അവർ ക്രിസ്ത്യാനികളെ തേടിയെത്തി
text_fieldsഅവരാദ്യം ജൂതരെ തേടിവന്നു, ഞാനൊന്നും പറഞ്ഞില്ല. കാരണം, ഞാനൊരു ജൂതനല്ലായിരുന്നു. പിന്നെയവർ കമ്യൂണിസ്റ്റുകാരെ തേടിവന്നു, ഞാനൊന്നും പറഞ്ഞില്ല. കാരണം, ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു. ഈ വരികൾ കേൾക്കുമ്പോഴേക്കും ഫാഷിസ്റ്റുകളെന്നപോലെ, ഫാഷിസ്റ്റ് വിരുദ്ധരും ഈയൊരു പ്രയോഗത്തിന്റെ പശ്ചാത്തലം പോലുമറിയാതെ, പാസ്റ്റർ മാർട്ടിൻ നിമോയുള്ളറെ ഓർത്തുപോവും. കാരണം, ഈ വരികൾക്ക് ഫാഷിസ്റ്റ് വിരുദ്ധ കവിതയെന്ന പേരിൽ അത്രമേൽ പ്രചാരണം ലോകമാകെ ലഭിച്ചതിനാൽ. എന്നാൽ, ഇതൊരു കവിതയായി എഴുതപ്പെട്ടതേയല്ല! അതുമാത്രമല്ല, ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന സാന്നിധ്യമായി മാറിയ പാസ്റ്റർ നിമോയുള്ളർ ആദ്യം കടുത്ത ഫാഷിസ്റ്റ് അനുകൂലിയുമായിരുന്നു.
എന്നാൽ, ഇന്ത്യനവസ്ഥയിൽ ക്രിസ്തുവിനെയും ചരിത്രത്തെയും മറന്നുള്ള ചുരുക്കം ചില ക്രിസ്ത്യൻ മതപുരോഹിതന്മാരുടെ ഫാഷിസ്റ്റനുകൂല ഇളകിയാട്ടങ്ങൾ കാണുമ്പോൾ, ഒരു തവണയല്ല, ഒരുപാട് തവണ ഇക്കാര്യം ആവർത്തിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കേണ്ടത് അനിവാര്യമാണ്. കേട്ടാൽ മാത്രമല്ല, ചുറ്റും നടക്കുന്ന, നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടാൽ, എന്തിന് തങ്ങൾക്ക് കൊണ്ടാലും ഏത് സ്കൂളിൽ കൊണ്ടുപോയി ചേർത്താലും ചിലർ പഠിക്കില്ല. പണ്ട് പഠിച്ചതേ പാടൂ എന്നതിനപ്പുറം, കാലം ആവശ്യപ്പെടുന്ന ഒന്നും പഠിക്കാതിരിക്കുന്നതിലാണവർ പുളകംകൊള്ളുന്നത്.
1930 കളിൽ ഹിറ്റ്ലർ, ജർമൻ ചർച്ചിനെ നാസി ഓഫിസാക്കി മാറ്റാൻ ലുഡ് വിങ് മുള്ളറെയാണ് സാമ്രാജ്യത്വ ബിഷപ്പാക്കി (Reich Bishop) അവരോധിച്ചത്. ജൂതരടക്കമുള്ള ജർമനിയിലെ പൗരസമൂഹത്തിൽ വലിയൊരു വിഭാഗത്തിന്റെ പൗരത്വം റദ്ദ് ചെയ്യുന്ന, കുപ്രസിദ്ധമായ ന്യൂറംബർഗ് നിയമങ്ങൾക്ക്, ലുഡ് വിങ് മുള്ളറുടെ നേതൃത്വത്തിലുള്ള നാസി അനുകൂല സഭ നിർലോഭമായി പിന്തുണ നൽകി എന്നുള്ളത്, ഇന്നോർക്കുമ്പോൾ ആരിലും ഓക്കാനമുണ്ടാക്കും. എന്നാൽ, അതിനെതിരെ ധീരമായി പൊരുതി തടവിലാക്കപ്പെട്ട പാസ്റ്റർ നിമോയുള്ളയെയും കുപ്രസിദ്ധമായ നാസി പീഡനകേന്ദ്രമായ ഫ്ലോസൻബർഗ് ക്യാമ്പിൽ 1945 ഏപ്രിൽ 9ന് ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയ ഫാഷിസ്റ്റ് വിരുദ്ധ സമരയോദ്ധാവും വിമോചന ദൈവശാസ്ത്രചിന്തകനുമായ ഫാദർ ഡയട്രിക് ബോൺഹാഫറിനെയും കുറിച്ച് ഓർക്കുമ്പോൾ, മരവിച്ചിട്ടില്ലാത്തവരൊക്കെയും ആവേശത്താൽ കോരിത്തരിക്കും.
ചർച്ച് ജീസസിന്റേതാണ്, പരമമായ കാരുണ്യത്തിന്റേതാണ്, അതിൽ ഹിറ്റ്ലർക്കൊരു കാര്യവുമില്ല. ക്രൂരതയുടെ വാടിയ ഒരിലപോലും ആ കാരുണ്യകടലിൽ വീഴാനനുവദിക്കുകയില്ല. ഇപ്പോൾ നിങ്ങൾ വിജയിച്ചാലും നാളെ നിങ്ങൾ തോൽപിക്കപ്പെടും, ഒരു കാലവും കണക്ക് ചോദിക്കാതെ കടന്നുപോയിട്ടില്ല എന്നാണ് അവരൊക്കെയും കൊടിയ പ്രതിസന്ധികൾക്കിടയിൽനിന്നും ധീരമായി അന്നുപോലും പ്രഖ്യാപിച്ചത്.
ദേശീയ പ്രലോഭനത്തിന്റെ പേരിൽ ആദ്യം ഹിറ്റ്ലറെ പിന്തുണച്ച പാപത്തിന് മാപ്പ് ചോദിച്ചുകൊണ്ടാണ് പാസ്റ്റർ നിമോയുള്ളയെപ്പോലുള്ളവർ, പിൽക്കാല ജീവിതം ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തിന് സമർപ്പിച്ചത്. പഴയൊരു ജൂതസുഹൃത്തിനെ ചേർത്ത് നിർത്തി, ആത്മാർഥമായ കുറ്റബോധത്തോടെ അദ്ദേഹം പറഞ്ഞത്, സുഹൃത്തെ നിങ്ങളെ ഇപ്പോൾ എത്ര ചേർത്ത് നിർത്തുമ്പോഴും നമുക്കിടയിൽ പൂർണമായ ചേർന്നുനിൽപ് ഞാനാഗ്രഹിക്കുംവിധം ഉണ്ടായിട്ടില്ല. അക്കാര്യത്തിൽ നിങ്ങളല്ല, ഞാനാണ് പാപം ചെയ്തത്.
നമുക്കിടയിൽ പൂർണ ചേർത്തുനിൽപിന് തടസ്സമായി വിലങ്ങടിച്ചുനിൽക്കുന്നത് എന്റെ കുറ്റബോധമാണ്. ഞാൻ നിങ്ങൾക്കും, നിങ്ങളുടെ സമൂഹത്തിനുമെതിരെ പാപം ചെയ്തവനാണ്. ചങ്കിടിപ്പോടെയല്ലാതെ വായിച്ചു പോവാനാവാത്ത സ്വന്തം മാപ്പപേക്ഷ അദ്ദേഹം പങ്കുവെച്ചത് ‘കുറ്റബോധവും പ്രതീക്ഷയും’ എന്ന പ്രബന്ധത്തിലാണ്. അതിന്റെ തുടർച്ചയിലാണ്, ‘അവർ ആദ്യം വന്നത്’ എന്ന പേരിൽ പ്രശസ്തമായ കവിതയായി വളർന്ന പാസ്റ്റർ നിമോയുള്ളയുടെ പ്രഭാഷണവാക്യങ്ങളെ കാണേണ്ടത്. പ്രഭാഷണവേളയിൽ, മനസ്സിൽ നിന്നൊരുറവുപോലെ, നിറഞ്ഞൊഴുകിയ ഗദ്യത്തിലുള്ളൊരു കുറ്റസമ്മതത്തെ പാസ്റ്റർ നിമോയുള്ളയല്ല, ആത്മബോധമുള്ള മനുഷ്യരാണ് പിന്നീട് കവിതയാക്കി ആഘോഷിച്ചത്. എന്നാൽ, ഹിറ്റ്ലർക്ക് ഷൂസുമ്മ നൽകിയ ലുഡ് വിങ് മുള്ളർ എന്ന നാസി ബിഷപ് ഒടുവിൽ, ഹിറ്റ്ലറെപ്പോലെ ആത്മഹത്യ ചെയ്യുകയായിരുന്നു.
‘Then they came for me and there was no one left to speak for me’ എന്ന പാസ്റ്റർ നിമോയുള്ളയുടെ കവിതയായി മാറിയ പ്രഭാഷണത്തിലെ അവസാനവരി, അവസാനങ്ങളില്ലാത്ത ഒരാരംഭമായാൽ, അതോടെ പിന്നെ എല്ലാം അവസാനിക്കും. പക്ഷേ, ഹിറ്റ്ലർക്ക് ഷൂസുമ്മ നൽകിയ, ലുഡ് വിങ് മുള്ളറുടെ േപ്രതങ്ങൾക്ക്, മദർ തെരേസയെപ്പോലുള്ളവരുടെ സ്മരണകൾക്ക് മുന്നിലെത്തുമ്പോൾ, കുരിശുകണ്ട ചെകുത്താനെപ്പോലെ വിവശരാവേണ്ടി വരും. ഛത്തിസ്ഗഢിലേതടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യൻ പീഡനം ആവശ്യപ്പെടുന്നത്; ഡയട്രിക് ബോൺഹാഫർ മുതൽ പാസ്റ്റർ നീമോയുള്ളവരെയുള്ളവരുടെ ഫാഷിസ്റ്റ് വിരുദ്ധപ്രക്ഷോഭ വീറിന്റെ, ഏതു കൊടുംതീയിലും കരിയാത്ത, ൈക്രസ്തവ കാരുണ്യത്തിന് (അഗാപെ) കാവൽ നിൽക്കാനാണ്. ലുഡ് വിങ് മുള്ളറെപ്പോലുള്ളവർ, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽനിന്നും പുറത്തുകടക്കുന്നത് എന്തുവിലകൊടുത്തും തടയാനാണ്.
കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും! എന്നുള്ളത് എങ്ങനെ ഒരുമിച്ചു പോവുമെന്ന്, ആലോചിക്കേണ്ടവർ, അതേക്കുറിച്ച് ആലോചിക്കാതിരുന്നാൽ, അപകടങ്ങൾ ആളിപ്പടരും. ആരും കേൾക്കുകയില്ലെങ്കിൽപോലും ഇരകളാക്കപ്പെടുന്നവർ, മിനിമം ഒന്ന് നിലവിളിക്കുകയെങ്കിലും വേണം! ആരറിഞ്ഞു, അതൊരു നല്ല നാളേക്കു വേണ്ടിയുള്ള വേറിട്ടൊരു വിളിയാവില്ലെന്ന്! ആരറിഞ്ഞു, ഇപ്പോൾ കേൾക്കേണ്ടവർ കേട്ടിട്ടില്ലെങ്കിലും, ഇങ്ങനെയൊക്കെ ഇവിടെ ഒരുനാൾ സംഭവിച്ചിരുന്നുവെന്ന് ചരിത്രബോധമുള്ളവർ നാളെയെങ്കിലും ഓർത്തെടുക്കുകയില്ല എന്ന്!
വിശ്വമാകെ പടർന്നു നിൽക്കേണ്ട ക്രിസ്ത്യാനിറ്റിയെ ജർമൻ ക്രിസ്ത്യാനിറ്റിയാക്കി ചുരുക്കുകയാണ്, വിശാലവും അഗാധവുമായ യേശുദേവ സ്നേഹത്തെ, ജൂതവിരുദ്ധതയാക്കി മാറ്റുകയാണ്, ക്രിസ്തുദേവന്റെ അസമാനമായ കാരുണ്യത്തെ കുരിശേറ്റുകയാണ്, ഹിറ്റ്ലർക്ക് പ്രിയംകരമായ ആ ലുഡ് വിങ് മുള്ളറുടെ, പോസിറ്റിവ് ക്രിസ്ത്യാനിറ്റി നിർവഹിച്ചത്. ജനായത്തത്തിനുവേണ്ടിയുള്ള ഒരു ജീവന്മരണ സമരത്തിൽ ഒറ്റുകാരുടെ റോളിലാണവർ ജർമനിയിൽ പ്രവർത്തിച്ചത്. അതിനെതിരായാണ് ഒരൽപം വൈകിയാണെങ്കിലും കൺഫസിങ് ചർച്ച് അഥവാ, വിശ്വാസപ്രഖ്യാപന സഭ പ്രതിരോധം ഒരുക്കിയത്. ജീസസിനെ ആര്യനാക്കുകയും നാസി പ്രത്യയശാസ്ത്രം ക്രിസ്തുമതത്തിലേക്ക് ഇടിച്ച് കടത്തുകയും ചർച്ചിനെ സ്വന്തം ഓഫിസാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്ത ഹിറ്റ്ലർക്കെതിരെയാണ് കൺഫസിങ് ചർച്ച് ആത്മീയ പ്രതിരോധത്തിന്റെ തീപ്പന്തമുയർത്തിയത്. ആയൊരു പശ്ചാത്തലത്തിലാണ് 1937ൽ പാസ്റ്റർ നിമോയുള്ള അറസ്റ്റ് ചെയ്യപ്പെട്ടത്. 1945 വരെ അദ്ദേഹം, ഡാച്ചു ഭീകരക്യാമ്പിലായിരുന്നു. അതിനുശേഷമാണ്, ഒടുവിലവർ എന്നെ തേടി വന്നപ്പോൾ, എനിക്കുവേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിരുന്നില്ല എന്നർഥം വരുന്ന വാക്കുകൾ സ്വന്തം അസ്ഥിയിൽ തൊട്ട് വികാരവിവശനായി പ്രസംഗപീഠത്തിൽനിന്നും അദ്ദേഹം വിളിച്ചുപറഞ്ഞത്. ചരിത്രത്തിൽനിന്ന് പഠിച്ചിട്ടില്ലെങ്കിൽ, ചരിത്രം പദവികൾ പരിഗണിക്കാതെ ഏത് കൊമ്പത്തെ തമ്പുരാക്കന്മാരെയും പാഠം പഠിപ്പിക്കും.
1893 ജൂൺ 7ന് ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേസ്റ്റേഷനിലെ തണുത്ത ഇരുട്ടിലേക്ക്, കറുത്ത ഇന്ത്യക്കാരനായതിനാൽ മാത്രം വെള്ളക്കാരായ യാത്രക്കാരിൽ ചിലരാൽ ചവിട്ടി പുറത്താക്കപ്പെട്ട മോഹൻദാസ് കരംചന്ദ്, അന്നോളം തനിക്ക് അപരിചിതമായൊരു ജീവിതയാഥാർഥ്യത്തിലേക്കുകൂടി കണ്ണ് തുറന്നതുകൊണ്ടാണ്, ലോകത്തിനൊരു മഹാത്മാഗാന്ധി ഉണ്ടായത്! തന്റെ രാഷ്ട്രീയലക്ഷ്യം പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേസ്റ്റേഷനിലെ ആ വെയിറ്റിങ് റൂമിൽ തണുത്ത് വിറച്ചിരിക്കുമ്പോഴാണ് ആരംഭിച്ചതെന്ന് ഗാന്ധിജി സാക്ഷ്യപ്പെടുത്തി. ഒപ്പം, അതിനെ ജീവിതത്തിലെ ഏറ്റവും സർഗാത്മക അനുഭവം എന്നും!
ആ സംഭവം കഴിഞ്ഞ് നൂറ്റിമുപ്പത്തിരണ്ടു വർഷങ്ങൾക്കുശേഷം സ്വതന്ത്രഭാരതത്തിലെ ഛത്തിസ്ഗഢിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽ സിസ്റ്റർ വന്ദനാ ഫ്രാൻസിസും പ്രീതിമേരിയും തടഞ്ഞുവെക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും അറസ്റ്റ് ചെയ്യപ്പെട്ടതും; പൊലീസ് സ്റ്റേഷനിൽവെച്ചുപോലും ബജ്റംഗ് ദൾ ഗുണ്ടകളാൽ അവഹേളിക്കപ്പെട്ടത്, ഗാന്ധിജിയുടെ പീറ്റർമാരിറ്റ്സ്ബർഗ് അനുഭവവും തമ്മിൽ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. ഗാന്ധിക്ക് പീഡാനുഭവം നേരിടേണ്ടി വന്നത്, നിറത്തിന്റെ പേരിലാണ്, അതും ഒരു പുറംരാജ്യത്തെ അധിനിവേശ പശ്ചാത്തലത്തിൽ! എന്നാൽ ആധുനിക ഇന്ത്യയിൽ, ജീവകാരുണ്യ പ്രവർത്തനത്തിന് സ്വന്തം ജീവിതം സമർപ്പിച്ച സിസ്റ്റർമാർ ആക്രമിക്കപ്പെട്ടത് ഒരടിസ്ഥാനവുമില്ലാത്ത, മനുഷ്യക്കടത്തിന്റെയും മതപരിവർത്തനത്തിന്റെയും പേരിലാണ്.
അശരണരായ മനുഷ്യർക്ക് ജോലി നൽകുന്നതും പൗരസമൂഹത്തിന്റെ വിശ്വാസസ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനിൽക്കുന്നതും കുറ്റകൃത്യമാവുന്ന വിചിത്രതക്കാണ് ദുർഗ് റെയിൽവേസ്റ്റേഷൻ സാക്ഷ്യം വഹിച്ചത്. സിസ്റ്റർമാരെ കണ്ടപ്പോൾ തീവണ്ടിയിലെ ടിക്കറ്റ് പരിശോധകനൊരു വെളിപാടുണ്ടാവുന്നു. ഇവർ കൂടെയുള്ളവരെ മതംമാറ്റാൻ കടത്തിക്കൊണ്ടുപോവുകയാണ്. ശരി, അങ്ങനെയൊരു സംശയം ഒരടിസ്ഥാനവുമില്ലാതെതന്നെ ഉണ്ടായി എന്നിരിക്കട്ടെ, എങ്കിൽ ഇയാൾ വിളിക്കേണ്ടത്, ആദ്യം വിവരം അറിയിക്കേണ്ടത് ആരെയാണ്? ഉറപ്പിച്ച് പറയാവുന്ന ഉത്തരം, പറയേണ്ട ഉത്തരം, നിയമപാലകരെ എന്നുള്ളതായിരിക്കും. പക്ഷേ, ടിക്കറ്റ് പരിശോധകൻ വിളിച്ചത് പൊലീസിനെയല്ല, ബജ്റംഗ് ദൾ എന്ന നവഫാഷിസ്റ്റ് ഗുണ്ടാസംഘടനയെയാണ്.
മതപരിവർത്തന വകുപ്പ് കൈകാര്യം ചെയ്യുന്നത് ഇന്ത്യാരാജ്യത്ത് അവരാണെന്ന് തോന്നും, ഈയൊരു തോന്ന്യാസം കണ്ടാൽ. പിന്നെ നടന്നതൊക്കെ മാധ്യമങ്ങളിൽ വന്നുകഴിഞ്ഞതാണ്. സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി ധരിച്ച വസ്ത്രമാണവർക്ക് വിനയായി തീർന്നത്. ടിക്കറ്റ് പരിശോധകൻ നീതിയോ നിയമമോ അല്ല, അപരവിദ്വേഷമാണ്, നടപ്പാക്കിയത്. ഡിസ്മിസ് ചെയ്യാൻ മതിയായ ഒരു കുറ്റകൃത്യമാണയാൾ നിർവഹിച്ചത്. എന്നാൽ, ആവിധം ഒന്നും സംഭവിക്കുകയുണ്ടായില്ല! ജനായത്തവിരുദ്ധമായ മതപരിവർത്തനവിരുദ്ധ നിയമം ഇപ്പോൾതന്നെ ഒന്നുകൂടി കൂടുതൽ കർക്കശമാക്കും എന്ന ഔദ്യോഗിക പ്രസ്താവനയൊഴികെ!
കേരളത്തിലെ സംഘ്പരിവാർ ശക്തികളും അതിനെ പിന്തുണക്കുന്ന ഒരു ത്രിശൂല പ്രസ്താവന നടത്തി. അതിങ്ങനെ: ഛത്തിസ്ഗഢിൽ ഹിന്ദു ഉറക്കം മതിയാക്കി, ഇവിടെ ചിലർക്ക് ഉറക്കം കെട്ടു. സംഘ്പരിവാർ ധൈഷണികനായ പി. നാരായണനാണ് ബജ്റംഗ് ദൾ മോഡലിനെ ന്യായീകരിച്ചുകൊണ്ട് ഇപ്രകാരം എഴുതിയത്! മതപരിവർത്തന വിരുദ്ധ പ്രചാരണത്തിൽ ആർ.എസ്.എസിന്റെയും ബജ്റംഗ് ദളിന്റെയും ശക്തി, നിലവിൽ, അവർക്ക് പ്രാമുഖ്യമുള്ള സർക്കാർ പാസാക്കിയ മതപരിവർത്തന വിരുദ്ധബിൽ മാത്രമല്ല, അതൊരു ഔപചാരിക സൗകര്യം മാത്രം. ശരിക്കുള്ള അവരുടെ ശക്തി സാമാന്യബോധത്തിൽ അലിഞ്ഞുചേർന്നു കഴിഞ്ഞ ജാതിമേൽക്കോയ്മ സൃഷ്ടിച്ച മതപരിവർത്തന ഭീതിയാണ്. മതം മാറിയാലെന്താ എന്ന് നിവർന്ന് ചോദിക്കേണ്ട ജനായത്തവാദികളിൽ ചിലർപോലും, മതംമാറ്റ വിഷയം ചർച്ചക്ക് വരുമ്പോൾ, ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടിൽ ചൂളിയിരിക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.
ജീവിതത്തിലെ സമസ്ത സാമൂഹിക പരിവർത്തനത്തെയും സ്വാഗതം ചെയ്യുന്നവർപോലും മതപരിവർത്തന സംവാദത്തിനു മുന്നിലെത്തുമ്പോൾ, സ്തംഭിച്ചുപോവുന്നതിന് എത്രയോ തവണ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. മതംമാറാനും മതത്തിൽനിന്ന് മാറാനുമുള്ള പൗരാവകാശത്തെ ജാതിമേൽക്കോയ്മ ഭയപ്പെടുന്നത് മനസ്സിലാക്കാനാവും. കാരണമവർക്ക് തിരസ്കരിക്കാനല്ലാതെ ഒന്നും സ്വീകരിക്കാനാവില്ല. എന്നാൽ, പൗരരുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ സ്വാഗതം ചെയ്യേണ്ട ജനായത്ത ബോധ്യത്തിനകത്ത്, അതിനെ അപകടപ്പെടുത്തുംവിധമുള്ള ഒരദൃശ്യ ഓഫിസ് തുറക്കാൻ നവ ഫാഷിസ്റ്റുകൾക്ക് കഴിഞ്ഞു എന്നുള്ളത് നടുക്കമുണ്ടാക്കേണ്ടൊരു കാര്യമാണ്. പറഞ്ഞുവരുന്നത്, ഇന്ത്യൻ സാമാന്യബോധമാണ്, ബജ്റംഗ് ദളിന്റെ ത്രിശൂലറൈഫിളാദികളേക്കാളും ഭീകരമെന്ന വസ്തുത വ്യക്തമാക്കാനാണ്.
സാമാന്യബോധമൊരുക്കുന്ന വിദ്വേഷ റൈഫിൾസദ്യ നൽകുന്ന പോഷണം കിഴിച്ചാൽ, പിന്നെ ബജ്റംഗ് ദളും ആർ.എസ്.എസും ജനായത്തത്തിനു മുന്നിൽ നിസ്സഹായരാവും. ഏതേത് മതക്കാർക്ക് എത്ര കുട്ടികൾ ജനിക്കുന്നു, ഏതേത് മതങ്ങളിലേക്ക് എത്രപേർ മാറുന്നു എന്ന് കണക്കെടുക്കുന്നതിനു പകരം ജനായത്തം പരിശോധിക്കേണ്ടത്, ആവശ്യത്തിന് തൊഴിലും മരുന്നും കിട്ടാതെ എത്രപേർ കഷ്ടപ്പെടുന്നു, മരിക്കുന്നു എന്നുള്ളതിനാണ്. അതിനുപകരം മതംമാറുന്ന മനുഷ്യരുടെ കണക്കെടുത്ത് കലാപം സൃഷ്ടിക്കുന്ന പ്രവർത്തനത്തിന്, അറിയാതെയാണെങ്കിലും കലാപങ്ങളോട് താൽപര്യമില്ലാത്തവർപോലും പിന്തുണ നൽകാൻ ഇടയാവുന്നത്, ഇന്ത്യൻ സാമാന്യബോധം പ്രവർത്തിക്കുന്ന ജാതിമേൽക്കോയ്മാ .........യുക്തിയിൽ നിന്നവർക്ക്, പല കാരണങ്ങളാൽ പൂർണമായും പുറത്തുകടക്കാനാവത്തതുകൊണ്ടാണ്.
തങ്ങളുടേതിൽപെടാത്ത സർവ നന്മകളെയും കുഷ്ഠരോഗികളെ പരിചരിക്കുന്നതടക്കമുള്ള ജീവകാരുണ്യപ്രവർത്തനങ്ങളെയും മതംമാറ്റമായാണ് ജാതിമേൽക്കോയ്മക്ക് കീഴ്പ്പെട്ട സാമാന്യബോധം പരിഗണിക്കുന്നത്. കുഷ്ഠരോഗികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ക്രിസ്ത്യൻ സുവിശേഷകനായ ഡോക്ടർ ഗ്രഹാംസ്റ്റെയിൻസിനെയും കുട്ടികളെയും കാരുണ്യപ്രവർത്തനം നടത്തി തിരിച്ചുവരവെ, കിടന്നുറങ്ങുന്ന സമയത്ത് ചുട്ടുകൊല്ലുന്നതിന് നേതൃത്വം നൽകിയ ദാരാസിങ് എന്ന ഭീകരബോറനെ വീരനായി ആദരിക്കുന്നവർ ഇപ്പോഴും ഇല്ലാതായിക്കഴിഞ്ഞിട്ടില്ല! ഗ്രഹാംസ്റ്റെയിൻസിന് ലഭിച്ചത് അർഹിക്കുന്ന ശിക്ഷ എന്നർഥം വരുംവിധമുള്ള വിധിവാക്യംപോലും ആദ്യം നീതിപീഠത്തിൽനിന്നും ഉണ്ടായി എന്നുള്ളത്, പിന്നീട് അതിനെതിരെ ഉയർന്ന പ്രതിഷേധത്തിനൊടുവിൽ അത് മാറ്റിയെഴുതിയപ്പോഴും ഗ്രഹാംസ്റ്റെയിൻസിൽ പതിച്ച മരണാനന്തര കറ പൂർണമായും പുതുക്കിയ വിധിപ്രഖ്യാപനത്തിലും മായ്ച്ച് കളയപ്പെട്ടിട്ടില്ല എന്നതും മറക്കരുത്. ഇസ്ലാം ൈക്രസ്തവ മതങ്ങളിലേക്കുള്ള മതപരിവർത്തനത്തെ ഇന്ത്യൻ ഫാഷിസ്റ്റുകൾ പൗരത്വനഷ്ടമായാണ്, രാജ്യദ്രോഹ പ്രവർത്തനമായാണ് കാണുന്നത്! എന്നാൽ, ജാതിമേൽക്കോയ്മ അനുശാസിക്കുംവിധമുള്ള മതംമാറ്റത്തെയും മതം മാറാതെതന്നെ അതിന് കീഴ്പ്പെട്ടുള്ള തൊമ്മിജീവിതത്തെയും അവർ അതിമഹത്തായൊരു രാജ്യസ്നേഹപ്രവർത്തനമായാണ് ആഘോഷിക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റ്, നെഹ്റുവിയിസ്റ്റ് അഭ്യന്തരശത്രുക്കൾ എന്ന ഫാഷിസ്റ്റ് സൈദ്ധാന്തികഗ്രന്ഥമായ ‘വിചാരധാര’യിലെ അടയാളപ്പെടുത്തലിന്റെ മറ്റൊരു വിധത്തിലുള്ള തനിയാവർത്തനം.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.