Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമൂന്നാം ഇടതു...

മൂന്നാം ഇടതു സർക്കാറിലേക്കുള്ള ചുവടുവെപ്പാകും തദ്ദേശ ഫലം -ബി​നോ​യ്​ വി​ശ്വം

text_fields
bookmark_border
Binoy Viswam
cancel
തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ മേൽക്കൈക്കപ്പുറം തിളക്കമാർന്ന വിജയം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബി​നോ​യ്​ വി​ശ്വം ‘മാധ്യമ’വുമായി സംസാരിക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ വിജയ പ്രതീക്ഷ എത്രമാത്രമാണ്. നിലവിലുള്ള മേൽക്കൈ നിലനിർത്താനാവുമോ?

ആകെയുള്ള 941 ഗ്രാമ പഞ്ചായത്തിൽ 514ലും 152 ബ്ലോക്ക് പഞ്ചായത്തിൽ 113ലും 87 നഗരസഭയിൽ 44ലും 14 ജില്ല പഞ്ചായത്തിൽ 11ലും ആറ് കോർപറേഷനിൽ അഞ്ചിലും ഇടതുഭരണമാണ്. ഇതിനേക്കാൾ വലിയ മുന്നേറ്റമുണ്ടാകും. അനൈക്യത്തിന്‍റെ താവളമായ യു.ഡി.എഫ് ദുർബലമാണ്. എൽ.ഡി.എഫ് മുമ്പില്ലാത്തവിധം ഐക്യത്തിലും. രാഷ്ട്രീയമായി കരുത്താർജിക്കുകയും ചെയ്തു. 10 വർഷത്തെ വികസന, ജനക്ഷേമ പ്രവർത്തനങ്ങളാൽ കെട്ടിപ്പടുത്ത പുതിയ കേരളം നമുക്ക് മുന്നിലുണ്ട്. കൂടുതൽ അധികാരം നൽകി തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് ഇടതുസർക്കാറുകളാണ്. എന്നാൽ, തകർക്കുന്ന നിലപാടായിരുന്നു യു.ഡി.എഫിന്. അധികാര വികേന്ദ്രീകരണത്തിന്‍റെയടക്കം രാഷ്ട്രീയം ഞങ്ങൾ പറയും.

സർക്കാർ നാലരവർഷം പൂർത്തിയാക്കുമ്പോഴുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകില്ലേ? ഭരണവിരുദ്ധ വികാരം ആളിക്കത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്?

എല്ലാം വിലയിരുത്തുമല്ലോ. സർക്കാറിന് ഒരുപാട് പരിമിതികളുണ്ട്. അവയിലേറെയും സാമ്പത്തികമാണ്. അർഹതപ്പെട്ട വിഹിതം കേന്ദ്രം നൽകുന്നില്ല. കേരളത്തെ ഇന്ത്യയുടെ ഭാഗമായി പോലും കാണുന്നില്ല. വയനാട് ദുരന്തത്തിലും ജി.എസ്.ടിയിലുമെല്ലാം പ്രതിഫലിച്ചത് ഇതാണ്. വികസന സൂചികകളിലെല്ലാം കേരളം ഒന്നാംസ്ഥാനം നേടിയതിനെപ്പോലും സംസ്ഥാനത്തിനവകാശപ്പെട്ട പണം തട്ടിപ്പറിക്കാനുള്ള മറയാക്കി കേന്ദ്രം മാറ്റി. സർക്കാറിന്‍റെ അതിദാരിദ്ര്യ നിർമാർജനം, ലൈഫ് പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം, ക്ഷേമ പെൻഷൻ വർധന, മാലിന്യ സംസ്കരണ പദ്ധതികൾ എന്നിവയെല്ലാം ജനം സ്വീകരിച്ചതാണ്. മൂന്നാം ഇടതുസർക്കാറിലേക്കുള്ള യാത്രയുടെ വമ്പിച്ച ചുവടുവെപ്പാകും തെരഞ്ഞെടുപ്പ് ഫലം.

തിരുവനന്തപുരം കോർപറേഷനടക്കം പിടിച്ചെടുക്കുന്ന തരത്തിൽ വലിയ വിജയം നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം?

രാഷ്ട്രത്തിന്‍റെ മതമായി സവർണ ഹിന്ദുത്വത്തെ കാണുന്നവരാണ് ബി.ജെ.പിക്കാർ. അങ്ങനെവന്നാൽ പിന്നെ ഇന്ത്യ ബാക്കിയില്ല. അക്കാര്യത്തിൽ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ട്. ആ ശബ്ദമാണ് എൽ.ഡി.എഫ് ഏറ്റുപിടിക്കുന്നത്. എല്ലാ നെറികെട്ട കളികളും കളിക്കുന്ന അവർ പണം വാരിയെറിയുകയാണ്. ജാതി, മതം, വിശ്വാസം എന്നിവയെല്ലാം ഉപയോഗിക്കുന്നു. എന്തുവിലകൊടുത്തും ബി.ജെ.പിയെ നേരിടണം. തിരുവനന്തപുരം കോർപറേഷനിലടക്കം എവിടെയും അവർ ജയിക്കില്ല.

ശബരിമല സ്വർണക്കൊള്ളയിൽ, ഇടതുപക്ഷം നിയോഗിച്ച ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരടക്കം അറസ്റ്റിലായത് തിരിച്ചടിയാവില്ലേ?

ശബരിമല വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ആരാണോ ഉപ്പുതിന്നത് അവരെല്ലാം വെള്ളം കുടിക്കണം. ഉപ്പുതിന്നവർ എപ്പോഴെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ മറയാക്കിയിട്ടുണ്ടെങ്കിൽ ആ പാർട്ടിയുടെ കുറ്റമല്ല. അഴിമതിക്ക് പാർട്ടിയെ മറയാക്കിയവരാണ് കുറ്റവാളികൾ. പാർട്ടി ഉത്തരവാദിയല്ല. ശബരിമല ലക്ഷക്കണക്കിന് പേരുടെ വിശ്വാസ കേന്ദ്രമാണ്. അവിടെ അഴിമതി നടക്കാൻ പാടില്ല. ശബരിമല ഒരു പാഠമാണ്. അത് സി.പി.ഐ പഠിക്കും. അഴിമതിക്കാരോട് സന്ധിയില്ല. എല്ലാ അഴിമതിക്കാരെയും ശിക്ഷിക്കണം.

ആർ.എസ്.എസുകാരടക്കം ഇരുട്ടി വെളുക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥികളായി. തിരുവനന്തപുരം കോർപറേഷൻ പാങ്ങോട് വാർഡിലെ സി.പി.ഐ സ്ഥാനാർഥി ആർ.എസ്.എസുകാരനല്ലേ?

കമ്യൂണിസ്റ്റ് പാർട്ടിയുടെ നിതാന്ത ശത്രുവാണ് ആർ.എസ്.എസും ബി.ജെ.പിയും. ഇന്ത്യയിലെ ഫാഷിസ്റ്റ് മുഖമാണവർ. ആ രാഷ്ട്രീയവും ആശയവും വെടിഞ്ഞ് തിരിച്ചറിവിന്‍റെ മാറ്റം ആർക്കുണ്ടായാലും അവരെ സ്വീകരിക്കും. ആശയപരമായ തിരുത്തൽ വേണമെന്നുമാത്രം. തിരിച്ചറിഞ്ഞ് ഇടതുപക്ഷ ബോധമുണ്ടായാൽ ആർക്കും പാർട്ടിയിലേക്ക് വരാം. അതൊരാളല്ല ആയിരം പേരായാലും സ്വീകരിക്കും. അവർക്കുമുന്നിൽ വാതിൽ കൊട്ടിയടക്കില്ല. പാങ്ങോട്ടെയാൾ ആർ.എസ്.എസ് രാഷ്ട്രീയം വെടിഞ്ഞാണ് എത്തിയത്. തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായിരുന്ന അണ്ണാമലൈ ഇപ്പോൾ എവിടെയാണെന്ന് നമ്മൾ ചിന്തിക്കണം.

പല തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിച്ചവരാണ് എൽ.ഡി.എഫ്. എന്നാലിപ്പോൾ വെൽഫെയർ പാർട്ടിയെ വർഗീയ കക്ഷിയെന്ന് ചാപ്പയടിക്കുകയാണ് ഇടതുപക്ഷം?

ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും രാഷ്ട്രീയവും ആശയവും തെറ്റാണ്. വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും രാഷ്ട്രീയം ബി.ജെ.പി പാത ഏളുപ്പമാക്കാനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം മുസ്ലിം ബി.ജെ.പിയും മുസ്ലിം ആർ.എസ്.എസും ആയി മാറലല്ല. കറയറ്റ മതനിരപേക്ഷ രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് തുണയാവുക. അത് മനസ്സിലാക്കാതെ അതിവൈകാരികമായി മതാധിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുകയാണവർ. എൽ.ഡി.എഫിന് ജമാഅത്തെ ഇസ്ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ ഒരു രാഷ്ട്രീയ ബന്ധവുമില്ല.

പി.എം ശ്രീയിൽ ഒപ്പുവെച്ചത് ഇടതുസർക്കാറിന് പറ്റിയ തെറ്റല്ലേ? സി.പി.ഐ എതിർപ്പിനെ തുടർന്ന് പിൻവാങ്ങിയിട്ടും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വീണ്ടും പാർട്ടിയെ വിമർശിച്ച് പലതവണ രംഗത്തുവന്നു?

ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് ബി.ജെ.പിക്ക് പി.എം ശ്രീ. എസ്.എസ്.കെയുടെ പണം കാണിച്ചാണ് അവർ കേരള സർക്കാറിന്‍റെ കൈയിൽ പിടിച്ചുവലിച്ചത്. എൽ.ഡി.എഫിന് രാഷ്ട്രീയ ഉൾക്കാഴ്ചയുള്ളതുകൊണ്ടാണ് പിന്മാറിയത്. പി.എം ശ്രീ സംബന്ധിച്ച സി.പി.എം-സി.പി.ഐ നിലപാട് ഒന്നാണെന്നിരിക്കെ ഇരുപാർട്ടികളും ചർച്ചയിലൂടെ പരിഹരിച്ച തർക്കം തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കുത്തിപ്പൊക്കാൻ ഉപസമിതി കൺവീനറായ മന്ത്രി വി. ശിവൻകുട്ടിയെ പ്രേരിപ്പിച്ച ചേതോവികാരവും രാഷ്ട്രീയ കാഴ്ചപ്പാടും എനിക്കറിയില്ല. സി.പി.എം കാഴ്ചപ്പാട് അദ്ദേഹത്തെ എം.എ. ബേബിയും എം.വി. ഗോവിന്ദനും പഠിപ്പിക്കണം. ശിവൻകുട്ടിക്ക് വായിക്കാൻ സി.പി.എമ്മിന്‍റെ നിരവധി രേഖകൾ ഞാൻ നൽകാം. എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച പ്രഭാത് പട്നായിക് അധ്യക്ഷനായ കമ്മിറ്റി പറഞ്ഞ കാര്യങ്ങളുണ്ട്. സി.പി.എം പോളിറ്റ് ബ്യൂറോ മുതൽ എസ്.എഫ്.ഐ വരെ പാസാക്കിയ പ്രമേയമുണ്ട്. ഇക്കാര്യത്തിൽ എസ്.എഫ്.ഐ നിലപാടാണ് എ.ഐ.എസ്.എഫിന്. കെ.എസ്.ടി.എ നിലപാടാണ് എ.കെ.എസ്.ടി.യുവിന്. പി.എം ശ്രീയിലെ നിലപാട് എൽ.ഡി.എഫ് വിജയമെന്നാണ് ഞാൻ പറഞ്ഞത്.

പി.എം ശ്രീ, ശബരിമല സ്വർണക്കൊള്ള, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളടക്കം ഉൾപ്പെട്ട കേസും രാഷ്ട്രീയ വിവാദങ്ങളുമെല്ലാം ചർച്ചയും തിരിച്ചടിയും ആകില്ലേ?

എൽ.ഡി.എഫ് സർക്കാറിന്‍റെ ഭരണ നേട്ടങ്ങളുടെ മികവുകണ്ട് പരാജയം ഉറപ്പായതിനാലാണ് യു.ഡി.എഫ് വിവാദങ്ങളുണ്ടാക്കുന്നത്. ഏതെങ്കിലും കാര്യത്തിൽ എൽ.ഡി.എഫിന് വീഴ്ചയുണ്ടെങ്കിൽ അത് തിരുത്തും. മുഖ്യമന്ത്രിയുടെ മാത്രമല്ല ആരുടെയും കുടുംബത്തെ രാഷ്ട്രീയ വിവാദത്തിൽ കക്ഷിയാക്കരുത്. അദ്ദേഹത്തിന്‍റെ മകനും മകളുമെല്ലാം സ്വതന്ത്ര വ്യക്തികളാണ്. കേസുണ്ടെങ്കിൽ അതിന്‍റെ വഴിക്ക് പോകട്ടെ. അല്ലാതെ രാഷ്ട്രീയം പറയുമ്പോൾ മുഖ്യമന്ത്രിയെ താറടിക്കാൻ കുടുംബത്തെ പറയുന്നത് ശരിയല്ല. യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും അവിവേകം നിറഞ്ഞ രാഷ്ട്രീയമാണത്. മുമ്പും അവരത് പറഞ്ഞു. ജനങ്ങളവരെ തോൽപിച്ചു. വീണ്ടും അവരത് പറയുന്നു. വീണ്ടും ജനങ്ങളവരെ തോൽപിക്കും.

വെളിയം, ചന്ദ്രപ്പൻ, കാനം തുടങ്ങിയ സി.പി.ഐ മുൻ സെക്രട്ടറിമാരുടെ നിരയിലേക്കുയർന്ന് സർക്കാറിനെ തിരുത്തിക്കുന്ന ശക്തിയാവുന്നില്ല ബിനോയ് വിശ്വമെന്ന് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. പി.എം ശ്രീയോടെ ഇതിന് മാറ്റംവന്നോ?

സി.പി.ഐ എന്താണെന്നും അതിന്‍റെ രാഷ്ട്രീയമെന്തെന്നും എന്നെ പഠിപ്പിച്ചത് വെളിയം അടക്കമുള്ള നേതാക്കളാണ്. എനിക്ക് വെളിയമാകാനും ചന്ദ്രപ്പനാകാനും കഴിയില്ല. എനിക്ക് ഞാനാകാനേ പറ്റൂ. പക്ഷേ, അവർ പഠിപ്പിച്ച പാഠങ്ങളിലൂടെയാണ് ഞാൻ മുന്നോട്ടുപോകുന്നത്. പാർട്ടി സമ്മേളനങ്ങൾ നേതാക്കൾക്ക് ജയ് ജയ് പാടാനല്ലെന്ന് ആദ്യമേ പറഞ്ഞതാണ്. സമ്മേളനം വിമർശിക്കാൻ കൂടിയുള്ളതാണ്. വിമർശനം പാർട്ടിയെ ശക്തിപ്പെടുത്തും. പാർട്ടിയിൽ സംഘടനാപരമായും രാഷ്ട്രീയമായും ആശയപരമായും ഐക്യം ഉണ്ടാക്കാനായി. പി.എം ശ്രീയിൽ പാർട്ടി എൽ.ഡി.എഫ് നിലപാടാണ് ഉയർത്തിപ്പിടിച്ചത്.

മുമ്പില്ലാത്ത വിധം സി.പി.ഐയുടെ താഴെ ത്തട്ടിലുള്ളവർ പാർട്ടിവിടുന്ന സാഹചര്യമുണ്ട്?

പ്രചരിപ്പിക്കുന്ന പോലെയൊന്നും ആളുകൾ പാർട്ടി വിടുന്നില്ല. പല കണക്കും പെരുപ്പിച്ചതാണ്. എന്നാൽ, ചിലർ പോയിട്ടുണ്ട്. അതുപോലെ തന്നെ വന്നിട്ടുമുണ്ട്. കമ്യൂണിസ്റ്റ് മൂല്യത്തിൽ ഉറച്ചുനിൽക്കുമ്പോൾ ചിലർക്കത് ഇഷ്ടമാവില്ല. ഗൗരവപ്പെട്ട കാരണത്താൽ വിട്ടുപോകുന്നുണ്ടെങ്കിൽ അതിനെ ആ നിലക്ക് കാണും. അവഗണിക്കേണ്ടതിനെ അവഗണിക്കും. തിരുത്തേണ്ടത് തിരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionBinoy ViswamLDFKerala Local Body Election
News Summary - Kerala Local body election results will be a step towards third Left government
Next Story