Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightദരിദ്രരെ പുറത്താക്കിയ...

ദരിദ്രരെ പുറത്താക്കിയ അതിതീവ്ര ദാരിദ്ര്യ നിർമാർജനം

text_fields
bookmark_border
ദരിദ്രരെ പുറത്താക്കിയ അതിതീവ്ര ദാരിദ്ര്യ നിർമാർജനം
cancel

ഒരാൾ വിലമതിക്കുന്ന സാധനങ്ങളും സേവനങ്ങളും കൈയെത്താവുന്ന ദൂരത്തിരിക്കുമ്പോഴും നിഷേധിക്കപ്പെടുകയെന്നതാണ് ദാരിദ്ര്യത്തിന്റെ പൊരുൾ. ഇത്തരം നിഷേധം പൂർണമാകുമ്പോളാണ് ആളുകൾ അതിദരിദ്രരാകുന്നത്. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി നടത്തിയ അതിതീവ്ര ദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ ഒട്ടൊരു സന്ദേഹത്തോടെയാണ് കേരളത്തിലെ സാമൂഹികശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർ കണ്ടത്. അതിതീവ്ര ദരിദ്രരെ കണ്ടെത്താനുപയോഗിച്ച മാനദണ്ഡങ്ങൾ, അതിനുപയോഗിച്ച മാർഗങ്ങൾ, കണ്ടെത്തിയവരുടെ എണ്ണം എന്നിവ പുറത്തുവിടണമെന്ന് ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. അതിതീവ്ര...

ഒരാൾ വിലമതിക്കുന്ന സാധനങ്ങളും സേവനങ്ങളും കൈയെത്താവുന്ന ദൂരത്തിരിക്കുമ്പോഴും നിഷേധിക്കപ്പെടുകയെന്നതാണ് ദാരിദ്ര്യത്തിന്റെ പൊരുൾ. ഇത്തരം നിഷേധം പൂർണമാകുമ്പോളാണ് ആളുകൾ അതിദരിദ്രരാകുന്നത്. കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി നടത്തിയ അതിതീവ്ര ദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ ഒട്ടൊരു സന്ദേഹത്തോടെയാണ് കേരളത്തിലെ സാമൂഹികശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർ കണ്ടത്. അതിതീവ്ര ദരിദ്രരെ കണ്ടെത്താനുപയോഗിച്ച മാനദണ്ഡങ്ങൾ, അതിനുപയോഗിച്ച മാർഗങ്ങൾ, കണ്ടെത്തിയവരുടെ എണ്ണം എന്നിവ പുറത്തുവിടണമെന്ന് ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

അതിതീവ്ര ദാരിദ്ര്യത്തിന്റെ നിർമാർജനത്തിനായിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അന്ത്യോദയ അന്നദാന യോജനയിലും (AAY), 2002ൽ കേരള സർക്കാർ തന്നെ തുടക്കം കുറിച്ച, നിരാലംബരെ സഹായിക്കുന്നതിനുള്ള ആശ്രയ പദ്ധതിയിലും ഉൾപ്പെടുത്തപ്പെട്ട ആൾക്കാരുടെ എണ്ണത്തിനേക്കാളും വളരെക്കുറവാണ് അതിതീവ്ര നിർമാർജന പദ്ധതിയിൽ (EPEP) കണ്ടെത്തിയ അതിതീവ്ര ദരിദ്രരുടെ എണ്ണം. ആശ്രയ പദ്ധതിയിൽ കണ്ടെത്തിയ നിരാലംബരുടെ എണ്ണം 1.16 ലക്ഷമായിരുന്നപ്പോൾ അതിതീവ്ര ദാരിദ്ര്യ നിർമാർജന പദ്ധതിയിൽ കണ്ടെത്തിയത് 64006 പേരെയായിരുന്നു. എന്നാൽ, ഇവയോരോന്നിലും ഉപയോഗിച്ച മാനദണ്ഡങ്ങൾ വ്യത്യസ്തമായിരുന്നതുകൊണ്ട് ഇവയെ താരതമ്യപ്പെടുത്തുന്നതിൽ അപാകതയുണ്ടെന്നാണ് ഈ ലേഖകന് മനസ്സിലാക്കാൻ കഴിഞ്ഞത്.

അതേ സമയം തന്നെ, അതിദരിദ്രരെ കണ്ടെത്താൻ ഉപയോഗിച്ച രീതി പൂർണമായും അബദ്ധജടിലവും, ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന അംഗീകൃതവും വ്യവസ്ഥാപിതവുമായ സാമൂഹികശാസ്ത്ര രീതിശാസ്ത്രങ്ങളുമായി അൽപം പോലും പൊരുത്തപ്പെടാവുന്നതുമായിരുന്നില്ല. പഞ്ചായത്തംഗങ്ങളാണ് ആശാ പ്രവർത്തകരുടെയും അംഗൻവാടി പ്രവർത്തകരുടെയും സഹായത്തോടെ, കില പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ വാർഡിലെ അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയാറാക്കിയത്. ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കും ബ്ലോക്ക്-ജില്ലതല പരിശോധനകൾക്കും ശേഷം ഗ്രാമസഭയുടെ അംഗീകാരത്തോടെയാണ് അന്തിമ പട്ടിക നിലവിൽവന്നത്. വാർഡിലെ മുഴുവൻ അംഗങ്ങളുടെയും ലിസ്റ്റ് ഉണ്ടാക്കുക, അപ്രകാരം തയാറാക്കപ്പെട്ട പട്ടികയിൽനിന്ന്, പരീക്ഷണത്തിന് വിധേയമാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വിവര ശേഖരണം നടത്തുക തുടങ്ങിയ അടിസ്ഥാന സാമൂഹികശാസ്ത്ര പ്രക്രിയകളൊന്നും ഇവിടെ പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, തിരഞ്ഞെടുപ്പുകൾ, വ്യക്തിനിഷ്ഠവും കേവലമായ തോന്നലുകളുടെ അടിസ്ഥാനത്തിലും ആവാനും സാധ്യതകൾ ഏറെയാണ്.


എന്നാൽ, അടിസ്ഥാന വിവര ശേഖരണത്തിലൂടെ ഈ പദ്ധതിയോ അവയുടെ നേട്ടങ്ങളോ വിലയിരുത്തപ്പെട്ടിട്ടില്ല. അത്തരത്തിലുള്ള ഒരു പ്രാഥമിക ശ്രമമാണ് ഇവിടെ നടത്തുന്നത്. പത്തു ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിൽനിന്നും ഒരു കോർപറേഷൻ വാർഡിൽ നിന്നുമുള്ള വിവരങ്ങളാണ് ഇവിടെ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇവയിൽ ആറ് പഞ്ചായത്തു വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇടതു ജനാധിപത്യ മുന്നണിയിലുള്ളവരും, നാല് വാർഡുകളിലേത് ഐക്യ ജനാധിപത്യ മുന്നണിയിലുള്ളവരും, കോർപറേഷൻ വാർഡിലേത് ഇടതു ജനാധിപത്യ മുന്നണിയിൽ പ്പെടുന്നയാളുമാണ്. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽനിന്ന് 30 കുടുംബങ്ങളാണ് അതിതീവ്ര ദാരിദ്ര്യ നിർമാർജന പട്ടികയിൽ ഉണ്ടായിരുന്നത്; കോർപറേഷൻ വാർഡിൽനിന്ന് 12 പേരും. പട്ടിക പ്രകാരം, പഞ്ചായത്ത് വാർഡുകളിലെ 12 കുടുംബങ്ങളും, മുനിസിപ്പൽ വാർഡിലെ എട്ടു കുടുംബങ്ങളും ഉറപ്പില്ലാത്തതും ഇടിഞ്ഞുപൊളിഞ്ഞതുമായ വീടുകളിൽ താമസിക്കുന്നവരോ അല്ലെങ്കിൽ ഭവനരഹിതരോ ആയിരുന്നു.

ഗ്രാമീണ കുടുംബങ്ങളിലെ ആകെ അംഗങ്ങളുടെ എണ്ണം 50ഉം നഗര പ്രദേശത്തേത് 21ഉം ആയിരുന്നു. ഈ കുടുംബങ്ങളിലൊന്നും ശിശുക്കളോ കുട്ടികളോ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയം. എന്നുമാത്രമല്ല, ഗ്രാമ പ്രദേശങ്ങളിലെ 16 പേരും (12%) നഗരപ്രദേശങ്ങളിലെ അഞ്ചു പേരും (20%) ഗുരുതര മാനസികരോഗം ബാധിച്ചവരായിരുന്നു. ഇവരിൽ തന്നെ ഗ്രാമങ്ങളിൽ നിന്നുള്ള മൂന്നുപേരും നഗരങ്ങളിലെ രണ്ടു പേരും അലഞ്ഞുനടക്കുന്നവർ ആയിരുന്നു. 2021-22ൽ തയാറാക്കപ്പെട്ട പട്ടികയിൽനിന്ന് മൂന്ന് ഗ്രാമീണ കുടുംബങ്ങളും മൂന്ന്‌ നഗര കുടുംബങ്ങളും, അവരുടെ സാമ്പത്തിക നിലയിൽ പുരോഗതി കൈവരിച്ചു എന്ന കാരണത്താൽ, പിന്നീട് ഒഴിവാക്കപ്പെട്ടു. അതേസമയം, നാളിതുവരെ ആരും കൂട്ടിച്ചേർക്കപ്പെട്ടിട്ടില്ല.

അതിദരിദ്രരായി കണ്ടെത്തപ്പെട്ട കുടുംബങ്ങൾക്കു പുറമെ പഞ്ചായത്ത് വാർഡുകളിലെയും കോർപറേഷൻ ഡിവിഷനിലെയും ജനപ്രതിനിധികളുമായും ചർച്ച ചെയ്താണ് ഈ കുറിപ്പിനാധാരമായ വിവരങ്ങൾ ശേഖരിച്ചത്. കുറച്ചു വീടുകളിലെങ്കിലും ഫ്രിഡ്ജ്, മോട്ടോർ സൈക്കിൾ എന്നിവ കാണാനായി. എണ്ണം കുറവെങ്കിലും ചിലതിലെങ്കിലും, ജോലി ലഭ്യമാണെങ്കിലും പോകാതെ വീട്ടിൽതന്നെ കഴിയുന്ന ദൃഢഗാത്രരായ ചെറുപ്പക്കാരെയും, മറ്റു ചിലതിൽ തൊഴിലുറപ്പു പദ്ധതിയിൽ അംഗമായിട്ടുള്ളവരെയും കാണാൻ കഴിഞ്ഞു. ഇത്തരം കുടുംബങ്ങളുടെ എണ്ണം കുറവാണെങ്കിലും, തിരഞ്ഞെടുപ്പിൽ വന്ന പിശകുകളെയാണ് അവ സൂചിപ്പിക്കുന്നത്.


അതിദരിദ്രരായ എല്ലാവരെയും ഉൾക്കൊള്ളുന്നവയായിരുന്നില്ല അന്തിമ പട്ടികകൾ എന്നാണ് പഞ്ചായത്തംഗങ്ങളുമായി നടത്തിയ ചർച്ചകൾ സൂചിപ്പിക്കുന്നത്. അവർ നൽകിയ പ്രാഥമിക പട്ടികകളിൽ ഉണ്ടായിരുന്ന പലരെയും ഒഴിവാക്കിയാണ് അന്തിമ പട്ടികക്ക് രൂപം കൊടുത്തത്. ആശ്രയ പദ്ധതികളിൽ ഉൾപ്പെട്ടിരുന്നവരെ, അവർ എത്രതന്നെ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവരാണെങ്കിലും, ഉൾക്കൊള്ളിക്കരുത് എന്ന കിലയുടെ നിർദേശം അർഹരായ പലരും ഒഴിവാക്കപ്പെടാൻ കാരണമായി. ഇപ്രകാരം മാറ്റിനിർത്തപ്പെട്ടവരെക്കൂടി ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ അതിദാരിദ്ര്യം നിർമാർജനം ചെയ്യേണ്ടവരുടെ പട്ടിക വളരെ നീണ്ടതായേനെ.

ഗുണഭോക്തൃ കുടുംബങ്ങളിൽനിന്നും ജന പ്രതിനിധികളിൽനിന്നും തീവ്ര ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന് സ്വീകരിച്ച മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. ഇതിനുള്ള ഉത്തരവാദിത്തം ഏതാണ്ട് പൂർണമായും പ്രാദേശിക ഭരണകൂടങ്ങൾക്കായിരുന്നു. ഈയിനത്തിലുള്ള ചെലവാകട്ടെ പ്രാദേശിക സർക്കാറുകളുടെ തനതുഫണ്ടിൽ നിന്നാണ് കണ്ടെത്തിയത്.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Article Newspoverty eradicationextreme poverty
News Summary - Extreme poverty eradication that drove the poor out
Next Story