Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനഘ ശശിയുടെ പോരാട്ടവും പ്രബുദ്ധ കേരളത്തിന്റെ കാപട്യങ്ങളും

text_fields
bookmark_border
Research scholar Anagha Sashi holding a protest banner during her hunger strike at Malayalam University.
cancel
camera_alt

അനഘ ശശി

ഇന്ത്യയിലെ ചാതുർവർണ വ്യവസ്ഥ കീഴാള ജനവിഭാഗങ്ങൾക്ക് കൽപ്പിച്ച സാമൂഹിക ബഹിഷ്കരണത്തെ വ്യത്യസ്ത രീതികളിൽ വർത്തമാനത്തിലും പുനരാവിഷ്‌ക്കരിക്കുന്ന ഇടങ്ങളാണ് നമ്മുടെ കേരളീയ പൊതുമണ്ഡലവും ക്യാമ്പസുകളുമെല്ലാം. അതുകൊണ്ടാണ് അനഘ ശശിയുടെ വിദ്യാഭ്യാസ അവകാശ പോരാട്ടം കേരളത്തിൻ്റെ സാമൂഹിക മനഃസാക്ഷിയുടെ പരിധിയിൽ കടന്നു വരാത്തത്. ഇന്ത്യയുടെ സാമൂഹിക ഘടന പുറന്തള്ളിയ മനുഷ്യരുടെ ചെറുത്തുനിൽപ്പുകളെയും അതിജീവന ശ്രമങ്ങളെയും ബോധപൂർവം കാണാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രതയുടെ പേരാണ് കേരളത്തിൻ്റെ പ്രബുദ്ധതയെന്ന് അനഘ ശശി നേരിട്ട ജാതീയ വിവേചനവും അവർ നയിച്ച സമരവും തെളിയിച്ചിരിക്കുന്നു. ഇവിടെയുള്ള സാമൂഹിക പദവികളും വിഭവങ്ങളുമെല്ലാം ചിലർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ആധിപത്യ വരേണ്യ മനോഭാവത്തോട് മൂർച്ചയേറിയ വിമതത്വത്തിന്റെ പ്രഖ്യാപനമായിരുന്നു അനഘയുടെ സമരം. എത്ര അദൃശ്യവൽക്കരിച്ചാലും കേരളത്തിലെ ക്യാമ്പസുകളിൽ വംശീയ ജാതീയ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെന്ന സാമൂഹിക യാഥാർത്ഥ്യത്തെ സ്ഥാപിച്ചെടുക്കുന്ന ചരിത്രപരമായ പ്രതിരോധം കൂടിയാണ് അനഘ നിർവഹിച്ചത്. മേൽജാതി ഹിംസകളാൽ ക്രമീകരിക്കപ്പെട്ട വരേണ്യ ക്യാമ്പസ് ഇടങ്ങൾ പുറന്തള്ളിയ ഒരുപാട് വിദ്യാർഥികളുടെ പ്രതീക്ഷകൾക്ക് നിറം പകർന്നാണ് നിരാഹാര സമരമടക്കമുള്ള 27 ദിവസത്തോളം നീണ്ടുനിന്ന ഐതിഹാസികമായ തൻ്റെ ആത്മാഭിമാന പോരാട്ടം അവർ അവസാനിപ്പിക്കുന്നത്.

അനഘ ഉയർത്തിയ ന്യായമായ ആവശ്യങ്ങൾ തങ്ങളുടെ സവർണ ധാർഷ്ട്യത്തെ അടിയറവ് വെച്ച് സർവകലാശാല അധികാരികൾക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. രണ്ടര വർഷമായി ബോധപൂർവം തടഞ്ഞുവെച്ച അനഘയുടെ ഡോക്ടറൽ കമ്മിറ്റി അടിയന്തരമായി നടത്താനും ജാതി അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ അധ്യാപകനെ മാറ്റി പുതിയ അധ്യാപകനെ ഗൈഡായി നിശ്ചയിക്കാനും തടഞ്ഞുവെച്ച ഫെലോഷിപ്പുകൾ പൂർണമായി നൽകാനും യൂണിവേഴ്സിറ്റി അധികാരികൾ നിർബന്ധിതരായി. അരുൺ ബാബുവിനെ പോലെയുള്ള അധ്യാപകരിലൂടെ മലയാളം യൂണിവേഴ്സിറ്റിയെ സവർണ അഗ്രഹാരമായി നിലനിർത്താനുള്ള പദ്ധതികളെ ശക്തമായ സമരവിചാരണയിലൂടെ അനഘ പരാജയപ്പെടുത്തിയിരിക്കുന്നു. അനഘക്കെതിരെ ജാതീയമായ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ സ്ഥാപനത്തിലെ സവർണ അധികാര രൂപങ്ങൾക്കെതിരെ എസ്‌സി/എസ്ടി വകുപ്പ് പ്രകാരം പോലീസിന് കേസെടുക്കേണ്ടി വന്നു എന്നത് സമരത്തിൻ്റെ വ്യക്തമായ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് അനഘ ശശിക്കും എംജി യൂണിവേഴ്സിറ്റിയിൽ ഗവേഷണം പൂർത്തിയാക്കിയ ദീപ പി. മോഹനനും ഏറ്റവും അവസാനം ഗവേഷണം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ അനിശ്ചിതത്വം നേരിടേണ്ടി വന്ന കേരള സർവകലാശാലയിലെ സംസ്കൃതം വിദ്യാർഥി വിപിൻ വിജയനുമെല്ലാം തങ്ങളുടെ സ്വാഭാവികമായ വിദ്യാഭ്യാസ അവകാശങ്ങൾ നിരന്തരമായി ലംഘിക്കപ്പെടുന്നത്? ഗവേഷണം തുടരാൻ ദീപ പി. മോഹനന് 10 ദിവസവും അനഘ ശശിക്ക് 27 ദിവസവും സമരം ചെയ്യേണ്ടി വരുന്ന ഗതികേടിനെയാണോ നാം പുരോഗമന കേരളം എന്ന് വിശുദ്ധവൽക്കരിക്കുന്നത്?

പിന്നാക്ക സാമൂഹിക ജനവിഭാഗങ്ങളുടെ മുഖ്യധാരയിലുള്ള സജീവ സാന്നിധ്യത്തെ ഹിംസയിലൂടെയും വ്യവസ്ഥാപിതമായ വിവേചനങ്ങളിലൂടെയും അദൃശ്യമാക്കാനുള്ള ശ്രമങ്ങൾ എല്ലാ മേഖലകളിലും എന്ന പോലെ അക്കാദമിക ഇടങ്ങളിലും സജീവമാണ്. രണ്ടര വർഷത്തോളം അനഘ അഭിമുഖീകരിച്ച ക്രൂരമായ അനീതികളും അവരുടെ ചെറുത്തുനിൽപ്പും വ്യവസ്ഥാപിതമായ ഈ പുറന്തള്ളൽ പ്രക്രിയയെ അടയാളപ്പെടുത്തുന്നുണ്ട്. തങ്ങളുടെ മേൽജാതി സംസ്കാരത്തെ സ്വാംശീകരിച്ച്, അവയോട് വിധേയപ്പെട്ട് മുഖ്യധാരയിൽ നിലനിൽക്കാനുള്ള ആജ്ഞയെ ലംഘിക്കുന്നവർക്കുള്ള സ്വാഭാവിക ശിക്ഷയാണത്.

ഇന്ത്യൻ സാംസ്കാരിക സാമൂഹികതയിൽ യാതൊരു ദൃശ്യതയും ഉണ്ടാവാതിരുന്ന, ചരിത്രപരമായി തന്നെ പദവികൾ നിഷേധിക്കപ്പെട്ട, ദുർബല വിഭാഗങ്ങളെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഒരു ഭരണഘടനാ സംവിധാനമായിട്ടാണ് അംബേദ്കർ ഭരണഘടനയിൽ സംവരണത്തെ പരിചയപ്പെടുത്തുന്നത്. കേരളത്തിലടക്കം സംവരണമെന്ന തത്വത്തെ തന്നെ യൂണിവേഴ്സിറ്റികൾ അട്ടിമറിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. വ്യവസ്ഥാപിതമായ ഇത്തരം അനീതികൾ ചോദ്യം ചെയ്ത് സംവരണ വിഷയത്തിൽ ലേഖനം എഴുതിയതിന്റെ പേരിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ.എസ്. മാധവനെതിരെ യൂണിവേഴ്സിറ്റി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. കീഴാള ജനവിഭാഗങ്ങൾ ഉയർത്തുന്ന സാമൂഹിക നീതിയുടെ രാഷ്ട്രീയ ചോദ്യങ്ങളെ എങ്ങനെയാണ് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അഭിമുഖീകരിക്കുന്നത് എന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ക്രിയാത്മകമായ സാമൂഹിക നിർമിതിയുടെ സുപ്രധാന കേന്ദ്രങ്ങളായ അക്കാദമിക് ഇടങ്ങളെ സവർണരുടെ ജ്ഞാനാധികാരത്തെ നിലനിർത്താനുള്ള അപര ബഹിഷ്കരണ കേന്ദ്രങ്ങളായി സംരക്ഷിച്ചു നിർത്താനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങളാണ് യൂണിവേഴ്സിറ്റികൾ ചെയ്തുകൊണ്ടിരിക്കുന്നത്. കീഴ്ജാതികൾക്ക് അറിവ് നിഷേധിക്കുക എന്ന ബ്രാഹ്മണ ജാതിവ്യവസ്ഥയുടെ സുപ്രധാന തത്വത്തെ വ്യത്യസ്ത രീതികളിൽ പുനരുൽപാദിപ്പിക്കുന്ന അഗ്രഹാരങ്ങളാണ് തിരൂർ മലയാളം സർവകലാശാല അടക്കമുള്ള നമ്മുടെ വ്യത്യസ്ത ക്യാമ്പസുകൾ. സംവരണ അട്ടിമറികളിലൂടെയും സ്കോളർഷിപ്പുകൾ പിടിച്ചുവെച്ചും പിന്നോക്ക സമുദായങ്ങളിലെ വിദ്യാർഥികളെ വ്യത്യസ്ത രൂപത്തിലുള്ള ജാതീയ വംശീയ അതിക്രമങ്ങൾക്ക് വിധേയപ്പെടുത്തിയുമാണ് യൂണിവേഴ്സിറ്റി അഗ്രഹാരങ്ങൾ തങ്ങളുടെ വരേണ്യ വിശുദ്ധി സംരക്ഷിക്കുന്നത്. ഭരണഘടനാദത്തമായ നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെയും വരേണ്യ സാമൂഹിക തത്വങ്ങളും സാംസ്കാരിക നിയമങ്ങളുമാണ് പലപ്പോഴും ഭരണഘടനാ തത്വങ്ങളെ പോലും നിരാകരിച്ച് നടപ്പിലാക്കപ്പെടാറുള്ളത്.

ചരിത്രപരമായ കാരണങ്ങളാൽ സൈദ്ധാന്തിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് മേൽജാതി സമുദായങ്ങൾക്ക് ഘടനാപരമായി ലഭിക്കുന്ന പ്രത്യേക അധികാരത്തെ കുറിച്ച് പ്രമുഖ സാമൂഹ്യശാസ്ത്ര പണ്ഡിതൻ ഗോപാൽ ഗുരു സമർഥിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഭരണകൂടത്തിന്റെ ബൗദ്ധിക-സാംസ്കാരിക സംവിധാനങ്ങളെ പൂർണമായും നയിച്ചിരുന്നത് മേൽജാതി വിഭാഗക്കാരായിരുന്നു. ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങളുടെ വാതിലുകൾ ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ദലിതർക്ക് മുന്നിൽ പൂർണമായും കൊട്ടിയടക്കപ്പെട്ടിരുന്നു. സമീപകാലത്ത് മാത്രമാണ് അത്തരം സ്ഥാപനങ്ങളിൽ ഏതെങ്കിലും തലത്തിൽ ദലിതരെയും ഗോത്ര സമുദായങ്ങളെയും ഉൾക്കൊള്ളാൻ ചില ശ്രമങ്ങൾ നടന്നത്. മണ്ഡലാനന്തരമാണ് കേന്ദ്ര സർവകലാശാലകളിൽ സംവരണം കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നതും പിന്നോക്ക സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അഡ്മിഷൻ തേടുന്നതും.

എന്നാൽ ഇവരെ ബ്രാഹ്മണ വ്യവസ്ഥയിലേക്ക് ആവാഹിച്ച് ഇല്ലാതാക്കുക, അതല്ലെങ്കിൽ പുറന്തള്ളുക എന്നൊരു പ്രവർത്തനമാണ് സർവകലാശാലകൾ വ്യവസ്ഥാപിതമായി ചെയ്തുകൊണ്ടിരിക്കുന്നത്.

അനഘ നേരിട്ട അക്കാദമിക ബഹിഷ്കരണത്തെ ന്യായീകരിച്ച് യൂണിവേഴ്സിറ്റി അധികൃതർ നൽകിയ വിശദീകരണങ്ങളിലും കീഴാള ശരീരങ്ങളെ പുറന്തള്ളാനുള്ള ഈ വരേണ്യ മനോഭാവം ശക്തമായി പ്രതിഫലിക്കുന്നുണ്ട്. എൻട്രൻസിലൂടെ ഗവേഷണ യോഗ്യത നേടിയെടുത്ത അനഘക്ക് രണ്ടര വർഷമായിട്ടും ഗവേഷണം ആരംഭിക്കാൻ കഴിയാത്ത വ്യവസ്ഥാപിതമായ അനാസ്ഥയെ കണ്ടില്ലെന്ന് നടിച്ച് സമരം ചെയ്യുന്ന അനഘക്കെതിരെ മാനസിക രോഗവും അറ്റൻഷൻ സീക്കിംഗ് പ്രവണതയും ആരോപിക്കാനാണ് സർവകലാശാല അധികാരികൾ ശ്രമിച്ചത്. അനഘയുടെ ഗവേഷണം തുടരുന്നതിന് തടസ്സമായി നിൽക്കുന്ന യൂണിവേഴ്സിറ്റിയുടെ വീഴ്ചകൾ വസ്തുതകളായി നിലനിൽക്കുമ്പോഴാണ് ഇത്തരം ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത്. ഇരകൾക്ക് മേൽ വ്യക്തിഗതമായ പ്രശ്നങ്ങൾ ആരോപണങ്ങളായി ഉന്നയിച്ച് ഘടനാപരമായ വിവേചനങ്ങളെയും അതിക്രമങ്ങളെയും അദൃശ്യമാക്കാനുള്ള ശ്രമങ്ങൾ നിഥിൻ രാജിന്റെ വ്യവസ്ഥാപിത കൊലപാതകത്തിലും നാം കണ്ടതാണ്. ജാതി/വംശീയത/ഇസ്ലാമോഫോബിയ തുടങ്ങിയ മൗലികവും ഘടനാപരവുമായ പ്രശ്നത്തിൻ്റെ അടിസ്ഥാന കാരണങ്ങളെ തൊടാതെ വ്യാഖ്യാനിക്കുന്ന വിശകലന രീതി അങ്ങേയറ്റം ഹിംസാപരമാണ്.

അനഘക്കെതിരെ ജാതി അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഇടതുപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ള അധ്യാപകർ, എസ്എഫ്ഐ പ്രതിനിധിയായ വിദ്യാർഥിനി, മലയാളം യൂണിവേഴ്സിറ്റി അധികൃതർ എന്നിവരുടെ ബഹിഷ്കരണങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് അനഘ വീണ്ടും മലയാളം യൂണിവേഴ്സിറ്റിയുടെ മണ്ണിൽ തൻ്റെ ഗവേഷണം തുടരാനുള്ള അവകാശം നേടിയെടുക്കുന്നത്. ഭരണകൂട ഔദാര്യങ്ങൾക്കപ്പുറത്ത് സവർണ സാമൂഹിക തത്വങ്ങളെ അതിലംഘിച്ചുള്ള നിരന്തരമായ സമര പ്രക്ഷോഭങ്ങളിലൂടെയാണ് കീഴാള സമുദായങ്ങൾ തങ്ങളുടെ അടിസ്ഥാന അവകാശങ്ങളും രാഷ്ട്രീയമായ പല അംഗീകാരങ്ങളും നേടിയെടുത്തത്. അനഘയുടെ സമരവും ഈ രാഷ്ട്രീയ ദൗത്യം നിർവഹിച്ചാണ് അവസാനിച്ചത്. ദലിത് മുസ്‌ലിം ബഹുജൻ രാഷ്ട്രീയ കർതൃത്വങ്ങളിൽ രൂപപ്പെടുന്ന ഇത്തരം ജനകീയ സമരങ്ങളെയും രാഷ്ട്രീയ സംഘാടനങ്ങളെയും പൈശാചികവൽക്കരിക്കാറുള്ള ഇടതുപക്ഷ പുരോഗമന പക്ഷത്തിന്റെ വേട്ടയാടലുകളെ ഈ സമരത്തിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ആരംഭിച്ചത് മുതൽ സമരത്തിൻ്റെ വിശ്വാസ്യത തകർക്കുന്ന വിധത്തിലുള്ള ഇസ്ലാമോഫോബിക് വംശീയ പ്രചരണങ്ങൾ അനഘക്കെതിരെയും അനഘയുടെ കൂടെ നിന്ന് സമരം ചെയ്ത മലയാളം യൂണിവേഴ്സിറ്റിയിലെ തന്നെ ഗവേഷക വിദ്യാർഥിയായ റിയാസിനെതിരെയും സമരത്തിനെതിരെ തന്നെയും നിരന്തരമായി ഉന്നയിക്കപ്പെട്ടിരുന്നു. സമരത്തിൻ്റെ ആരംഭം മുതൽ അനഘയുടെ കൂടെ അടിയുറച്ചു നിന്ന റിയാസിന്റെ സാന്നിധ്യവും അനഘ ധരിച്ച കഫിയയെയും ഫലസ്തീൻ പതാകയുമെല്ലാം ചിലരെ സവിശേഷമായി അസ്വസ്ഥപ്പെടുത്തി. രാവും പകലും വ്യത്യാസമില്ലാതെ തീഷ്ണമായ വെയിലിന്റെ ചൂടും മഴയും തണുപ്പും ധീരമായി അഭിമുഖീകരിച്ച അനഘക്ക് സമരാരംഭം മുതൽ തനിക്കെതിരെയുള്ള വ്യവസ്ഥാപിതമായ അനീതികളിൽ പ്രതികളായ സിപിഎം-എസ്എഫ്ഐ ഭാഗത്ത് നിന്നുള്ള വിദ്വേഷ വേട്ടയാടലുകളെയും നേരിടേണ്ടി വന്നിരുന്നു. ദലിത് പിന്നോക്ക ബഹുജൻ മുസ്‌ലിം സമുദായങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തിൽ ജനകീയ അടിത്തറയോടെ ശക്തിപ്പെടുകയും വിജയിക്കുകയും ചെയ്തൊരു സമരത്തെ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നാണ് ഈ വേട്ടയാടലുകളിലൂടെ നിരന്തരം അവർ പറയാൻ ശ്രമിച്ചത്. ഐസ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ്, വിവിധ ദലിത് സംഘടനകൾ, സർവകലാശാല പരിസരത്തുള്ള നാട്ടുകാർ തുടങ്ങിയവരാണ് ഈ സമരത്തെ ആദ്യാവസാനം സന്ദേഹങ്ങൾ ഇല്ലാതെ ശക്തമായി ചലിപ്പിച്ചത്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ശേഷം കീഴാള സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിൽ രൂപപ്പെട്ട, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇളക്കിമറിച്ച സാമൂഹിക നീതിയുടെ രാഷ്ട്രീയ പോരാട്ടങ്ങളെയാണ് ഈ സമരം വീണ്ടെടുത്തത്.

മലയാളം യൂണിവേഴ്സിറ്റിയിലെ സവർണ തമ്പുരാക്കന്മാരുടെ മേലധികാര ഹുങ്കിന് മുന്നിൽ അനഘ ഉയർത്തിയ പ്രതിരോധത്തിന്റെ രാഷ്ട്രീയ ചോദ്യങ്ങൾ കേരളത്തിലെ അഗ്രഹാരങ്ങളിലെ തമ്പുരാക്കന്മാരെ അസ്വസ്ഥപ്പെടുത്തി കൊണ്ടേയിരിക്കും. പിന്നോക്ക സമുദായങ്ങളിലെ വിദ്യാർഥികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി അക്കാദമിക ഇടങ്ങളിൽ നിന്നും പുറന്തള്ളാനുള്ള സവർണ തിട്ടൂരങ്ങൾക്ക് നിങ്ങൾ ഒട്ടും വഴങ്ങി കൊടുക്കരുത് എന്നാണ് അനഘ താൻ പ്രതിനിധീകരിക്കുന്ന വിദ്യാർഥി സമൂഹത്തോട് ഉറക്കെ പറഞ്ഞത്. പിന്നോക്ക വിദ്യാർഥികളുടെ സ്വത്വത്തെ വംശീയവൽക്കരിച്ച് വേട്ടയാടുന്ന പ്രവണതകളെ നിയമപരമായി പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിൽ കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കേണ്ട അനിവാര്യതയിലേക്ക് കൂടിയാണ് അനഘ കേരളത്തിൻ്റെ ശ്രദ്ധ ക്ഷണിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കീഴാള വിദ്യാർഥികൾ നേരിടുന്ന വ്യവസ്ഥാപിതവും പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവുമായ അതിക്രമങ്ങളെ സവിശേഷമായി പ്രശ്നവൽക്കരിച്ച് അഭിസംബോധന ചെയ്യുന്നതിലൂടെ രോഹിത് ആക്ട് എന്ന രാഷ്ട്രീയ ഡിമാൻ്റ് അടിയന്തരമായൊരു സാമൂഹിക പ്രശ്നത്തിൻ്റെ ആഴങ്ങളിലേക്ക് സമൂഹശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ആത്മാഭിമാനത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ച് കൊണ്ട് വംശീയ ജാതീയ അതിക്രമങ്ങൾക്കെതിരെയും വിവേചനങ്ങൾക്കെതിരെയും സാമൂഹിക പ്രതിരോധം രൂപപ്പെടുത്തുന്ന ഇടപെടലുകളായി അനഘയുടെ സമരത്തിന് ശക്തമായ തുടർച്ചകൾ ഉണ്ടാവട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anagha Sashi's Fight and Kerala’s Hypocrisy: How Dalit Resistance Shook Institutional Casteism
Next Story