ഹെയ്ത്തിയുടെ ദുരന്തം അവഗണിക്കപ്പെടുമ്പോൾ
text_fieldsകൊളോണിയൽ സാമ്രാജ്യങ്ങളെ ഭയപ്പെടുത്തിയ ഒരു വിപ്ലവത്തിലൂടെ രൂപംകൊണ്ട ഹെയ്ത്തി, ഫ്രഞ്ച് കടക്കെണി ചൂഷണത്തിലൂടെയും അന്താരാഷ്ട്രതലത്തിലുള്ള ഒറ്റപെടുത്തലിലൂടേയും വ്യവസ്ഥാപിതമായി തകർക്കപ്പെട്ടു. ഇന്ന്, ആഗോള മാധ്യമങ്ങളും സ്ഥാപനങ്ങളും അതിന്റെ ആഴത്തിലുള്ള പ്രതിസന്ധിയെ നിഷ്ടൂരം അവഗണിക്കുമ്പോൾ, ഈ ദുരന്തം ഒരു കണക്കെടുപ്പ് ആവശ്യപ്പെടുന്നുണ്ട്
ജനീവയിൽ നിന്ന് എ.എഫ്.പി ഈയിടെ റിപ്പോർട്ട് ചെയ്‌ത വാർത്ത ഒരു ആധുനിക ദുരന്തത്തിന്റെ ഭീകരമായ കഥ പറയുന്നു. 'ഈ വർഷം ഹെയ്ത്തിയിലെ സംഘർഷങ്ങളിൽ കുറഞ്ഞത് 5,700 പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു': യു.എൻ എന്നതാണ് തലവാചകം. ബോൾഡ് ചെയ്ത പ്രധാന തലക്കെട്ടിന് താഴെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നു- 1,000-ത്തിലധികം സ്ത്രീകളും പെൺകുട്ടികളും ലൈംഗിക പീഡനത്തിനിരയായി, നൂറുകണക്കിന് ആളുകൾ തട്ടിക്കൊണ്ടുപോകപ്പെട്ടു, സായുധ സംഘങ്ങളുടെ ബൂട്ടുകൾക്ക് കീഴിൽ ഒരു സമൂഹം മുഴുവൻ തകരുകയാണ്.
താളുകൾ മറിക്കുന്ന സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം, ഗ്ലോബൽ സൗത്തിലെ പ്രശ്നബാധിതമായ ഒരു കോണിൽ നിന്നുള്ള മറ്റൊരു വിദൂര ദുരന്തം മാത്രമാണിത്. എന്നാൽ ആഴത്തിൽ പരിശോധിക്കാൻ തയ്യാറുള്ള ഏതൊരാൾക്കും, ഈ തലക്കെട്ട് സമകാലിക മാനുഷിക പ്രതിസന്ധിയുടെ ഒരു വാർത്ത മാത്രമല്ല; ചരിത്രപരമായ ഒരു കുറ്റകൃത്യത്തിന്റെ ഉണങ്ങാത്ത മുറിവാണിത്. ഇന്ന് ഹെയ്ത്തിയെ പലപ്പോഴും 'പരാജയപ്പെട്ട രാഷ്ട്രം' എന്ന് മുദ്രകുത്തപ്പെടുന്നു. ആന്തരികമായ ഭരണപരാജയത്തെ സൂചിപ്പിക്കാൻ പാശ്ചാത്യ നയതന്ത്രജ്ഞരും മാധ്യമങ്ങളും ഉപയോഗിക്കുന്ന എളുപ്പവഴിയാണിത്. എന്നിട്ടും, ഈ വിശേഷണം യാഥാർത്ഥ്യത്തിന്റെ വികൃതമായ ഒരു തലതിരിവാണ്. ഹെയ്ത്തി പരാജയപ്പെട്ടതല്ല; അത് വ്യവസ്ഥാപിതമായി തകർക്കപ്പെട്ടതാണ്. അതിന്റെ ഇന്നത്തെ തകർച്ച, വംശീയ മുതലാളിത്തം, സാമ്രാജ്യത്വ പ്രതികാരം, ക്രൂരമായ അന്താരാഷ്ട്ര നിസ്സംഗത എന്നിവയിൽ പണിതുയർത്തിയ ഒരു ആഗോള ക്രമത്തിന്റെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫലമാണ്.
കൂടുതൽ മഹത്തായ ഒരു വിപ്ലവം
ഹെയ്ത്തിയുടെ ദുരന്തത്തിന്റെ വ്യാപ്തി ഗ്രഹിക്കാൻ, അതിന്റെ വിജയം നാം ആദ്യം ഓർക്കണം—ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും തീവ്രവും ശുദ്ധവും മഹത്തായതുമായ ഒരു വിപ്ലവമായിരുന്നു 1804-ലെ ഹെയ്‌ത്തിയൻ വിപ്ലവം. എങ്കിലും ആഗോള ചരിത്രരചനകളിൽ അത് മനപൂർവം പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു. 1776-ലെ അമേരിക്കൻ വിപ്ലവം അടിമത്തം നിലനിർത്തുകയും, 1789-ലെ ഫ്രഞ്ച് വിപ്ലവം വരേണ്യർക്ക് മാത്രമായി മനുഷ്യാവകാശങ്ങൾ പ്രഖ്യാപിക്കുമ്പോൾ തന്നെ കാപട്യങ്ങളിൽ തെന്നിവീഴുകയും ചെയ്തപ്പോൾ, ഹെയ്ത്തിയൻ വിപ്ലവം (1791–1804) ജ്ഞാനോദയത്തിന്റെ ഉയർന്ന ആശയങ്ങളെ വിട്ടുവീഴ്ചയില്ലാത്ത സാർവത്രിക യാഥാർത്ഥ്യമാക്കി മാറ്റി.
ടുസെയ്ൻ ലൂവെർച്യൂർ, ഹെൻറി ക്രിസ്റ്റോഫ്, അലക്സാണ്ടർ പെഷൻ തുടങ്ങിയ പ്രതിഭാശാലികളായ തന്ത്രജ്ഞരുടെ നേതൃത്വത്തിലും, ആത്യന്തികമായി ജീൻ-ജാക്വസ് ഡെസാലീൻസിന്റെ സമ്പൂർണ മോചനത്തിനായുള്ള മുന്നേറ്റത്തിലും, അടിമകളാക്കപ്പെട്ട ആഫ്രിക്കക്കാർ അചിന്തനീയമായത് സാധ്യമാക്കി. കരിമ്പ് വെട്ടുന്ന കത്തികളും, തകരാത്ത ദൃഢനിശ്ചയവും, മനുഷ്യന്റെ അന്തസ്സിലുള്ള അടിയുറച്ച വിശ്വാസവും മാത്രമായിരുന്ന അവരുടെ കൈവശം ഉണ്ടായിരുന്നത്. ബ്രിട്ടീഷ്, സ്പാനിഷ്, നെപ്പോളിയൻ ബോണാപാർട്ടിന്റെ ഭയപ്പെടുത്തുന്ന ഫ്രഞ്ച് സൈന്യങ്ങൾ എന്നിങ്ങനെ അക്കാലത്തെ മൂന്ന് വലിയ സാമ്രാജ്യത്വ സൂപ്പർപവറുകളെയാണ് അവർ പരാജയപ്പെടുത്തിയത്. 1803-ൽ വെർട്ടിയേഴ്സ് ചരിത്ര യുദ്ധത്തിൽ ഡെസാലീൻസിന്റെ സൈന്യം വിജയം വരിച്ചപ്പോൾ, അവർ വെള്ളക്കാരുടെ മേധാവിത്വം എന്ന മിഥ്യയെ തകർത്തെറിഞ്ഞു.
എന്നിട്ടും, ഈ അഭൂതപൂർവമായ വിജയം ആഗോള സമൂഹത്തിന്റെ കണ്ണിൽ ഹെയ്ത്തിയുടെ ആദ്യ പാപമായി മാറി. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള അടിമത്തം നിലനിർത്തിയിരുന്ന സാമ്രാജ്യങ്ങൾ, സ്വതന്ത്രവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു കറുത്ത വർഗ റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനെ അവരുടെ സാമ്പത്തിക-വംശീയ ശ്രേണികൾക്കുള്ള ഭീഷണിയായി കണ്ടു. മനുഷ്യസ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നതിന് പകരം ലോകം അതിന്റെ വാതിലുകൾ ഹെയ്ത്തിക്കു നേരെ കൊട്ടി അടച്ചു. അമേരിക്ക ഏകദേശം ആറ് പതിറ്റാണ്ടുകളോളം ഹെയ്ത്തിയുടെ സ്വാതന്ത്ര്യത്തിനു അംഗീകാരം നൽകാൻ തയ്യാറായില്ല, അതേസമയം യൂറോപ്യൻ ശക്തികൾ ആ യുവരാഷ്ട്രത്തിന് ചുറ്റും നയതന്ത്ര-സാമ്പത്തിക ഉപരോധം തീർത്തു.
ഭീമാകാരമായ ചൂഷണം
ഉപരോധനങ്ങൾ ഹെയ്ത്തിയെ സാമ്പത്തികമായി പട്ടിണിക്കിടാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ, 1825-ലെ ഫ്രഞ്ച് നഷ്ടപരിഹാരം അതിനെ ശാശ്വതമായി രക്തരൂക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്തതായിരുന്നു. സാമ്രാജ്യത്വ ക്രൂരത നിറഞ്ഞ ഒരു നീക്കത്തിലൂടെ, ഫ്രാൻസ് പീരങ്കികൾ നിറഞ്ഞ യുദ്ധക്കപ്പലുകൾ ഹെയ്ത്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലേക്ക് അയച്ചു. സ്വന്തം സ്വാതന്ത്ര്യം നേടിയെടുത്ത മനുഷ്യരെ 'നഷ്ടപ്പെട്ട സ്വത്തായി' കണക്കാക്കി മുൻ ഫ്രഞ്ച് അടിമമുതാലാളിമാർക്ക് നഷ്ടപരിഹാരം നൽകാനായി, 150 ദശലക്ഷം ഫ്രാങ്ക് (പിന്നീട് 90 ദശലക്ഷമായി കുറച്ചു) എന്ന വലിയ തുക നൽകാൻ ആ യുവ റിപ്പബ്ലിക്കിനെ നിർബന്ധിച്ചു. ഈ ചൂഷണാത്മകമായ 'സ്വാതന്ത്ര്യ കടം' വീട്ടുന്നതിനായി ഹെയ്ത്തി ഫ്രഞ്ച് ബാങ്കുകളിൽ നിന്ന് വൻതുക കടമെടുക്കുകയും, ഒരു നൂറ്റാണ്ടിലേറെയായി തിരിച്ചടച്ചുതീർത്ത രക്ഷപ്പെടാനാവാത്ത വിദേശ കടക്കെണിയിൽ പെട്ടുഴലുകയും ചെയ്തു.
സ്കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാൻ അവകാശപ്പെട്ട ഫണ്ടുകൾ നേരിട്ട് യൂറോപ്യൻ ഖജനാവിലേക്ക് ചോർത്തിക്കൊണ്ടുപോയി. യൂറോപ്യൻ സാമ്പത്തിക ചൂഷണത്തിനപ്പുറം, 19 വർഷത്തെ ക്രൂരമായ യു.എസ് സൈനിക അധിനിവേശവും (1915-1934) തുടർന്ന് സ്വേച്ഛാധിപത്യങ്ങൾക്ക് നൽകിയ പിന്തുണയും ഉൾപ്പെടെയുള്ള നിരന്തരമായ സാമ്രാജ്യത്ത ഇടപെടലുകൾ ഇരുപതാം നൂറ്റാണ്ട് സമ്മാനിച്ചു. ഫ്രാങ്കോ 'പാപ്പാ ഡോക്ക്', ജീൻ-ക്ലോഡ് 'ബേബി ഡോക്ക്' ഡുവാലിയർ എന്നിവരുടെ ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട സ്വേച്ഛാധിപത്യ ഭരണം ഭീകരത, അഴിമതി, സ്ഥാപനങ്ങളുടെ തകർച്ച എന്നിവയിലൂടെ ഹെയ്ത്തിയെ വ്യവസ്ഥാപിതമായി നശിപ്പിച്ചു. ടോണ്ടൺ മാകൂട്സ് എന്നറിയപ്പെടുന്ന ക്രൂരമായ സ്വകാര്യ മിലിട്ടറിയെ ഉപയോഗിച്ച് പാപ്പാ ഡോക്ക് സമ്പൂർണ അധികാരം ഉറപ്പിച്ചു, മാനസികമായ കീഴ്പ്പെടൽ ഉറപ്പാക്കാൻ വുഡൂ ആചാരങ്ങളെ ആയുധമാക്കി, അടിച്ചമർത്തലുകളിലൂടെ വലിയ തോതിലുള്ള ബുദ്ധിജീവികളുടെ പലായനത്തിന് കാരണക്കാരനായി. അദ്ദേഹത്തിന്റെ മകൻ ബേബി ഡോക്ക്, ദേശീയ ഖജനാവ് കൊള്ളയടിച്ചും, അഴിമതി നിറഞ്ഞ സർക്കാർ സ്ഥാപനങ്ങളിലൂടെയും, ഗ്രാമീണ ഭക്ഷ്യസുരക്ഷ തകർത്തും തന്റെ ഏകാധിപത്യ ഭരണം തുടർന്നു. പട്ടിണി കൊണ്ട് മരിച്ച പൗരന്മാരുടെ മൃതദേഹം പോലും വിദേശ മെഡിക്കൽ സ്‌കൂളുകൾക്ക് വിറ്റു.1986-ൽ ബേബി ഡോക്ക് നാടുകടത്തപ്പെട്ടപ്പോഴേക്കും ഈ കുടുംബവാഴ്ച തകർന്ന നീതിന്യായ വ്യവസ്ഥയും തകർന്ന സമ്പദ്‌വ്യവസ്ഥയും ജനാധിപത്യ സംസ്കാരത്തിന്റെ പൂർണമായ അഭാവവുമാണ് ഹെയ്ത്തിക്ക് സമ്മാനിച്ചത്, ഇത് രാജ്യത്തിന്റെ നിരന്തരമായ അസ്ഥിരതയ്ക്ക് അടിത്തറയിട്ടു.
അടിച്ചമർത്തലിന്റെ ഈ വിനാശകരമായ ചക്രം ജീൻ-ബെർട്രാൻഡ് അരിസ്റ്റിഡിന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ അതിന്റെ പാരമ്യത്തിൽ എത്തി. ഹെയ്ത്തിയിലെ ദരിദ്ര ജനങ്ങളുടെ ചാമ്പ്യനായി 1990-ൽ പ്രസിഡന്റ് പദവിയിലെത്തിയ ഒരു മുൻ പുരോഹിതനായിരുന്നു അരിസ്റ്റിഡ്. ആഭ്യന്തര ഒളിഗാർക്കുകളുടെ അട്ടിമറികൾക്കും ശത്രുതുല്യമായ വിദേശ ഇടപെടലുകൾക്കും ഇടയിൽ അദ്ദേഹം കുടുങ്ങിപ്പോയി. 1825-ലെ സ്വാതന്ത്ര്യ കടത്തിന് പകരമായി ഫ്രാൻസ് 21 ബില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടുകൊണ്ട് 2003-ൽ അദ്ദേഹത്തിന്റെ ഭരണകൂടം വലിയ രാഷ്ട്രീയ നീക്കം നടത്തിയപ്പോൾ, അദ്ദേഹത്തിന്റെ വിധി നിർണയിക്കപ്പെട്ടു. വിദേശ കൈകടത്തലുകളുടെ പിന്തുണയോടെയുള്ള ആഭ്യന്തര കലാപങ്ങൾ 2004-ൽ അദ്ദേഹത്തെ പുറത്താക്കുന്നതിൽ കലാശിച്ചു. ചരിത്രപരമായ നീതി ആവശ്യപ്പെടാനോ ഘടനാപരമായ അസമത്വങ്ങൾ ഇല്ലാതാക്കാനോ ഒരു ഹെയ്ത്തിയൻ നേതാവ് ധൈര്യപ്പെടുമ്പോഴൊക്കെയും, ബാഹ്യശക്തികൾ ആ പരീക്ഷണത്തെ തകർക്കാൻ വേഗത്തിൽ മുന്നോട്ട് വരുമെന്ന് ഇത് ഒരിക്കൽക്കൂടി തെളിയിച്ചു.
നിശബ്ദതയുടെ കോണുകൾ
ഹെയ്ത്തിയുടെ നിലവിലുള്ള പ്രതിസന്ധിയെ തനതായ ഒരു ദുരന്തമാക്കി മാറ്റുന്നത് അതിന്റെ ഉത്ഭവം മാത്രമല്ല, ആധുനിക അന്താരാഷ്ട്ര സമൂഹവും ആഗോള മാധ്യമങ്ങളും അതിന്റെ കഷ്ടപ്പാടുകളെ തികഞ്ഞ ഉദാസീനതയോടെ അഭിമുഖീകരിക്കുന്നു എന്നതാണ്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും, ആയിരക്കണക്കിന് സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിയെന്നും, മുഴുവൻ ആവാസകേന്ദ്രങ്ങളും സായുധ സംഘങ്ങളുടെ ബന്ദികളാണെന്നും യു.എൻ മനുഷ്യാകാശ മേധാവി ചൂണ്ടിക്കാണിക്കുമ്പോൾ, ആഗോള പ്രതികരണം തീർത്തും നിരാശാജനകമാണ്. പ്രധാന പാശ്ചാത്യ മാധ്യമ ശൃംഖലകളിൽ, ഹെയ്ത്തിക്ക് മറ്റ് സംഘർഷങ്ങൾക്ക് ലഭിക്കുന്ന വിശകലനപരമായ ആഴമോ ശ്രദ്ധയോ അപൂർവമായി മാത്രമാണ് ലഭിക്കുന്നത്.
ഹെയ്ത്തി തലക്കെട്ടുകളിൽ വരുമ്പോൾ, അത് സാധാരണയായി പ്രകൃതിദുരന്തങ്ങൾ, അഴിമതി, ആഭ്യന്തര കലാപങ്ങൾ എന്നീ ലളിതമായ വംശീയ തലങ്ങളിലേക്ക് ചുരുക്കപ്പെടുന്നു. ഈ മട്ടിലുള്ള പത്രപ്രവർത്തനം യഥാർത്ഥ കാരണങ്ങളെ മറയ്ക്കുന്നു, പാശ്ചാത്യ സാമ്രാജ്യത്വത്തെയും അഭംഗുരം തുടരുന്ന ഭൂരാഷ്ട്രീയ ഇടപെടലുകളെയും എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കുന്നു. ഐക്യരാഷ്ട്രസഭയും മറ്റു അന്താരഷ്ട്രാ സ്ഥാപനങ്ങളും ഹെയ്ത്തിയുടെ കാര്യത്തിൽ നിസ്സംഗതയുടേയും പരാജയത്തിന്റെയും മോശമായ ചരിത്രമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. 2010-ലെ ഭൂകമ്പത്തെത്തുടർന്ന് യു.എൻ സമാധാന സേനാംഗങ്ങൾ കൊണ്ടുവന്ന കോളറ പകർച്ചവ്യാധി മുതൽ പരാജയപ്പെട്ട സുരക്ഷാ ഇടപെടലുകൾ വരെ, അന്താരാഷ്ട്ര സമൂഹം ഹെയ്ത്തിയെ പങ്കാളിത്തത്തിന് അർഹമായ ഒരു പരമാധികാര രാജ്യമായിട്ടല്ല, മറിച്ച് എക്കാലത്തെയും ഒരു ജീവകാരുണ്യ പ്രശ്നമോ അല്ലെങ്കിൽ ഒതുക്കേണ്ട ഒരു സുരക്ഷാ ഭീഷണിയായോ ആണ് പരിഗണിക്കുന്നത്.
പ്രത്യാശയുടെ ഒരു കിരണം
എന്നിട്ടും, ഏറ്റവും ഇരുണ്ട വേളയിലും ഹെയ്ത്തിയുടെ പ്രതിരോധവീര്യം കെട്ടടങ്ങാതെ ജ്വലിച്ചുനിൽക്കുന്നു. പൗരസമൂഹ കൂട്ടായ്മകളും സംഘടനകളും ജനാധിപത്യപരമായ സ്വയംനിർണയത്തിനായി ധീരമായ പോരാട്ടം തുടരുകയാണ്. ഒപ്പം, ചരിത്രപരമായ നഷ്ടപരിഹാരത്തിനായുള്ള ആഗോള ചർച്ചകളും സജീവമാകുന്നുണ്ട്. 'കാരികോം' വഴി കരീബിയൻ മേഖലയിലാകെ രാജ്യങ്ങൾ നഷ്ടപരിഹാര നീതി ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നു. ചരിത്രപരമായ അടിമത്തത്തിന് ഉത്തരവാദിത്തം ആവശ്യപ്പെട്ട് ചാൾസ് മൂന്നാമൻ രാജാവിന് മുന്നിൽ ജമൈക്ക സമർപ്പിച്ച ഹരജി ഈ പോരാട്ടത്തിലെ നിർണായക വഴിത്തിരിവാണ്. 'നൂറ്റാണ്ടുകൾ പഴക്കമുള്ള കുറ്റകൃത്യങ്ങൾക്ക് ആധുനിക കാലത്ത് ബാധ്യതകളില്ല' എന്ന പഴയ ഒഴിവുകഴിവുകളെ അപ്രസക്തമാക്കുന്ന ശക്തമായ കീഴ്‌വഴക്കമാണ് ഇത് സൃഷ്ടിക്കുന്നത്.
അടിമത്തത്തിന്റെ പാരമ്പര്യത്തിന്റെ പേരിൽ ബ്രിട്ടന് ഉത്തരവാദിയാണെങ്കിൽ, ഹെയ്ത്തിയുടെ ചരിത്രപരമായ ചൂഷണത്തിന് ഫ്രാൻസും മറുപടി പറയേണ്ടതുണ്ട്. ഹെയ്ത്തിക്കായുള്ള പൂർണമായ നഷ്ടപരിഹാര നീതി ജീവകാരുണ്യ സഹായമല്ല; അത് പീരങ്കിമുനയിൽ ചൂഷണം ചെയ്യപ്പെട്ട കടത്തിനുള്ള നിയമപരവും ധാർമികവുമായ ബാധ്യതയാണ്. ഹെയ്ത്തിയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്ന് ജനീവയിൽ നിന്ന് അലറുന്ന തലക്കെട്ടുകൾ ആഗോള മനസ്സാക്ഷിയെ ഞെട്ടിക്കേണ്ടതാണ്. മനുഷ്യാകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ആധുനിക കാലഘട്ടത്തിന് ജന്മം നൽകിയ മഹത്തായ ഒരു രാഷ്ട്രം വംശവെറി, കടം, സാമ്രാജ്യത്വ തന്ത്രങ്ങൾ എന്നിവയാൽ നിർദയം ശ്വാസം മുട്ടിക്കപ്പെട്ടത് ലോകം നോക്കിനിന്നു എന്നതിന്റെ ദിവസേനയുള്ള ഓർമപ്പെടുത്തലാണിത്. ഹെയ്ത്തിക്ക് ഔദാര്യപരമായ സഹതാപമോ അഴിമതി നിറഞ്ഞ പാവകളെ പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്ത സൈനിക ഇടപെടലോ അല്ല ആവശ്യമുള്ളത്; മറിച്ച് പുനരുജ്ജീവന നീതിയും (Restorative Justice), യഥാർത്ഥ അന്താരാഷ്ട്ര ഐക്യദാർഢ്യവും, അതിന്റെ വിപ്ലവകരമായ ലക്ഷ്യം വീണ്ടെടുക്കാനുള്ള ഇടവുമാണ് അതിന് ആവശ്യം. ഹെയ്ത്തിയുടെ തകർച്ചയിൽ സ്വന്തം പങ്കാളിത്തം ലോകസമൂഹം തിരിച്ചറിയുന്നത് വരെ, ഹെയ്ത്തിയുടെ തെരുവുകളിൽ ചിതറുന്ന ചോര, സ്വതന്ത്രനാകാൻ ധൈര്യപ്പെട്ട കറുത്ത അടിമകളോട് ഇന്നുവരെയും മാപ്പ് നൽകാത്ത ഒരു ലോകത്തിന് നേരെ നീട്ടുന്ന കുറ്റപത്രമായി നിലനിൽക്കും.
(ലേഖകൻ കേരള സർക്കാരിന്റെ ഡെപ്യൂട്ടി ലോ സെക്രട്ടറിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരമാണ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

