എം.പി. നാരായണ മേനോൻ; മതനിരപേക്ഷതയുടെ ആൾരൂപം
text_fieldsഎം.പി. നാരായണമേനോൻ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ
ധീരദേശാഭിമാനിയും ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെ ഉത്തമപ്രതീകവുമായിരുന്ന എം.പി. നാരായണമേനോന്റെ 60-ാം ചരമവാർഷികദിനമാണിന്ന്. ഇന്നത്തെ മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരിയിൽ കരുണാകര മേനോന്റെയും നാരായണി അമ്മയുടെയും മകനായി 1887 മാർച്ച് 22-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോളജ് പഠനകാലത്ത് ദേശീയനേതാക്കളുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ എം.പി., ഹിന്ദു-മുസ്‌ലിം ഐക്യത്തിലൂടെ മാത്രമേ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയാൻ സാധിക്കൂ എന്ന് ഉറച്ചുവിശ്വസിച്ചു. സാധാരണ കർഷകരുടെയും കുടിയാന്മാരുടെയും ദയനീയാവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം കുടിയാൻ സങ്കടനിവാരണ സംഘത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്.
കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരായിരുന്നു ആത്മമിത്രം. അക്കാലത്ത് സവർണരും ജന്മിമാരും ഉദ്യോഗസ്ഥരും നിയന്ത്രിച്ചിരുന്ന കോൺഗ്രസിലേക്ക് മാപ്പിളമാരെയും സാധാരണ ജനവിഭാഗങ്ങളെയും ആകർഷിക്കാൻ എം.പിക്കും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർക്കും സാധിച്ചു. 1920-ൽ രൂപവത്കരിക്കപ്പെട്ട മലബാർ കുടിയാൻസംഘത്തിന്റെ പ്രവർത്തനങ്ങളെ കോൺഗ്രസ് പ്രസ്ഥാനവുമായി കണ്ണിചേർത്തുകൊണ്ട് അവർ സംഘടനയ്ക്ക് ശക്തമായ ജനകീയ അടിത്തറയൊരുക്കി. ന്യായരഹിതമായ കുടിയൊഴിപ്പിക്കലുകളും ജന്മിമാരുടെ ചൂഷണങ്ങളും കാരണം പൊറുതിമുട്ടിയ കർഷകർ പോരാട്ടത്തിനൊരുങ്ങിയ കാലത്താണ് അലി സഹോദരന്മാരുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനവും ശക്തിപ്രാപിച്ചത്. മതമൈത്രിയില്ലാതെ സ്വാതന്ത്ര്യം സാധ്യമല്ലെന്നു കണ്ട മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനവുമായി കൈകോർത്തു. 1920-ൽ ഏറനാട് താലൂക്ക് കോൺഗ്രസ് സെക്രട്ടറിയായി നാരായണ മേനോൻ ചുമതലയേറ്റു. ഇതേസമയം മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായി. 1921 ഏപ്രിൽ 21-ന് നടന്ന ചരിത്രപ്രസിദ്ധമായ ഒറ്റപ്പാലം കെ.പി.സി.സി. സമ്മേളനത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ടി. പ്രകാശം, കെ. കേളപ്പൻ, ആലി മുസ്‌ലിയാർ, കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പമാണ് എം.പി. ഈ സമ്മേളനത്തിൽ അണിനിരന്നത്.
മലബാറിൽ ഖിലാഫത്ത് കമ്മിറ്റികൾ വ്യാപകമായതോടെ ഇതൊരു സംഘടിത കർഷകമുന്നേറ്റമായി മാറുമെന്ന് കണ്ട് ബ്രിട്ടീഷ് ഭരണകൂടവും ജന്മിമാരും വിറളിപൂണ്ടു. എം.പി. നാരായണ മേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കട്ടിലശ്ശേരി തുടങ്ങിയ നേതാക്കൾ അഹിംസയിലും നിസ്സഹകരണത്തിലുമാണ് വിശ്വസിച്ചിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും രോഷാകുലരായ ജനക്കൂട്ടത്തെ സായുധ ഏറ്റുമുട്ടലുകളിൽനിന്ന് പിന്തിരിപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
എങ്കിലും ഭരണകൂടത്തിന്റെ കടുത്ത അടിച്ചമർത്തലുകൾ ഒടുവിൽ 1921-ലെ മലബാർ സമരത്തിൽ കലാശിച്ചു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ സായുധചെറുത്തുനിൽപ്പായിരുന്നു അത്. സമരക്കാരെ ക്രൂരമായി അടിച്ചമർത്തുന്നതിനിടയിൽ, മോഴിക്കുന്നത്ത് നമ്പൂതിരിയെ കുതിരയുടെ പിന്നിൽ കെട്ടിവലിച്ചും മാപ്പിള പോരാളിക്കൊപ്പം കാളവണ്ടിയിൽ നുകംവെച്ച് വണ്ടിവലിപ്പിച്ചും ബ്രിട്ടീഷ് പട്ടാളം കാട്ടിയ കിരാതമർദനങ്ങൾ ജനങ്ങളിൽ വലിയ രോഷമുണർത്തി. 1921 ആഗസ്റ്റ് 26-ന് പട്ടാളനിയമം പ്രഖ്യാപിക്കപ്പെടുകയും തുടർന്ന് പൂക്കോട്ടൂരിലും തിരൂരങ്ങാടിയിലും രൂക്ഷമായ പോരാട്ടങ്ങൾ അരങ്ങേറുകയും ചെയ്തു.
1921 സെപ്റ്റംബർ 10-ന് എം.പി. നാരായണ മേനോനെ പട്ടാളം അറസ്റ്റ് ചെയ്തു. കൈകാലുകളിൽ ചങ്ങലയിട്ട് മർദിച്ച് മലപ്പുറം മുതൽ തിരൂർ റെയിൽവേ സ്റ്റേഷൻ വരെ 30 മൈലിലധികം ദൂരം റോഡിലൂടെ നടത്തിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. കലാപസ്ഥലങ്ങളിലൂടെ യാത്രചെയ്യാൻ എം.പിയുടെ സഹായം തേടിയിരുന്ന, സ്വന്തം കട്ടിലിനടിയിലൊളിപ്പിച്ച് എം.പി. പ്രക്ഷോഭകാരികളിൽനിന്ന് രക്ഷിച്ച ഇൻസ്പെക്ടർ മാങ്ങോട്ട് നാരായണ മേനോനാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചങ്ങലയിട്ടു നടത്തിയത്. എം.പിയെ വെടിവെച്ചുകൊന്നു എന്ന കിംവദന്തി അതിനിടയിൽ പ്രചരിച്ചതോടെ പലേടത്തും മാപ്പിളമാർ പൊലീസുമായി ഏറ്റുമുട്ടി.എം.പിയോട് കാട്ടിയ ക്രൂരതയ്ക്ക് പകരംവീട്ടുമെന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ചു.
വിചാരണവേളയിൽ എം.പി. കോടതിയിൽ നൽകിയ മൊഴി ചരിത്രപ്രസിദ്ധമാണ്: ‘‘മാപ്പിളവേഷം ധരിക്കുകയും മാപ്പിളമാരുമായി സഹവസിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കുറ്റമാണെങ്കിൽ, ആ കുറ്റങ്ങൾ ഞാൻ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നു.’’ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം നാടുകടത്തലിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം കോയമ്പത്തൂർ, മദ്രാസ്, വെല്ലൂർ ജയിലുകളിൽ കഠിനതടവ് അനുഭവിച്ചു.
എം.പിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ മദിരാശി സർക്കാറിന് ഭീമഹരജി സമർപ്പിച്ചിരുന്നു. മാപ്പുപറയുക, രണ്ടുകൊല്ലത്തേക്ക് മലബാറിൽ കാലുകുത്തില്ല എന്ന് ഉറപ്പുകൊടുക്കുക എന്നീ നിബന്ധനകൾ അംഗീകരിച്ചാൽ വിട്ടയക്കാമെന്ന് ഗവർണർ അറിയിച്ചെങ്കിലും മാപ്പുപറയാൻ തയാറാകാത്ത എം.പി. 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി. 34-ാം വയസ്സിൽ തടവിലായ അദ്ദേഹം 48-ാം വയസ്സിലാണ് മോചിതനാകുന്നത്.പിന്നീട് 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് വീണ്ടും മൂന്നുവർഷം ജയിലിൽ കഴിഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് മലബാറിൽ അദ്ദേഹം വളർത്തിയെടുത്ത മതമൈത്രിയും സാധാരണക്കാരിൽ പകർന്നുനൽകിയ ആത്മാഭിമാനവും അതുല്യമായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പുതന്നെ മതനിരപേക്ഷതയുടെ അനിവാര്യത തിരിച്ചറിയുകയും അത് സ്വന്തം ജീവിതത്തിൽ പൂർണമായി പകർന്നുനൽകുകയും ചെയ്ത വിപ്ലവകാരിയായിരുന്നു അദ്ദേഹം. അധികാരമോഹങ്ങളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ, ബ്രിട്ടീഷ് തോക്കിൻമുനക്ക് മുന്നിലും തലകുനിക്കാതെ ജീവിച്ച ആ ധീരന്റെ സ്മരണകൾ ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

