Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅയ്യൻ കാളി:...

അയ്യൻ കാളി: ​നിലക്കാത്ത പോരാട്ടവീര്യം

text_fields
bookmark_border
AYYANKALI
cancel
camera_alt

അയ്യൻകാളി

ഒ​ട്ടേ​റെ സം​ഭ​വ പ​ര​മ്പ​ര​ക​ൾ​ക്കും ച​രിത്ര മുഹൂർത്തങ്ങൾക്കും സാക്ഷിയായ വെങ്ങാനൂർ ഗ്രാമത്തിൽ നിന്നാണ് അടിച്ചമർത്തപ്പെട്ടവരുടെ നവോത്ഥാനത്തിനായി യുഗപുരുഷൻ അയ്യൻ കാളി 132 വർഷം മുമ്പ് തന്റെ യാഗാശ്വമായ വില്ലുവണ്ടിയിലേറി പടപ്പുറപ്പാട് നടത്തിയത്. ആ മഹാനുഭാവന്റെ 162ാം പിറന്നാളാണിന്ന്.

വള്ളുവ രാജാക്കന്മാരുടെ സന്തതിപരമ്പരയിൽപെട്ട പുലയരാണ് വെങ്ങാനൂരും സമീപപ്രദേശങ്ങളിലും അധിവസിച്ചിരുന്നത്. ആ സമൂഹത്തിലെ പെരുങ്കാറ്റുവിള പ്ലാവറത്തല അയ്യന്റെയും മാലയുടെയും മകനായി 1893 ആഗസ്റ്റ് 28നാണ് അയ്യൻ കാളിയുടെ ജനനം. പരമേശ്വര പിള്ളയെന്ന ജന്മിയുടെ കൃഷിക്കാരായിരുന്നു അയ്യനും മാലയും. പിൽക്കാലത്ത് പരമേശ്വരൻ പിള്ള ഇവർക്ക് എട്ടര ഏക്കറോളം ഭൂമി സ്വമനസ്സായി പതിച്ചുകൊടുത്തു. ഈ ഭൂദാനം അക്കാലത്ത് വലിയ സംഭവമായിരുന്നു. അവിടെവെച്ച വീട്ടിലാണ് കൊച്ചു അയ്യൻ കാളി വളർന്നത്.




കാളിക്ക് അഞ്ചുവയസ്സായപ്പോൾ മറ്റു കുട്ടികൾക്കൊപ്പം വിദ്യാഭ്യാസം നൽകാൻ കഴിയാത്തതിൽ പിതാവിന് വിഷമമുണ്ടായിരുന്നു. മറ്റു കുട്ടികൾ സ്കൂളിൽ പോകുന്നത് കാണുമ്പോൾ കാളിക്കും കൊതിയായി. 12 വയസ്സുവരെ ആടുമേയ്ക്കുന്ന പണിയാണ് പിതാവ് ഏൽപിച്ചിരുന്നത്. ഈ സമയം മറ്റു പുലയ കുട്ടികളോടൊപ്പം കാളി നാടൻ കളികളിൽ ഏർപ്പെട്ടിരുന്നു. ഒരിക്കൽ കാളി അടിച്ച പന്ത് സമീപത്തെ ജന്മിയുടെ വീട്ടിൽചെന്നുവീണത് പ്രശ്നമാവുകയും പിതാവ് കാളിയെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. സവർണർ മാത്രം കുളിച്ചിരുന്ന പീച്ചീട്ടുകുളത്തിൽ ഒരു ദിവസം അയ്യൻ കാളിയും കൂട്ടുകാരും എടുത്തുചാടി കുളിച്ചു. തമ്പ്രാന്മാരുടെ കൽപന ലംഘിക്കുക തന്നെയായിരുന്നു ലക്ഷ്യം. അതിനും വീട്ടിൽനിന്ന് ശകാരം കിട്ടി. പിൽക്കാലത്ത് പീച്ചീട്ടുകുളം എല്ലാ ജാതിക്കാർക്കുമായി തുറന്നുകൊടുത്തു. കൃഷിപ്പണിയെല്ലാം പഠിച്ചെടുത്തപ്പോൾ അയ്യൻ കാളിയിൽ ആത്മധൈര്യം ഉടലെടുത്തു. 25ാം വയസ്സിൽ നെയ്യാറ്റിൻകര കോട്ടുകാൽ മഞ്ചാംകുഴിയിൽ ചെല്ലമ്മയെ ജീവിതസഖിയാക്കി. ആ വർഷമാണ് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നത്. തന്റെ സമുദായത്തിന്റെ അവസ്ഥക്ക് മാറ്റം വരുത്തണമെന്ന ചിന്ത അയ്യൻ കാളിയിൽ ശക്തമായി. അദ്ദേഹം പൊരുതാനുറച്ചു. അതിനുവേണ്ടി സ്നേഹിതരുമായി ചേർന്ന് സംഘമുണ്ടാക്കി.

എന്തുവില കൊടുത്തും സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന ലക്ഷ്യവുമായി 1893ൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച വില്ലുവണ്ടിയിൽ കയറി അയ്യൻ കാളി വെങ്ങാനൂരിലെ പൊതുനിരത്തിലൂടെ പരസ്യമായി സഞ്ചരിച്ചു. ഇത് ജന്മിമാരെ പ്രകോപിപ്പിച്ചു. വില്ലുവണ്ടി സഞ്ചരിച്ച വഴിയിലുടനീളം സവർണർ പ്രശ്നമുണ്ടാക്കി. നായർപട വണ്ടി തടയാനും ആക്രമത്തിനും ശ്രമിച്ചു. ഈ വില്ലുവണ്ടിയാത്ര ചരിത്രപ്രസിദ്ധമായി. വില്ലുവണ്ടിയാത്രക്കുശേഷം ബാലരാമപുരത്തും ആറാലുംമൂട് ചന്തയിലും മറ്റും അവർണരെ അടിച്ചൊതുക്കാൻ ശ്രമിച്ചവർക്ക് അയ്യൻ കാളിയുടെയും സംഘത്തിന്റെയും പോരാട്ടവീര്യം ശരിക്കും അനുഭവിക്കേണ്ടിവന്നു. തുടർന്ന് കഴക്കൂട്ടം, കണിയാപുരം, ചെന്നിത്തല, നെടുമങ്ങാട്, നേമം, മണക്കാട്, പേട്ട, പാറശ്ശാല, പരശുവക്കൽ, അമരവിള, നെയ്യാറ്റിൻകര, പെരുമ്പഴുതൂർ എന്നിവിടങ്ങളിലും സമാന ഏറ്റുമുട്ടലുകൾ നടന്നു. ഇവയെല്ലാം ‘പുലയ ലഹള’യെന്നാണ് പിൽക്കാലത്ത് അറിയപ്പെട്ടതെങ്കിലും യഥാർഥത്തിൽ പുലയർക്കെതിരെ നടന്ന ലഹളയായിരുന്നു.




1904ൽ അയ്യൻ കാളി പുലയ കുട്ടികൾക്കായി വെങ്ങാനൂരിൽ പള്ളിക്കൂടം സ്ഥാപിച്ചു. ഇന്ത്യയിൽതന്നെ ഇത്തരത്തിലൊന്ന് ആദ്യമായിരുന്നു. രാത്രിക്കുരാമാനം നായർ മാടമ്പിമാർ സ്കൂൾ തീവെച്ച് നശിപ്പിച്ചു. പലതവണ ഇത് ആവർത്തിച്ചപ്പോൾ അയ്യൻ കാളിയും സംഘവും മാടമ്പിമാരെ അടിച്ചൊതുക്കി. പുലയ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാത്തതിനെതിരെ കാർഷിക പണിമുടക്ക് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. നെൽപാടങ്ങൾ തരിശുകിടന്നപ്പോൾ രാജഭരണകൂടം പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. 1906ൽ പുലയർക്ക് വേണമെങ്കിൽ സ്വന്തം പള്ളിക്കൂടം നടത്താമെന്ന് രാജവിളംബരമുണ്ടായി. ഈ അറിയിപ്പിന് പിന്നാലെ അയ്യൻ കാളി നേരത്തെ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം മാറ്റിപ്പണിത് യു.പി സ്കൂളാക്കി മാറ്റി. അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കണ്ടല നാഗൻ പിള്ള ചർച്ചക്ക് വിളിപ്പിച്ച് പുലയ കുട്ടികളുടെ വിദ്യാലയ പ്രവേശനവും അവർണരുടെ സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പുനൽകിയാണ് കാർഷിക സമരം അവസാനിപ്പിച്ചത്.

മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും ഡോ. പൽപുവും ചേർന്ന് ഈഴവരുടെ സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി ‘ശ്രീനാരായണ പരിപാലന യോഗം’ സ്ഥാപിക്കുന്നത് 1903ലാണ്. നാലുവർഷം കഴിഞ്ഞപ്പോൾ (1907) പുലയർ തുടങ്ങിയ എല്ലാ വിഭാഗം സാധുജനങ്ങൾക്കും സംഘടിച്ച് ശക്തരാകാൻ അയ്യൻ കാളി ‘സാധുജന പരിപാലന സംഘം’ സ്ഥാപിച്ചു. സാധുജന പരിപാലന സംഘം വഴിയാണ് പിന്നീട് അവർണരുടെ നവോത്ഥാന പ്രവർത്തനങ്ങൾ ശക്തിപ്രാപിച്ചത്. 1911 ഡിസംബർ അഞ്ചിന് അയ്യൻ കാളിയെ ശ്രീമൂലം പ്രജാസഭ അംഗമായി നാമനിർദേശം ചെയ്തു. അതിനു മുമ്പ് സുഭാഷിണി മാസിക പത്രാധിപരും നായർ സമുദായാംഗവുമായിരുന്ന പി.കെ. ഗോവിന്ദപിള്ളയാണ് പുലയരുടെ ‘മെംബറാ’യിരുന്നത്. 1912 മാർച്ചിൽ സഭയിൽ കന്നിപ്രസംഗം നടത്തി. പിന്നാക്ക ജനതയുടെ ഒട്ടേറെ ആവശ്യങ്ങൾ പ്രജാസഭയിൽ ഉയർത്തി നേടിയെടുക്കാൻ അയ്യൻ കാളിക്ക് കഴിഞ്ഞു. 1932 വരെ 20 വർഷം അദ്ദേഹം പ്രജാസഭ അംഗമായി തുടർന്നു.




അതിനിടെ 1914ൽ ഊരൂട്ടമ്പലം സ്വകാര്യ സ്കൂളിൽ പഞ്ചമി, കൊച്ചുകുട്ടി എന്നീ കുട്ടികളുമായി പ്രവേശനത്തിന് ചെന്നു. നായർ പ്രമാണിമാർ തടയാൻ ശ്രമിച്ചെങ്കിലും വിദ്യാലയ പ്രവേശനം അനുവദിക്കുന്ന സർക്കാർ ഉത്തരവുമായി അയ്യൻ കാളിയും സംഘവും സ്കൂളിലെത്തി. അയിത്തജാതിക്കാരെ പ്രവേശിപ്പിക്കില്ലെന്നാണ് ഹെഡ് മാസ്റ്റർ നിലപാടെടുത്തത്. അയ്യൻ കാളിയും കൂട്ടരും കുട്ടികളെ ക്ലാസിൽ കൊണ്ടിരുത്തിയതോടെ ബഹളമായി. സംഘടിച്ചെത്തിയ നായന്മാർ പഞ്ചമിയുടെ പിതാവ് പരമേശ്വരനെ അടിച്ച് സ്കൂൾ നടയിലെറിഞ്ഞു. അതോടെ കൂട്ടയടിയായി. വിദ്യാഭ്യാസം എന്ന അവകാശത്തിനു വേണ്ടിയുള്ള ഉജ്ജ്വല പോരാട്ടമായിരുന്നു അത്.

പ്രജാസഭയിൽനിന്ന് പിരിഞ്ഞ അയ്യൻ കാളി സമുദായ പ്രവർത്തനങ്ങൾക്കായി വടക്കൻ ജില്ലകളിൽ ഓടിനടന്നു. 1937 ജനുവരി 12ന് ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചതിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ഗാന്ധിജി തിരുവനന്തപുരത്തെത്തി. ജനുവരി 14ന് ഗാന്ധിജി അയ്യൻ കാളിയെ വെങ്ങാനൂരിൽ സന്ദർശിക്കുകയുണ്ടായി. 1941 ജൂൺ 18ന് ആ മഹാനുഭാവൻ അന്തരിച്ചു.

ഇന്ന് നാം കൊണ്ടാടുന്ന നവോത്ഥാനം സാധ്യമാക്കാൻ വഴിവെട്ടിത്തെളിച്ച അദ്ദേഹത്തെ നീതിബോധമുള്ള ആർക്കും മറക്കാനാവില്ല. തലമുറകൾക്ക് പ്രചോദനമായി, ആവേശമായി അയ്യൻ കാളിയുടെ ഓർമകൾ എന്നും നിലനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayyankalisocial reformerAyyankali jayanthi
News Summary - Madhyamam article on ayankali
Next Story