പ്രവാസികളും ഈ നാട്ടുകാരാണ്
text_fieldsപ്രവാസി എന്ന വാക്കിന് പിറകിൽ അത്യധ്വാനത്തിന്റെയും വേദനയുടെയും കഥകളുണ്ട്. അതിന്റെ ആഴവും പരപ്പുമറിയാതെ പ്രവാസിയെ തങ്ങൾക്കാവശ്യമുള്ളവിധം ഉപയോഗിക്കുകയാണ് നാട്. രണ്ടരലക്ഷം കോടി രൂപ പ്രവാസികൾ മാത്രമായി സംസ്ഥാനത്തേക്കെത്തിക്കുന്നുണ്ട്. കേരളത്തിലെ അഞ്ചു വീടുകളിലൊന്ന് പുലരുന്നത് പ്രവാസിയുടെ വിയർപ്പുകൊണ്ടാണ്. വളർച്ചയുടെ വഴിവെട്ടിക്കൊടുത്തതിനുള്ള അഭിനന്ദനം ലഭിച്ചില്ലെങ്കിലും തളർച്ചയിൽ താങ്ങിനിർത്തിയതിനുള്ള അംഗീകാരമെങ്കിലും ഓരോ പ്രവാസിയും പ്രതീക്ഷിക്കുന്നുണ്ട്.
സ്വന്തം നാട്ടിലായാലും ഉപജീവനത്തിനായി കുടിയേറിയ നാട്ടിലായാലും ജീവിതത്തിന് ചില ഉറപ്പുകളാണവർക്കാവശ്യം. വിദേശ ഭരണാധികാരികളിൽ പലരും പ്രവാസികളെ സ്വന്തം സഹോദരങ്ങളെന്ന മട്ടിൽ ചേർത്തുപിടിക്കുമ്പോൾ നേട്ടം കിട്ടുന്ന കാര്യങ്ങൾക്കൊഴികെ എല്ലാതലത്തിലും അവരെ അന്യവത്കരിക്കുന്ന സമീപനമാണ് സ്വദേശത്ത് അവരെ കാത്തിരിക്കുന്നത്. പ്രവാസി ക്ഷേമത്തിനായി യാഥാർഥ്യബോധമുള്ള നിർദേശങ്ങളും അവ നടപ്പിൽവരുത്താനാവശ്യമായ കർമപദ്ധതിയും ഈ വരുന്ന സംസ്ഥാന ബജറ്റിലെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ജോലിയും താമസവും അന്യദേശത്താണ്, കേരളത്തിന്റെ നേരവകാശിയാണ് ഓരോ പ്രവാസിയുമെന്ന് തിരിച്ചറിവ് ഭരണകൂടത്തിനുണ്ടാവണം.
ഞങ്ങളുടെ മക്കൾക്കുംവേണം നല്ല വിദ്യാഭ്യാസം
പ്രവാസി മലയാളിയുടെ രണ്ടാം തലമുറക്ക് പന്ത്രണ്ടാം ക്ലാസുവരെമാത്രമേ ഗൾഫിൽ തൃപ്തികരമായ പഠനസൗകര്യമുള്ളൂ. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക നൈപുണികൾ പകരുന്ന കോഴ്സുകൾ കുറവാണ്. തൊഴിൽ ലഭ്യതക്കും ഗവേഷണത്തിനുമുതകുന്ന ബിരുദാനന്തര ബിരുദ കോഴ്സുകൾ അതിനെക്കാൾ കുറവ്. പ്രവേശനം ലഭിക്കാനും കോഴ്സ് പൂർത്തിയാക്കാനും വൻതുക മുടക്കേണ്ടിയുംവരുന്നു.
കേരളത്തിലെ സർവകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളെ സഹകരിപ്പിച്ചു പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ മലയാളി വിദ്യാർഥികൾ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശ സർവകലാശാലകളുടെ സേവനം ലഭ്യമാക്കുന്നതിന് കേരളം മുൻകൈയെടുക്കേണ്ടതുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എമിറേറ്റ്സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിഭവശേഷി കൈമാറ്റത്തിനുള്ള അവസരമൊരുക്കുകയും വേണം. 50-60 ലക്ഷം രൂപയുടെ ബാധ്യത തലയിലേറ്റിയാണ് മലയാളി വിദ്യാർഥികൾ മറ്റു രാജ്യങ്ങളിലേക്ക് ഉപരിപഠന സാധ്യതകൾ തിരഞ്ഞുപോവുന്നത്. അത്തരമൊരു കുടിയേറ്റത്തിന് സ്വന്തം മക്കളെ അയക്കാൻ ഗൾഫ് നാടുകളിലെ മധ്യവർഗ മലയാളിക്ക് പറ്റില്ല. സ്വന്തം നാടിന്റെ തണലില്ലാത്തവരാണ് അവർ. എൻ.ആർ.ഐ സീറ്റുകളിലൂടെ അവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണം.
(ഗൾഫ് മേഖലയിലെ വ്യവസായിയും ജി.സി.സി എക്സ് പാറ്റ് കൗൺസിൽ കൺവീനറുമാണ് ലേഖകൻ)
യാത്രക്ക് കൊള്ളക്കൂലി
നാടിനെ നെഞ്ചിൽച്ചേർത്ത് ശ്വസിക്കുന്ന പ്രവാസിക്ക് അത്യാവശ്യ സന്ദഭങ്ങളിൽപോലും അസാന്നിധ്യംകൊണ്ട് നാട്ടിലുള്ള ഉറ്റവരെ വേദനിപ്പിക്കേണ്ടിവരുന്നു; ആഗ്രഹമില്ലാഞ്ഞിട്ടല്ല. അവധി കിട്ടിയാൽപോലും നാട്ടിലേക്കൊരു ടിക്കറ്റ്. അതെളുപ്പമല്ല!
വിമാനക്കമ്പനികളുടെ കറവപ്പശുക്കളാണ് പ്രവാസികൾ. വീടണയാൻ കൊതിക്കുന്ന മധ്യവർഗ പ്രവാസിയുടെ വഴിമുടക്കുന്നത് വിമാനക്കമ്പനികളുടെ അത്യാർത്തിയാണ്. ഗൾഫ് നാടുകളിലെ സ്കൂളവധിക്കാലത്തും ഓണം, പെരുന്നാൾ കാലത്തുമെന്നുവേണ്ട പ്രവാസി പെട്ടിയൊരുക്കുന്ന ഏതു സന്ദർഭത്തിലും വിമാനക്കമ്പനികൾ യാത്രാനിരക്കുയർത്തും. ഇവർക്ക് മൂക്കുകയറിടാനുള്ള കാര്യമായ പരിശ്രമങ്ങൾ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ കാര്യക്ഷമമായ ഇടപെടൽ ഈ കാര്യത്തിൽ ആവശ്യമാണ്. പ്രവാസീയാത്രാക്ഷേമ പദ്ധതികൾക്കുകൂടി ബജറ്റിൽ ഇടമുണ്ടാവണം.
മനസ്സും ശരീരവും മറ്റൊരു നാട്ടിലെ വെയിലിൽ എരിച്ചുകളയേണ്ടിവന്ന മനുഷ്യർ മടങ്ങിവരുന്ന ഒരു കാലമുണ്ട്. ഇനിയാണ് ജീവിതമെന്ന് മനസ്സിൽ കുറിച്ചിട്ടാണ് ആ മടങ്ങിവരവ്. പക്ഷേ, തളർന്ന ശരീരവും മനസ്സുമേ അപ്പോൾ അവരുടെ കൈയിലുള്ളൂ. അവർ തേടുന്നത് നാടിന്റെ പരിചരണമാണ്. പ്രവാസിയുടെ ആരോഗ്യം നാടിന്റെ ഉത്തരവാദിത്തമായി കാണണം. അതിനുള്ള നീക്കിവെപ്പുകൾ സാമ്പത്തിക ആസൂത്രണത്തിൽ ഉൾപ്പെടുത്തണം.
പ്രവാസിക്ഷേമ പദ്ധതികളും സംരഭക സാധ്യതകളും കേരളം മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ, ഒച്ചിഴയും വേഗമാണ് പലതിനും. ആവശ്യമായ സാമ്പത്തിക സജ്ജീകരണങ്ങളുടെ പിൻബലവും ഉണ്ടാവാറില്ല. പ്രവാസിയുടെ ജീവിതത്തിന് തുച്ഛമായ വിലയിടുന്നതിന് തുല്യമാണിത്. വിലയിടാനാവാത്തത്ര വിലയുണ്ട് കേരളം മറ്റു രാജ്യങ്ങൾക്ക് വിട്ടുകൊടുത്ത മനുഷ്യസമ്പത്തിന്. ഈ നാടിന്റെ ഇന്നലെയും ഇന്നും നാളെയും പ്രവാസിക്കുകൂടി അവകാശപ്പെട്ടതാണ്. ആ യാഥാർഥ്യം മനസ്സിൽ രൂപപ്പെടുത്തുന്നതാവട്ടെ കേരളത്തിന്റെ ബജറ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.