Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷിനാകുമോ ഷായുടെ സമ്മർദത്തെ ജയിക്കാൻ?

text_fields
bookmark_border
ആരോഗ്യപ്രശ്നങ്ങൾ കാരണം നിതീഷ് കുമാറിൽ നിന്ന് നേരിട്ടുള്ള പ്രതികരണം ലഭ്യമല്ല. എന്നാൽ, അദ്ദേഹം നിയോഗിച്ച ദേശീയ വർക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝായും മൗനം തുടരുകയാണ്. അതേസമയം, ഷായുടെ പ്രഖ്യാപനത്തിൽ നിതീഷ് കുമാറിന്റെ അടിസ്ഥാന രാഷ്ട്രീയ ദർശനത്തോട് യോജിക്കുന്ന ജെ.ഡി.യു നേതാക്കളിൽ ചിലർ അതൃപ്തിയിലാണ്
നിതീഷിനാകുമോ ഷായുടെ സമ്മർദത്തെ ജയിക്കാൻ?
cancel
camera_alt

നിതീഷ് കുമാറും അമിത്ഷായും (ഫയൽ ചിത്രം)

പൗരത്വഭേദഗതി നിയമം, മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങി കഴിഞ്ഞകാലങ്ങളിലെ പല വിഷയങ്ങളിലും ബി.ജെ.പി അജണ്ടകളെ പിന്തുണയ്ക്കില്ലെന്ന് തുടക്കത്തിൽ നിലപാടെടുക്കുകയും പിന്നീട് പരിപൂർണ വിട്ടുവീഴ്ച ചെയ്യുകയും ചെയ്ത പാർട്ടിയാണ് നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ (യുണൈറ്റഡ്). ബിഹാറിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിട്ടുപോലും തന്റെ മതേതര പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന വിഷയങ്ങളോട് യോജിക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ നിതീഷ് കുമാർ എപ്പോഴും ശ്രമിച്ചിരുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ് ലിം സമുദായം ശക്തമായി പ്രതിഷേധിച്ചപ്പോൾ പോലും നിതീഷ് കുമാറിന്റെ പാർട്ടി ബി.ജെ.പി നിലപാടിനൊപ്പമാണ് നിന്നത്. ഇനി അറിയേണ്ടത് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് എന്താകും എന്നതാണ്.

ബി.ജെ.പി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, ഘടകകക്ഷികളുടെ പിന്തുണയോടെ എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതോടെ ബിഹാറിൽ നിന്നൊരു പ്രതികരണം അനിവാര്യമായിരുന്നു. 2029-ന് മുമ്പ് 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നാണ് ഷാ പറഞ്ഞത്. നിതീഷ് കുമാറും പാർട്ടിയും ചരിത്രപരമായി ഏകീകൃത സിവിൽ കോഡിനെ എതിർത്തുവന്നവരാണ്. ബിഹാറിൽ അത് നടപ്പാക്കാൻ സമ്മതം മൂളുന്ന പക്ഷം, നിതീഷ് കുമാർ ഇത്രയും കാലം അവകാശപ്പെട്ട മതേതര അജണ്ടയുടെ അവസാന മതിലും തകരാൻ പോവുകയാണെന്നാണ് അർഥം.

ആരോഗ്യപ്രശ്നങ്ങൾ കാരണം നിതീഷ് കുമാറിൽ നിന്ന് നേരിട്ടുള്ള പ്രതികരണം ലഭ്യമല്ല. എന്നാൽ, അദ്ദേഹം നിയോഗിച്ച ദേശീയ വർക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝായും മൗനം തുടരുകയാണ്. അതേസമയം, ഷായുടെ പ്രഖ്യാപനത്തിൽ നിതീഷ് കുമാറിന്റെ അടിസ്ഥാന രാഷ്ട്രീയ ദർശനത്തോട് യോജിക്കുന്ന ജെ.ഡി.യു നേതാക്കളിൽ ചിലർ അതൃപ്തിയിലാണ്. മുതിർന്ന ജെ.ഡി.യു നേതാവും മുൻ മന്ത്രിയുമായ ശ്യാം രജക് തന്റെ എതിർപ്പ് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്; എന്നാൽ ഈ ചെറുത്തുനിൽപ്പ് എത്രത്തോളം നീളുമെന്ന് വ്യക്തമല്ല. ബിഹാറിൽ യു.സി.സി അനുവദിക്കില്ലെന്ന് തങ്ങളുടെ നേതാവ് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു എന്നും രജക് പറഞ്ഞു. ‘‘നേതാവ്’’ എന്ന് അദ്ദേഹം പരാമർശിച്ചത് നിതീഷ് കുമാറിനെയാണ്.

അതേസമയം, പാർട്ടി എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചർച്ച ചെയ്യുമെന്നാണ് ജെ.ഡി.യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പ്രതികരിച്ചത്. എന്നാൽ, ബിഹാറിനെ യു.സി.സിയിൽ നിന്ന് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അമിത് ഷായെ ബോധ്യപ്പെടുത്താൻ സഞ്ജയ് ഝായ്ക്ക് കഴിയുമോ, അദ്ദേഹം അതിനായി ആത്മാർഥമായി ശ്രമിക്കുമോ എന്നതെല്ലാം സംശയകരമാണ്.

അതിനിടെ, ജിതൻ റാം മാഞ്ചിയും മകനും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) പ്രസിഡന്റുമായ സന്തോഷ് സുമനും ബി.ജെ.പി അജണ്ടയോട് ഒത്തുപോകുമെന്നാണ് കരുതപ്പെടുന്നത്. ഹാം (സെക്കുലർ) പാർട്ടി രക്ഷാധികാരി ജിതൻ റാം മാഞ്ചി ഇതുവരെ പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ലെങ്കിലും, സന്തോഷ് സുമൻ ഈ വിഷയത്തെ സംവരണത്തിനുള്ളിലെ ഉപസംവരണവുമായി ബന്ധിപ്പിച്ചു. ഉപസംവരണ വ്യവസ്ഥകൾ ഉടനടി നടപ്പിലാക്കുന്നതിന് പകരമായി ബിഹാറിൽ ബി.ജെ.പിയുടെ അജണ്ടയെ പിന്തുണയ്ക്കാൻ അവർ തയ്യാറാണെന്നാണ് സൂചന.

സമാനമായി, ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും ഈ നീക്കത്തെ ശക്തമായി എതിർത്തിട്ടില്ല. പകരം, ഇന്ത്യയുടെ സാമൂഹിക ഘടന വൈവിധ്യപൂർണമാണെന്നും ഓരോ സമുദായത്തിനും അവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ടെന്ന് പരത്തിപ്പറയുകയാണ് അദ്ദേഹം ചെയ്തത്. ഭരണഘടനയുടെ അഞ്ചും ആറും ഷെഡ്യൂളുകൾ പ്രകാരവും 371എ, 371ജി എന്നീ അനുച്ഛേദങ്ങൾ പ്രകാരവും പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകിയിട്ടുള്ള ഇളവുകൾ അദ്ദേഹം പരാമർശിച്ചു. ഇത് ഒരു ചോദ്യം ഉയർത്തുന്നുണ്ട്: ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ യു.സി.സി തയ്യാറാക്കിയപ്പോൾ പട്ടികവർഗക്കാരെ ഒഴിവാക്കിയതുപോലെ, സമാനമായ വ്യവസ്ഥകളോടെ ബിഹാറിൽ യു.സി.സി അംഗീകരിക്കാൻ ചിരാഗ് പാസ്വാൻ സമ്മതം മൂളുമോ?

ബി.ജെ.പിയുടെ പിന്തുണയോടെ രാജ്യസഭാ സീറ്റ് നേടുകയും ലെജിസ്ലേറ്റീവ് കൗൺസിൽ വഴി മകനെ കാബിനറ്റ് മന്ത്രിയാക്കുകയും ചെയ്ത രാഷ്ട്രീയ ലോക് മോർച്ച പ്രസിഡന്റ് ഉപേന്ദ്ര കുശ് വാഹയും നേരിട്ടുള്ള എതിർപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കേന്ദ്രസർക്കാർ ഔദ്യോഗികമായി കരട് നിർദേശം അവതരിപ്പിച്ച ശേഷം പാർട്ടി അത് വിലയിരുത്തുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബി.ജെ.പി ഉദ്ദേശിക്കുന്ന നിർദിഷ്ട വ്യവസ്ഥകളെക്കുറിച്ച് അറിയാത്ത ആളെപ്പോലെയാണ് കുശ് വാഹ പെരുമാറുന്നത്. ചുരുക്കത്തിൽ, ബിഹാറിലെ എൻ.ഡി.എ സഖ്യകക്ഷികളിൽ നിന്ന് അമിത് ഷായുടെ യു.സി.സി പദ്ധതിക്കെതിരെയുള്ള എതിർപ്പ് വളരെ പരിമിതമാവും. അതോടെ ജെ.ഡി.യുവും നിതീഷ് കുമാറും സൂക്ഷിച്ചുപോന്ന മതേതരത്വത്തിന്റെ അവസാനത്തെ അടയാളവും മാഞ്ഞുപോകാനാണ് സാധ്യത കൂടുതൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Can Nitish Withstand Shah’s Pressure?
Next Story