‘ഈ ബെൽ മുഴങ്ങിയത് മുസ് ലിംകൾക്ക് മാത്രമല്ല, ക്രിസ്ത്യാനികൾക്ക് കൂടിയാണ്’; മന്ത്രി കിരൺ റിജിജുവിന് ഒരു തുറന്ന കത്ത്
text_fieldsമന്ത്രി കിരൺ റിജിജുവിന്,
ആദ്യമായി, യു.എം.ഇ.ഇ.ഡി അഥവാ, ‘ഉമീദ്’ എന്ന് പുതുതായി പേരുവന്ന വഖഫ് ബില്ലിന് വിജയകരമായി നേതൃത്വം നൽകിയതിന് ആദ്യമായി താങ്കളെ അനുമോദിക്കുന്നു. ‘ഉമീദ്’ എന്ന വാക്കിന് ഹിന്ദിയിലും ഉർദുവിലും പ്രത്യാശ എന്നാണർഥം. എനിക്കുറപ്പാണ്, രാഷ്ട്രപതി ദ്രൗപദി മുർമു വൈകാതെ ബില്ലിൽ ഒപ്പുവെക്കും. അത് രാജ്യത്തെ നിയമമാകുകയും ചെയ്യും. ഈ പശ്ചാത്തലത്തിൽ, കർഷകരുടെ കനത്ത പ്രതിഷേധജ്വലയെ തുടർന്ന് മോദി സർക്കാറിന് പിൻവലിക്കേണ്ടിവന്ന കാർഷിക നിയമം ഞാനോർത്തുപോകുകയാണ്.
നിങ്ങളും ഒരു ന്യൂനപക്ഷ സമുദായാംഗമാണെന്നും ന്യൂനപക്ഷങ്ങൾ ഒരു നിലക്കും വിവേചനം നേരിടുന്നതായി അനുഭവപ്പെട്ടില്ലെന്നും നിങ്ങൾ ആണയിട്ടുപറഞ്ഞത് എനിക്കിഷ്ടമായി. ന്യൂനപക്ഷ കാര്യ ചുമതലയുള്ള മന്ത്രിയെന്ന നിലക്ക്, നിങ്ങൾക്ക് ശരിക്കും ഉറപ്പിച്ചുപറയാനാകുമോ അങ്ങനെയൊരു വിവേചനമില്ലെന്ന്?
ഒരു ബുദ്ധമത വിശ്വാസിയെന്ന നിലക്ക്, ബുദ്ധർ നിരവധി ശാന്തി സ്തൂപങ്ങൾ പണിതവരാണെന്ന് നിങ്ങളോട് ഞാൻ പറഞ്ഞുതരേണ്ടതില്ല. ഡൽഹിയിലും മറ്റു പലയിടങ്ങളിലും. ലഡാക്കിലെ ലെഹിലും പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലും നേപാളിലെ കാഠ്മണ്ഡുവിലുമടക്കം എന്റെ സന്ദർശനങ്ങളിൽ ശിൽപകലാചാരുതയുടെ മഹിതദൃശ്യങ്ങളായ ഇത്തരം പഗോഡകളൊന്നും ഞാൻ ഒഴിവാക്കാറില്ല.
നേപാളിലെ ലുംബിനിയെന്ന സിദ്ധാർഥ ഗൗതമബുദ്ധന്റെ ജന്മഭൂമിയല്ല ബുദ്ധർക്ക് ലോകത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രം എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ തർക്കിക്കാനിടയില്ല. പകരം ബോധി മരച്ചോട്ടിൽ ഗൗതമ ബുദ്ധൻ നിർവാണം നേടിയ ബോധ് ഗയയിലെ മഹാബോധി വിഹാരമാണത്. പലവുരു ഇവിടം ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്.
1980കളിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ സൺഡേ മാഗസിനിൽ മഹാബോധി വിഹാരത്തെ കുറിച്ച് ഞാൻ ഒരു കവർ സ്റ്റോറി ചെയ്തിരുന്നു. ലേഖനത്തിലെ പ്രധാന ഊന്നൽ, ക്ഷേത്രത്തിന്റെ അധികാരം തങ്ങൾക്കു വേണമെന്ന് കാലങ്ങളായി ബുദ്ധർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതായിരുന്നു. അവിടെ പൂജ നടത്തുന്ന ഹിന്ദു ബ്രാഹ്മണരെ അവർ വീണ്ടും അയക്കുന്നുവെന്നും വിഹാരത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഹിന്ദുക്കളാണ് കൈകാര്യം ചെയ്യുന്നതെന്നുമായിരുന്നു.
ക്ഷേത്രത്തിന്റെ ഭരണത്തിനായി തർക്കം ഇപ്പോഴും നിലനിൽക്കുന്നു. മാധ്യമങ്ങൾ പക്ഷേ, അത് ഏറ്റെടുക്കാറില്ല. ന്യുനപക്ഷ കാര്യ ചുമതലയുള്ള ബുദ്ധ മന്ത്രിയെന്ന നിലക്ക് ബുദ്ധരല്ലാത്തവർ അധാർമികമായി കൈവശം വെക്കുന്ന മഹാബോധി വിഹാരത്തെ മോചിപ്പിക്കാൻ നിങ്ങൾക്കാകുമെങ്കിൽ അത് വലിയ സേവനമാകും. അതിനു പകരം, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വഖഫ് ബോർഡുകളിൽ മുസ്‍ലിം ഇതരർക്ക് നിയന്ത്രണമില്ലെങ്കിൽ പങ്കാളിത്തമെങ്കിലും വേണമെന്നാണ് താങ്കൾ ആവശ്യപ്പെടുന്നത്.
അഹിന്ദുക്കളായ എല്ലാ ജീവനക്കാരെയും പിരിച്ചുവിടാൻ തിരുപ്പത്തി ക്ഷേത്ര അധികൃതർ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ വേണം നിങ്ങൾ ഇതിനെ കാണാൻ. തിരുപ്പതി ക്ഷേത്രം ഹിന്ദുക്കളുടെതാണെന്നും അവിടെ ഹിന്ദുക്കൾ മാത്രമേ തൊഴിലെടുക്കാവൂ എന്നുമാണ് വാദം. അഹിന്ദുക്കളെ പറഞ്ഞവിട്ടതിനെതിരെ താങ്കൾ വല്ല നടപടിയും എടുത്തിട്ടുണ്ടാകുമെന്ന് ഞാൻ ചിന്തിക്കുന്നില്ല.
എന്റെ ജന്മനാടായ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു തീർഥാടന കേന്ദ്രം ശബരിമലയാണ്. അതിന്റെ നിയന്ത്രണം ദേവസ്വം ബോർഡിനുമാണ്. ബോർഡിലെ വിവിധ പോസ്റ്റുകളിൽ എം.എൽ.എമാർക്ക് വോട്ടുചെയ്യാം. പക്ഷേ, വോട്ടിങ്ങിൽ ഹിന്ദു എം.എൽ.എമാർക്ക് മാത്രമാണ് പങ്കെടുക്കാനാകുക. ജമ്മു കശ്മീരിലെ വൈഷ്‍ണോദേവി ക്ഷേത്രം ഒരു ട്രസ്റ്റാണ് നടത്തുന്നത്. ലഫ്. ഗവർണറാണ് ട്രസ്റ്റിന്റെ ചെയർമാൻ. ഗവർണറായി അഹിന്ദു നിയമിതനായാൽ ട്രസ്റ്റിന് ഹിന്ദുവായ ചെയർമാനെ വേറെ നിയമിക്കണം.
ഒരിക്കൽ, എസ്.കെ സിൻഹ ഗവർണറായിരിക്കെ അമർനാഥ് ഗുഹയിൽ ഹിമലിംഗം രൂപപ്പെട്ടില്ല. അതിവിദൂരത്തുള്ള ജമ്മുവിൽനിന്നടക്കം ടൺകണക്കിന് മഞ്ഞ് എത്തിച്ച് ഒരു ഹിമലിംഗം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. സങ്കടകരമെന്നു പറയട്ടെ, അത് തയാറാക്കിയ തൊഴിലാളിയുടെ അഴുക്കു പുരണ്ട വിരലടയാളം പതിഞ്ഞ ചിത്രമാണ് ഒരു പത്ര ഫോട്ടോഗ്രാഫറുടെതായി അച്ചടിച്ചുവന്നത്. സിൻഹ പക്ഷേ, പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഈയാഴ്ച ആദ്യത്തിൽ, രത്തൻ ടാറ്റയുടെ 10,000 കോടി രൂപ മൂല്യമുള്ള ഒസ്യത്തിലെ വിശദാംശങ്ങൾ പുറത്തുവന്നു. അതിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവെച്ചത്. എന്നെ ആകർഷിച്ചത് അതിലെ ഒരു പ്രത്യേക പരാമർശമാണ്. തന്റെ ഇഷ്ട നായ ടിറ്റോക്കും മറ്റു വളർത്തുപട്ടികൾക്കും 12 ലക്ഷത്തിന്റെ ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. അവയെ പരിപാലിക്കാനായി തുക ഉപയോഗിക്കണം. ഓരോ പാദത്തിലും സ്വന്തം പരിചരണത്തിനായി ഓരോ വളർത്തുജീവിക്കും 30,000 രൂപ വീതം ലഭിക്കും. തന്റെ മരണശേഷം ടിറ്റോവിന്റെ പരിചരണം പാചകക്കാരൻ രാജൻ ഷാക്കാകുമെന്നും അത് വ്യക്തമാക്കുന്നു. പണം ടാറ്റ നിർദേശിച്ച പ്രകാരം തന്നെ ചെലവിടുന്നുവെന്ന് ഉറപ്പാക്കാൻ ഒസ്യത്ത് നടപ്പാക്കുന്നവർക്ക് ബാധ്യതയുണ്ട്.
ഏഴാം നൂറ്റാണ്ടിൽ പിൽക്കാലത്ത് ഖലീഫയായി മാറിയഉമർ ബ്നുൽ ഖത്താബ് എന്ന ഉമർ ഖൈബർ തീരത്ത് സ്വന്തം ഉടമസ്ഥതയിൽ ഭൂമിയുണ്ടായിരുന്നു. ഭൂമി എന്തു ചെയ്യണമെന്നറിയാൻ അദ്ദേഹം പ്രവാചകനെ സമീപിച്ചു. അത് അല്ലാഹുവിന് സമർപിക്കാനായിരുന്നു ലഭിച്ച ഉപദേശം. അങ്ങനെ സമർപിക്കപ്പെടുന്നതോടെ ഭൂമിക്കു മേലുള്ള എല്ലാ അവകാശവും അദ്ദേഹത്തിന് നഷ്ടമാകും. മതപരമായ ആവശ്യങ്ങൾക്കോ ചാരിറ്റി ലക്ഷ്യങ്ങൾക്കോ മാത്രമേ പിന്നീട് അത് ഉപയോഗപ്പെടുത്താനാകൂ. അത് നടപ്പാക്കേണ്ടവൻ മുതവല്ലിയുമാണ്. ഈ വിവരത്തിന് മാധ്യമം ദിനപത്രത്തിൽ അഡ്വ. ടി. ആസഫലി എഴുതിയ ലേഖനത്തോടാണ് കടപ്പാട്.
പ്രവാചകനെതിരെ പോരാട്ടം നയിച്ച് പരാജയപ്പെട്ട ഒരു ജൂതനും സമാന ലക്ഷ്യങ്ങൾക്കായി തന്റെ സ്വത്ത് കൈമാറി. ഈ കീഴ്വഴക്കമാണ് വഖഫുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളുടെയും ആധാരം. എന്നുവെച്ചാൽ വഖഫ്‍ ലാഭം കണ്ട് വിൽപന പാടില്ല. അത് മതപരമായോ ചാരിറ്റി ലക്ഷ്യങ്ങൾക്കോ മാത്രമേ ഉപയോഗിക്കാവൂ.
എന്നാൽ, ‘ഉമീദ്’ പ്രകാരം മുസ്‍ലിമായി അഞ്ചു വർഷം പൂർത്തിയാക്കിയ ഒരാൾക്കേ തന്റെ സ്വത്ത് വഖഫ് ആയി നീക്കിവെക്കാൻപറ്റൂ. നിങ്ങൾ ബിൽ പഠിച്ച ഒരാളെന്ന നിലക്ക് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത് അഞ്ചു വർഷം അയാൾ മുസ്‍ലിമായി തുടർന്നോ ഇല്ലയോ എന്ന് എങ്ങനെയാണ് നിങ്ങൾ തീരുമാനിക്കുക. ഒരാൾ തന്റെ പ്രാർഥന അല്ലാഹുവിന് മാത്രമാക്കുകയും മുഹമ്മദ് അന്ത്യപ്രവാചകനെന്ന് വിശ്വസിക്കുകയും ചെയ്യുമ്പോഴാണ്. അവന്റെ മതപരമായ അനുഷ്ഠാനങ്ങൾ അളക്കുന്നത് ഇസ്‍ലാമിന്റെ അഞ്ച് തൂണുകളായ വിശ്വാസ സാക്ഷ്യം (ശഹാദ), നമസ്കാരം (സ്വലാത്), നിർബന്ധ ദാനം (സകാത്ത്), റമദാൻ മാസത്തിലെ വ്രതം (സൗം), ജീവിതത്തിൽ ഒരിക്കലെങ്കിലും മക്കയിലേക്കുള്ള തീർഥാടനം (ഹജ്) എന്നിവ പരിഗണിച്ചാണ്.
ആർക്കും ഒരു ക്രിസ്ത്യനാകാം. അവന്റെ വിശ്വാസത്തിന്റെ കാലപ്പഴക്കം ദൈവത്തിന് വിഷയമല്ല. അതിനാലാണ് കുരിശിലേറിയ കള്ളന് മോക്ഷം ലഭിച്ചത്. അവൻ യേശുവിനെ ദൈവപുത്രനായി വിശ്വസിച്ചതായിരുന്നു കാരണം. തന്റെ മതപരിവർത്തനത്തിനു ശേഷം ഒരു നാൾ പോലും തികച്ച് അദ്ദേഹം ജീവിച്ചില്ല. വിഷയം ഇങ്ങനെയായിരിക്കെ ഏതടിസ്ഥാനത്തിലാണ് ഒരു മുസ്‍ലിം അഞ്ചു വർഷം മതം അനുഷ്ഠിച്ചുവെന്ന് പറയുക?
കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. അദ്ദേഹം ദീക്ഷ ഭൂമിയിലുമെത്തി. ഡോ. ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ ബുദ്ധമതം സ്വീകരിച്ച സ്ഥലമാണത്. ഒറ്റ സ്ഥലത്തുവെച്ച് ഇങ്ങനെ കൂട്ടമായ മതം മാറ്റം ചരിത്രത്തിൽ ആദ്യത്തെയായിരുന്നു. അവർ ദീക്ഷ സ്വീകരിച്ചു, ബുദ്ധരായി.
അംബേദ്കർ എന്തിന് മതം മാറാൻ നാഗ്പൂർ തെരഞ്ഞെടുത്തുവെന്ന് അറിയാൻ താൽപര്യമുണ്ടാകും. നാഗ് പുഴയോരത്ത് നാഗർ താമസിച്ച നാടാണ് നാഗ്പൂർ. അധിനിവേശം നടത്തിയ ആര്യന്മാർക്കെതിരെ ഘോരഘോരം പട നയിച്ചവരാണ് നാഗർ. അരുണാചൽ പ്രദേശടക്കം രാജ്യത്തിന്റെ അതിവിദൂര മേഖലകളിൽ ബുദ്ധമതം പ്രചരിപ്പിച്ചത് അവരായിരുന്നു. അതേ മതമാണിപ്പോൾ താൻ സ്വീകരിക്കുന്നത്.
ബ്രിട്ടീഷുകാർ ഡൽഹിയിൽ വൈസ്റോയിക്ക് വീടുവെക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ മാതൃക തിരഞ്ഞ് അവർ ക്ഷേത്രത്തിൽ പോയില്ല. പകരം, ആശയങ്ങൾ കടമെടുക്കാൻ ഒരു ബുദ്ധവിഹാരത്തിലേക്കാണ് അവർ പോയത്. പ്രസിഡന്റിന്റെ വിരൽമുദ്ര പതിക്കാനായി ‘ഉമീദ്’ രാഷ്ട്രപതി ഭവനിലേക്ക് കൊണ്ടുപോകുമ്പോൾ ആ സൗധം ഒരു ക്ഷേത്രത്തിന്റെ രൂപമാണോ അതല്ല, ബുദ്ധവിഹാര മാതൃകയാണോ എന്ന് പരിശോധിക്കുക.
പാർലമെന്റിൽ വഖഫ് ബിൽ ചർച്ച നടക്കുന്ന അതേ ദിവസം, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് മഹാകുംഭമേള നടന്ന ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് അധികൃതർ അവകാശപ്പെട്ടുവെന്നാണ്. ഇനി അത് ശരിയാണെങ്കിൽ തന്നെ, ഗംഗയുടെ തീരത്ത് ബിസ്ലേരി വെള്ളക്കുപ്പി വിറ്റ അവസാന മുസ്‍ലിം വ്യാപാരിയെയും ഓടിക്കുന്നതിന് യോഗിക്ക് അത് തടസ്സമായോ?
ആഭ്യന്തര മന്ത്രി അമിത് ഷാ വാദിച്ചത് വഖഫ് അധികൃതർ പാർലമെന്റും വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടേക്കാമെന്നാണ്. എന്നുവെച്ചാൽ, നിങ്ങളും നിങ്ങളുടെ പാർട്ടിയും ഭീതി പടർത്തുന്ന കലയിൽ എന്നേ മിടുക്ക് തെളിയിച്ചവർ. 318 വർഷം മുമ്പ് മരിച്ച ഔറംഗസീബിനെ പോലും നിങ്ങൾ വെറുതെ വിടില്ല. മൊത്തം ലോകത്തിനുമറിയാം, ഓരോ മാസവും 70 ലക്ഷത്തിന്റെ വൈദ്യുതി ഉപയോഗിച്ചുതീർക്കുന്ന ആന്റീലിയ എന്ന മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി വഖഫ് ഭൂമിയിലാണെന്ന്. അതിന്റെ പേരിൽ അംബാനിക്ക് എന്തെങ്കിലും പ്രയാസമുണ്ടായോ? എന്നിട്ടും, സുപ്രീം കോടതിയെക്കാൾ ശക്തിയുള്ളതായാണ് വഖഫ് ബോർഡുകളെ നിങ്ങൾ ചിത്രീകരിച്ചത്.
സീറോ മലങ്കര കാത്തലിക് സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോ ക്ലിമ്മീസ് പോലുള്ള ചിലർ ഈ വേലകളിൽ വീണുപോവുകയും ചെയ്തിട്ടുണ്ട്. 600 ഓളം കുടുംബങ്ങളുള്ള, ഏറെയും കത്തോലിക്കരായ മുനമ്പത്തെ താമസക്കാരുടെ വിഷയമെന്ന നിലക്കാണ് അദ്ദേഹം അതിനെ കണ്ടത്. അംബാനിയെ ആന്റീലിയയിൽനിന്ന് കുടിയിറക്കിയില്ലെങ്കിൽ പിന്നെ അവരെ മാത്രം എങ്ങനെ കുടിയിറക്കും?
വിഷയത്തിലെ വിശാലമായ വിഷയം, ബിൽ തയാറാക്കുംമുമ്പ് മുസ്‍ലിംകളുമായി കടിയാലോചന ഉണ്ടായിട്ടില്ലെന്നതാണ്. അത് പാർലമെന്ററി സമിതി പരിശോധിച്ചുവെന്ന് നിങ്ങൾ പരാമർശിച്ചു. ഒരു പ്രതിപക്ഷ അംഗത്തിന്റെയെങ്കിലും നിർദേശം സ്വീകരിച്ചുകൂടായിരുന്നോ? ലോക്സഭയിലും രാജ്യസഭയിലും നടന്ന ചർച്ചകൾക്കൊടുവിൽ ഒരു പ്രതിപക്ഷ എം.പിയുടെയെങ്കിലും നിർദേശം പാലിച്ച് ഭേദഗതി നടപ്പാക്കിയോ? അത് ഒരു സർക്കാർ ബില്ലായിരുന്നു. സർക്കാറിനാൽ, സർക്കാറിനു വേണ്ടി തയാർ ചെയ്തത്.
വഖഫ് വിഷയങ്ങളിൽ തീരുമാനം മുസ്‍ലിം ഇതരർക്ക് വിടുക വഴി വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം മുസ്‍ലിംകൾക്ക് നഷ്ടമാകും. മദ്റസകൾ, യതീം ഖാനകൾ, ആശുപത്രികൾ എന്നിവ നടത്താനുള്ള ആസ്തികൾ അവരിൽനിന്ന് തട്ടിയെടുക്കപ്പെടും. ബില്ലിലെ അജണ്ട സുതരാം വ്യക്തം. സുവർണ ക്ഷേത്രം എന്ന് നാമറിയുന്ന ശ്രീ ഹർമന്ദിർ സാഹിബ്, ദർബാർ സാഹിബ് നിയന്ത്രണം നടത്തുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ബില്ലിനെ എതിർത്തതിൽ അദ്ഭുതം തോന്നുന്നവർ വിരളമാകും. കാരണം, ഇതേ സർക്കാർ സിഖ് ഗുരുദ്വാര നിയമവും ഭേദഗതി ചെയ്യാമെന്ന് അവർ മനസ്സിലാക്കുന്നു. കത്തോലിക്ക ചർച്ച് സ്വന്തം വിഷയം കണ്ട് വിശാലമായ വിഷയം വിസ്മരിക്കുന്നത് കഷ്ടമെന്നല്ലാതെ എന്തുപറയാൻ.
കാതലിക് ചർച്ചിന് മാത്രമല്ല, മറ്റ് ചർച്ചുകൾക്കും ആയിരക്കണക്കിന് ഏക്കർ ഭൂമി സ്വന്തമായുണ്ട്. അവക്ക് ശതകോടികൾ മൂല്യം വരും. ഇതേ വാദമുന്നയിച്ച് സർക്കാറിന് ഇവയും കൈയേറാം. ബ്രിട്ടീഷുകാർ 100 വർഷത്തെ വായ്പക്ക് നൽകിയ സർക്കാർ ഭൂമിയിലാണ് ചർച്ചിനു കീഴിലെ നിരവധി സ്കൂളുകളും കോളജുകളും പ്രവർത്തിക്കുന്നത്. ഇത്തരം ആസ്തികൾ ഒഴിയാൻ സഭക്കുമേൽ സമ്മർദം ആരംഭിച്ചിട്ടുണ്ട്- ന്യൂ ഡൽഹിയിലെ ആർമി കേന്റാൺമെന്റ് ഉദാഹരണം.
പാർലമെന്റ് വഖഫ് ബിൽ ചർച്ച നടത്തുമ്പോൾ ചില പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന്റെ ശ്രദ്ധ ജബൽപൂരിൽ രണ്ട് കത്തോലിക പുരോഹിതർ ആക്രമിക്കപ്പെട്ട വിഷയം എടുത്തിട്ടിരുന്നു. ന്യൂനപക്ഷ കാര്യ ചുമതലയുള്ള മന്ത്രിയെന്ന നിലക്ക് ആ വിഷയത്തിൽ എടുത്ത നടപടിയെ കുറിച്ച് മറുപടി പറയാൻ ആരാണ് തടസ്സം നിന്നത്?
ഇങ്ങനെയൊക്കെയാണെങ്കിലും താങ്കൾ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ചുകണ്ടത് സന്തോഷമായി. എനിക്കും ട്രിബ്യൂണിലെ സഹപ്രവർത്തകർക്കുമെതിരെ പഞ്ചാബ്- ഹരിയാന ഹൈകോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റീസ് രജീന്ദർ സച്ചാർ ഹാജരായിരുന്നു. വഖഫ് ഭൂമിയെ കുറിച്ച് എന്തു പറയുന്നുവെന്ന് കാണാനല്ലാതെ അദ്ദേഹത്തിന്റെ റിപ്പോർട്ടിലൂടെ താങ്കൾ കണ്ണോടിച്ചിട്ടുണ്ടോ? വഖഫ് ആസ്തികൾ വാണിജ്യ ഉപയോഗത്തിനായി മാറ്റാമെന്ന് നിങ്ങൾ പറയുന്നുവെങ്കിൽ അത് ഏറ്റവും കൂടുതൽ സമ്പന്നരാക്കുക മുസ്‍ലിംകളെയാണ്.
ചങ്ങാത്ത മുതലാളിത്തിനു കീഴിൽ യഥാർഥത്തിൽ സംഭവിക്കുന്നത് ഇതൊക്കെയാണ്. സർക്കാർ ഭൂമികൾ അംബാനിയും അദാനിയും പോലുള്ളവർക്ക് കൈമാറുന്നു. അങ്ങനെ അവർ ലോകത്തെ അതിസമ്പന്നനായി മാറുന്നു. പാവപ്പെട്ടവരെ പിന്നെയും പിന്നെയും അഗണ്യകോടിയിൽ തള്ളുന്നു. അവർക്ക് വഖഫ് ആസ്തികൾ കൈമാറിയാൽ അവർക്ക് ശതകോടികൾ സ്വന്തമാക്കാം. അവർക്ക് തട്ടിൻപുറത്ത് നീന്തൽ കുളമുണ്ടാക്കാം. അതേ മുംബൈയിലെ സ്ത്രീകൾ ഒരു പാത്രം ജലം കിട്ടാൻ മണിക്കൂറുകൾ ക്യൂ നിൽക്കുകയുമാകാം.
അതിനിടെയും, സച്ചാർ കമ്മിറ്റി നിരവധി നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിലൊന്ന് സർക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അർഹർക്ക് ലഭിക്കുന്നോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനമാണ്.
എനിക്ക് ഏറ്റവും കൗതുകം തോന്നിയത് മുസ്‍ലിം ക്ഷേമം അങ്ങയുടെ സർക്കാറിന്റെ മുന്തിയ പരിഗണനയാണെന്ന താങ്കളുടെ ഊന്നൽ കേട്ടപ്പോഴാണ്. നിങ്ങൾ അംഗമായ മന്ത്രിസഭയിൽ ഒറ്റ മുസ്‍ലിം സഹപ്രവർത്തകൻ പോലുമില്ല. രാജ്യത്ത് 20 കോടി വരും മുസ്‍ലിംകൾ. അത്രയുമുള്ള ഒരു സമുദായത്തിൽനിന്ന് ഒരാളെ പോലും കണ്ടെത്താൻ പ്രധാനമന്ത്രിക്കായില്ലെന്നത് അവിശ്വസനീയം. കേന്ദ്രം വിടാം, ഗുജറാത്തും മണിപ്പും ഡൽഹിയും മുതൽ ഉത്തരാഖണ്ഡ് വരെ ഏതെങ്കിലും ഒരു സംസ്ഥാന മന്ത്രിസഭയിൽ ഒറ്റ മുസ്‍ലിമുണ്ടോ?
മോദി മുസ്‍ലിം വിഷയത്തിലെ ആധി തീർത്തത് തന്റെ രണ്ടാമൂഴത്തിൽ മുത്തലാഖ് നിരോധിച്ചാണ്. വിവാഹ മോചനം ഒരു സ്ത്രീയെ വൈവാഹിക അടിമത്തം അവസാനിപ്പിക്കാൻ സഹായിക്കും. വിശിഷ്യാ, ഭർത്താവ് ഒന്നിച്ചുപോകാൻ താൽപര്യപ്പെടാത്തപ്പോൾ. ഭാര്യയെ ഉപേക്ഷിച്ചുപോകുന്നതിനെക്കാൾ അത് എന്തുകൊണ്ടും മെച്ചം.
മുത്തലാഖ് നിയമം നിലവിൽ വന്ന് അഞ്ചു വർഷത്തിലേറെയായി. അതിന്റെ പേരിൽ ഏതെങ്കിലും ഒരാൾക്കെതിരെ കുറ്റം ചുമത്തിയത് താങ്കൾക്ക് പരാമർശിക്കാനാകുമോ? മുസ്‍ലിംകളെ സഹായിക്കുന്നതിന് പകരം ഹിന്ദുത്വവാദികളെ പ്രീണിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആ നിയമം. നിർഭാഗ്യകരമെന്നു പറയട്ടെ, വഖഫ് ബില്ലും അതേ രീതിതന്നെ പിന്തുടരുന്നതാണ്. മുസ്‍ലിംകൾക്ക് തങ്ങളുടെ പരിമിതമായ അവകാശങ്ങൾ കൂടി അത് നിഷേധിക്കുന്നു. ക്രിസ്ത്യാനികൾ ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ എന്നു മാത്രമാണ് എന്റെ ആഗ്രഹം. ജോൺ ഡണ്ണിന്റെ വാക്കുകൾ കടമെടുത്താൽ, ഈ ബെൽ മുഴങ്ങിയത് മുസ്‍ലിംകൾക്ക് മാത്രമല്ല, ക്രിസ്ത്യാനികൾക്ക് കൂടിയാണ്.
താങ്കളുടെ സ്വന്തം ajphilip@gmail.com
കടപ്പാട് ഇന്ത്യൻ കറന്റ്സ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.