തിരുവനന്തപുരം: പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങളോ കൈയടിക്കുള്ള വകയിരുത്തലുകളോ ഇല്ലാതെ ഭൂനികുതിയിലും ഇ-വാഹനങ്ങളിലുമടക്കം അധികഭാരം അടിച്ചേൽപിച്ച് രണ്ടാം പിണറായി സർക്കാറിന്റെ അഞ്ചാം ബജറ്റ്. ധന ഞെരുക്കത്തെ അതിജീവിക്കുന്നുവെന്ന് ആമുഖത്തിൽ ധനമന്ത്രി അവകാശപ്പെടുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പെൻഷനിൽ ഒരു രൂപ പോലും വർധിപ്പിക്കാനാകാത്തവിധം കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനമെന്ന് പറയാതെ പറയുന്നു. മൂന്ന് മാസത്തെ...
തിരുവനന്തപുരം: പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങളോ കൈയടിക്കുള്ള വകയിരുത്തലുകളോ ഇല്ലാതെ ഭൂനികുതിയിലും ഇ-വാഹനങ്ങളിലുമടക്കം അധികഭാരം അടിച്ചേൽപിച്ച് രണ്ടാം പിണറായി സർക്കാറിന്റെ അഞ്ചാം ബജറ്റ്. ധന ഞെരുക്കത്തെ അതിജീവിക്കുന്നുവെന്ന് ആമുഖത്തിൽ ധനമന്ത്രി അവകാശപ്പെടുമ്പോഴും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പെൻഷനിൽ ഒരു രൂപ പോലും വർധിപ്പിക്കാനാകാത്തവിധം കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനമെന്ന് പറയാതെ പറയുന്നു. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക 12 മാസത്തെ സാവകാശത്തിൽ കൊടുത്ത് തീർക്കുമെന്നതാണ് ഇത് സംബന്ധിച്ച് ആകെപ്പറഞ്ഞത്. വയനാട് പുരധിവാസത്തിനായി പ്രഖ്യാപിച്ച 750 കോടി സമാഹരിക്കാനുള്ള സ്രോതസ്സുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുതൽ കോർപറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടും സ്പോൺസർഷിപ്പുകളും വരെ നീളുന്നുവെന്നത് സാമ്പത്തിക ഞെരുക്കത്തിന്റെ ആഴം അടിവരയിടുന്നു.
ഭൂനികുതിയിലെ 50 ശതമാനം വർധനവ് സാധാരണക്കാരുടെ നടുവൊടിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന നികുതി സമാശ്വാസത്തിലെ പൊളിച്ചെഴുത്താണ് മറ്റൊരു തിരിച്ചടി. നിലവിൽ അഞ്ച് ശതമാനമായിരുന്ന ഇ-വാഹന നികുതി, വിലയ്ക്കനുസരിച്ച് പുനഃക്രമീകരിക്കും. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങളുടെ നികുതി ഒറ്റത്തവണയായി എട്ട് ശതമാനം നൽകണം. അതായത് 15 ലക്ഷം രൂപ വിലയുള്ള ഒരു വാഹനത്തിന് നിലവില്‍ വാഹന വിലയുടെ അഞ്ച് ശതമാനമായി 75000 രൂപയായിരുന്നു നികുതി ഈടാക്കിയിരുന്നതെങ്കിൽ, എട്ട് ശതമാനമായി ഉയരുന്നതോടെ നികുതി 1,20,000 രൂപയാകും. കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്ന സാഹചര്യത്തിലുള്ള ഈ വില വർധന വിപണിയെ ബാധിക്കുകയും ചെയ്യും. കഴിഞ്ഞ നാലുമാസമായി ഓട്ടോമൊബൈൽ വിപണി നേരിയ മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഇതടക്കം വിവിധ നികുതി വർധന പ്രഖ്യാപനങ്ങളിലൂടെ 350 കോടിയോളം രൂപയാണ് സമാഹരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് താളംനിലച്ച ലൈഫ് പദ്ധതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുണ്ട്. ഒരു ലക്ഷം പുതിയ ഭവനങ്ങള്‍ നിര്‍മിക്കാനായി 1,160 കോടി രൂപയാണ് വകയിരുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുമെന്നതാണ് ലൈഫിന് ജീവൻ കൊടുക്കാനുള്ള ഇടപെടലുകൾക്ക് കാരണം. വമ്പൻ പദ്ധതികൾക്ക് പ്രഖ്യാപിക്കാതെ തന്ത്രപരമായ വകയിരുത്തലുകൾക്കും ലക്ഷ്യം ബഹുമുഖം. സാമ്പത്തികനില മെച്ചപ്പെട്ടുവെന്ന് പ്രഖ്യാപിക്കുമ്പോഴും ഏതൊക്കെ വകയിലാണെന്നതിൽ അധികം വിശദീകരണങ്ങളില്ല.