പഴയ വ്യാപാര തീരങ്ങൾ, പുതുവികസന പ്രതീക്ഷകൾ
text_fieldsലോകോത്തര നിലവാരത്തിലുള്ള ബങ്കറിങ് സൗകര്യങ്ങൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ക്രൂ ട്രാൻസിറ്റ് ഹബ്ബുകൾ എന്നിവ പൂർണ്ണമായി വികസിച്ചിരുന്നെങ്കിൽ കേരളത്തിന് ഈ സാഹചര്യത്തിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാമായിരുന്നു. ഇത് ഒരു പരാജയത്തിന്റെ കഥയല്ല, മറിച്ച് ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പും അവസരവുമാണ്
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള സമീപകാല ചർച്ചകൾ, നാടിയുടെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചിന്തകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ഈ സാഹചര്യം നിരാശപ്പെടാനുള്ള വേളയാക്കാതെ, ഒരു പുതിയ സാമ്പത്തിക ദിശയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാക്കുകയാണ് വേണ്ടത്. പുതിയ നികുതികൾ ചുമത്തുന്നതിലല്ല, മറിച്ച് പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിലാണ് നാം ശ്രദ്ധയൂന്നേണ്ടത്. ലോകത്തിലെ ഒരു സമൂഹവും ദീർഘകാലം കടം വാങ്ങി മാത്രം സമ്പന്നമായിട്ടില്ല; സമ്പത്ത് സൃഷ്ടിച്ചാണ് വികസനം നേടിയെടുത്തത്.
ഇതറിയാൻ കേരള ചരിത്രത്തിലേക്ക് തന്നെ നമ്മളൊന്ന് തിരിഞ്ഞുനോക്കുക. രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് മുതൽ ലോക വ്യാപാര ഭൂപടത്തിൽ കേരളത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്റെ കാലം മുതൽ അറബ് വ്യാപാരികൾ, ചൈനീസ് നാവികർ, യൂറോപ്യന്മാർ എന്നിവരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായിരുന്നു മലബാർ തീരം. മുസിരിസ്, തൊണ്ടി (Tyndis), നെൽസിന്ദ, കൊല്ലം, ബേപ്പൂർ, കോഴിക്കോട് തുടങ്ങിയ തുറമുഖങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി കേരളത്തെ ബന്ധിപ്പിച്ചു. റോമൻ സ്വർണ്ണം കേരളത്തിലേക്ക് ഒഴുകിയെത്തിയത് ഇവിടുത്തെ കുരുമുളകിനും സുഗന്ധവ്യഞ്ജനങ്ങൾക്കും വേണ്ടിയായിരുന്നു. അറബ് വ്യാപാരികൾ കേരളത്തെ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റി. പിന്നീട് പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും കേരള തീരങ്ങളെ ലക്ഷ്യമിട്ടെത്തിയതിന്റെ പ്രധാന കാരണവും ഈ സമുദ്രവ്യാപാര സാധ്യതകളായിരുന്നു.
അന്നത്തെ കേരള സമ്പദ് വ്യവസ്ഥ വലിയ വ്യവസായങ്ങളുടെയോ പ്രകൃതിവിഭവങ്ങളുടെയോ മേൽ അധിഷ്ഠിതമായിരുന്നില്ല. മറിച്ച് കടൽ, തുറമുഖങ്ങൾ, വ്യാപാരം, സംരംഭകത്വം, ലോകവുമായി നേരിട്ടുള്ള ബന്ധം എന്നിവയായിരുന്നു അതിന്റെ അടിത്തറ. അറബിക്കടൽ കേരളത്തിന് ഒരു അതിർത്തിയല്ല, മറിച്ച് ലോകത്തിലേക്കുള്ള കവാടമായിരുന്നു. ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ് – ആഗോള വ്യാപാരബന്ധം ശക്തമായിരുന്നപ്പോഴെല്ലാം കേരളം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.
കാലക്രമേണ കേരളത്തിന്റെ വികസന ചർച്ചകളിൽ നിന്ന് സമുദ്രം പിന്നിലേക്ക് പോയി. വിദേശ പണമിടപാടുകൾ, സേവനമേഖല, പൊതുചെലവുകൾ എന്നിവ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തികളായി മാറി. അവ കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വലിയ സംഭാവന നൽകിയെങ്കിലും, ഭൂമിശാസ്ത്രപരമായ നമ്മുടെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ കടലിനെയും തുറമുഖങ്ങളെയും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.
പുതിയ സർക്കാർ തുറമുഖങ്ങൾ, ബ്ലൂ ഇക്കോണമി, തീരദേശ വികസനം, ലോജിസ്റ്റിക്സ്, സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയെ കേരളത്തിന്റെ വികസന ചർച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത് പ്രതീക്ഷ പകരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ തുറമുഖ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാൻ തീരുമാനിച്ചത് വെറും ഭരണപരമായ ഒരു ക്രമീകരണമല്ല, മറിച്ച് കേരളത്തിന്റെ സാമ്പത്തിക ഭാവിയിൽ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് മുഖ്യസ്ഥാനം നൽകുമെന്ന ശക്തമായ സന്ദേശമാണ്.
തുറമുഖങ്ങൾ വെറും ചരക്ക് കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളല്ല, മറിച്ച് സമ്പത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക ആവാസവ്യവസ്ഥകളുടെ കേന്ദ്രങ്ങളാണ്. സിംഗപ്പൂർ, ദുബൈ, റോട്ടർഡാം, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങൾ തുറമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള സാമ്പത്തിക ശക്തികളായി വളർന്നത്. കേരളത്തിനും സമാനമായ സാധ്യതകളുണ്ട്. നമ്മുടെ ഭാവി ഏതെങ്കിലും ഒരു തുറമുഖത്തെ മാത്രം ആശ്രയിച്ചല്ല; ഏകീകൃത തുറമുഖ ശൃംഖലയിലാണ്. കൊച്ചി തുറമുഖം, വല്ലാർപാടം കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവക്കൊപ്പം ബേപ്പൂർ, അഴീക്കൽ, കൊല്ലം, ആലപ്പുഴ, പൊന്നാനി, നീണ്ടകര, കൊടുങ്ങല്ലൂർ തുടങ്ങിയ ചെറുകിട തുറമുഖങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ‘മാരിടൈം ഇക്കോസിസ്റ്റം’ കേരളത്തിന് സൃഷ്ടിക്കാൻ കഴിയും.
ലോകത്തിലെ ഏറ്റവും തിരക്കേറിയ കിഴക്ക്-പടിഞ്ഞാറ് സമുദ്രവ്യാപാര പാത കേരള തീരത്തിന് തൊട്ടടുത്തുകൂടിയാണ് കടന്നുപോകുന്നത് എന്നത് നമ്മുടെ വലിയൊരു ഭൂമിശാസ്ത്രപരമായ നേട്ടമാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര കണ്ടെയ്നർ ചരക്കുകളുടെ വലിയൊരു വിഹിതം ഇപ്പോഴും കൊളംബോ, സിംഗപ്പൂർ, ജബൽ അലി തുടങ്ങിയ വിദേശ തുറമുഖങ്ങളിലൂടെയാണ് ട്രാൻഷിപ്പ്മെന്റ് ചെയ്യുന്നത്. ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ ലോജിസ്റ്റിക് വരുമാനമാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ഈ ചരക്കിന്റെ ചെറിയൊരു വിഹിതമെങ്കിലും കേരളത്തിലെ തുറമുഖങ്ങളിലേക്ക് ആകർഷിക്കാൻ കഴിഞ്ഞാൽ അതിന്റെ സാമ്പത്തിക പ്രഭാവം അതിവിപുലമായിരിക്കും.
തുറമുഖങ്ങളെ അടിസ്ഥാനമാക്കി വളരുന്ന ലോജിസ്റ്റിക്സ് പാർക്കുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വെയർഹൗസുകൾ, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, കോൾഡ് സ്റ്റോറേജുകൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ , മറൈൻ ഇൻഷുറൻസ്-ഷിപ്പിങ് ഏജൻസികൾ, ഡിജിറ്റൽ സപ്ലൈ ചെയിൻ സേവനങ്ങൾ എന്നിവയിലൂടെ വലിയ തൊഴിൽ സാധ്യതകളും നികുതി വരുമാനവും സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.
ഈ സാധ്യതകളിൽ ബേപ്പൂർ തുറമുഖത്തിന് സവിശേഷമായ സ്ഥാനമുണ്ട്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള വ്യാപാര പാരമ്പര്യവും ലോകപ്രശസ്തമായ ഉരു നിർമ്മാണ ശൈലിയുമുള്ള ബേപ്പൂർ, അറബ് ലോകവുമായുള്ള പ്രധാന കവാടമായിരുന്നു. ഇന്ന് ഉത്തര കേരളത്തിന്റെ വ്യവസായ, വ്യാപാര, വിനോദസഞ്ചാര ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ബഹുമുഖ തുറമുഖമായി വളരാൻ ബേപ്പൂരിന് കഴിയും. കോഴിക്കോട് വിമാനത്താവളം, ദേശീയപാത വികസനം എന്നിവയുമായുള്ള സാമീപ്യം ഇതിന് അധിക നേട്ടമാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ബേപ്പൂർ തുറമുഖത്തിന്റെ നവീകരണത്തെയും തീരദേശ വികസനത്തെയും കുറിച്ച് വർഷങ്ങളായി നിരവധി പഠനങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, അവയിൽ പലതും നയതല തീരുമാനങ്ങളിലേക്കോ വൻതോതിലുള്ള നടപ്പാക്കലുകളിലേക്കോ എത്തിയിട്ടില്ല. ഒരു സമഗ്ര ‘മാരിടൈം കേരള’ ദർശനം വിജയിക്കണമെങ്കിൽ ബേപ്പൂർ പോലുള്ള തന്ത്രപ്രധാന തുറമുഖങ്ങൾക്ക് കൃത്യമായ വികസന റോഡ്മാപ്പ് ആവശ്യമാണ്.
വിനോദസഞ്ചാര മേഖലയിൽ കൊച്ചി, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, വിഴിഞ്ഞം എന്നിവയെ ബന്ധിപ്പിച്ചുള്ള ഒരു തീരദേശ ക്രൂയിസ് ടൂറിസം ശൃംഖല രൂപപ്പെടുത്തുന്നത് പുതിയ ഉണർവ് നൽകും. അതുപോലെ, മത്സ്യബന്ധന മേഖലയെ ആധുനികവത്കരിച്ച് ലോകോത്തര നിലവാരത്തിലുള്ള സംസ്കരണ-കയറ്റുമതി സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാൽ തീരദേശ ജില്ലകളിൽ വലിയ തൊഴിൽസാധ്യതകൾ സൃഷ്ടിക്കാം. സമുദ്രജീവികളെ അടിസ്ഥാനമാക്കിയുള്ള ഔഷധ ഗവേഷണം (Marine Biotechnology), ഗ്രീൻ ഹൈഡ്രജൻ, ഓഫ്ഷോർ പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവയും ഭാവിയിലെ വലിയ വരുമാന സ്രോതസ്സുകളായി മാറും.
അടുത്തകാലത്ത് പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും കേരളത്തിന് വലിയൊരു പാഠം നൽകുന്നുണ്ട്. അവിടെ സംഘർഷങ്ങളുണ്ടായപ്പോൾ നിരവധി കപ്പലുകൾ സുരക്ഷിതമായ ബദൽ സൗകര്യങ്ങൾ തേടി അറബിക്കടൽ മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു.
നമ്മുടെ തീരദേശ സ്ഥാനം കാരണം സ്വാഭാവികമായും ചില അവസരങ്ങൾ സംസ്ഥാനത്തിന് മുന്നിൽ തുറന്നിരുന്നു. ലോകോത്തര നിലവാരത്തിലുള്ള ബങ്കറിങ് സൗകര്യങ്ങൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ക്രൂ ട്രാൻസിറ്റ് ഹബ്ബുകൾ എന്നിവ പൂർണ്ണമായി വികസിച്ചിരുന്നെങ്കിൽ കേരളത്തിന് ഈ സാഹചര്യത്തിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാമായിരുന്നു. ഇത് ഒരു പരാജയത്തിന്റെ കഥയല്ല, മറിച്ച് ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പും അവസരവുമാണ്.
ഒരിക്കൽ ലോകത്തെ കേരളവുമായി ബന്ധിപ്പിച്ച കടൽ, വീണ്ടും നമ്മുടെ സമൃദ്ധിയിലേക്കുള്ള പാതയായി മാറാനുള്ള സാധ്യത ഇന്ന് മുമ്പത്തേക്കാൾ ശക്തമാണ്. കേരളത്തിന്റെ അടുത്ത സാമ്പത്തിക അധ്യായം ഒരുപക്ഷേ വീണ്ടും അതിന്റെ തീരങ്ങളിൽ നിന്നായിരിക്കാം എഴുതപ്പെടുക. അത് ഒരു തുറമുഖത്തിന്റെ മാത്രം കഥയല്ല; ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക പുനർജന്മത്തിന്റെ കഥയായിരിക്കും.
shafi@nitc.ac.in , (എൻ.ഐ.ടി കാലിക്കറ്റ് മാനേജ്മെന്റ് വിഭാഗം അസോസിയറ്റ് പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

