മനുഷ്യരെയല്ല, അറിവ് കയറ്റുമതി ചെയ്യാം; കേരളം കാത്തിരിക്കുന്ന ജി.സി.സി വിപ്ലവം
text_fieldsഅരനൂറ്റാണ്ടായി കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പരമ്പരാഗത സമവാക്യമുണ്ട്: നമ്മുടെ ചെറുപ്പക്കാർ വിദേശത്ത് വിയർപ്പൊഴുക്കി സമ്പാദിച്ചയക്കുന്ന പണം കൊണ്ട് ഇവിടെ വീടുകളും വൻകിട വാണിജ്യ സമുച്ചയങ്ങളും പണിയുക. ഈ സമവാക്യം തന്നെയാണ് ഒരുപരിധി വരെ കേരളത്തെ ഇന്നുകാണുന്ന മട്ടിലുള്ള വികസനത്തിലേക്ക് നയിച്ചത് എന്നതിൽ സംശയമില്ല. എന്നാൽ, മാറിയ ലോകസാഹചര്യങ്ങളിൽ അത് എത്രകാലം തുടരാനാകുമെന്നറിയില്ല. തൊഴിൽശക്തിയെ വിദേശത്തേക്കയക്കുന്നതിന് പകരം, ഗൾഫിലെയും മറ്റു വിദേശരാജ്യങ്ങളിലെയും പ്രമുഖ കമ്പനികളുടെ പ്രവർത്തനകേന്ദ്രങ്ങൾ ഇവിടെ കൊണ്ടുവരാൻ വഴി കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഗൾഫ് മേഖലയിലെ വൻകിട കമ്പനികളുടെ പ്രധാന ‘ആഗോള ശേഷി കേന്ദ്ര’ (Global Capability Centre - GCC) മായി കേരളത്തെ മാറ്റിയെടുക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള വഴി.
വെറുമൊരു കാൾ സെന്ററല്ല
ഒരുകാലത്ത് ബി.പി.ഒ എന്ന് വിളിച്ചിരുന്ന ബാക്ക്-ഓഫീസ് സംവിധാനങ്ങളിൽ നിന്ന് വൻ കുതിച്ചുചാട്ടമാണ് ഇന്നത്തെ ജി.സി.സികൾ നടത്തിയിരിക്കുന്നത്. ഒരു വിദേശ കമ്പനിയുടെ പ്രധാന ബിസിനസിന് പുറത്തുള്ള അക്കൗണ്ടുകൾ, ഉപഭോക്താക്കൾക്കാവശ്യമായ പിന്തുണയും സേവനവും, സങ്കീർണമായ സാങ്കേതിക വികസനങ്ങൾ, ഡാറ്റാ അനലിറ്റിക്സ്, എ.ഐ, ഡിജിറ്റൽ ഓട്ടോമേഷൻ തുടങ്ങിയ ജോലികളാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുന്നത്. സ്വന്തം നാടിന്റെ അന്തരീക്ഷത്തിലിരുന്ന് ആഗോള നിലവാരമുള്ള ശമ്പളവും കരിയർ വളർച്ചയും നേടാൻ ഇത് നമ്മുടെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നു. കമ്പനികൾക്കാകട്ടെ, കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണനിലവാരമുള്ള തൊഴിൽശക്തിയെ ലഭ്യമാവുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഇരുഭാഗത്തിനും ഒരുപോലെ ലാഭകരമായ ഒരു ഇക്കോസിസ്റ്റം.
ഇന്ത്യയിൽ ഇതിനകം 2,100 ലധികം ജി.സി.സികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 20 ലക്ഷത്തോളം ഉന്നത വിദ്യാഭ്യാസമുള്ള പ്രഫഷണലുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖല, പ്രതിവർഷം 6,400 കോടി ഡോളറിലധികം (ഏകദേശം 5.3 ലക്ഷം കോടി രൂപ) വരുമാനമാണ് രാജ്യത്തേക്ക് എത്തിക്കുന്നത്. 2030-ഓടെ ഇത് 10,500 കോടി ഡോളറിന്റെ കൂറ്റൻ വ്യവസായമായി വളരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഇന്ത്യയുടെ ഏറ്റവും വലിയ നിശബ്ദ കയറ്റുമതികളില ഒന്നായി ഈ മേഖല മാറിക്കഴിഞ്ഞു.
എന്തുകൊണ്ട് രണ്ടാംനിര നഗരങ്ങൾ?
ഇതുവരെ ബംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ഈ സംവിധാനം ഇപ്പോൾ വലിയൊരു മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കോയമ്പത്തൂർ, കൊച്ചി, അഹ്മദാബാദ്, ജയ്പൂർ തുടങ്ങിയ രണ്ടാംനിര നഗരങ്ങളിലേക്ക് പുതിയ യൂണിറ്റുകൾ മാറ്റാൻ കമ്പനികൾ താല്പര്യപ്പെടുന്നു. പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ റിയൽ എസ്റ്റേറ്റ്, പ്രവർത്തന ചെലവുകൾ 10 മുതൽ 35 ശതമാനം വരെ കുറവാണ്. ജീവനക്കാർ പെട്ടെന്ന് ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവണത ഇത്തരം നഗരങ്ങളിൽ വളരെ കുറവാണെന്നതും വൻകിട കമ്പനികളെ ആകർഷിക്കുന്നു.
കേരളം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മുമ്പത്തേക്കാൾ എത്രയോ മുന്നിലാണ്. സംസ്ഥാനത്തിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നീളുന്ന 643 കിലോമീറ്റർ നാഷനൽ ഹൈവേ 66 ആറുവരിപ്പാത പൂർത്തിയാകുന്നതോടെ ഗതാഗത തടസ്സങ്ങൾ വലിയ അളവിൽ പരിഹരിക്കപ്പെടും. തൃശൂർ, കണ്ണൂർ, കൊല്ലം, കോട്ടയം തുടങ്ങിയ നഗരങ്ങളെല്ലാം അതിവേഗത്തിൽ ബന്ധിപ്പിക്കപ്പെടുന്നതോടെ, കൊച്ചിയിലോ തിരുവനന്തപുരത്തോ മാത്രം കേന്ദ്രീകരിക്കാതെ ഒരു ‘വികേന്ദ്രീകൃത ജി.സി.സി ശൃംഖല’ കെട്ടിപ്പടുക്കാൻ കേരളത്തിന് സാധിക്കും.
സാമ്പത്തിക രംഗത്ത് വൻനേട്ടം
കേരള സർക്കാറിന്റെ 2025-2030 ജി.സി.സി നയം വഴി രണ്ട് ലക്ഷം പുതിയ ജോലികളാണ് ലക്ഷ്യമിടുന്നത്. ഇത് കേവലം ഐ.ടി മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. രണ്ടാംനിര നഗരങ്ങളിലേക്ക് ജി.സി.സി വ്യാപിപ്പിക്കുന്നതിലൂടെ പ്രതിവർഷം 1,00,000 ജോലികൾ എന്ന ലളിതമായ ഒരു ലക്ഷ്യം കണക്കിലെടുക്കുക. ഒരാൾക്ക് ശരാശരി 3 ലക്ഷം രൂപ വാർഷിക ശമ്പളം (പ്രതിമാസം ഏകദേശം 25,000 രൂപ) ലഭിച്ചാൽ പോലും, പ്രതിവർഷം 3,000 കോടി രൂപയുടെ പുതിയ വിദേശബന്ധിത വരുമാനമാണ് കേരളത്തിലേക്ക് എത്തുന്നത്.
ഒരു ജി.സി.സി വളരുമ്പോൾ അതിനൊപ്പം റിക്രൂട്ട്മെന്റ് ഏജൻസികൾ, ടാക്സേഷൻ സ്ഥാപനങ്ങൾ, ശമ്പള മാനേജ്മെന്റ് കമ്പനികൾ, ഐ.ടി ഇൻഫ്രാസ്ട്രക്ചർ ദാതാക്കൾ തുടങ്ങിയ പ്രഫഷണൽ സേവന മേഖലയും വികസിക്കും. പതിനായിരക്കണക്കിന് ചെറുപ്പക്കാർ സ്വന്തം നാട്ടിൽ സ്ഥിരതാമസമാക്കുമ്പോൾ റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ വിപണി എന്നിവക്ക് ജീവൻ വെക്കും. നഗരങ്ങളിലെ സാമ്പത്തിക ക്രയവിക്രയങ്ങൾ പലമടങ്ങായി വർധിക്കും. ജനങ്ങളുടെ ജീവിതനിലവാരത്തെ ഇത് മെച്ചപ്പെടുത്തും. കൊച്ചിയിൽ കാക്കനാട് ഐ.ടി കോറിഡോർ ഉണ്ടാക്കിയ മാറ്റം കേരളത്തിലെ മറ്റ് ചെറുനഗരങ്ങളിലും ആവർത്തിക്കും.
ഈ അവസരം നമ്മെത്തേടി താനേ വരില്ല. സമയബന്ധിതമായി പ്രവർത്തിച്ചില്ലെങ്കിൽ ആഗോള വിപണിയിൽ നമ്മൾ പിന്നിലാകും. ഫിലിപ്പീൻസ് ഇതിനകം തന്നെ ജി.സി.സി വിപണിയിൽ വൻ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ഫിലിപ്പീൻസിന്റെ ജി.സി.സി വിപണി മാത്രം 2025-ൽ 3,500 കോടി ഡോളറിലെത്തി, 2030-ഓടെ ഇത് 5,560 കോടി ഡോളറാകും. ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെല്ലാം വിദേശ കമ്പനികളെ ആകർഷിക്കാൻ വലിയ രീതിയിലുള്ള ഇളവുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കുന്നത്.
കഴിഞ്ഞ അൻപത് വർഷം നമ്മൾ മനുഷ്യരെ മറുനാടുകളിലേക്കയച്ചു; അടുത്ത അൻപത് വർഷം നമ്മൾ നമ്മുടെ അറിവും സാങ്കേതിക ശേഷിയും കയറ്റുമതി ചെയ്യണം. പ്രതിഭാധനരായ നമ്മുടെ യുവജനങ്ങളെ സ്വന്തം മണ്ണിൽ നിലനിർത്താനും, ഗൾഫിൽ നിന്നുള്ള പണം നാടിന്റെ പുരോഗതിക്കായി നേരിട്ട് ഉപയോഗിക്കാനും ഇതിലും വലിയൊരു അവസരം ഇനി വരാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

