Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപുതിയ മെഡിക്കൽ കോളജുകൾ...

പുതിയ മെഡിക്കൽ കോളജുകൾ ആസൂത്രണം ചെയ്യുമ്പോൾ

text_fields
bookmark_border
പുതിയ മെഡിക്കൽ കോളജുകൾ ആസൂത്രണം ചെയ്യുമ്പോൾ
cancel
പുതിയ മെഡിക്കൽ കോളജുകളുടെ തന്ത്രപരമായ സ്ഥാപനം വെറുമൊരു വിപുലീകരണ തന്ത്രമല്ല, മറിച്ച് തുല്യവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ വികസനത്തിന് അത്യന്താപേക്ഷിതമായ നടപടിയാണ്

പൊതുജനാരോഗ്യ സംവിധാനങ്ങളിലൂടെ കേരളം ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിന് മാതൃകാ സംസ്ഥാനമായി ആഘോഷിക്കപ്പെടുമ്പോഴും, അടിസ്ഥാന മെഡിക്കൽ സൗകര്യങ്ങളുടെ അസംതുലിതമായ വിതരണം ഒരു നിർണായക ഘടനാപരമായ പ്രശ്നമായി നിലനിൽക്കുന്നു. കഴിഞ്ഞ സർക്കാരുകളുടെ ദീർഘവീക്ഷണക്കുറവും വിലപേശൽ രാഷ്ട്രീയത്തിലെ സ്വാധീനക്കുറവുമാവാം ഇതിന് കാരണം. ചില ജില്ലകൾ പൊതു ആശുപത്രികളിൽ നിന്നും ഒന്നിലധികം മെഡിക്കൽ കോളജുകളിൽ നിന്നും പ്രയോജനം നേടുമ്പോൾ, മറ്റുള്ളവ - പ്രത്യേകിച്ച് വടക്കൻ, ഉൾനാടൻ പ്രദേശങ്ങളിൽ - ആശുപത്രി കിടക്കകളുടെയും മെഡിക്കൽ പ്രഫഷണലുകളുടെയും എണ്ണത്തിൽ ഗണ്യമായ കുറവാണ് നേരിടുന്നത്. ഇപ്പോഴെങ്കിലും സത്വരമായ തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2030 ആകുമ്പോഴേക്കും ഈ അസമത്വം കൂടുതലായി ഗുരുതര പ്രതിസന്ധി സംജാതമാകുമെന്ന് ഉറപ്പാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതിയും വിഭവങ്ങളുടെ തുല്യ വിതരണവും വികസനപദ്ധതികളുടെ സംതുലനവും ഏതൊരു ജനായത്ത സർക്കാരിന്റെയും ലക്ഷ്യമായിരിക്കണം. ഒരു പുതുയുഗ കേരളത്തെ മുൻപിൽ കണ്ട് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ തയ്യാറാക്കുമ്പോൾ, നിലവിലെ അസമത്വം പരിഹരിച്ച് അടുത്ത ഇരുപതോ മുപ്പതോ വർഷത്തെ ജനസംഖ്യാ വർധനവ് കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

സംസ്ഥാന ആസൂത്രണ ബോർഡിന് ഡേറ്റയുടെ പിൻബലത്തിൽ സർക്കാരുകൾക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകേണ്ട ഉത്തരവാദിത്തമുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജനസംഖ്യാടിസ്ഥാനത്തിൽ ചില ജില്ലകൾ ഇപ്പോൾത്തന്നെ വളരെ പിന്നിലാണ്. ആദ്യപടിയായി ഇത് പരിഹരിച്ചുവേണം നാം മുന്നോട്ട് പോകാൻ. സാമൂഹികനീതിയിലധിഷ്ഠിതമായ മൂലധനത്തിന്റെയും വിഭവങ്ങളുടെയും നീതിപൂർവകമായ വിതരണം നിർവഹിച്ച്, പുതിയ സർക്കാർ എത്രയും പെട്ടെന്ന് ഈ അസംതുലിതാവസ്ഥ പരിഹരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നിലവിലെ സാഹചര്യം

സർക്കാർ, സ്വകാര്യ മേഖലകളിലായി കേരളത്തിൽ ഏതാണ്ട് മൂന്ന് ഡസൻ മെഡിക്കൽ കോളജുകളാണുള്ളത്. 2011-ലെ ജനസംഖ്യാടിസ്ഥാനത്തിൽ ആശുപത്രി കിടക്കകളുടെ ലഭ്യത കണക്കാക്കുമ്പോൾ, ഒരു ലക്ഷം പേർക്ക് 38 കിടക്ക മാത്രമുളള കാസർകോട്, മലപ്പുറം (49 കിടക്ക), കണ്ണൂർ (57 കിടക്ക) എന്നീ ജില്ലകളാണ് ഏറ്റവും പിന്നിൽ നിൽക്കുന്നത്. 2011-ലെ സെൻസസിന് ശേഷമുള്ള 15 വർഷത്തെ ജനസംഖ്യാ വർദ്ധനവ് കൂടി കണക്കിലെടുത്താൽ ഈ അനുപാതം ഇതിലും കുറവായിരിക്കും. മെഡിക്കൽ സൗകര്യങ്ങൾ ഏറെയുള്ള പത്തനംതിട്ട (ലക്ഷം പേർക്ക് 201 കിടക്ക), കോഴിക്കോട് (162 കിടക്ക), കോട്ടയം (136 കിടക്ക) ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ മൂന്ന് ജില്ലകളുടെ അവസ്ഥ എത്ര പരിതാപകരമാണെന്ന് മനസ്സിലാകും.

അടിസ്ഥാന മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഈ ജില്ലകളിലെ ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്. ഇവിടുത്തെ ആശുപത്രികളും മെഡിക്കൽ കോളജുകളും തങ്ങളുടെ നിർവഹണ ശേഷിയേക്കാൾ വളരെ വലിയ ഭാരമാണ് ചുമക്കുന്നത്. പ്രകൃത്യാ ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയും ഭാരിച്ച ചെലവുകൾ വഹിക്കേണ്ടിവരികയും ചെയ്യുന്നു.

പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ ലഭ്യമായ ആശുപത്രികളോ മെഡിക്കൽ കോളജുകളോ തന്നെ ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ പ്രയാസകരമായ പ്രദേശങ്ങളിലാണ്. റോഡ് ഗതാഗത സൗകര്യം കുറവായതിനാൽ യാത്രാക്ലേശം ഏറെയാണ്. രോഗികൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടിവരികയും ആശുപത്രികളിലെ തിരക്ക് കാരണം ഏറെനേരം കാത്തുനിൽക്കേണ്ടിവരികയും ചെയ്യുന്നു. പലപ്പോഴും വിദഗ്ദ്ധ വൈദ്യസഹായം തക്കസമയത്ത് ലഭിക്കാതിരിക്കുന്നത് ജീവനുതന്നെ ഭീഷണിയാവുന്നു. ഏറ്റവും പരിചരണവും ശുശ്രൂഷയും വേണ്ട അത്യാസന്ന നിലയിലുള്ള രോഗികളെപ്പോലും കിടക്കകളുടെ അഭാവം കാരണം തറയിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്.

ഉദാഹരണത്തിന് മലപ്പുറം ജില്ല തന്നെ വിശകലനം ചെയ്യാം. ഭൂമിശാസ്ത്രപരമായി അറബിക്കടൽ മുതൽ സഹ്യപർവ്വതം വരെയുള്ള തീരപ്രദേശം, ഇടനാട്, മലനാട് എന്നിവയെല്ലാം ഉൾക്കൊള്ളുന്ന അതിവിശാലമായ (3554 കി.മീ2) പ്രദേശമാണ് മലപ്പുറം. നിലവിലുള്ള രണ്ട് മെഡിക്കൽ കോളജുകളും (മലപ്പുറത്തും മഞ്ചേരിയിലും) താരതമ്യേന ജനസാന്ദ്രത കുറഞ്ഞ മലനാട്ടിലാണ്. എന്നാൽ ജനസാന്ദ്രത ഏറെയുള്ള തീരപ്രദേശത്ത് മെഡിക്കൽ സൗകര്യങ്ങൾ വളരെ കുറവാണ്. തീരത്തുനിന്ന് 35 കിലോമീറ്ററിനുള്ളിലുള്ള പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളും അതിനോടുചേർന്നുള്ള പഞ്ചായത്തുകളുമാണ് ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ; ഇത് ആകെ ജനസംഖ്യയുടെ 33% വരും. 2011-ലെ സെൻസസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 41.1 ലക്ഷമാണ്. 2021-ലെ അനുമാനം 44.4 ലക്ഷവും 2030-ൽ ഏതാണ്ട് 47.7 ലക്ഷവുമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

പൊതുവെ സൗകര്യങ്ങളുള്ള പത്തനംതിട്ട, കോഴിക്കോട്, കോട്ടയം ജില്ലകളുടെ നിലവാരത്തിലേക്ക് എത്താൻ മലപ്പുറം ജില്ലയിൽ ഇനിയും ഏതാണ്ട് 6,600 കിടക്കകളുടെ സൗകര്യം കൂടി അധികമായി ഉണ്ടാകേണ്ടതുണ്ട്. അതായത്, 2011-ലെ ജനസംഖ്യാ നിരക്ക് പ്രകാരം തന്നെ ഇനിയും രണ്ടോ മൂന്നോ മെഡിക്കൽ കോളജുകൾ കൂടി ഇവിടെ വരണം. സമീപഭാവിയിലെ കണക്കെങ്കിലും പരിഗണിച്ചാൽ, 2030-ഓടെ മലപ്പുറത്തെ ജനസംഖ്യ 47 ലക്ഷത്തിലധികമായിരിക്കും; അതായത് 11,000 കിടക്കകളുടെ കുറവ് ഇവിടെയുണ്ടാകും.

1984-ൽ രൂപീകൃതമായ കാസർകോട് ജില്ലയാണ് ആശുപത്രി കിടക്കകളുടെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ- ലക്ഷം പേർക്ക് വെറും 38 കിടക്കകൾ മാത്രം. ഇവിടെ താരതമ്യേന പുതിയ ഒരു മെഡിക്കൽ കോളേജ് മാത്രമാണുള്ളത്, അതിലാകട്ടെ 500 കിടക്കകൾ മാത്രമാണുള്ളത്. 2011-ലെ സെൻസസ് പ്രകാരം 13 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 2021-ൽ ഇത് 14 ലക്ഷമായി കണക്കാക്കിയിരിക്കുന്നു. 2030 ഓടെ ജനസംഖ്യ 15 ലക്ഷത്തിലധികമാകുമ്പോൾ ചുരുങ്ങിയത് 2,300 കിടക്കകൾ വേണ്ടിവരും; അതായത് ഇനിയും 1,800 കിടക്കകളുടെ കുറവ്. കാസർകോട് ജില്ലയിലും ചുരുങ്ങിയത് ഒരു മെഡിക്കൽ കോളജെങ്കിലും പുതുതായി ആവശ്യമാണ്. ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ കാഞ്ഞങ്ങാട് കേന്ദ്രമായി ഒരു മെഡിക്കൽ കോളേജ് വരേണ്ടതുണ്ട്.

കണ്ണൂർ ജില്ലയുടെ കാര്യവും വളരെ പരിതാപകരമാണ്. ലക്ഷം പേർക്ക് 57 കിടക്കകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. രണ്ട് മെഡിക്കൽ കോളജുകൾ ഉണ്ടെങ്കിലും ഇവിടുത്തെ ജനസംഖ്യ 2011-ൽ തന്നെ 25 ലക്ഷത്തിലധികമായിരുന്നു. 2021-ൽ ഇത് 27.3 ലക്ഷമായും 2030-ൽ 30 ലക്ഷമായും ഉയരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ കണ്ണൂരിലും പരിയാരത്തുമാണ് മെഡിക്കൽ കോളജുകളുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏതാണ്ട് 4,500 കിടക്കകൾ ആവശ്യമാണ്; അതായത് 3,000 കിടക്കകളുടെ കുറവുണ്ട്. കണ്ണൂർ ജില്ലയിലും ഒരു മെഡിക്കൽ കോളേജ് കൂടി ആവശ്യമാണ്. ജനസാന്ദ്രത കൂടിയ തലശ്ശേരിയിലോ അല്ലെങ്കിൽ കിഴക്കൻ പ്രദേശമായ ഇരിട്ടിയിലോ പുതിയൊരു മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടതുണ്ട്.

ചുരുക്കത്തിൽ, ആരോഗ്യരംഗത്ത് തന്ത്രപരമായ ആസൂത്രണ ഉൾക്കാഴ്ചകൾ അത്യാവശ്യമാണ്. ആരോഗ്യരംഗത്തെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ പുതിയ മെഡിക്കൽ കോളേജുകൾ അത്യാവശ്യമാണ്. അതുവഴി ആശുപത്രികളുടെ അമിതഭാരം കുറക്കാനും കിടക്ക ക്ഷാമം പരിഹരിക്കുന്നതിനും രോഗികളുടെ യാത്രാഭാരം കുറയ്ക്കാനും ദീർഘനേരം കാത്തിരിപ്പ് ഒഴിവാക്കാനും സാധിക്കും. മാത്രമല്ല, ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ലഭ്യത വർധിപ്പിക്കാനും ഡോക്ടർ -ജനസംഖ്യ അനുപാതം മെച്ചപ്പെടുത്താനും സാധിക്കുന്നു. വികേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി, സന്തുലിത പ്രാദേശിക വികസനം ലക്‌ഷ്യം വെക്കുന്നതോടെ തുല്യമായ വളർച്ചയും നഗരങ്ങളിലെ ഗതാഗത തിരക്ക് കുറക്കാനും സാധിക്കുന്നു.

(ജപ്പാനിലെ അഡ്വാൻസ്ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ റിസർച് സയന്റിസ്റ്റും പരിസ്ഥിതി-ദുരന്ത നിവാരണ വിദഗ്ദ്ധനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Ministerministry of healthmedical collegesGovernment of Kerala
News Summary - When planning new medical colleges
Next Story