാണ്; സ്ത്രീധനം നിര്‍ബന്ധവുമാണ്. ഹിന്ദുക്കളില്‍തന്നെ ഭിന്നമായ ആചാരങ്ങളും വഴക്കങ്ങളുമാണ് കാണാനാവുന്നത്. ശൈശവവിവാഹം സാര്‍വത്രികമാണ് രാജസ്ഥാനില്‍. ആദിവാസികള്‍ക്കിടയിലും തഥൈവ. അത് നിയമം മൂലം കര്‍ക്കശമായി നിരോധിച്ച വിവരം അറിയാതെ വയനാട്ടില്‍ ഒട്ടേറെ ആദിവാസി യുവാക്കള്‍ ജയിലറകളിലാണ്. പൊതു സിവില്‍കോഡെന്നും പറഞ്ഞ് ആരുടെയോ തലയിലുദിച്ച ഒരേടാകൂടം കൊണ്ടുവന്ന്, പണ്ടേ പുള്ളികളുടെ ആധിക്യംകൊണ്ട് ശ്വാസംമുട്ടുന്ന ജയിലുകളിലെ ജനസംഖ്യ പെരുക്കിയിട്ട് ആര്‍ക്കെന്ത് ഗുണം? നിയമങ്ങള്‍ ഏത് സമുദായക്കാരുടേതാണെങ്കിലും കാലോചിതമായും നീതിപരമായും പരിഷ്കരിക്കണം. അത് വിജയിക്കണമെങ്കില്‍ എല്ലാവിഭാഗം ജനങ്ങളുടെയും ന്യായമായ താല്‍പര്യങ്ങള്‍ മാനിക്കപ്പെടണം. അതിനവരുമായി തുല്യ പൗരന്മാരെന്ന നിലയില്‍ സംവദിക്കണം. അല്ലാതെയുള്ള സിവില്‍കോഡ് നിര്‍മിതി പണ്ടോരയുടെ പെട്ടി തുറക്കലാണ്. ധ്രുവീകരണത്തിലൂടെ വോട്ടുബാങ്ക് കനപ്പിക്കലാണ് ഉദ്ദേശ്യമെങ്കില്‍ അക്കാര്യം വേറെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.