Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസിയുടെ ആരോഗ്യം: സംഘടനകൾ മുൻഗണന മാറ്റേണ്ട സമയം

text_fields
bookmark_border
പ്രവാസിയുടെ ആരോഗ്യം: സംഘടനകൾ മുൻഗണന മാറ്റേണ്ട സമയം
cancel

തിരുവനന്തപുരം സ്വദേശിയായ ഒരു പ്രവാസി ഒരു മാസത്തോളം ഞാൻ ജോലി ചെയ്യുന്ന സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗമുക്തി നേടി ഡിസ്ചാർജ് ആയെങ്കിലും, ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ കമ്പനി വിസമ്മതിച്ചതോടെ വലിയൊരു സാമ്പത്തികബാധ്യതയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് മേൽ വന്നുചേർന്നത്. ഗൾഫ് നാടുകളിൽ ഇത് ആദ്യത്തെ സംഭവമല്ല; അവസാനത്തേതുമാകില്ല. പ്രവാസത്തിൽ കുടുംബത്തിന്റെ അത്താണിയായ ഒരാൾക്ക് ഗുരുതരരോഗം വരുമ്പോൾ, ചികിത്സാച്ചെലവ് താങ്ങാനാവാതെ കുടുംബം തകർന്നുപോകുന്ന സാഹചര്യം നാം എങ്ങനെ പ്രതിരോധിക്കും? പ്രവാസി സംഘടനകൾ ഗൗരവമായി ആലോചിക്കേണ്ട ചോദ്യമാണിത്.

ഗൾഫിലെ മലയാളി സംഘടനകൾക്ക് വലിയ സാമൂഹികസ്വാധീനമുണ്ട്. വർഷംതോറും വലിയ ബജറ്റുകളിൽ സാംസ്കാരിക-കലാപരിപാടികളും ആഘോഷങ്ങളും ഇവർ സംഘടിപ്പിക്കാറുണ്ട്. എന്നാൽ, ഇത്തരം വേദികളുടെ വലിപ്പവും അതിഥികളുടെ പൊലിമയും ആഘോഷങ്ങളുടെ ബാഹുല്യവും കൊണ്ടുമാത്രമാണോ ഒരു സംഘടനയുടെ വിജയം അളക്കേണ്ടത്? ആപത്ഘട്ടത്തിൽ ഒരംഗത്തിന് താങ്ങാവാനും അവരുടെ കുടുംബത്തെ സാമ്പത്തികതകർച്ചയിൽനിന്ന് രക്ഷിക്കാനും ആ സംഘടനയ്ക്ക് എത്രത്തോളം കഴിയുന്നു എന്നതും പരിശോധിക്കേണ്ടതല്ലേ?

പ്രവാസിയുടെ ഏറ്റവും വലിയ സമ്പത്ത് ശമ്പളമോ സമ്പാദ്യമോ അല്ല, സ്വന്തം ആരോഗ്യമാണ്. നീണ്ട ജോലിസമയം, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ, മാനസികസമ്മർദം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവ പ്രവാസികളിൽ പ്രമേഹം, രക്തസമ്മർദം, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ തുടങ്ങിയവ വർധിപ്പിക്കുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ ആശുപത്രിയിൽ കാണുന്ന പല കാഴ്ചകളും ഈ വിഷയത്തിൽ കൂടുതൽ ഗൗരവമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. ഗുരുതരരോഗവുമായി ആശുപത്രിയിലെത്തുന്ന രോഗിയുടെ കുടുംബത്തിന്റെ കണ്ണുകളിൽ കാണുന്ന ഭയം രോഗത്തെക്കുറിച്ചുള്ളതു മാത്രമല്ല, ചികിത്സയുടെ സാമ്പത്തികബാധ്യതയെക്കുറിച്ചുള്ള ആശങ്കകൂടിയാണ്.

രോഗംബാധിച്ച് വീണുപോയവർക്ക് കൈത്താങ്ങ് നൽകാൻ സുഹൃത്തുക്കളും സംഘടനകളും മുന്നോട്ടുവരാറുണ്ട്. എന്നാൽ, രോഗം വന്നശേഷം പണപ്പിരിവ് നടത്തുന്നതിനേക്കാൾ പ്രധാനം രോഗം വരാതിരിക്കാനും വന്നാൽ നേരിടാനും മുൻകൂട്ടി സുരക്ഷയൊരുക്കലാണ്. യുഎഇയിൽ പല മലയാളി സംഘടനകളും മുൻകൈയെടുത്ത് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളെയും സംഘടനാ അംഗങ്ങളല്ലാത്ത ഇന്ത്യക്കാരും വിദേശികളുമായ പ്രവാസികളെയും ചേർക്കാറുണ്ട്. നൂറുകണക്കിനാളുകൾക്ക് ആപത്കാലത്ത് അതിന്റെ പ്രയോജനവും ലഭിച്ചിട്ടുണ്ട്. ഇത് ഗൾഫിലെ എല്ലാ പ്രവാസി സംഘടനകൾക്കും സ്വീകരിക്കാവുന്ന മാതൃകയാണ്.

സ്റ്റേജിലെ വെളിച്ചം അണയും, ആഘോഷങ്ങൾ അവസാനിക്കും. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ ഒരു കുടുംബത്തിന് നൽകുന്ന കരുതലും സാമ്പത്തികസുരക്ഷയും ആയുഷ്കാലം നിലനിൽക്കും. വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകൾക്ക് ഒരു 'ഹെൽത്ത് സെക്യൂരിറ്റി ഡേ' സംഘടിപ്പിക്കാനും അംഗങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാനും ഒരു പ്രയാസവുമില്ല. ഇത് അധികച്ചെലവിന്റെ പ്രശ്നമല്ല, മറിച്ച് മുൻഗണനയിലെ മാറ്റമാണ്. ആഘോഷങ്ങൾക്കൊപ്പം ആരോഗ്യവും ഉഷാറാവട്ടെ.

സംഘടനകൾക്ക് ചെയ്യാൻ കഴിയുന്നത്

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ്: താങ്ങാവുന്ന പ്രീമിയത്തിൽ അംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തുക. ഇൻഷുറൻസ് ഒരു ആഡംബരമല്ല, സാമ്പത്തികകവചമാണെന്ന ബോധ്യം പകരുക. ഗൾഫിലെ പരിരക്ഷയ്ക്ക് പുറമെ കേരള സർക്കാറിന്റെ പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽക്കൂടി ചേരാൻ പ്രോത്സാഹിപ്പിക്കുക. നാട്ടിൽ ചികിത്സ വേണ്ടിവരുന്ന പലർക്കും അത് ഏറെ ആശ്വാസമായിട്ടുണ്ട്.

അടിയന്തര മെഡിക്കൽ ഫണ്ട്: കമ്പനികളിൽനിന്ന് പരിരക്ഷ ലഭിക്കാത്ത സാധാരണ തൊഴിലാളികൾക്കായി എമർജൻസി മെഡിക്കൽ ഫണ്ട് രൂപവത്കരിക്കുക.

വാർഷിക പരിശോധന: അംഗത്വ കാമ്പയിനുകൾക്കും ആഘോഷപരിപാടികൾക്കുമൊപ്പം വാർഷിക ആരോഗ്യപരിശോധനയും നിർബന്ധമാക്കുക. നാട്ടിൽ ഇതിനായി ജില്ലാടിസ്ഥാനത്തിൽ ചുരുങ്ങിയ ചെലവിൽ പരിശോധനാ പാക്കേജുകൾ ലഭ്യമാക്കുക.

ബോധവത്കരണവും പരിശീലനവും: സി.പി.ആർ, ബേസിക് ലൈഫ് സപ്പോർട്ട് എന്നിവയിൽ അംഗങ്ങൾക്കും കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും പരിശീലനം നൽകുക. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് നിരന്തരം ബോധവത്കരിക്കുക.

ആരോഗ്യം ക്ഷയിപ്പിക്കുന്ന ഭക്ഷണശീലങ്ങളും പുകവലി, വ്യായാമമില്ലായ്മ ഉൾപ്പെടെയുള്ള ജീവിതശൈലിയും ഉപേക്ഷിക്കാൻ പരസ്പരം ഓർമപ്പെടുത്തുക.

(സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് സർജനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Beyond Celebrations: Why NRI Associations Must Prioritize Health Security
Next Story