നെഹ്റുവിനെതിരായ നുണബോംബുകൾ
text_fieldsജവഹർലാൽ നെഹ്റു
ദിവസങ്ങൾക്കു മുമ്പ്, പ്രിയ സുഹൃത്ത് ശിവൻ അദ്ദേഹത്തിന് വാട്സ്ആപ്പിൽ ലഭിച്ച “നിരവധി തവണ ഫോർവേഡ് ചെയ്യപ്പെട്ട” ഒരു സന്ദേശം ഫോർവേഡ് ചെയ്തുതന്നു. വെറുമൊരു സന്ദേശമായിരുന്നില്ലത്: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും കുടുംബത്തിന്റെയും ‘യഥാർഥ ചരിത്രം’ എന്ന അവകാശവാദത്തോടെ തുടങ്ങുന്ന ശ്രദ്ധാപൂർവം രൂപകൽപന ചെയ്ത ആ വിഷലിപ്ത സന്ദേശം, സംഘ്പരിവാർ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ-വ്യാജ വാർത്ത ഫാക്ടറികളുടെ ലക്ഷണമൊത്ത ഉൽപന്നമായിരുന്നു.
നെഹ്റുവിന്റെ അമ്മ മുസ്ലിം സ്ത്രീയായിരുന്നെന്നും, കുടുംബം മുഗൾ കാലഘട്ടത്തിൽ ഇസ്ലാമിലേക്ക് മാറിയതാണെന്നുമുൾപ്പെടെ ചരിത്രപരമായി തെറ്റും, ദുരുദ്ദേശ്യം നിറഞ്ഞതുമായ ഈ സന്ദേശം തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗങ്ങളിലിരുന്നവരുമായ സംഘ്പരിവാർ അണികൾ കുടുംബ ഗ്രൂപ്പുകളിലും സ്കൂൾ-കോളജ് അലുമ്നി ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ഈ വിഷം കൂടുതൽ വ്യാപിക്കുന്നതിനു മുമ്പ് തുറന്നുകാട്ടണമെന്ന് സുഹൃത്ത് ശിവനാണ് എന്നോട് ആവശ്യപ്പെട്ടത്.
നെഹ്റുവിന്റെ അമ്മ സ്വരൂപ് റാണിയും പിതാവ് മോത്തിലാൽ നെഹ്റുവുമാണെന്ന് അറിയാത്തവരല്ല ഇത് പ്രചരിപ്പിക്കുന്ന മേൽത്തട്ട് സംഘ്പരിവാറുകാർ. പക്ഷേ, സാധാരണക്കാരായ, ചരിത്ര വിജ്ഞാനം കുറവുള്ള അണികളിലും പുതുതലമുറയിലും ഈ നുണ ആവർത്തിച്ചാവർത്തിച്ച് സത്യമെന്ന് വരുത്തിത്തീർക്കുക എന്ന കർസേവയാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്വേഷ-അശ്ലീല ഭാഷണങ്ങൾക്ക് കുപ്രസിദ്ധനായ ഒരു മുൻ എം.എൽ.എ അടുത്തിടെ നെഹ്റുവിനെക്കുറിച്ച് പ്രചരിപ്പിച്ച വ്യാജ കഥ ഈ ദുഷ്പ്രചാരണത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, സംഘ്പരിവാറിന് വേണ്ടി വ്യാജവും വിദ്വേഷവും പടച്ചുവിടുന്ന അദ്ദേഹത്തിനെതിരെ േകസെടുക്കാനോ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാനോ സംസ്ഥാന ഭരണകൂടവും തയാറാവുന്നില്ല.
ജനാധിപത്യത്തെ അട്ടിമറിച്ച് വോട്ടുകൊള്ള നടത്തി ഇന്ത്യൻ ജനത വഞ്ചിക്കപ്പെട്ടുവെന്ന സത്യം തികഞ്ഞ വ്യക്തതയോടെ രാഹുൽ ഗാന്ധി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയതിന് മറുപടിയായും സംഘ്പരിവാർ നെഹ്റുവിനെതിരായ നുണയാണ് പ്രചരിപ്പിക്കുന്നത്. പ്രചരിപ്പിക്കപ്പെടുന്ന ആ വിഷ സന്ദേശത്തിലെ ഏതാനും വരികൾ നമുക്ക് പരിശോധിക്കാം. ജവഹർലാൽ നെഹ്റുവിന്റെ അമ്മ തുസ്സു റഹ്മാൻ ബായ് എന്ന മുസ്ലിം സ്ത്രീയാണെന്നും അദ്ദേഹത്തിന്റെ പിതാവ് മുബാറക് അലിയാണെന്നും മുഗൾ കാലഘട്ടത്തിലെ മുസ്ലിം എന്ന് കരുതപ്പെടുന്ന മുത്തച്ഛൻ ഗിയാസുദ്ദീൻ ഗാസി തന്റെ പേര് മാറ്റിയെന്നും വാട്സ്ആപ്പിലൂടെ കൈമാറ്റം ചെയ്യുന്ന ഈ കെട്ടുകഥ പറയുന്നു.
ജവഹർലാൽ നെഹ്റുവിന്റേയും കുടുംബത്തിന്റേയും ചരിത്രം വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റു (1861–1931) പ്രമുഖ അഭിഭാഷകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. മാതാവ് സ്വരൂപ് റാണി. ഇരുവരും കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപെട്ടവരാണ്. ഗിയാസുദ്ദീൻ ഗാസി എന്ന മുഗൾ കാലഘട്ടത്തിലെ മുത്തച്ഛനെക്കുറിച്ചുള്ള വാദവും വ്യാജമായി നിർമിച്ച കെട്ടുകഥയാണ്. നെഹ്റുകുടുംബത്തിന്റെ ഉത്ഭവം കശ്മീരിലെ ശ്രീനഗറിലാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അവരുടെ പൂർവികർ ഡൽഹിയിലേക്കും പിന്നീട് അലഹബാദിലേക്കും കുടിയേറി. ‘നെഹ്റു’ എന്ന കുടുംബനാമം അവരുടെ പൂർവികവീടിനടുത്തുള്ള ഒരു ജലാശയത്തിൽനിന്നാണ് (പേർഷ്യൻ/ഹിന്ദിയിൽ ‘നഹർ’) വന്നത്. രേഖപ്പെടുത്തപ്പെട്ട വംശാവലി വിവിധ ജീവചരിത്രങ്ങളിലും ചരിത്രകൃതികളിലും ഉൾപ്പെടുത്തിയിട്ടുണ്ട്, “Jawaharlal Nehru: A Biography” by Sarvepalli Gopal (Oxford University Press, 1975) “Selected Works of Jawaharlal Nehru”, published by Jawaharlal Nehru Memorial Fund എന്നിങ്ങനെയുള്ള പുസ്തകങ്ങളിൽ കശ്മീരിൽനിന്നുള്ള കുടുംബത്തിന്റെ കുടിയേറ്റ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നെഹ്റുവിനെയെന്നപോലെ ഇന്ദിര ഗാന്ധിയെയും വാട്സ്ആപ് യൂനിവേഴ്സിറ്റി വെറുതെവിടുന്നില്ല. ഇന്ദിര ഗാന്ധിയുടെ പാഴ്സി മത വിശ്വാസിയായ ഫിറോസിനെ പേർഷ്യൻ മുസ്ലിം എന്നാണ് മുദ്രയടിച്ചിരിക്കുന്നത്. കശ്മീർ മുൻ മുഖ്യമന്ത്രി ശൈഖ് അബ്ദുല്ല മോത്തിലാൽ നെഹ്റുവിന് വേലക്കാരിയിൽ ഉണ്ടായ മകനാണെന്ന കള്ളക്കഥയും എഴുതിവെച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തലിന്റെയെല്ലാം ഉറവിടമായി പറയുന്നത് നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഒ. മത്തായി രചിച്ച രണ്ട് പുസ്തകങ്ങളാണ്. എന്നാൽ, മത്തായിയുടെ പുസ്തകങ്ങളിൽ- “നെഹ്റുയുഗസ്മരണകൾ” (1978), “മൈഡേയ്സ് വിത്ത് നെഹ്റു” (1979) -അത്തരം വെളിപ്പെടുത്തലുകളൊന്നും ഇല്ല എന്നതാണ് സത്യം.
വാട്സ്ആപ് സന്ദേശത്തിൽ മറ്റു ചില അപകടകരവും വ്യാജവുമായ പരാമർശങ്ങൾകൂടി ഉണ്ട്. 2008ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം, മുസ്ലിം-ക്രിസ്ത്യൻ മതവിഭാഗങ്ങൾ ജുഡീഷ്യറി, നയതന്ത്രം ഉൾപ്പെടെയുള്ള ഗവൺമെന്റിലെ ഉന്നത സ്ഥാനങ്ങൾ കൈയടക്കി എന്ന ആരോപണം വ്യാജ കണക്കുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വാട്സ്ആപ് ‘സർവകലാശാല’ ഇന്ത്യയിൽ ഒരു പുതിയ പ്രത്യയശാസ്ത്ര യുദ്ധമായി മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, രാഷ്ട്രശിൽപി ജവഹർലാൽ നെഹ്റു തുടങ്ങിയ സ്വാതന്ത്ര്യസമര നായകർക്കെതിരിലും ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് രാജ്യ ഭരണകൂടത്തെ നയിക്കുന്ന വർഗീയ ഫാഷിസ്റ്റ് സംഘമായതിനാൽതന്നെ അവർ അശിക്ഷിതരായി തുടരുകയും ചെയ്യുന്നു. നുണകൾക്കും ചരിത്രത്തിനെതിരായ കൈയേറ്റത്തിനെതിരിലും നേരുകൊണ്ട് പ്രതിരോധം സൃഷ്ടിക്കേണ്ട സമയമാണിത്. ഇന്ത്യയുടെ യഥാർഥ ശക്തി വർഗീയ നേട്ടങ്ങൾക്കായി വളച്ചൊടിച്ച കെട്ടുകഥകളിലല്ല, സത്യത്തിലാണ്.
(ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.