Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപിന്റെ അതിജീവന പോരാട്ടം; കടലോളമുയരുന്ന ആശങ്കകൾ

text_fields
bookmark_border
ലക്ഷദ്വീപിന്റെ അതിജീവന പോരാട്ടം; കടലോളമുയരുന്ന ആശങ്കകൾ
cancel
പരിസ്ഥിതി സംരക്ഷണത്തിന്റെയും വിനോദസഞ്ചാര വികസനത്തിന്റെയും പേരിൽ ദ്വീപിന്റെ സാമ്പത്തിക അടിത്തറയായ മത്സ്യബന്ധനത്തെയും തെങ്ങുകൃഷിയെയും തകർക്കുന്ന നയങ്ങളാണ് നടപ്പാക്കപ്പെടുന്നത്

അറബിക്കടലിലെ പവിഴത്തുരുത്തുകൾ വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല; നൂറ്റാണ്ടുകളായി കടലിനോടും കാറ്റിനോടും പൊരുതി രൂപപ്പെടുത്തിയ തനതായ സംസ്കാരവും അതിജീവനവഴികളുമുള്ള ഒരു ജനതയുടെ സ്വത്വമാണത്. എന്നാൽ, വികസനത്തിന്റെയും ഭരണപരിഷ്കാരങ്ങളുടെയും പേരിൽ നരേന്ദ്രമോദി സർക്കാർ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെ ഉപയോഗിച്ച് ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഏകപക്ഷീയ ഭരണനടപടികൾ തദ്ദേശവാസികളുടെ പരമ്പരാഗത ജീവിതരീതികളെയും പൗരാവകാശങ്ങളെയും ഭൂമിയുടെമേലുള്ള സ്വാഭാവിക ഉടമസ്ഥതയെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

ലക്ഷദ്വീപിന്റെ ചരിത്രം മലബാറിന്റെ തീരങ്ങളോടും കടൽപാരമ്പര്യങ്ങളോടും ഇഴചേർന്നുനിൽക്കുന്ന ഒന്നാണ്. ഒരുകാലത്ത് കണ്ണൂരിലെ അറക്കൽ രാജവംശത്തിന്റെ ഭരണത്തിലായിരുന്നു ദ്വീപുകൾ. 1847-ൽ ആന്ത്രോത്ത് ദ്വീപിൽ വീശിയടിച്ച വൻ ചുഴലിക്കാറ്റിൽ സർവതും നഷ്ടപ്പെട്ട ജനങ്ങൾക്ക് ദുരിതാശ്വാസം നൽകാനായി അറക്കൽ ഭരണകൂടം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽനിന്ന് വൻതുക വായ്പയെടുത്തു. ഈ കടം തിരിച്ചടയ്ക്കാൻ കഴിയാതെവന്നതോടെയാണ് ദ്വീപുകൾ പൂർണമായും ബ്രിട്ടീഷ് മേൽക്കോയ്മയിലേക്ക് എത്തുന്നതും മലബാർ കലക്ടറുടെ മേൽനോട്ടത്തിൽ ഭരണപരമായ നിയന്ത്രണം ഉറപ്പിക്കുന്നതും. സ്വാതന്ത്ര്യാനന്തരം 1956-ൽ കേന്ദ്രഭരണപ്രദേശമായപ്പോഴും, തദ്ദേശീയരുടെ ആവാസവ്യവസ്ഥയെയും ഭൂമിയുടെ വിനിയോഗത്തെയും സംരക്ഷിച്ചുകൊണ്ടുള്ള ജനാധിപത്യപരമായ ഭരണരീതിയാണ് തുടർന്നുപോന്നത്. എന്നാൽ, ആ പാരമ്പര്യത്തെ അടിമുടി തകർത്തെറിയുന്ന അമിതാധികാര പ്രയോഗങ്ങളാണ് സമീപകാലത്ത് അരങ്ങേറുന്നത്.

ഭൂമിക്കുമേൽ അധിനിവേശഭീതി

ദ്വീപുവാസികളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് എൽ.എ.ഡി.ആർ. (ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷൻ) പോലെയുള്ള നിർദിഷ്ട ഭൂനിയമങ്ങളാണ്. ടൗൺ പ്ലാനിങ്ങിന്റെയും ആധുനിക വികസനത്തിന്റെയും പേരിൽ വരുന്ന ഇത്തരം ചട്ടങ്ങൾ, സ്വന്തം ഭൂമിയിലുള്ള സാധാരണക്കാരുടെ ഉടമസ്ഥാവകാശത്തെപ്പോലും ചോദ്യംചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുന്നു. ആസൂത്രണത്തിന്റെയും മാസ്റ്റർ പ്ലാനുകളുടെയും പേരിൽ ഭൂമിയുടെ തരംതിരിവും ഉപയോഗവും നിർണയിക്കാനുള്ള പൂർണ അധികാരം ഭരണകൂടസമിതികളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. കെട്ടിടനിർമാണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മാസ്റ്റർ പ്ലാനുകളുടെ മറവിൽ ഭൂമി എളുപ്പത്തിൽ ഏറ്റെടുക്കാനുള്ള അധികാരം കൈയിലെടുത്തും ജനങ്ങളെ സ്വന്തം മണ്ണിൽ അന്യരാക്കുകയാണ്.

പാരമ്പര്യമായി ലഭിച്ച ഭൂമിയിൽ ഒരു ചെറിയ വീടു നിർമിക്കാൻപോലും സങ്കീർണമായ അനുമതികൾക്കായി കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയിലാണ് നാട്ടുകാർ. 2013-ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അന്തഃസത്തയെപ്പോലും അട്ടിമറിച്ചുകൊണ്ട്, ന്യായമായ പണനഷ്ടപരിഹാരത്തിനുപകരം ടി.ഡി.ആർ. (ട്രാൻസ്ഫറബിൾ ഡെവലപ്മെന്റ് റൈറ്റ്സ്) പോലെയുള്ള അപ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത് തുച്ഛമായ വിസ്തൃതിയുള്ള തദ്ദേശീയരെ ഭൂരഹിതരാക്കുമെന്ന ആശങ്ക ശക്തമാക്കുന്നു.

തകരുന്ന ഉപജീവനമാർഗങ്ങൾ

പരിസ്ഥിതിസംരക്ഷണത്തിന്റെയും വിനോദസഞ്ചാര വികസനത്തിന്റെയും പേരിൽ ദ്വീപിന്റെ സാമ്പത്തിക അടിത്തറയായ മത്സ്യബന്ധനത്തെയും തെങ്ങുകൃഷിയെയും തകർക്കുന്ന നയങ്ങളാണ് നടപ്പാക്കപ്പെടുന്നത്. തലമുറകളായി കടലിലിറങ്ങുന്ന തൊഴിലാളികളോട് ആലോചിക്കാതെ മത്സ്യബന്ധനസമയങ്ങളിലും ഉപകരണങ്ങളിലും ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളും, തീരദേശത്തെ മത്സ്യത്തൊഴിലാളി ഷെഡുകൾ പൊളിച്ചുനീക്കുന്നതും അവരുടെ നിത്യജീവിതത്തെ ബാധിക്കുന്നു. റോഡുവികസനത്തിന്റെയും മറ്റ് പദ്ധതികളുടെയും പേരിൽ ആയിരക്കണക്കിന് തെങ്ങുകൾ മുറിച്ചുമാറ്റുമ്പോൾ നഷ്ടപരിഹാരമോ പകരം സംവിധാനമോ ലഭ്യമാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പരമ്പരാഗതമായി കൈമാറിവന്ന ഭൂസ്വത്തുക്കളുടെ രജിസ്ട്രേഷനുകളിൽ മനഃപൂർവം സാങ്കേതികതടസ്സങ്ങൾ ഉന്നയിക്കപ്പെടുന്നതും പ്രദേശവാസികളെ അരക്ഷിതാവസ്ഥയിലാക്കുന്നു.

ജനാധിപത്യ ധ്വംസനങ്ങളും സാംസ്കാരിക അധിനിവേശവും

ലക്ഷദ്വീപിന്റെ ശാന്തതയെയും സമാധാനാന്തരീക്ഷത്തെയും അട്ടിമറിക്കുന്ന നടപടികളാണ് പ്രഫുൽ ഖോഡാ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് രാജ്യത്തുതന്നെ ഏറ്റവും കുറഞ്ഞ തുരുത്തിൽ ‘പാസ (ഗുണ്ടാ ആക്ട്) പോലുള്ള കർശനനിയമങ്ങൾ അടിച്ചേൽപ്പിച്ചത് ജനകീയപ്രതിഷേധങ്ങളെ മുൻകൂട്ടി അടിച്ചമർത്താനാണെന്ന വിമർശനം ശക്തമാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് തദ്ദേശീയരുടെ പ്രാതിനിധ്യം വെട്ടിച്ചുരുക്കാനുള്ള ആസൂത്രിതനീക്കമായിരുന്നു. ദ്വീപുവാസികളുടെ സംസ്കാരത്തിനും ഭക്ഷണശീലങ്ങൾക്കും മേൽ കടന്നുകയറ്റം നടത്തുന്നതിനും ഭരണകൂടം മടിച്ചില്ല.

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽനിന്ന് മാംസാഹാരം ഏകപക്ഷീയമായി ഒഴിവാക്കിയതും, പതിറ്റാണ്ടുകളായി ദ്വീപിൽ പ്രവർത്തിച്ചുവന്ന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഡയറി ഫാമുകൾ അടച്ചുപൂട്ടി ഗുജറാത്തിൽ നിന്ന് അമുൽ പാൽ എത്തിക്കാൻ തുടങ്ങിയതുമെല്ലാം ഇതിന്റെ ഭാഗമാണ്.

വികസനമോ മാറ്റിനിർത്തലോ?

ഐ.ഐ.എം.പി. (ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്‌മെന്റ് പ്ലാൻ) മുന്നോട്ടുവെക്കുന്ന പരിസ്ഥിതിസന്തുലിതാവസ്ഥ ലംഘിക്കപ്പെടുന്ന തരത്തിലുള്ള വൻകിട ടൂറിസം പദ്ധതികൾ ഇവിടുത്തെ ആവാസവ്യവസ്ഥയെ തകിടംമറിക്കും. കേരള നിയമസഭ ഉൾപ്പെടെ പ്രമേയം പാസാക്കി പിന്തുണ പ്രഖ്യാപിച്ച ‘സേവ് ലക്ഷദ്വീപ്’ പ്രക്ഷോഭം ദ്വീപസമൂഹം ഒറ്റക്കെട്ടായി ഉയർത്തിയ അതിജീവന മുറവിളിയായിരുന്നു. ഒരുവേള ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയേകി ഉയർന്നുവന്ന സമൂഹമാധ്യമ പ്രചാരണങ്ങളും മാധ്യമചർച്ചകളും ഇന്ന് നേർത്തുപോയിരിക്കുന്നു. എന്നാൽ മറുവശത്ത്, പുതുതായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ മറപറ്റി ലക്ഷദ്വീപിന്റെ അസ്തിത്വംതന്നെ നശിപ്പിക്കുന്ന പദ്ധതികൾ അതിവേഗം മുന്നോട്ടുനീങ്ങുന്നു.

വികസനം അനിവാര്യമാണ്, എന്നാൽ അത് ലക്ഷദ്വീപുകാരുടെ ഭൂമിയും സ്വത്വവും പരിസ്ഥിതിയും കവർന്നെടുത്തുകൊണ്ടാകരുത്. തദ്ദേശീയജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ പൂർണമായി മാനിച്ചുകൊണ്ടുമുള്ള ജനാധിപത്യപരമായ വികസനനയങ്ങൾ വഴി മാത്രമേ ലക്ഷദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാവൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lakshadweep's Struggle for Survival: Growing Concerns Over New Policies
Next Story