അധികാരത്തുടർച്ചയും പൗരബോധ നിർമിതിയും
text_fieldsഫ്രഷ്കട്ട് പ്ലാന്റിന്റെ മലിനീകരണത്തിനെതിരായ ജനകീയ പ്രതിഷേധം
ജനാധിപത്യത്തിൽ ഒരു സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയെന്നത് ആ രാഷ്ട്രീയ പ്രസ്ഥാനത്തിന് ലഭിക്കുന്ന വലിയ നേട്ടമാണ്. ഇന്ത്യയിൽ ദീർഘകാലം കോൺഗ്രസ് ഭരിച്ചു; ഗുജറാത്തിൽ ഇരുപത്തിയേഴ് വർഷമായി ബി.ജെ.പി ഭരണത്തിലാണ്. ഗുജറാത്തിൽ ബി.ജെ.പിക്ക് ഇന്ന് ശക്തമായൊരു എതിരാളിയില്ല. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും കാര്യമായ എതിർപ്പുകളില്ലെന്നുതന്നെ പറയാം. എന്നാൽ, ഈ സംസ്ഥാനങ്ങളിലൊന്നും തുടർഭരണം സംബന്ധിച്ച ഭയത്തിലൂന്നിയ ചർച്ചകൾ നടക്കുന്നില്ല. അതിന് കാരണം അവിടങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് കാര്യമായ പങ്കാളിത്തമില്ലാത്തതാണ്.
ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ്, ഇടതുപക്ഷം നിലനിൽക്കണമെങ്കിൽ അവർ മൂന്നാമതും അധികാരത്തിൽ വരരുത് എന്നും പകരം ഒരു വിപ്ലവശക്തിയായി തിരിച്ചുവരണമെന്നുമുള്ള വാദം ഉയരുന്നത്. ഇടതുപക്ഷം നമ്മുടെ രാഷ്ട്രീയ ജീവിതത്തിൽ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിൽ. എന്നാൽ, ഇടതുചിന്തകർ കരുതുന്നതുപോലെ ‘സമരകേരള’ത്തെ പുനർജീവിപ്പിക്കാനുള്ള സാധ്യത ഇന്നില്ല. സംസ്ഥാനമൊട്ടുക്ക് ചെറുതും വലുതുമായ നിരവധി സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയിൽ പലതും ഏറ്റെടുക്കാൻ ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. കോഴിക്കോട് ജില്ലയിലെ ‘ഫ്രഷ് കട്ട്’ സമരം ഇതിനൊരു ഉദാഹരണമാണ്. ഇത്തരം സമരങ്ങളിലെ പൗരസമൂഹ പങ്കാളിത്തത്തെ സ്വത്വവാദമെന്നും തീവ്രവാദമെന്നും അധിക്ഷേപിച്ച ഇടതുഭരണകൂട നിലപാടിനെ പിന്തുണച്ചവർ തന്നെയാണ്, ഇപ്പോൾ ഇടതുപക്ഷം സമരരംഗത്തുണ്ടാകണമെന്ന് ആവശ്യപ്പെടുന്നത്. ഇവർ മനസ്സിലാക്കാത്ത ഒരു വസ്തുതയുണ്ട്; ഇന്നത്തെ സമരകേരളം ഇടതുപക്ഷത്തോടൊപ്പമല്ല, അല്ലെങ്കിൽ ഈ സമരങ്ങളെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തിന് കഴിയുന്നില്ല.
അധികാരത്തുടർച്ചയെന്നാൽ ഒരു സർക്കാർ തുടരുകയെന്നു മാത്രമല്ല അർഥം; അതോടൊപ്പം അവർ സൃഷ്ടിക്കുന്ന ഒരു സമൂഹത്തെക്കൂടി അത് അടയാളപ്പെടുത്തുന്നുണ്ട്. ഭരണകൂടത്തിന്റെ അധികാരം തങ്ങളുടെ ജീവിതത്തിലേക്കും പകർത്താൻ ഈ സമൂഹം ശ്രമിക്കും. ‘സർക്കാർ എന്നാൽ ഞങ്ങൾ കൂടിയാണ്’ എന്നും, ‘നിയമം കൈയിലെടുത്ത് നടപ്പാക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും’ ആ സമൂഹം കരുതുന്നിടത്താണ് ആൾക്കൂട്ടക്കൊലപാതകങ്ങൾ പോലുള്ള അതിക്രമങ്ങൾ ഉണ്ടാകുന്നത്. ‘സർക്കാർ ആണ് മൗലികമായ സത്യം’ എന്ന തോന്നൽ കേരളത്തിലെ ഇടതുപക്ഷത്തിനും അവരെ പിന്തുണക്കുന്നവർക്കും ഉണ്ട്. ഇതൊരു വലതുപക്ഷ യുക്തിയാണ്.
ഈ യുക്തി നിലനിൽക്കണമെങ്കിൽ സർക്കാറിനെയും നേതാക്കളെയും പിന്തുണക്കുന്ന ചലനാത്മകമായ ഒരു പൗരസമൂഹവും പൊതുബോധവും സൃഷ്ടിക്കപ്പെടണം. ചില സംസ്ഥാന മുഖ്യമന്ത്രിമാർ ഒരു മതന്യൂനപക്ഷത്തെ നിരന്തരം അധിക്ഷേപിക്കുന്ന ഭാഷയിൽ സംസാരിക്കുന്നത് അതുകൊണ്ടാണ്; കാരണം അവർ സംവദിക്കുന്നത് തങ്ങൾ തന്നെ നിർമിച്ചെടുത്ത ഒരു പൗരബോധത്തോടാണ്. അവിടെ ജനാധിപത്യത്തിന്റെ ഭാഷയിൽ സംവദിക്കേണ്ട ആവശ്യം അവർക്കില്ല. കേരള രാഷ്ട്രീയത്തിലേക്കും ഈ പ്രവണത കടന്നുവരുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ഇടതുപക്ഷവും ഇത്തരം ഒരു പൗരബോധത്തോടാണ് സംവദിക്കാൻ ശ്രമിക്കുന്നത്. മതരാഷ്ട്രവാദത്തെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തെ എത്തിക്കുന്നത് ഇത്തരം പൗരബോധ നിർമിതിയിലേക്കാണ്. സർക്കാർ= സമൂഹം എന്ന ഐക്യവത്കരണം ഉണ്ടാകുമ്പോൾ, ‘വിമർശനം= രാഷ്ട്രവിരുദ്ധത/വികസനവിരുദ്ധത’ എന്ന വായന ശക്തമാകുന്നു.
‘മുസ്ലിംകൾ മതരാഷ്ട്രവാദികളാണ്’ എന്ന വാദം ആ സമൂഹത്തിന്റെ ജനസംഖ്യയെ ആധാരമാക്കി വലതുപക്ഷം നിർമിച്ചെടുത്തതാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നാണിത്. ഒരു സംഘടനയെയാണ് തങ്ങൾ വിമർശിക്കുന്നതെന്ന് അവർ വാദിച്ചേക്കാം, എന്നാൽ വിമർശനത്തിന് ഉപയോഗിക്കുന്ന ഭാഷയാണ് ഇവിടെ പ്രശ്നം. മതരാഷ്ട്രം ജനാധിപത്യവിരുദ്ധമാണെന്ന ബോധം ഇന്ത്യൻ മുസ്ലിംകളിൽ ശക്തമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അവർ പഠിച്ച പാഠവും ഇതുതന്നെ. അതുകൊണ്ട് ജനാധിപത്യത്തെ നിലനിർത്തേണ്ടത് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുസ്ലിം ജനത തിരിച്ചറിയുകയും ജനാധിപത്യ ഇടപെടലുകളിൽ കൂടുതൽ സജീവമാകാൻ ശ്രമിക്കുകയും ചെയ്യുന്നു. പൗരന്മാർക്ക് ജനാധിപത്യം ഉറപ്പുനൽകുന്ന രാഷ്ട്രീയ കർതൃത്വമാണ് അതിന്റെ വിജയം.
എന്നാൽ, ന്യൂനപക്ഷത്തിന്റെ മതപരമായ എല്ലാ രാഷ്ട്രീയ ഇടപെടലുകളും ഭൂരിപക്ഷത്തിന്റെ നിലനിൽപിന് ഭീഷണിയായി ചിത്രീകരിക്കപ്പെടുന്നു; തിരിച്ചും ഇത് സംഭവിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ ഈ പ്രവണതക്ക് ആക്കം കൂട്ടുന്നതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. വികസനവും വിശപ്പുമാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് ഇടതുപക്ഷം ആവർത്തിച്ചാലും അതിന് പൂർണ സ്വീകാര്യത ലഭിക്കുന്ന കാലമല്ലിത്. മതം കാരണം തൊഴിലും ജീവിതവും നഷ്ടപ്പെടുന്ന ഒരു സമൂഹത്തോട് ‘വിശപ്പാണ് പ്രധാനം’ എന്ന് പറഞ്ഞാൽ, ‘മതം കാരണമാണ് ഞങ്ങൾ വിശക്കുന്നത്’ എന്ന് അവർ തിരിച്ചുപറയും.
വിശന്നുതളർന്ന പതിനൊന്ന് വയസ്സുകാരനായ ഒരു കുട്ടിക്ക് ഭക്ഷണം നൽകാതെ, തന്റെ ചായക്കടയിൽ ജോലി ചെയ്താൽ പണം തരാമെന്ന് പറയുന്ന ഒരാളെക്കുറിച്ച് സുചിത്ര വിജയൻ ‘Midnight’s Borders: A People’s History of Modern India’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്; കുട്ടി മുസ്ലിം ആണെന്നതായിരുന്നു അയാൾ ഭക്ഷണം നൽകാതിരിക്കാൻ പറഞ്ഞ കാരണം. അതായത്, വിശപ്പിനും മതമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഈ പ്രശ്നം ജാതീയമായും നിലനിൽക്കുന്നുണ്ട്. ദലിത്-ആദിവാസി വിഭാഗങ്ങളിൽ ദാരിദ്ര്യം രൂക്ഷമാകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ ഉത്തരവും വിശപ്പിന് ജാതിയും മതവും ഉണ്ട് എന്നത് തന്നെയാണ്.
ജനാധിപത്യത്തിന്റെ വിജയം തെരഞ്ഞെടുപ്പ് വിജയങ്ങളിലല്ല, മറിച്ച് വിമർശനങ്ങളെ രാഷ്ട്രവിരുദ്ധതയായി കാണാത്ത രാഷ്ട്രീയ സംസ്കാരത്തിലാണ്. അധികാരത്തുടർച്ച ജനാധിപത്യത്തെ ശക്തമാക്കണമെങ്കിൽ, അത് പൗരബോധത്തെ ഏകശിലാത്മകമാക്കാതെ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ദിശയിലായിരിക്കണം. അല്ലാത്തപക്ഷം, അധികാരത്തുടർച്ച സമൂഹത്തിന്റെ കുടുസ്സുവത്കരണത്തിലേക്കായിരിക്കും നയിക്കുക.
mohammedirshad31@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

