ജനം ഏറ്റെടുത്ത ഐതിഹാസിക യാത്ര
text_fieldsഇൻഡ്യ സഖ്യം ബിഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്രയിൽ പങ്കുകൊണ്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എഴുതുന്നു
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം ബിഹാറിൽ നടത്തിയ ഐതിഹാസികമായ വോട്ടർ അധികാർ യാത്ര പര്യവസാനം കുറിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ മുന്നണിയുടെ പരിപാടിയായി തുടങ്ങി പതിനാല് ദിവസം കൊണ്ട് 1300 കിലോമീറ്ററുകൾ പിന്നിട്ട യാത്ര സമാപിക്കുമ്പോഴേക്ക് അത് ബിഹാറിലെ എല്ലാവിഭാഗം ജനങ്ങളുടെയും ഒരു മുന്നേറ്റമായി പരിണമിച്ചിരുന്നു. ‘‘വോട്ട് ചോർ ഗഡ്ഡീ ഛോഡ്’’ (വോട്ടുകള്ളാ, സിംഹാസനം വിട്ടൊഴിയൂ) എന്ന മുദ്രാവാക്യം ബിഹാറിലെ മുക്കുമൂലകളിൽ ആബാലവൃദ്ധം ജനങ്ങളുടെ മനസ്സിൽ മുഴങ്ങുന്നു.
ഏതൊരു യാത്രയുടെയും വിജയം കണക്കാക്കപ്പെടുന്നത് അത് ജനമനസ്സുകളിൽ എത്രകണ്ട് സ്വാധീനം ചെലുത്തി എന്നതിന്റെ വെളിച്ചത്തിലാണല്ലോ. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ഇൻഡ്യ മുന്നണിക്ക് സമ്പൂർണ ആത്മവിശ്വാസവും പകർന്നുനൽകാൻ ഈ മുന്നേറ്റത്തിന് സാധിച്ചു. ഭരണകൂടം സൃഷ്ടിച്ച സകല പ്രതിബന്ധങ്ങളും മറികടന്നാണ് ഞങ്ങൾ യാത്ര നടത്തിയതും അത് വിജയത്തിലെത്തിച്ചതും. ജാഥ ജനങ്ങളെ എത്രമാത്രം സ്വാധീനിച്ചു, അത് ഭരണകൂടത്തെ എത്രകണ്ട് ഭയപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം കേട്ടാലറിയാം.
ചേർത്തുപിടിച്ച ചുവടുകൾ
വർഗീയ-വിദ്വേഷശക്തികൾ രാജ്യത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച ഘട്ടത്തിൽ അതിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നാലായിരത്തോളം കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് നടത്തിയ ഭാരത് ജോഡോ യാത്രയും ഇന്ത്യയിലെ ജനങ്ങളെ ചേർത്തുപിടിച്ചിരുന്നു. ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും സന്ദേശം ജനങ്ങളുടെ മനസ്സുകളിൽ നിറഞ്ഞു. ആ യാത്ര കോൺഗ്രസിനും രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കും വലിയ ആവേശം പകർന്നു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാം എന്ന മുദ്രാവാക്യം ഇന്ന് രാജ്യത്തിന് ചിരപരിചിതമാണ്. അതിനുശേഷം നടത്തിയ ഭാരത് ജോഡോ ന്യായ് യാത്ര സാമൂഹിക വിഷയങ്ങളെയാണ് ഉയർത്തിപ്പിടിച്ചത്. കലാപശേഷം നാളിതുവരെ രാജ്യത്തിന്റെ പ്രധാനമന്ത്രി കടന്നുചെല്ലാത്ത കത്തിയെരിഞ്ഞ മണിപ്പൂരിലെ മുറിവേറ്റ മനുഷ്യർക്ക് ആശ്വാസം പകർന്നുകൊണ്ടാണ് രാഹുൽ ഗാന്ധി ആ യാത്ര ആരംഭിച്ചത്. ജാതി സെൻസസ് വേണമെന്ന ആവശ്യം രാജ്യമൊട്ടുക്ക് വ്യാപിച്ചതും ആ യാത്രക്ക് പിന്നാലെയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങളും മാധ്യമങ്ങളും നേതാക്കളുമെല്ലാം കോൺഗ്രസിന്റെ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ, ഫലം മറിച്ചായപ്പോൾ എവിടെയോ എന്തോ സംഭവിക്കുന്നുണ്ട് എന്ന് ബോധ്യമായി. അത് കണ്ടുപിടിക്കണമെന്ന് തീരുമാനിച്ചു നിൽക്കെ വന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം കൂടിയായപ്പോൾ സംശയങ്ങൾ ഇരട്ടിച്ചു. അതോടെയാണ് ഷുവർ സീറ്റായ ബംഗളൂരു സെൻട്രൽ സീറ്റിലെ അപ്രതീക്ഷിത തോൽവിയെക്കുറിച്ച് പഠിക്കാൻ രാഹുൽ ഗാന്ധിതന്നെ നേരിട്ട് നിർദേശം നൽകിയത്. നാലുമാസത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി കണ്ടെടുത്ത തെളിവുകളുടെ ബലത്തിൽ സംശയരഹിതമായ വസ്തുതകളാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടത്. അതിനിടയിലാണ് ബിഹാറിലെ എസ്.ഐ.ആർ പ്രക്രിയയുമായി ഇലക്ഷൻ കമീഷൻ മുന്നോട്ടുപോയത്
ഈ മുന്നേറ്റം സുതാര്യതക്കു വേണ്ടി
ഇലക്ഷൻ കമീഷൻ നിഷ്പക്ഷതയോടെയും സുതാര്യത ഉറപ്പാക്കിയും പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനമാണ്. കഴിഞ്ഞ കാലങ്ങളിൽ നിഷ്പക്ഷത ഏറെക്കുറെ പാലിക്കപ്പെട്ടിട്ടുമുണ്ട്. ഇലക്ഷൻ കമീഷൻ ഭരണകക്ഷിയുടെ മുന്നണിയെപ്പോലെ പ്രവർത്തിച്ചിരുന്നുവെങ്കിൽ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി പരാജയപ്പെടുമായിരുന്നില്ലല്ലോ. ഒരു രാജ്യത്ത് ഇലക്ഷൻ കമീഷൻ നിഷ്പക്ഷവും തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവുമല്ലെങ്കിൽ ജനാധിപത്യം അപകടത്തിലായി എന്നു തന്നെയാണർഥം. ഇലക്ഷൻ കമീഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നൽകിയ വിധിന്യായം തന്നെ അട്ടിമറിച്ചാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.
തെരഞ്ഞെടുപ്പ് കമീഷനർമാർക്കും മുൻ കമീഷനർമാർക്കുമെതിരെ ക്രിമിനൽ കേസുകൾ നൽകാനാവില്ലെന്ന വ്യവസ്ഥ കൊണ്ടുവന്നപ്പോൾതന്നെ ഞങ്ങൾ എതിർത്തിരുന്നതാണ്. ഇലക്ട്രോണിക് വോട്ടർപട്ടിക നൽകണമെന്ന ആവശ്യവും ഹരിയാനയിലും മഹാരാഷ്ട്രയിലും നിരാകരിക്കപ്പെട്ടു. മഹാരാഷ്ട്രയിൽ പോളിങ്ങിന്റെ അവസാന മണിക്കൂറുകളിൽ നടന്ന കൃത്രിമങ്ങൾ വെളിപ്പെടുത്താനുതകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് 45 ദിവസത്തിന് ശേഷം തിരക്കുപിടിച്ച് നശിപ്പിച്ചുവെന്നറിഞ്ഞു. അതിനെല്ലാമിടയിൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രണ്ടോ മൂന്നോ മാസങ്ങൾ ബാക്കിനിൽക്കെയാണ് ബിഹാറിൽ എസ്.ഐ.ആർ പ്രക്രിയ നടപ്പാക്കാൻ കമീഷൻ തുനിഞ്ഞത്.
ബിഹാറുപോലുള്ള സംസ്ഥാനത്ത് 65 ലക്ഷത്തോളം വോട്ടുകൾ നീക്കം ചെയ്യാനൊരുമ്പെടുന്നത് കൃത്യമായ ഉന്നംവെച്ചാണ്. പട്ടികജാതിക്കാർ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വോട്ടുചെയ്യില്ലെന്ന് കണക്കാക്കപ്പെടുന്നവരുടെ വോട്ടുകളെല്ലാം കമീഷൻ വെട്ടിമാറ്റിക്കൊടുക്കുകയാണ്. ഇത്തരമൊരു വലിയ പ്രക്രിയ നടക്കുമ്പോൾ തീർച്ചയായും പങ്കെടുപ്പിക്കേണ്ടിയിരുന്ന രാഷ്ട്രീയ പാർട്ടികളെ അതിലേക്ക് അടുപ്പിച്ചതുപോലുമില്ല. ഏകാധിപത്യ നിലപാടാണ് ഇലക്ഷൻ കമീഷൻ സ്വീകരിച്ചത്. അതിനെല്ലാമെതിരെയാണ് വോട്ടർ അധികാര യാത്രയുമായി ഞങ്ങൾ മുന്നിട്ടിറങ്ങിയത്. വോട്ടുകൊള്ള നടക്കുന്നുവെന്ന് ബിഹാർ ജനതക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശംപോലും ജനങ്ങളിൽനിന്ന് എടുത്തുകളയപ്പെട്ടാൽ അരാജകത്വമല്ലേ ഉണ്ടാവുക.
പിണറായി മിണ്ടാത്തതെന്തേ?
ജനങ്ങളുടെ ജനാധിപത്യാവകാശം പിടിച്ചുപറിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടക്കം മുതൽക്കുതന്നെ നമ്മുടെ ഉദ്യമങ്ങൾക്കൊപ്പമുണ്ട്, വോട്ടർ അധികാർ യാത്രയിലും അദ്ദേഹം പങ്കാളിയായി. കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ഹേമന്ദ് സോറനും മമത ബാനർജിയും പ്രതികരിച്ചു, എന്നാൽ, പ്രതിപക്ഷ നിരയിൽനിന്ന് ഇതേക്കുറിച്ച് സംസാരിക്കാത്ത ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ വിഷയത്തിൽ ഏറ്റവും ശക്തമായി ശബ്ദമുയർത്തേണ്ടിയിരുന്ന അദ്ദേഹം ഇവ്വിധം നിശബ്ദത പുലർത്തുന്നതെന്തുകൊണ്ടാണ് എന്ന് മനസ്സിലാവുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.