വിതക്കുന്നതേ കൊയ്യൂ
text_fields‘‘നിങ്ങളുടെ കൂരമ്പുകൾകൊണ്ട് ശരവ്യമായിപ്പോയ നിരവധി മനുഷ്യരുണ്ട്. നിങ്ങൾ പ്രചരിപ്പിച്ച കഥകൾ എന്തുമാത്രം ആഘാതം അവർക്കുണ്ടാക്കിക്കാണും? ആ കഥകൾ പ്രചരിപ്പിച്ചവരെ അവർ ശപിച്ചിട്ടുണ്ടാവില്ലേ’’ -ഇത് പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ഓരോ മനുഷ്യനും ഓരോതരം സ്വഭാവമാണെന്ന് പറയാറുണ്ട്. പെരുമാറ്റത്തിലും സമീപനത്തിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തരാണ് മനുഷ്യർ. എന്നാൽ, ലോകത്തുള്ള എല്ലാ മനുഷ്യരുടെയും സ്വഭാവങ്ങൾ ചേർത്തുവെച്ചാൽ വെറും നൂറ് സ്വഭാവങ്ങൾ മാത്രമേ കാണൂ എന്ന് വാദിക്കുന്ന ചിന്തകരുമുണ്ട്. അത് ശരിയാവാൻ സാധ്യതയുണ്ട് എന്നാണ് എനിക്കും തോന്നുന്നത്. കാരണം, ഒരേ സ്വഭാവപ്രകൃതിയുള്ള ഒട്ടേറെ പേരെ ഞാൻ കണ്ടിട്ടുണ്ട്.
വിചിത്രമായ സ്വഭാവ സവിശേഷതകളുള്ള പഴയ ഒരു പരിചയക്കാരനെക്കുറിച്ച് പറയാം. നിങ്ങളിൽ പലർക്കും സമാനമായ കഥാപാത്രങ്ങളെ പരിചയമുണ്ടാവാനുമിടയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസം, തരക്കേടില്ലാത്ത ജോലി, ബുദ്ധിമുട്ടുകളില്ലാത്ത കുടുംബ സാഹചര്യം എല്ലാമുള്ള ആൾ. പൊതുവിജ്ഞാനത്തിലൊന്നും ഒട്ടും തൽപരനായിരുന്നില്ല. ഡിറ്റക്ടിവ് നോവലുകൾ വായിക്കുന്ന ശീലമുണ്ടായിരുന്നുവോ എന്നറിയില്ല; പക്ഷേ, ജീവിതത്തിൽ ആളൊരു ഡിറ്റക്ടിവ് ആയിരുന്നു.
ചുറ്റുപാടുമുള്ള മനുഷ്യരെക്കുറിച്ചുള്ള കാര്യങ്ങൾ ചുഴിഞ്ഞന്വേഷിക്കാനും അതിൽനിന്ന് എരിവും പുളിയുമുള്ള വിവരങ്ങൾ കണ്ടെത്താനും പ്രത്യേക താൽപര്യമായിരുന്നു. നാട്ടിലെയും കുടുംബത്തിലെയും പ്രമുഖ വ്യക്തികളുടെ അത്ര സുഖകരമല്ലാത്ത വിവരങ്ങൾ, പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടാൻ പാടില്ലാത്ത വിഷയങ്ങൾ ഇവയെല്ലാം ഈ മനുഷ്യന്‍റെ കൈവശം സുലഭമായിരുന്നു. അത്തരം കഥകൾ കണ്ടെത്താനായി എത്ര വലിയ സാഹസത്തിനും സദാ സന്നദ്ധൻ. ഇത്തരം വാർത്തകൾക്ക് കേൾവിക്കാരും കൂടുതലാണല്ലോ. കേൾവിക്കാരുടെ ചിരിയും ആസ്വാദനവുമെല്ലാം തനിക്കുള്ള അംഗീകാരമായി കരുതി ഈ മനുഷ്യൻ തന്‍റെ ‘ഉദ്യമം’ അഭംഗുരം തുടരുകയും ചെയ്തു.
ഇയാളുടെ സ്ഥിരം ശ്രോതാക്കളിൽ ചിലരെ കണ്ടപ്പോൾ എന്തിനാണ് ഇമ്മാതിരി കഥകൾ കേൾക്കാൻ നിൽക്കുന്നതെന്ന് ചോദിച്ചു. അവർ പറഞ്ഞ മറുപടി ഏറെ അരോചകമായിരുന്നു, ‘‘അയാൾ പറയുന്ന കഥകൾ നേരംപോക്കിന് അത്യുത്തമമാണ്.’’
‘‘ആളെ കാണുമ്പോൾതന്നെ നിങ്ങൾക്ക് വലിയ സന്തോഷമായിരിക്കുമല്ലേ?’’ അൽപം പരിഹാസത്തോടെ ഞാൻ തിരിച്ചുചോദിച്ചു. അവർ പറഞ്ഞു: ‘‘ഒരു സന്തോഷവുമില്ല, ആ ചിരിക്ക് കഥ കേട്ട് നാലഞ്ച് നിമിഷത്തിന്‍റെ ആയുസ്സ് മാത്രമേയുള്ളൂ. അത് കഴിഞ്ഞാൽ അയാൾ പറയുന്ന കാര്യങ്ങൾക്ക് കാനയിലൂടെ ഒഴുകുന്ന മലിന ജലത്തിന്‍റെ വില മാത്രമേ ഞങ്ങൾ കൊടുക്കാറുള്ളൂ.’’
പിന്നെയെന്തിന് വീണ്ടും വീണ്ടും അയാൾക്ക് പ്രോത്സാഹനമേകുന്നു എന്നായി ഞാൻ. ‘‘പ്രമുഖരായ വ്യക്തികളെ സംബന്ധിച്ച ഹരംപിടിപ്പിക്കുന്ന കഥകൾ കേൾക്കാൻ ആർക്കാ താൽപര്യമില്ലാത്തത്?’’ അവർ ന്യായീകരിച്ചു. നമ്മെപ്പറ്റിയുള്ള കഥകൾകൂടി മറ്റുള്ളവർ ഇങ്ങനെ പറഞ്ഞുനടക്കുമ്പോഴും ഈ ഹരം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചമ്മിയ പോലുള്ള ഒരു ചിരി അവർ മറുപടിയായി തന്നു.
താൻ പറയുന്ന കഥകൾ കേട്ട് ചിരിക്കാറുള്ളവരെല്ലാം ആ സദസ്സിൽനിന്ന് മാറിയാൽ തന്നെ പുച്ഛിക്കുന്നവരായിരുന്നു എന്ന് തിരിച്ചറിയാനുള്ള ശേഷി കഥപറച്ചിലുകാരന് ഇല്ലാതെയും പോയി.
അങ്ങനെയിരിക്കെ, ഇയാളെക്കുറിച്ചും നാട്ടിൽ സുഖകരമല്ലാത്ത ചില കഥകൾ പ്രചരിക്കാൻ തുടങ്ങി; ഈ പ്രചാരണം അയാളുടെ ചെവിയിലുമെത്തി. അയാൾ സ്വപ്നേപി വിചാരിക്കാത്ത തിരിച്ചടി ആയിരുന്നു അത്.
കണ്ടുമുട്ടിയ വേളയിൽ അയാൾ ഇതേക്കുറിച്ച് സങ്കടം കൂറി. ഞാൻ പറഞ്ഞു: ‘‘നിങ്ങൾ അവർക്ക് കൈമാറിയത് ഗുരു ശിഷ്യന് നൽകേണ്ടുന്ന അമൃതേത്ത് ഒന്നുമായിരുന്നില്ലല്ലോ? തികച്ചും മാലിന്യം കലർന്ന ജലമായിരുന്നു അത്. അത് മലിനമാണ് എന്ന് ബോധ്യപ്പെട്ടമാത്രയിൽ അവരത് ഓടയിൽ ഒഴുക്കി. നിങ്ങളത് തിരിച്ചറിഞ്ഞുമില്ല. മറ്റുള്ളവരെക്കുറിച്ചുള്ള അനാവശ്യ പ്രചാരണം മേന്മയായി നിങ്ങൾ കൊണ്ടുനടന്നു.
എല്ലാം തികഞ്ഞ ആരും ഈ ലോകത്തില്ല. എല്ലാത്തിലും പൂർണത കൈവരിച്ചവരുമില്ല. എല്ലാവർക്കും പരിമിതികളും വീഴ്ചകളും പോരായ്മകളും സംഭവിക്കാം. അത് മുഴപ്പിച്ച് കാണിച്ചും പർവതീകരിച്ചും ഉള്ളതും ഇല്ലാത്തതും മേമ്പൊടി ചേർത്തും അവതരിപ്പിക്കുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മൾ ഒരു വിരൽ മുന്നിലേക്ക് ചൂണ്ടുമ്പോൾ നാല് വിരലുകൾ നമുക്കു നേരെയും ചൂണ്ടപ്പെടുന്നുണ്ടെന്ന്.’’
ചെയ്തതെല്ലാം വലിയ തെറ്റായി തോന്നുന്നുണ്ടോ എന്നും ഞാൻ ചോദിച്ചു.
‘‘തെറ്റാണ്, തിരുത്താൻ വലിയ ആഗ്രഹമുണ്ട്. എന്നെക്കുറിച്ച് അനാവശ്യകാര്യങ്ങൾ പ്രചരിച്ചപ്പോൾ വല്ലാത്ത പ്രയാസമായി’’ -അയാൾ പറഞ്ഞു.
‘‘നിങ്ങളുടെ കൂരമ്പുകൾകൊണ്ട് ശരവ്യമായിപ്പോയ നിരവധി മനുഷ്യരുണ്ട്. നിങ്ങൾ പ്രചരിപ്പിച്ച കഥകൾ എന്തുമാത്രം ആഘാതം അവർക്കുണ്ടാക്കിക്കാണും? ആ കഥകൾ പ്രചരിപ്പിച്ചവരെ അവർ ശപിച്ചിട്ടുണ്ടാവില്ലേ’’ -ഇത് പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ ചുറ്റുപാടിലുമുള്ള പലരുടെയും സ്വഭാവത്തിൽ ഇതുപോലുള്ള വൈകൃതങ്ങളുണ്ട്. ചിലർക്കത് ഒരു മാനസിക ദൗർബല്യമാണെങ്കിൽ മറ്റുചിലർക്ക് ക്രിമിനൽ മാനസികാവസ്ഥയുമാണ്. ജിജ്ഞാസ, കൗതുകം എന്നിവയാണ് അതിലെ ഘടകങ്ങൾ. നാം അറിയേണ്ടത്, ഇത്തരം വാർത്തകൾ ആർക്കും ഒരുതരത്തിലുള്ള ഉപകാരവും നൽകുന്നില്ല എന്നതാണ്. അത്തരക്കാർ കെട്ടിയാടുന്നത് വെറും വിഡ്ഢിവേഷമാണ്. മാത്രമല്ല, എയ്ത കൂരമ്പുകൾ അതിലേറെ കാഠിന്യത്തോടെ അവർക്കുനേരെത്തന്നെ പാഞ്ഞുവരുകയും ചെയ്യും.
ഈ മനുഷ്യന്‍റെ ജീവിതം നമുക്ക് നൽകുന്ന ഉൾക്കാഴ്ചകൾ അതാണ്.
സമൂഹത്തിന്‍റെ നിലനിൽപിനുതന്നെ ഭാരമാകുന്ന ഇത്തരം ‘കുസൃതികൾ’ നാം ഒഴിവാക്കിയേ പറ്റൂ. നല്ല സുഹൃത്തുക്കളുമായുള്ള സഹവാസം, ചുറ്റുപാടുകളുടെ തെരഞ്ഞെടുപ്പ്, ധാർമികബോധം, സാമൂഹിക സേവനം തുടങ്ങിയ ഘടകങ്ങളിലൂടെ സ്വയം ഇത്തരം സ്വഭാവവൈകൃതങ്ങൾ ഒരാൾക്ക് തിരുത്തിയെടുക്കാൻ സാധിക്കും.
പ്രശസ്ത ആംഗലേയ എഴുത്തുകാരി ജോർജ് ഇലിയറ്റ് പറയുന്നത് ശ്രദ്ധിക്കൂ:
‘‘നിങ്ങൾ എന്താകുമായിരുന്നു എന്ന സ്ഥിതി യാഥാർഥ്യമാക്കാൻ ഇപ്പോഴും തീരെ വൈകിയിട്ടില്ല.’’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.