ബിന്ദുവിന്റെ രക്തസാക്ഷിത്വം വെറുതെയാകുമോ?
text_fieldsകേരളത്തിന്റെ ആരോഗ്യമേഖലക്ക് ഒട്ടേറെ സംഭാവന നൽകിയ മെഡിക്കൽ കോളജിലെ കെട്ടിടത്തിനടിയിൽ ശ്വാസംമുട്ടുമ്പോഴും രക്ഷാകരങ്ങൾ തനിക്കായി എത്തുമെന്ന് ബിന്ദു കരുതിയിരിക്കാം. ചികിത്സാരംഗത്ത് സാധാരണക്കാരുടെ അഭയകേന്ദ്രമായ കോട്ടയം മെഡിക്കൽ കോളജ് മൂന്ന് ജില്ലകളിൽനിന്നുള്ള രോഗികളുടെ ‘സൂപ്പർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി’യാണ്. രാജ്യത്തിന് മാതൃകയായി നിരവധി ശസ്ത്രക്രിയകൾ ഇവിടെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
എന്നാലിന്ന് പരിമിതികളിൽ വലഞ്ഞ് വെന്റിലേറ്ററിലാണ് ഈ ആതുരാലയം. മിക്ക കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി നടത്തിയിട്ട് കാലങ്ങളായി. മേൽക്കൂരയിലെ സിമന്റുപാളികൾ പലതും ഇളകിയും മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങിയ നിലയിലുമാണ്. മെഡിക്കൽ കോളജിൽ അപകടമുണ്ടായ കെട്ടിടത്തിനുൾപ്പെടെ പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലെന്ന ആർപ്പൂക്കര പഞ്ചായത്തിന്റെ വെളിപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണ്. ബിന്ദു എന്ന സാധുവീട്ടമ്മയുടെ ജീവൻ നഷ്ടപ്പെടേണ്ടിവന്നു ഈ ദുരവസ്ഥകൾ പുറംലോകം ചർച്ച ചെയ്യാൻ. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്ക് ഇനിയെങ്കിലും സർക്കാർ തയാറാകുമോ?
കുടിശ്ശിക വർധിച്ചു, ആരോഗ്യപദ്ധതികൾ മുടങ്ങി
അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവക്കുള്ള മരുന്നുകൾ പലതും എച്ച്.ഡി.എസ് പേയിങ് കൗണ്ടറിൽ ലഭ്യമല്ല. കാസ്പ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ രോഗികൾക്ക് ലഭിക്കുന്നില്ല. മരുന്നുകളുടെയും ഉപകരണങ്ങളുടെയും പണം നൽകാതെ കുടിശ്ശിക വരുത്തിവെച്ചിരിക്കുന്നതുമൂലം പല സ്ഥാപനങ്ങളും കമ്പനികളും മെഡിക്കൽ കോളജിന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിയതോടെ ശസ്ത്രക്രിയക്കായി 30 ശതമാനം ഉപകരണങ്ങൾ രോഗികൾതന്നെ പണം നൽകി വാങ്ങേണ്ട സ്ഥിതിയാണ്. വിവിധ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമായി 176.4 കോടിയാണ് കുടിശ്ശിക.
ആശുപത്രി വികസനസമിതി മാസം 50 ലക്ഷം രൂപയുടെവരെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുകൊണ്ടാണ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകുന്നത്. സമീപത്തെ സ്വകാര്യസ്ഥാപനത്തിൽനിന്ന് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിയ വകയിൽ 2023 നവംബർ വരെ 2.52 കോടി രൂപയാണ് കൊടുക്കാനുള്ളത്. കുട്ടികളുടെ ആശുപത്രിയും പ്രതിസന്ധിയിലാണ്. അഞ്ചുമാസമായി ഇവിടെ ഒരു ഫണ്ടും കിട്ടിയിട്ടില്ല. ഉപകരണങ്ങൾ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ മുടങ്ങാതിരിക്കാൻ സർജറി വിഭാഗത്തിൽ ഡോക്ടർമാർ പുതിയ രീതി സ്വീകരിക്കുകയാണ്.
വൃക്കയിലെ കല്ല് പൊടിച്ചുകളയുന്ന ഉപകരണം (ആർ.ഐ.ആർ.എസ്) ഇപ്പോൾ കിട്ടുന്നില്ല. 45,000 രൂപയാണ് വില. ശസ്ത്രക്രിയക്ക് എത്തുന്ന രോഗിയോട് തുക അടക്കാമോയെന്ന് ഡോക്ടർ ചോദിക്കും. അങ്ങനെ അഞ്ചോ ആറോ പേരിൽനിന്ന് 6000 രൂപവെച്ച് വാങ്ങി ഉപകരണം ലഭ്യമാക്കും. വിവിധ വിഭാഗങ്ങളിലായി 56 വിദഗ്ധ ഡോക്ടർമാരുടെ കുറവുണ്ട്. നാല് പ്രഫസർ, 45 അസി. പ്രഫസർ, ഏഴ് അസോ. പ്രഫസർ എന്നിങ്ങനെ. അസ്ഥിരോഗം, ന്യൂറോസർജറി, ത്വഗ് രോഗം, ഗൈനക്കോളജി വിഭാഗങ്ങളിൽ ആറുവർഷമായി നിയമനവും നടന്നിട്ടില്ല.
പരിഹരിക്കാതെ പരാതികൾ
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടിവെള്ള സൗകര്യമോ വൃത്തിയുള്ള ശൗചാലയമോ ഇവിടെയില്ല. പ്രധാനപ്പെട്ട പല ഡിപ്പാർട്മെന്റുകളുടെയും കെട്ടിടങ്ങൾ ബലക്ഷയമുള്ളതാണ്. ബഹുനില കെട്ടിടത്തിന്റെ പല നിലകളിലേക്കും പടിക്കെട്ട് കയറിവേണം രോഗികൾ എത്താൻ. പ്രവർത്തനസജ്ജമെന്ന് ആശുപത്രി അധികൃതർ പറയുന്ന നാല് ഓപറേഷൻ തിയറ്ററുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ട് തിയറ്റർ അണുമുക്തമല്ല.
വാഹനങ്ങൾ കടന്നുപോകുന്ന വഴി കെട്ടിയടച്ച് നെഫ്രോളജി വാർഡ് നിർമിച്ചതിലൂടെ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന പ്രവേശനകവാടവും ഇല്ലാതായി. 2023ൽ പുതിയ കെട്ടിടത്തിന് തീപിടിച്ചപ്പോൾ അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ടാണ് ബഹുനില കെട്ടിടത്തിലേക്ക് ഓടിയെത്തിയത്. ഫയർ എൻജിനുകൾ കടന്നുപോകുന്ന ഫയർലൈനുകൾ മെഡിക്കൽ കോളജ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിൽഡിങ് ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിട നിർമാണമെന്ന് ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.