ഒരുക്കാം ജീവിക്കാൻ തോന്നുന്ന കേരളം
text_fieldsഎഴുപതാം വയസ്സിന്റെ നിറയൗവ്വനത്തിലേക്ക് കാലൂന്നുകയാണ് കേരളനാട്. ഇക്കഴിഞ്ഞ നാളുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ വകയേറെയുണ്ട് പ്രവാസപ്പെട്ട് പ്രയാസങ്ങൾ താണ്ടി നമ്മൾ, ദുരിതകാലങ്ങളിൽ ഒരുമയായിരുന്നു നമ്മുടെ പെരുമ, വെല്ലുവിളികൾ നിറഞ്ഞ നാളെയിലേക്ക് കുതിക്കാൻ ഇന്നു തന്നെ തുടങ്ങണം ഒരുക്കങ്ങൾ
ഐക്യകേരളത്തിന് എഴുപതു തികയുന്ന വേളയിൽ നാം സ്വയം ചോദിക്കേണ്ടത് എത്ര വളർന്നു എന്നല്ല; ഈ നാട്ടിൽത്തന്നെ ജീവിക്കാൻ എത്രപേർ ആഗ്രഹിക്കുന്നു എന്നാണ്. മുപ്പതു വർഷം കഴിഞ്ഞ്, 2056-ൽ, നൂറാം പിറന്നാളിലെത്തുമ്പോൾ ഈ നാട് ആരുടേതായിരിക്കും എന്നാണ്. ഉപരിപഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം 2018-ലെ 1.3 ലക്ഷത്തിൽനിന്ന് 2023-ൽ 2.5 ലക്ഷമായി ഇരട്ടിച്ചുവെന്ന് കേരള മൈഗ്രേഷൻ സർവേ പറയുന്നു. അവരിൽ പത്തിൽ ഏഴുപേരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ ഇനിയും തീരുമാനിച്ചിട്ടില്ല എന്നാണ് കേരള അക്കാദമി ഓഫ് സയൻസസിന്റെ സർവേ. ആ അനിശ്ചിതത്വമാണ് ഇന്ന് കേരള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ഏറ്റവും സത്യസന്ധമായ ധവളപത്രം. മക്കൾ പുറത്തേക്കു പോകുമ്പോൾ നാട്ടിൽ ബാക്കിയാകുന്നത് വലിയ വീടുകളും ഒറ്റയ്ക്കായ മാതാപിതാക്കളുമാണ്. ഇതും നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്; ഒരു ബജറ്റ് രേഖയിലും അതിനൊരു കോളം ഇല്ലെന്നു മാത്രം.
കണക്കുകൾ പരുഷമാണ്. സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപയെന്നു കണക്കാക്കുന്നു; ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 35 ശതമാനം, സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്നത്. 15 മുതൽ 29 വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ 29.9 ശതമാനമാണ്, ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നിരട്ടി. യുവതികളിൽ അത് 47.1 ശതമാനം; പഠിച്ചിറങ്ങിയ രണ്ടു പെൺകുട്ടികളിൽ ഒരാൾക്ക് ജോലിയില്ല. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ അടുത്തിടെ ശ്രദ്ധേയമായൊരു നിരീക്ഷണം നടത്തി: കേരളം എന്ന നാട് അത്ര മോശം അവസ്ഥയിലല്ല, ഞെരുക്കം സർക്കാരിന്റെ ഖജനാവിനാണ്. അതിനോട് ഒരു വാക്യം കൂടി ചേർക്കണം: ഖജനാവിനെക്കാൾ ക്ഷീണം മലയാളിയുടെ മനസ്സിനാണ്.
ബാങ്കുകളിൽ നിക്ഷേപമുള്ള, ലോകമെങ്ങും ബന്ധുക്കളുള്ള, ആയുർദൈർഘ്യത്തിൽ മുന്നിലുള്ള ഒരു ജനത എന്തുകൊണ്ട് ഇത്ര ആശങ്കപ്പെടുന്നു? സ്വർണപ്പണയവും ഇ.എം.ഐ.യും കൊണ്ടു താങ്ങിനിർത്തുന്ന ‘മാന്യത’, ആരും കാണാതെ ഉലയുന്ന കുടുംബങ്ങൾ, ഒറ്റയ്ക്കായിപ്പോയ വാർധക്യം-ഇതൊന്നും ജി.എസ്.ഡി.പി.യുടെ കണക്കിൽ തെളിയില്ല. പക്ഷേ, ഒരു സമൂഹത്തിന്റെ യഥാർഥ ബാലൻസ് ഷീറ്റ് ഇതാണ്. പ്രശ്നം കടത്തിന്റെ വലിപ്പമല്ല, അതിന്റെ സ്വഭാവമാണ്.
പ്രവാസിപ്പണത്തിന്റെ കഥ നോക്കൂ: 2023-ൽ കേരളത്തിലെത്തിയത് 2,16,893 കോടി രൂപ. പക്ഷേ, കുടുംബങ്ങൾ അതിന്റെ ഏറ്റവും വലിയ വിഹിതം (15.8%) ചെലവിട്ടത് വീടും കടയും പുതുക്കാനാണ്; നാട്ടിൽ ഉത്പാദനശേഷി വളർന്നില്ല. ഉപഭോഗത്തിൽ സമ്പന്നവും ഉത്പാദനത്തിൽ ദരിദ്രവുമായ ഈ ഘടനയാണ് കേരളത്തിന്റെ യഥാർഥ പ്രതിസന്ധി. വിദേശപഠനച്ചെലവായി പുറത്തേക്കൊഴുകിയ പണം 2023-ൽ 43,378 കോടി രൂപ; വരുന്ന പണത്തിന്റെ അഞ്ചിലൊന്ന്. സമ്പാദ്യമുള്ളവർക്ക് ഭാവിയെക്കുറിച്ച് ഉറപ്പില്ല; ഇല്ലാത്തവർക്ക് ഇന്നിനെക്കുറിച്ചുപോലും. സാമ്പത്തിക ഉത്കണ്ഠ നിശ്ശബ്ദമായി മലയാളിയുടെ മനസ്സുകളെ കാർന്നുതിന്നുന്നു എന്നു തിരിച്ചറിയാൻ നാം വൈകി.
പുതുതലമുറ കേരളം വിടുന്നത് പണത്തിനു വേണ്ടി മാത്രമാണെന്നു കരുതുന്നിടത്താണ് നമ്മുടെ നയങ്ങൾ പിഴയ്ക്കുന്നത്. ഗൾഫിലേക്കു പോയ അച്ഛന്റെ തലമുറ പോയത് നാട്ടിലൊരു വീടു പണിയാനായിരുന്നു; ടൊറന്റോയിലേക്കും മാഞ്ചസ്റ്ററിലേക്കും പോകുന്ന മക്കൾ പോകുന്നത് സ്വന്തമായൊരു ജീവിതം പണിയാനാണ്. അവർ തേടുന്നത് ശമ്പളത്തോടൊപ്പം ചില അദൃശ്യ കാര്യങ്ങളാണ്. ‘‘നാട്ടുകാർ എന്തു പറയും’’ എന്ന ചോദ്യമില്ലാത്ത സ്വകാര്യത, രാത്രി ഒൻപതു മണിക്കും ഭയമില്ലാതെ നടക്കാവുന്ന തെരുവ്, ഒരു ജോലി വിട്ടാൽ ജീവിതം തോറ്റെന്നു വിധിക്കാത്ത സമൂഹം. എൻട്രൻസ് കോച്ചിങ്ങിൽ തുടങ്ങി ആർഭാടവിവാഹത്തിൽ അവസാനിക്കുന്ന ഒരു 'പ്രദർശനജീവിതം' അവർക്കു മടുത്തിരിക്കുന്നു.
തൊഴിലിനെക്കുറിച്ചുള്ള ഈ തലമുറയുടെ സങ്കല്പവും മാറിയിരിക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിൽ വർഷങ്ങൾ കാത്തിരിക്കുന്ന പഴയ മാതൃക അവർക്കു സ്വീകാര്യമല്ല. ഫ്രീലാൻസിങ്ങും കണ്ടന്റ് ക്രിയേഷനും ഗിഗ് ജോലികളുമാണ് പുതിയ വരുമാനവഴികൾ. ഈ പുതിയ തൊഴിൽലോകത്തിനായി ഒരു സാമൂഹികസുരക്ഷാചട്ടക്കൂട് ഒരുക്കുന്ന സംസ്ഥാനമാകാൻ കേരളത്തിനു കഴിയണം. സാമ്പത്തിക സുരക്ഷയും മാനസിക സുരക്ഷയും രണ്ടല്ല. കടക്കെണിയിലായ കുടുംബത്തിലെ കുട്ടി ധീരമായൊരു സംരംഭം തുടങ്ങില്ല. പരാജയം അപമാനമായി കാണുന്ന നാട്ടിൽ ആരും റിസ്ക് എടുക്കില്ല. അതുകൊണ്ട് മലയാളിയുടെ മനസ്സിന്റെ ആരോഗ്യം കേവലം ക്ഷേമവിഷയമല്ല; റോഡും പാലവും പോലെ അതൊരു സാമ്പത്തിക അടിസ്ഥാനസൗകര്യമാണ്.
ഈ ആശങ്കയ്ക്ക് വേദനിപ്പിക്കുന്ന ഒരു കണക്കുമുണ്ട്. 2024-ൽ കേരളത്തിലെ ആത്മഹത്യാനിരക്ക് ലക്ഷത്തിൽ 30.2 ആയിരുന്നു; ദേശീയ ശരാശരിയുടെ രണ്ടര ഇരട്ടി. 2023-ൽ ജീവനൊടുക്കിയ തൊഴിൽരഹിതരുടെ എണ്ണത്തിൽ കേരളമായിരുന്നു രാജ്യത്ത് ഒന്നാമത്. അതുകൊണ്ട് പഞ്ചായത്തുതല കൗൺസലിങ് കേന്ദ്രങ്ങൾക്ക് ആശുപത്രിക്കെട്ടിടങ്ങൾക്കൊപ്പം ബജറ്റിൽ ഇടം കിട്ടണം.
നികുതി കൂട്ടുക, ചെലവു വെട്ടുക, വീണ്ടും കടമെടുക്കുക എന്ന മൂന്നു വഴികൾക്കപ്പുറം, മനുഷ്യരുടെ സുസ്ഥിതി കൂടി അളവുകോലാകണം. ജി.എസ്.ഡി.പി.ക്കൊപ്പം ഒരു ക്ഷേമസൂചിക കൂടി സംസ്ഥാനം പ്രസിദ്ധീകരിക്കണം. ന്യൂസീലൻഡ് 2019-ൽ ‘വെൽബീയിങ് ബജറ്റ്’ അവതരിപ്പിച്ചതുപോലെ, ഓരോ പദ്ധതിയും ജനങ്ങളുടെ മാനസിക, സാമൂഹിക, സാമ്പത്തിക സുസ്ഥിതിയിൽ എന്തു മാറ്റമുണ്ടാക്കി എന്നു പരിശോധിക്കപ്പെടണം. എത്ര യുവാക്കൾ തിരിച്ചുവന്നു, എത്ര വയോധികർ ഒറ്റയ്ക്കല്ലാതായി എന്നതും വിജയമാനദണ്ഡമാകട്ടെ.
അതോടൊപ്പം വളർച്ചാമാതൃകയുടെ ദിശ തന്നെ തിരിക്കണം. ഇനി ജോലിയെത്തന്നെ ഇറക്കുമതി ചെയ്യുന്ന കാലമാണ്: കേരളത്തിലിരുന്ന് ലോകത്തിനായി ജോലി ചെയ്യുന്ന ഡിജിറ്റൽ സേവനക്കയറ്റുമതി. ഓരോ പഞ്ചായത്തിലെയും ഗ്രന്ഥശാലയെ അതിവേഗ ഇന്റർനെറ്റുള്ള കോ-വർക്കിങ് ഇടമാക്കാം; ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നാടിന് ഇതിലും ഉചിതമായൊരു നവീകരണമില്ല. ശമ്പളം വിദേശത്തുനിന്ന്, ചെലവ് നാട്ടിൽ; അതാണ് പുതിയ കാലത്തെ 'റെമിറ്റൻസ്'. യുവതികളുടെ തൊഴിൽസേനാപങ്കാളിത്തം വർധിപ്പിക്കാൻ കുറഞ്ഞ ചെലവിലുള്ള ക്രഷുകളും രാത്രിയിലെ സുരക്ഷിതയാത്രയും വഴക്കമുള്ള ജോലിസമയവും മൂലധനനിക്ഷേപമായി കാണണം.
കേരളത്തിലെ ജനസംഖ്യയുടെ 20.7 ശതമാനം അറുപതു കഴിഞ്ഞവരാണ്. ഈ കേരളം വാർധക്യത്തെ ഭാരമായല്ല, ഒരു സമ്പദ്വ്യവസ്ഥയായി കാണണം. പരിശീലനം ലഭിച്ച വയോജനപരിചരണം, പകൽവീടുകൾ, ഡിജിറ്റൽ ആരോഗ്യസേവനം എന്നിവ ആയിരക്കണക്കിനു യുവജനങ്ങൾക്ക് മാന്യമായ തൊഴിലും മാതാപിതാക്കൾക്ക് കൂട്ടും നൽകും. വിദേശത്തെ മക്കൾക്ക് വിശ്വസിച്ചു പണം നൽകാവുന്ന സേവനമായി ഇതു വളർന്നാൽ പ്രവാസിപ്പണം നേരിട്ട് നാട്ടിലെ തൊഴിലായി മാറും.
മുപ്പതു വർഷം കഴിഞ്ഞ് കേരളം നൂറു തികയുമ്പോൾ ആ ശതാബ്ദിയിലെ കേരളം ഇന്നത്തെ തീരുമാനങ്ങളുടെ ഫലമായിരിക്കും. അതിനു മൂന്നു പരിവർത്തനങ്ങൾ വേണം: പ്രവാസിപ്പണത്തെ ആശ്രയിക്കുന്ന ഉപഭോഗസമ്പദ്വ്യവസ്ഥയിൽനിന്ന് ഉത്പാദനക്ഷമതയിൽ ഊന്നിയ സമ്പദ്വ്യവസ്ഥയിലേക്ക്; പണം കൈമാറുന്ന ക്ഷേമത്തിൽനിന്ന് കഴിവുകൾ വളർത്തുന്ന ക്ഷേമത്തിലേക്ക്; ഒരിക്കലും മടങ്ങാത്ത കുടിയേറ്റത്തിൽനിന്ന്, പോയവർ അറിവും മൂലധനവുമായി തിരികെവരുന്ന ‘പ്രതിഭാചംക്രമണ’ത്തിലേക്ക്. ജനസംഖ്യാപരമായ നേട്ടത്തിന്റെ ജാലകം അടഞ്ഞുകൊണ്ടിരിക്കുകയാണ്; ഈ പതിറ്റാണ്ട് പാഴായാൽ മറ്റൊരവസരം ഉണ്ടാകില്ല.
കുറഞ്ഞ വരുമാനത്തിലും ഉയർന്ന ജീവിതനിലവാരം നേടിയാണ് കേരളം ഒരിക്കൽ ലോകത്തെ അമ്പരപ്പിച്ചത്. ലോകം അതിനെ ‘കേരള മോഡൽ’ എന്നു വിളിച്ചു. അന്നത്തെ ശത്രുക്കൾ വിശപ്പും നിരക്ഷരതയും രോഗവുമായിരുന്നു. ഇന്നത്തേത് ഏകാന്തതയും ആശങ്കയും പ്രതീക്ഷയില്ലായ്മയുമാണ്. ആദ്യത്തെ കേരള മോഡൽ ശരീരത്തെ കാത്തു; രണ്ടാമത്തേത് മനസ്സിനെ കാക്കണം. രക്ഷപ്പെട്ടു പോകേണ്ട ഒരിടമാകരുത് കേരളം; സ്വയം തിരഞ്ഞെടുക്കാവുന്ന ഒരിടമാകണം. പുറത്തുപോയ മക്കൾ ‘‘തിരിച്ചുവരും’’ എന്ന് ഉറപ്പോടെ പറയുന്ന ദിവസമാകും കേരളത്തിന്റെ യഥാർഥ പുനർജന്മം. എഴുപതാം പിറന്നാളിൽ നാം അതിനു വിത്തിട്ടാൽ, നൂറാം പിറന്നാളിൽ നമ്മുടെ മക്കൾ അതിന്റെ തണലിലിരിക്കും.

