വളരട്ടെ പുതിയൊരു കേരള മോഡൽ
text_fieldsജവഹർ ലാൽ നെഹ്റു, വി.എസ്. അച്യുതാനന്ദൻ, ഡെങ് സിയാ വോ പിങ്
‘‘നമ്മള് നിശ്ചയിച്ചിട്ടുള്ള പൂച്ച കറുത്തതോ വെളുത്തതോ എന്നൊന്നും നോക്കിയിട്ടില്ല, എലിയെപ്പിടിക്കുമോ എന്നാണ് നോക്കിയത്’’ -മുൻ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യ സംഘത്തെക്കുറിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നടത്തിയ ഈ പ്രസ്താവന മലയാളികൾക്കിടയിൽ പ്രസിദ്ധമാണ്. പ്രത്യയശാസ്ത്ര കാർക്കശ്യമല്ല, പ്രായോഗിക ഫലങ്ങളാണ് പ്രധാനമെന്ന് ഊന്നിപ്പറയാനായി ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്ങാണ് ആദ്യമായി ഈ പ്രയോഗം നടത്തിയത്. 80 കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി തന്റെ രാജ്യത്തെ ഒരു ദശാബ്ദത്തിനുള്ളിൽ മാറ്റിമറിച്ച നേതാവാണ് ഡെങ്.
1977ൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ സാംസ്കാരിക വിപ്ലവത്തിന്റെ അനന്തരഫലങ്ങളിൽനിന്ന് ചൈന കരകയറുന്നതേ ഉണ്ടായിരുന്നുള്ളൂ. സർവകലാശാലകൾ അടച്ചുപൂട്ടിയിരുന്നു, ശാസ്ത്ര സ്ഥാപനങ്ങൾ തകർന്ന നിലയിലായിരുന്നു; ശാസ്ത്രജ്ഞർ അവഗണിക്കപ്പെട്ട അവസ്ഥയിലും. സമ്പദ്വ്യവസ്ഥ പൂർണമായും നിലച്ച മട്ടിൽ, വ്യവസായങ്ങൾ കാലഹരണപ്പെട്ടതുമായിരുന്നു, അതുകൊണ്ടുതന്നെ മിക്ക ആളുകളും ദരിദ്രരുമായിരുന്നു. ആ സാഹചര്യത്തിൽ, ഡെങ്ങിന് രാജ്യത്തിന്റെ പരമോന്നത രാഷ്ട്രീയ സ്ഥാനം ഏറ്റെടുക്കാനും രാഷ്ട്രീയ അധികാരം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമായിരുന്നു. അതിനുപകരം, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പുരോഗതിയെ ആശ്രയിച്ചിരിക്കും യഥാർഥ പുരോഗതി എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം അതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ ദീർഘദർശനമാണ് ചൈനയെന്ന പിന്നാക്കരാജ്യത്തെ ഇന്ന് നാം കാണുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും സാങ്കേതിക ശക്തിയുമായി ഉയർത്തിയത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ ഇന്ത്യ ലോകത്തിലെ വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായിരുന്നു. സേവനമേഖല, ഐ.ടി ഔട്ട്സോഴ്സിങ്, മനുഷ്യവിഭവശേഷി, ജനസംഖ്യ ശക്തി എന്നിവയെല്ലാമാണ് നമ്മുടെ പ്ലസ് പോയന്റുകൾ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന സാക്ഷരത, മികച്ച ആരോഗ്യ സംരക്ഷണം, പുരോഗമനപരമായ സാമൂഹിക നേട്ടങ്ങൾ എന്നിവയാൽ കേരളം പ്രത്യേകിച്ചും മുൻനിരയിലാണ്. അതായത്, വിജയിക്കാൻ വേണ്ട എല്ലാ ഘടകങ്ങളും നമുക്കുണ്ട്. പക്ഷേ, നമ്മുടെ സമ്പദ്വ്യവസ്ഥയുടെ കഥ മറ്റൊന്നാണ്. വിനോദസഞ്ചാരം, പ്രവാസി മലയാളികളുടെ, വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിദേശവിനിമയം, സേവനമേഖല എന്നിവയാണ് നമ്മുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ്. എന്നാൽ, സുസ്ഥിര സമ്പദ്വ്യവസ്ഥ, തൊഴിൽ, ആഗോള മത്സരശേഷി എന്നിവ സൃഷ്ടിക്കാൻ ഇവ തീർത്തും അപര്യാപ്തമാണ്. കേരളത്തിന്റെ ജി.ഡി.പിയിലെ 20 ശതമാനം വിദേശവിനിമയത്തിൽനിന്നും, 10 ശതമാനം വിനോദസഞ്ചാരത്തിൽനിന്നുമാണ്. നമ്മുടെ സമ്പദ്വ്യവസ്ഥക്ക് അവ പ്രധാനമാണെങ്കിലും, നാളെയിലേക്ക് നയിക്കാൻ അവ മതിയാകില്ല.
ഇന്ത്യ ജി.ഡി.പിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഗവേഷണ-വികസനത്തിനായി ചെലവഴിക്കുന്നത്. വികസിത രാഷ്ട്രങ്ങളും ചൈനയെപ്പോലെ കുതിച്ചുയരുന്ന ശക്തികളും അതിന്റെ മൂന്നിരട്ടി ചെലവഴിക്കുന്ന സ്ഥാനത്താണിത്. ഇതിൽ മാറ്റം വരുത്തിയില്ലെങ്കിൽ, നമ്മുടെ സാമൂഹിക നേട്ടങ്ങൾ സാമ്പത്തിക ശക്തിയായി പരിവർത്തിപ്പിക്കൽ അസാധ്യമാവും.
ഐ.ഐ.ടി, സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ, ഐ.എസ്.ആർ.ഒ എന്നിങ്ങനെ ഒട്ടേറെ ലോകോത്തര സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. പ്രാദേശികമായും പ്രവാസികളിലുമായി മികച്ച പ്രാവീണ്യമുള്ള ഒരു തൊഴിലാളി സമൂഹമുണ്ട്. എന്നാൽ, ഇവ ആഗോള മത്സരാധിഷ്ഠിതമായ നവീകരണത്തിലേക്കോ വ്യവസായ പരിഷ്കരണത്തിലേക്കോ മാറുന്നില്ല. പ്രധാന കാരണം ഗവേഷണ ഫണ്ടിങ്ങിന്റെയും രാഷ്ട്രീയ ദർശനത്തിന്റെയും അഭാവമാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളെയാണ് യഥാർഥ പുരോഗതിയുടെ എൻജിനാക്കേണ്ടതെന്ന് നേതൃനിര ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രാഷ്ട്രത്തിന്റെയും വരുംതലമുറയുടെയും വളർച്ചക്കല്ല, മറിച്ച്, സർവകലാശാലകളെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നതിലാണ് ഭരണകൂടം മുൻഗണന കൽപിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.
ഡെങ് സിയാവോ പിങ്ങിന്റെ ആദ്യ പരിഷ്കാരം വിദ്യാഭ്യാസ-ഗവേഷണ സംവിധാനത്തിന്റെ പുനർനിർമാണമായിരുന്നു. സർവകലാശാലകൾ വീണ്ടും തുറന്നു, വിദ്യാർഥി പ്രവേശനം പുനഃസ്ഥാപിച്ചു, ശാസ്ത്രജ്ഞന്മാരുടെയും എൻജിനീയർമാരുടെയും പുതിയ തലമുറയെ സൃഷ്ടിച്ചു. വിദ്യാഭ്യാസത്തിനപ്പുറം, കൃഷി, വ്യവസായം, പ്രതിരോധം എന്നിവയിലേക്കും അദ്ദേഹം ശാസ്ത്രസാങ്കേതിക വിദ്യയെ ഏകോപിപ്പിച്ചു. വിദ്യാർഥികളെയും ഗവേഷകരെയും വിദേശത്തേക്കയച്ചു, വിദേശ പങ്കാളിത്തങ്ങൾ വഴി സാങ്കേതികവിദ്യ കൈമാറി. എല്ലാം ഒരേസമയം ആധുനികമാക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കേന്ദ്രീകൃത ഗവേഷണ വികസന പരിപാടികൾ ആരംഭിക്കുകയും ഗവേഷണത്തിനായി കൂടുതൽ പണം ചെലവഴിക്കുകയും ചെയ്തു. ഗവേഷണ ഫണ്ടിങ്ങിൽ മത്സരം കൊണ്ടുവന്നു, ഗുണമേന്മയും ഉത്തരവാദിത്തവും ഉറപ്പാക്കി.
ഇതിന് വിരുദ്ധമായി, ഇന്ത്യയിലെ ഫണ്ടിങ് ചിതറിക്കിടക്കുകയാണ്. കേരളത്തിൽ അക്ഷരാർഥത്തിൽ ഗവേഷണ ധനസഹായ സംവിധാനമില്ലെന്നുതന്നെ പറയാം. മികച്ച രീതിയിൽ ശക്തമായ, സുതാര്യമായ, ഫണ്ടുചെയ്ത സംവിധാനങ്ങളാണ് നവീകരണത്തിന് അനിവാര്യം. മികച്ച സ്കൂൾ വിദ്യാഭ്യാസവും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, എൻജിനീയർമാർ, സംരംഭകർ എന്നിവരടങ്ങിയ വൻ പ്രവാസി ശൃംഖലയുമുള്ള കേരളത്തിന് ഇക്കാര്യത്തിൽ വലിയൊരു മുൻതൂക്കം ഉണ്ട്. എന്നാൽ, അവ ഉപയോഗിക്കപ്പെടുന്നില്ല.
കേരളം അടുത്ത ദശാബ്ദത്തിൽ ജി.ഡി.പിയുടെ രണ്ട് ശതമാനമെങ്കിലും ഗവേഷണ-വികസനത്തിനായി മാറ്റിവെക്കണം. ഫണ്ടിങ് ലളിതമാക്കുകയും, പ്രധാന മേഖലകളിൽ ലക്ഷ്യമിട്ട പദ്ധതികൾ ആരംഭിക്കുകയും വേണം. ഗവേഷണം ഉൽപന്നങ്ങളിലേക്കും വ്യവസായങ്ങളിലേക്കും തൊഴിലുകളിലേക്കും പരിവർത്തിപ്പിക്കാൻ വ്യവസായ-അക്കാദമിക് പങ്കാളിത്തം നിർണായകമാണ്.
ചൈനയുടെ മാതൃകയെ അപ്പാടെ പകർത്തുകയല്ല നാം ചെയ്യേണ്ടത്. അവരുടെ സംവിധാനം, വലുപ്പം എന്നിവയെല്ലാം നമ്മുടേതിനോട് വ്യത്യസ്തമാണ്. പക്ഷേ, അടിസ്ഥാനതത്ത്വം ഒന്നുതന്നെ: ശാസ്ത്ര-സാങ്കേതിക വിദ്യയിലെ ഊന്നലാണ് പുരോഗതിക്ക് പ്രധാനം. അതിന് രാഷ്ട്രീയ മുൻഗണനകളിലും ബജറ്റുകളിലും മനോഭാവങ്ങളിലും കാതലായ മാറ്റം വരുത്തണമെന്ന് മാത്രം. ഗവേഷണ-സാങ്കേതിക വളർച്ചക്കുകൂടി മുൻഗണന നൽകാൻ കേരളത്തിനായാൽ, രാജ്യത്തെ സാമൂഹികമായി ഏറ്റവും പുരോഗമിച്ച സംസ്ഥാനം മാത്രമല്ല, മികച്ച സാങ്കേതിക ശക്തിയായും മാറും. രാഷ്ട്രശിൽപി ജവഹർലാൽ നെഹ്റു വിഭാവനം ചെയ്തതുപോലുള്ള ശാസ്ത്രത്തിന്റെ, സാങ്കേതിക വിദ്യയുടെ, ഗവേഷണത്തിന്റെ ‘ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ’ ഉയർത്തുന്നതിനെക്കുറിച്ചാവട്ടെ നമ്മുടെ ആലോചന.
(ഈ ലേഖനത്തിന്റെ രചനക്ക് ഡോ. ഗംഗൻ പ്രതാപ് നൽകിയ വിലപ്പെട്ട നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.