ബ്രെക്സിറ്റ് -ഇന്ത്യന്‍ പ്രതീക്ഷകള്‍
text_fields
മനുഷ്യാവകാശ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബ്രിട്ടന് ഒരു പുതുയുഗ പിറവിയുടെ ചരിത്രനിമിഷങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നു. ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരുമോ ഇല്ലയോ എന്നത് ഇന്ത്യക്കാരന് മാത്രമല്ല ഏഷ്യ ആഫ്രിക്കന്‍ രാജ്യക്കാര്‍ക്ക് വരെ ആശങ്ക ഉണര്‍ത്തുന്ന നിമിഷങ്ങളാണ്. ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ഇന്ത്യക്കാരെ നന്നായി ബാധിച്ചിട്ടുണ്ട്. കുടിയേറ്റ നിയമത്തില്‍ ഇരട്ട നീതിയാണ് ബ്രിട്ടന് നടപ്പാക്കുന്നത്. അതു മനുഷ്യാവകാശങ്ങളുടെ ധ്വംസനം കൂടിയാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ നഴ്സിന് ബ്രിട്ടനിലേക്ക് വരണമെങ്കില്‍ IELTS പരീക്ഷയില്‍ ഏഴില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. എന്നാല്‍, യൂറോപ്യന്‍ യൂനിയനില്‍പെട്ട ദരിദ്ര രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്ക് ഈ നിബന്ധന ആവശ്യമില്ല. ഒരു തടസ്സമോ പരീക്ഷയോ ഇല്ലാതെ അവര്‍ ഇവിടെ ജോലിചെയ്യുന്നു. ഇവിടെയാണ് ഇരട്ടനീതിയെന്ന് പറയുന്നത്. ഇതേപോലെ വിസാ നിയമത്തിലും ഇന്ത്യക്കാര്‍ക്ക് ഒരുപാട് തടസ്സങ്ങള്‍ ഭരണകൂടം സൃഷ്ടിക്കുന്നുണ്ട്.
യൂറോപ്യന്‍ യൂനിയനിലുള്ള രാജ്യക്കാര്‍ക്ക് ബ്രിട്ടന് ഒരു ഗള്‍ഫ് രാജ്യം പോലെയാണ്. നമുക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നല്കുന്ന ആരോഗ്യകരമായ വളര്‍ച്ചയാണ് മറ്റ് യൂറോപ്യന്‍ നാടുകളിലുള്ളവര്‍ക്ക് ബ്രിട്ടന് നല്‍കുന്നത്. ഈ കണക്ക് പുസ്തകം അവര്‍ പഠിച്ചത് അടുത്ത കാലത്താണ്. യാതൊരു യോഗ്യതയുമില്ലാതെ ബ്രിട്ടനിലത്തെിയാല് തന്നെ ഒരു ബ്രിട്ടീഷ് പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും മറ്റ് യൂറോപ്യന്‍ നാടുകളിലുള്ളവര്‍ക്ക് ലഭിക്കുന്നു.
ഇ.യുവില്പെട്ട ദരിദ്ര രാജ്യങ്ങള്‍ മാത്രമല്ല ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, പോര്‍ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. യോഗ്യതയില്ലാതെ കടന്നുവരുന്നവര്‍ കുറഞ്ഞ വേതനത്തില്‍ ചെറുകിട ജോലികളാണ് ചെയ്യുന്നത്. ഈ പ്രവണത ഏല്ലാ മേഖലകളിലേക്കും വ്യാപിച്ചുവരുന്നുണ്ട്. ഇത് ഇന്ത്യക്കാരടക്കമുള്ളവരെ ദോഷകരമായി ബാധിക്കുന്നതാണ്. ഐ.ടി രംഗത്തെ കാര്യമായി ബാധിച്ചിട്ടില്ളെങ്കിലും മെഡിക്കല്‍ രംഗത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ മുന്‍കാലങ്ങളില്‍ അധിക തിരക്ക് കണ്ടിരുന്നില്ല. എന്നാല്‍, ഇന്ന് കാണുന്നത് മറ്റ് യൂറോപ്യന്‍ നാടുകളില്‍നിന്നുള്ളവരുടെ വന്‍ തിരക്കാണ്. തൊഴില്‍ രംഗത്തേക്കുള്ള വരവിനേക്കാള്‍ ബ്രിട്ടീഷ് പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പല വികസിത രാജ്യങ്ങളും മറ്റുരാജ്യക്കാര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളെക്കാള്‍ ബ്രിട്ടന് യൂറോപ്പിലുള്ളവര്‍ക്ക് നല്‍കുന്നുണ്ട്. ഒരു പക്ഷെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍െറ മഹിമയോ ജാതിമതങ്ങളോടുള്ള അകല്‍ച്ചയോ ആകാം ഇതിനുള്ള കാരണം. ഈ ആനുകൂല്യ വിഷയത്തില്‍ നികുതി നല്കുന്ന എല്ലാവര്ക്കും ആശങ്കയുണ്ട്. അതുകൊണ്ടാണ് യൂറോപ്യന്‍ യൂനിയനില്‍ തുടരണ്ട എന്ന് ഒരു കൂട്ടം ബ്രിട്ടീഷുകാര്‍ തുടരെ ആവശ്യപ്പെടുന്നത്.
ഒരു തൊഴില്‍ പോലും ചെയ്യാതെ എല്ലാ ആഴ്ചയും തൊഴില്‍ രഹിത വേതനം, പാര്‍പ്പിട വാടക, ചികിത്സ ആനുകൂല്യം എന്നിവ ധാരാളം അവര്‍ കൈക്കലാക്കുന്നു. മറ്റൊരു കുടിയേറ്റക്കാരന് ബ്രിട്ടീഷ് പൗരത്വം ഇല്ളെങ്കില്‍ ഇതൊന്നും ലഭിക്കുന്നില്ല. കൈ നനയാതെ മീന്‍ പിടിക്കുന്ന ഇക്കൂട്ടരോട് ബ്രിട്ടീഷുകാര്‍ക്കും അമര്‍ഷമാണ്. സര്‍ക്കാറിന്‍െറ ജോബ് സെന്ററുകളില്‍ ഇത്തരത്തില്‍ ആനുകൂല്യം വാങ്ങാന്‍ വരുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഇതിനെതിരെ ശബ്ദിക്കുന്നുണ്ടെങ്കിലും യൂറോപ്യന്‍ യൂനിയനിലെ അംഗമെന്ന നിലക്ക് ബ്രിട്ടന് ഇത് പാലിക്കാന്‍ ബാധ്യസ്ഥമാണ്. ഇതിനെതിരെ മാധ്യമങ്ങളിലും പ്രതിഷേധങ്ങള്‍ വരുന്നുണ്ട്. ഇവരുടെ വരവുമൂലം കുടിയേറാന്‍ ആഗ്രഹിക്കുന്ന മറ്റു രാജ്യക്കാര്‍ക്ക് ധാരാളം കടമ്പകള്‍ കടക്കേണ്ടി വരുന്നു. നമുക്ക് ലഭിക്കേണ്ട വിസകളുടെ എണ്ണം കുറയുന്നു. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിക്കുന്നു. വേണ്ടുന്ന പരിഗണന ലഭിക്കുന്നില്ല. ആരോഗ്യ രംഗത്തും പരീരക്ഷയില്ല. മുമ്പ് പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് 15 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. ഇതെല്ലാം യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ളവര്‍ കൈവശപ്പെടുത്തികൊണ്ടിരിക്കുന്നു. ഗള്‍ഫ് ശാരീരികവും മാനസികവുമായ സുഖം തരുന്നത് പോലെയാണ് ബ്രിട്ടന് യൂറോപ്യന്‍ യൂനിയനിലുള്ളവര്ക്ക് നല്‍കുന്നത്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ ഈ തരത്തില്‍ തുടരുന്നത് ഗുണകരമല്ല. ബ്രിട്ടന് മറ്റു രാജ്യക്കാരോട് കാണിക്കുന്ന രണ്ടാനമ്മ നയം മാറേണ്ടതുണ്ട്. ഇവിടെയും വെളുത്തവരും കറുത്തവരും തമ്മിലുള്ള വിവേചനം വ്യക്തമാണ്. പുറമേ വ്യക്തി സ്വതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നു എന്ന് പറയുമ്പോഴും നമ്മുടെ നാട്ടിലെ ജാതീയത പോലെ ഇവരുടെ ഉള്ളില്‍ കറുപ്പും വെളുപ്പും ജീവിക്കുന്നു എന്നുള്ളത് വാസ്തവമാണ്.
ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് മാറിയാല്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടാകും. മാറുന്നില്ളെങ്കില്‍ സമത്വവും തുല്യ അവകാശവും ആനുകൂല്യങ്ങളും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു. ഇല്ളെങ്കില്‍ അത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് മാറിയാല്‍ ബാങ്കിങ് രംഗത്തും വിസാ രംഗത്തും പ്രതിസന്ധി ബ്രിട്ടന് അഭിമുഖീകരിക്കേണ്ടി വരും. ഉദാഹരണത്തിന് നിലവില്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൊണ്ട് ലോകത്ത് എവിടെയും സഞ്ചരിക്കാനാകും. യൂറോപ്യന്‍ യൂനിയനില്‍നിന്ന് മാറികഴിയുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ പോകുന്നതിന് ബ്രിട്ടീഷുകാര്‍ക്ക് പുതിയ വിസ എടുക്കേണ്ടി വരും.
(ലണ്ടനില്‍ താമസമാക്കിയ ലേഖകന്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമാണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.