Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽഗോരിതങ്ങൾക്ക് പണയം വെക്കുന്ന ചിന്തകൾ

text_fields
bookmark_border
അൽഗോരിതങ്ങൾക്ക് പണയം വെക്കുന്ന ചിന്തകൾ
cancel

നിങ്ങളുടെ കുട്ടി അവസാനമായി ഒരു സ്വകാര്യ ആശങ്കയോ സങ്കടമോ പങ്കുവെച്ചത് ആരോടായിരിക്കും; നിങ്ങളോടോ, അതോ അവരുടെ ഫോണിലെ എ.ഐ ചാറ്റ്ബോട്ടിനോടോ? മനുഷ്യചരിത്രത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു വൈകാരിക സന്ധിയിലാണ് നമ്മുടെ തലമുറ ജീവിക്കുന്നത്. പുറംലോകത്തെ അപകടങ്ങളിൽനിന്ന് മാറ്റി നാം അവർക്ക് സുരക്ഷിതമായ വീടകങ്ങൾ ഒരുക്കുമ്പോഴും, അനുഭവിച്ചിട്ടില്ലാത്ത ഒരു സമാന്തര സാങ്കൽപ്പിക ലോകത്താണ് എ.ഐ കാലത്തെ ‘ഡിജിറ്റൽ ഫസ്റ്റ്’ തലമുറ. ‘‘നാം ഉപകരണങ്ങളെ രൂപപ്പെടുത്തുന്നു; പിന്നീട് ആ ഉപകരണങ്ങൾ നമ്മെത്തന്നെ രൂപപ്പെടുത്തുന്നു’’ എന്ന മാധ്യമചിന്തകൻ മാർഷൽ മക്‌ലൂഹന്റെ ആശയം ഇന്ന് നമ്മുടെ വീടകങ്ങളിൽ തെളിയുകയാണ്.

നിർമിതബുദ്ധിയുടെ കടന്നുവരവ് മനുഷ്യന്റെ ബുദ്ധിശക്തിയെയും ചിന്താശേഷിയെയും സംബന്ധിച്ച പരമ്പരാഗത സമവാക്യങ്ങളെ പൂർണമായി മാറ്റിമറിക്കുകയാണ്. സാം ആൾട്ട്മാൻ പറഞ്ഞതുപോലെ “ഇനിയുള്ള ലോകത്ത് ചാറ്റ്ബോട്ടുകളോട് ശരിയായ ചോദ്യങ്ങൾ ചോദിക്കാനുള്ള ശേഷിയാണ് ഏറ്റവും മൂല്യവത്തായ കഴിവ്". എ.ഐ ചാറ്റുകളിലൂടെ ഏതു ചോദ്യത്തിന്റെയും ഉത്തരവും ഏതു വിഷയത്തിലുള്ള അറിവുകളും ഒരു സെക്കൻഡിനുള്ളിൽ സ്ക്രീനിൽ തെളിയുന്ന ഒരു കാലത്ത്, ഉത്തരങ്ങൾക്ക് വിലയില്ലാതാവുകയും കൃത്യമായ ചോദ്യങ്ങൾ ഏറ്റവും വിലയേറിയതാവുകയും ചെയ്യുന്നു. എന്തിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാനും, ശരിയായ ചോദ്യങ്ങൾ രൂപപ്പെടുത്താനും (Prompting), ലഭിക്കുന്ന ഉത്തരങ്ങളിലെ ശരിതെറ്റുകൾ വകതിരിച്ചുനോക്കാനുമുള്ള വിവേചനബുദ്ധിയാണ് ഇനി യഥാർഥ ബുദ്ധിശക്തി എന്നായിരിക്കുന്നു.

മുൻപ് ഒരു സംശയമുണ്ടായാൽ ഗൂഗിളിൽ പരതി പല വെബ്സൈറ്റുകളിലൂടെ നാം കണ്ണോടിക്കുമായിരുന്നു. വ്യത്യസ്ത വീക്ഷണങ്ങൾ വായിച്ചു താരതമ്യം ചെയ്യാനും, പല സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ കൂട്ടിവായിച്ച് ശരിയും തെറ്റും സ്വയം വേർതിരിച്ച് ഒടുവിൽ സ്വന്തമായൊരു നിഗമനത്തിലെത്താനും ആ അന്വേഷണം നമ്മെ പ്രേരിപ്പിച്ചു. കാത്തിരിപ്പും മടുപ്പും ഒരുകാലത്ത് പകൽക്കിനാവുകൾക്കും പുതിയ ആശയങ്ങൾക്കും വായനയ്ക്കും വഴിതുറക്കുമായിരുന്നു. പല വഴികളിലൂടെ സഞ്ചരിച്ച് സ്വയം ചിന്തിച്ചെടുക്കേണ്ട ആ മാനസിക അധ്വാനം പൂർണമായി ഇല്ലാതാകുന്നതോടെ, വിവരങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള ശേഷിയാണ് തലമുറകൾക്ക് നഷ്ടപ്പെടുന്നത്.

പഠിക്കുകയും ചിന്തിക്കുകയും വിശകലനങ്ങൾ നടത്തുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന മനുഷ്യശേഷി യന്ത്രങ്ങൾ ഏറ്റെടുത്തതോടെ തലച്ചോറിന്റെ സ്വാഭാവിക ശേഷിക്കുണ്ടാകുന്ന തളർച്ച നിസ്സാരമല്ല. ഉപയോഗിക്കാതിരുന്നാൽ ക്ഷയിച്ചുപോകുന്ന ഒരു പേശിയെപ്പോലെയാണ് മനുഷ്യന്റെ തലച്ചോറ്. കാൽക്കുലേറ്ററുകൾ വന്നപ്പോൾ ലളിതമായ കൂട്ടിക്കിഴിക്കലുകൾ നമ്മൾ യന്ത്രത്തിന് വിട്ടുകൊടുത്തു; ജി.പി.എസ് വന്നതോടെ വഴികൾ ഓർത്തെടുക്കാനുള്ള ശേഷി കുറഞ്ഞു. ഇപ്പോൾ എ.ഐ വന്നതോടെ ആഴത്തിൽ വിശകലനം ചെയ്യാനും, സ്വയം ചിന്തിക്കാനും, ഭാഷ രൂപപ്പെടുത്താനുമുള്ള അടിസ്ഥാനശേഷിപോലും നാം അൽഗോരിതങ്ങൾക്ക് പണയം വെയ്ക്കുകയാണ്. സ്വന്തം ബുദ്ധിയെ നിരന്തരം വെല്ലുവിളികൾക്ക് വിധേയമാക്കാത്ത ഒരു തലമുറയുടെ നാഡീബന്ധങ്ങൾ ക്രമേണ ദുർബലമാകുന്നു. ചിന്ത എന്നത് ഒരു മാനസിക വ്യായാമമാണ്; എ.ഐക്കുവേണ്ടി ആ വ്യായാമം ഒഴിവാക്കുന്നതിലൂടെ, ചിന്തിക്കാനുള്ള മനുഷ്യന്റെ ഏറ്റവും മൗലികമായ സിദ്ധിയാണ് കൈമോശം വരുന്നത്.

തലമുറകളുടെ തലവരകൾ

ഈ മാറ്റങ്ങൾ ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നു, പഠിക്കുന്നു, കളിക്കുന്നു, സ്നേഹിക്കുന്നു എന്നുതുടങ്ങി ജീവിതത്തിന്റെ ഓരോ അടരും ഇന്ന് അൽഗോരിതങ്ങളുടെ സ്വാധീനത്തിലാണ് രൂപപ്പെടുന്നത്. പാഠപുസ്തകത്തിലെ സംശയം ചാറ്റ്ബോട്ടിനോടാണ്; കളി മൈതാനത്ത് കൂട്ടുകാരോടൊപ്പമല്ല, ഓൺലൈൻ ഗെയിമുകളിലെ അപരിചിതരോടൊപ്പമാണ്. ഏത് സിനിമ കാണണമെന്ന് സ്ട്രീമിങ് ആപ്പും, ഏത് പാട്ട് കേൾക്കണമെന്ന് പ്ലേലിസ്റ്റും, എന്ത് കഴിക്കണമെന്ന് ഡെലിവറി ആപ്പും നിർദേശിക്കുന്നു. അവധിക്കാലം എവിടെ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നത് റീലുകളിലെ ‘ട്രെൻഡിങ് കേന്ദ്ര’ങ്ങളാണ്. മൂല്യങ്ങളും വിശ്വാസങ്ങളും ലോകവീക്ഷണവുംപോലും ഇതിൽനിന്ന് മുക്തമല്ല. മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചുമുള്ള ധാരണകൾ രൂപപ്പെടുന്നത് പലപ്പോഴും കുടുംബത്തിലോ സമൂഹത്തിലോ അല്ല, അൽഗോരിതങ്ങൾ മുന്നിലെത്തിക്കുന്ന ഹ്രസ്വ വീഡിയോകളിലാണ്.

ഈ മാറ്റങ്ങൾക്കെല്ലാം നടുവിൽ ചരിത്രത്തിലെ ഏറ്റവും അടുത്ത ബന്ധങ്ങൾ സാധ്യമായ കാലത്ത് ജീവിക്കുന്ന തലമുറ ഏറ്റവും ഒറ്റപ്പെട്ടവരായി മാറുന്നു. ലോകാരോഗ്യസംഘടനയുടെ 2025-ലെ റിപ്പോർട്ട് പ്രകാരം 13-നും 17-നും ഇടയിലുള്ള കൗമാരക്കാരിൽ അഞ്ചിലൊരാൾ ഏകാന്തത അനുഭവിക്കുന്നുണ്ട്. മനഃശാസ്ത്രജ്ഞ ഷെറി ടർക്കിൾ വിശേഷിപ്പിച്ച ‘ഒരുമിച്ചിരുന്നിട്ടും ഒറ്റയ്ക്ക്’ (Alone Together) എന്ന അവസ്ഥയാണിത്. ഒരേ വീട്ടിലെ നാലുപേർ നാല് സ്ക്രീനുകളിൽ, അൽഗോരിതം തിരഞ്ഞെടുത്ത നാല് വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്നു.

പരിണാമത്തിന്റെ അടുത്ത ഘട്ടം

ഒന്നാം ഘട്ടത്തിൽ സാങ്കേതികവിദ്യ ലക്ഷ്യമിട്ടത് മനുഷ്യന്റെ ശ്രദ്ധയായിരുന്നു. കൗതുകവും അംഗീകാരത്തിനായുള്ള ദാഹവും ചൂഷണം ചെയ്ത് സോഷ്യൽ മീഡിയ നമ്മുടെ സാമൂഹികമാറ്റത്തിന്റെ സ്വാഭാവികതയെ തകിടം മറിച്ചു എന്ന് ചരിത്രകാരനും ‘സാപിയൻസ്’ എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവുമായ യുവാൽ നോവ ഹരാരി പറയുന്നു. ഓരോ അഞ്ചുമിനിറ്റിലും ഫോണിലേക്ക് നോക്കുന്ന പുതിയ തലമുറ ഈ ആദ്യ മാറ്റത്തിന്റെ ഇരകളാണ്. എന്നാൽ ആ മാറ്റം ഒരു തുടക്കം മാത്രമായിരുന്നു. സോഷ്യൽ മീഡിയ കുട്ടികളെ സ്ക്രീനിലേക്ക് ആകർഷിച്ചെങ്കിൽ, എ.ഐ അവരോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും അവർക്കുവേണ്ടി ചിന്തിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയുടെ ലക്ഷ്യം മനുഷ്യന്റെ ശ്രദ്ധയിൽനിന്ന് യന്ത്രവുമായുള്ള വൈകാരിക അടുപ്പത്തിലേക്ക് മാറുന്നു. സോഷ്യൽ മീഡിയയ്ക്ക് നമ്മുടെ സമയം മാത്രമേ വേണ്ടിയിരുന്നുള്ളൂ; എ.ഐ ആവശ്യപ്പെടുന്നത് നമ്മുടെ ഹൃദയവും തലച്ചോറുമാണ്.

അമേരിക്കയിൽ നടത്തിയ ഒരു പഠനമനുസരിച്ച് പുതുതലമുറ ഗൗരവമുള്ള കാര്യങ്ങൾ മനുഷ്യരോടല്ല, എ.ഐ ചാറ്റ്ബോട്ടുകളോടാണ് പങ്കുവെക്കുന്നത്; തങ്ങളുടെ രഹസ്യങ്ങൾ പറയുന്നതും ഉത്തരം തേടുന്നതും യന്ത്രത്തോടാണ്. കുട്ടിക്കാലം മുതൽ ഇത്തരം യന്ത്രങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന ഒരു തലമുറ, മനുഷ്യരേക്കാൾ എ.ഐയോട് കൂടുതൽ അടുപ്പം കാണിച്ചേക്കാം. സോഷ്യൽ മീഡിയ കാലത്തെ ‘അറ്റൻഷൻ ഇക്കോണമി’യിൽനിന്ന് എ.ഐ കാലത്തെ ‘ഇന്റിമസി ഇക്കോണമി’യിലേക്ക് കോർപ്പറേറ്റ് ലോകം ചുവടുമാറിയിരിക്കുന്നു. മുൻപ് മനുഷ്യന്റെ ശ്രദ്ധയെ പരസ്യങ്ങളാക്കി വിറ്റിരുന്ന ടെക് ഭീമന്മാർ, ഇന്ന് മനുഷ്യന്റെ ഏകാന്തതയെയും സ്നേഹത്തെയുമാണ് വരിസംഖ്യാ വ്യവസ്ഥകളിലൂടെ വിപണിയിലെത്തിക്കുന്നത്. ഈ പരിണാമത്തിന്റെ അടുത്ത ഘട്ടമായ എ.ജി.ഐ (ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്) കൂടുതൽ ആശങ്കാജനകമാണ്.

ആവശ്യത്തിന് വിവരങ്ങളും കമ്പ്യൂട്ടിങ് ശേഷിയും ഉണ്ടെങ്കിൽ, ഒരു മനുഷ്യനെ അവൻ സ്വയം അറിയുന്നതിനേക്കാൾ നന്നായി അറിയുന്ന അൽഗോരിതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് യുവാൽ ഹരാരി മുന്നറിയിപ്പ് നൽകുന്നു. നമ്മുടെ ദേഷ്യം, ഭയം, ആഗ്രഹം എല്ലാം നമ്മളേക്കാൾ മുൻപേ യന്ത്രം തിരിച്ചറിയും. ആ നിമിഷം തീരുമാനമെടുക്കാനുള്ള അധികാരം മനുഷ്യനിൽനിന്ന് യന്ത്രത്തിലേക്ക് നിശ്ശബ്ദമായി മാറും. മനുഷ്യന് തുല്യമോ അതിനുമുകളിലോ ചിന്തിക്കാൻ ശേഷിയുള്ള സാർവത്രികബുദ്ധി യാഥാർഥ്യമാകുമ്പോൾ, ചോദ്യം ചെയ്യപ്പെടുന്നത് മനുഷ്യന്റെ സർഗാത്മകത മാത്രമല്ല; സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരം കൂടിയാണ്.

തിരിച്ചറിവും അതിജീവനവും

എ.ഐയെ നിഷേധിക്കുകയോ ഭയപ്പെടുകയോ അല്ല അതിജീവനത്തിന്റെ വഴി. എത്ര തവണ ചോദിച്ചാലും മടുപ്പില്ലാതെ സംശയം തീർത്തുതരുന്ന അധ്യാപകരായും, കുട്ടികൾക്ക് ലോകത്തിന്റെ അറിവിലേക്കുള്ള വാതിലായും മാറാൻ അതിന് കഴിയും. കുട്ടികളോട് സംസാരിക്കുന്ന എ.ഐ സഹചാരികൾ ഓരോ മൂന്നു മണിക്കൂറിലും ‘‘ഞാൻ മനുഷ്യനല്ല, അല്പം വിശ്രമിക്കൂ’’ എന്ന് ഓർമിപ്പിക്കണമെന്ന് ഈ വർഷം മുതൽ കാലിഫോർണിയയിൽ നിയമമുണ്ട്. ഒരു യന്ത്രം മനുഷ്യനല്ലെന്ന് കുട്ടികളെ ഓർമിപ്പിക്കാൻ ഒരു നിയമം വേണ്ടിവന്നു എന്നതുതന്നെയാണ് ഈ കാലത്തിന്റെ ഏറ്റവും വലിയ മുന്നറിയിപ്പ്. എ.ഐ നമ്മുടെ ചിന്തയ്ക്ക് കൂട്ടാകണം, പകരക്കാരനാകരുത്. കാൽക്കുലേറ്റർ കണക്കുകൂട്ടലുകളെ സഹായിച്ചതുപോലെ, വിവരങ്ങൾ ശേഖരിക്കാനും ആവർത്തന ജോലികൾ തീർക്കാനും യന്ത്രം സഹായിക്കട്ടെ; എന്നാൽ ചിന്തയുടെയും സർഗാത്മകതയുടെയും അനുഭൂതിയുടെയും സംവാദത്തിന്റെയും സ്നേഹത്തിന്റെയും ഇടം മനുഷ്യന്റേതായിത്തന്നെ നിലനിൽക്കണം.

‘ദി സോഷ്യൽ ഡിലമ’ എന്ന ഡോക്യുമെന്ററിയിലൂടെ ലോകശ്രദ്ധ നേടിയ, ഗൂഗിളിലെ മുൻ ഡിസൈൻ എത്തിസിസ്റ്റ് ട്രിസ്റ്റൻ ഹാരിസ് പറയുന്നത്, മനുഷ്യരാശിയുടെ എ.ഐയുമായുള്ള ആദ്യ സമ്പർക്കം സോഷ്യൽ മീഡിയയായിരുന്നു എന്നാണ്. നാം എന്ത് കാണണമെന്ന് തീരുമാനിച്ച ആ അൽഗോരിതങ്ങളോടുള്ള പോരാട്ടത്തിൽ നാം പരാജയപ്പെട്ടു. നമ്മുടെ കുട്ടികളോട് സംസാരിക്കുകയും അവർക്കുവേണ്ടി ചിന്തിക്കുകയും ചെയ്യുന്ന ജനറേറ്റീവ് എ.ഐ രണ്ടാം സമ്പർക്കമാണ്.

അതിലെ വിജയവും പരാജയവും അനിവാര്യമായ വിധിയല്ല, നമ്മുടെ തിരഞ്ഞെടുപ്പാണ് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ആ തിരഞ്ഞെടുപ്പ് നടക്കേണ്ടത് നമ്മുടെ കലാലയങ്ങളിലും വീടകങ്ങളിലുമാണ്. നമുക്ക് തുടങ്ങിയിടത്തേക്ക് മടങ്ങാം: നിങ്ങളുടെ കുട്ടി അവസാനമായി മനസ്സ് തുറന്നത് ആരോടാണ്? ആ ചോദ്യത്തിന്റെ ഉത്തരം ‘‘എന്നോട്’’ എന്നാകുന്ന വീടുകളിലാണ് പുതിയ തലമുറയുടെ യഥാർഥ അതിജീവനം.

arshad.el@gmail.com

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How AI is Replacing Human Connection for the Digital-First Generation
Next Story