Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാഗുരുവും കേരളവും: ഇനിയും തെളിയാത്ത വെളിച്ചം

text_fields
bookmark_border
മഹാഗുരുവും കേരളവും:   ഇനിയും തെളിയാത്ത വെളിച്ചം
cancel

മഹാഗുരു ശ്രീനാരായണഗുരുവിന്റെ മഹാസമാധി 98 ആണ്ടുകൾ പിന്നിടവെ , സ്വാമികൾ ഈ മണ്ണിൽനിന്ന് പിഴുതെറിയാൻ ശ്രമിച്ച ജീർണ്ണതകളെല്ലാം പുതിയ ഭാവത്തിലും പൂർവ്വാധികം ശക്തിയോടെയും നമുക്കിടയിലേക്ക് തിരിച്ചെത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

"ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്" എന്നതായിരുന്നു ഗുരുവരുൾ. എന്നാൽ, 'നമ്പർ വൺ' എന്ന് സ്വയം വീമ്പുപറയുന്ന നവോത്ഥാന കേരളത്തിൽ ജാതീയതയും ദുരഭിമാനക്കൊലകളും നമ്മെ ലജ്ജിപ്പിക്കുംവിധം തലപൊക്കുന്നു. പുരോഗമനത്തിന്റെ മേലങ്കി അണിയുന്നവർക്കിടയിൽപ്പോലും പുറമേക്ക് ജാതി ചോദിക്കുന്നില്ലെന്നേയുള്ളൂ; ആരുടെയൊക്കെയോ ജാതിയും കുലവും തിരയാനുള്ള വ്യഗ്രത ഉള്ളിൽ നീറിപ്പുകയുന്നുണ്ട്. മനുഷ്യന്റെ ചിന്തയെ ബാധിച്ച ഈ സങ്കുചിത മനോഭാവത്തെയാണ് ഗുരു സമരം ചെയ്ത് മാറ്റാൻ ശ്രമിച്ചത്.

"സംഘടിച്ച് ശക്തരാകുവിൻ, വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ" എന്നീ രണ്ട് ജീവമന്ത്രങ്ങളിലൂടെ ഒരു സമുദായത്തെയല്ല, മറിച്ച് ഈ നാടിനെയാകെ ഉണർത്താനാണ് സ്വാമികൾ അവിശ്രമം യത്നിച്ചത്. ആ വിപ്ലവാഹ്വാനം ഉൾക്കൊണ്ട് ജനങ്ങൾ സംഘടിച്ചു; അറിവ് നേടി; അവകാശങ്ങൾ പോരാടി സ്വന്തമാക്കി. എന്നാൽ, അവകാശങ്ങൾക്കൊപ്പം കാത്തുസൂക്ഷിക്കേണ്ട കടമകളെയും നിസ്വാർത്ഥ സേവനത്തിന്റെ മഹത്വത്തെയും നാം പതുക്കെ വിസ്മരിച്ചു തുടങ്ങി.

സ്വാമികൾക്ക് ഈ പ്രപഞ്ചം മുഴുവൻ സഹോദരങ്ങളായിരുന്നു. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാകരുണാകര! നൽകുകുള്ളിലായ്‌

പെരുമാറാൻ കൃപയുമേകണം എന്ന വരികളാൽ മനുഷ്യന് മാത്രമല്ല, സമസ്ത ചരാചരങ്ങൾക്കും ഈ ഭൂമിയിൽ തുല്യാവകാശമുണ്ടെന്ന് പഠിപ്പിച്ച വിശ്വമാനവികതയുടെ ആചാര്യനായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ വ്യക്തിത്വത്തിൽ എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള സത്യസന്ധതയാണ്.

ഒരു ഗുരുഭക്തൻ ഒരിക്കൽ തന്റെ ബാലനായ മകനെയും കൂട്ടി ഗുരുസമക്ഷമെത്തി. "സ്വാമീ, ഇവൻ ദിവസവും ധാരാളം ശർക്കര കഴിക്കുന്നു; അതൊന്ന് നിർത്തിക്കാൻ അങ്ങൊന്ന് ഉപദേശിക്കണം," ഭക്തൻ അപേക്ഷിച്ചു.

ഗുരു സൗമ്യമായി പറഞ്ഞു: "അടുത്ത ആഴ്ച വരൂ." പിറ്റേ ആഴ്ച വന്നപ്പോഴും ഗുരുവിന്റെ മറുപടി അതുതന്നെയായിരുന്നു: "അടുത്ത ആഴ്ച വരൂ."

മൂന്നാമത്തെ ആഴ്ച എത്തിയപ്പോൾ ഗുരു ആ കുട്ടിയെ അരികിലേക്ക് ചേർത്തുനിർത്തി സ്നേഹത്തോടെ പറഞ്ഞു: "മകനേ, അമിതമായി ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇനി കഴിക്കരുത്, കേട്ടോ."

കാരണവർക്ക് ചെറിയൊരു പരിഭവം തോന്നി: "ഇത്രയേ ഉള്ളൂവെങ്കിൽ ഇത് ആദ്യദിവസം തന്നെ പറഞ്ഞുകൂടായിരുന്നോ സ്വാമീ? അതിനായി ഞങ്ങളെ എന്തിനാണ് മൂന്ന് വട്ടം നടത്തിച്ചത്?"

ഗുരു മന്ദഹാസത്തോടെ മറുപടി നൽകി: "നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷേ, ആ ശീലം എനിക്കുമുണ്ടായിരുന്നു. രണ്ടു ദിവസം മുൻപാണ് ഞാനത് പൂർണ്ണമായും ഉപേക്ഷിച്ചത്. സ്വന്തം ജീവിതത്തിൽ പകർത്താത്ത ഒരു കാര്യം മറ്റൊരാളോട് ഉപദേശിക്കാൻ എനിക്കെങ്ങനെ കഴിയും?"

ഗുരു തെളിച്ച വിപ്ലവത്തിന്റെ വെളിച്ചം അണയാതെ സൂക്ഷിക്കേണ്ടത് കേവലം ആഘോഷങ്ങളിലൂടെയല്ല; മറിച്ച് ആ തത്വങ്ങൾ സ്വജീവിതത്തിൽ നെഞ്ചേറ്റിക്കൊണ്ടാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahaguru and Kerala: The Light Yet to Shine
Next Story