Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അല്ല, ക്രൈസ്തവ സമൂഹം സംഘ്പരിവാറിനൊപ്പമല്ല
cancel

അങ്ങനെ സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ അടുത്ത ഗൂഢപദ്ധതിയായ വഖഫ് ബില്ലും പാർലമെൻറിൽ പാസാക്കിയിരിക്കുന്നു. അവരുടെ ആചാര്യന്മാർ ആഹ്വാനം ചെയ്തതുപോലെ ഹിന്ദുരാഷ്ട്ര നിർമിതിക്ക് തടസ്സമായി നിൽക്കുന്ന മുസ്‍ലിംകളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകളെയും ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയപദ്ധതി മുന്നേറിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്ര നിർമിതിയുടെ നൂറാം വാർഷികം ഉന്മൂലനത്തിന്റെ ബഹുതല പദ്ധതികളാൽ കൊണ്ടാടാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത, വിശിഷ്യാ യു.പിയിലെയും ബിഹാറിലെയും തമിഴ്നാട്ടിലെയുമെല്ലാം അടിസ്ഥാന ജനവിഭാഗം പുലർത്തിയ ജാഗ്രത മൂലം ചെറുതായൊന്ന് പാളി. എന്നിരിക്കിലും ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കാനുള്ള ഒരു സാധ്യതയും വെറുതെ കളയുന്നില്ല വിദ്വേഷത്തിന്റെ വിചാരധാരക്കാർ.

ഇലക്ടറൽ ബോണ്ടുകളിലൂടെ കൈവന്ന കള്ളപ്പണം കൊണ്ട് ജനാധിപത്യത്തെ വിലക്കുവാങ്ങാൻ കഴിയുമെന്ന അനുഭവത്തിലൂന്നിയ ആത്മവിശ്വാസത്തിൽ കമ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ താരതമ്യേന എളുപ്പമാണ് എന്നവർ കരുതുന്നു. ത്രിപുരക്കും ബംഗാളിനും ശേഷം അവസാനതുരുത്തായ കേരളത്തിലും ബൃഹത്തായ പദ്ധതികൾ ഇതിനകംതന്നെ ആരംഭിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ദേശീയതലത്തിൽ കമ്യൂണിസ്റ്റുകൾ ഒരു മുഖ്യഭീഷണിയാണെന്ന് അവർ കരുതുന്നില്ല താനും.

എന്നാൽ, മുസ്‍ലിംകൾ സംഘ്പരിവാറിന് ജനിതക ശത്രുക്കളാണ്. അവരുടെ ഉന്മൂലനം ഹിന്ദുത്വരാഷ്ട്ര നിർമിതിയുടെ മുൻനിർണയിച്ച കാര്യപരിപാടിയാണ്. അതിനെ കേവലം വെറുപ്പിന്റെ രാഷ്ട്രീയമെന്ന് ലഘൂകരിക്കാനാവില്ല. ഇത് വംശഹത്യയാണ്. ഗുജറാത്തിൽ നമ്മളത് കണ്ടതാണ്. ആ മനുഷ്യവിരുദ്ധ പ്രവർത്തനം വീണ്ടും ഓർമയിൽ കൊണ്ടുവരുന്നവർക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളും പകപോക്കലും നാം നിരന്തരം കാണുന്നതാണ്. ബാബരി മസ്ജിദ് ധ്വംസനവും മുത്തലാഖ് നിരോധനവും ഹിജാബ് നിരോധനവും ബീഫിന്റെ പേരിലെ ആൾക്കൂട്ടക്കൊലകളും മുതൽ പൗരത്വനിഷേധം വരെയുള്ള കാര്യങ്ങളിൽ ഈ രാഷ്ട്രത്തിലെ തുല്യാവകാശമുള്ള ഒരു ജനതയോട് എപ്രകാരമാണ് സംഘ്പരിവാർ പെരുമാറുന്നതെന്ന് ലോകത്തിനുമുന്നിൽ വെളിപ്പെട്ടു കഴിഞ്ഞു. മുൻഗാമികൾ ചോരയും ജീവനും നൽകി സ്വാതന്ത്ര്യം സാധ്യമാക്കിയ നാട്ടിൽ, ഒരു ജനത ജനിച്ചുവളർന്ന നാട്ടിൽ അന്യരെപ്പോലെ കഴിയേണ്ടിവരുന്ന ദുരവസ്ഥ ഭയാനകമാണ്.

ഈ പശ്ചാത്തലത്തിലാണ് വഖഫ് ബില്ലിനെയും നാം കാണേണ്ടത്. ഒരു സമൂഹം അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി സ്വരൂപിക്കുന്ന വിഭവങ്ങൾ മത-ധർമ സ്ഥാപനങ്ങളുടെ നടത്തിപ്പിനും ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണ്. വഖഫ് വിരുദ്ധ നീക്കത്തിന് ജനസമ്മതിയാർജിക്കാനായി, മുസ്‍ലിം സമുദായം വ്യാപകമായി സ്വത്തുവകകൾ കൈയവകാശം വെച്ചിരിക്കുന്നുവെന്നും അത് ഇതര സമൂഹങ്ങൾക്ക് ആപത്താണെന്നും സംഘ്പരിവാർ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു. മുനമ്പം പ്രശ്നത്തെ മുൻനിർത്തി ക്രൈസ്തവരുടെ ഇടയിൽ ആശങ്ക വർധിപ്പിക്കാൻ ശ്രമിക്കുന്നു. വഖഫ് ബില്ലിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചകളിൽ മുനമ്പം കടന്നുവരുന്നത് അങ്ങനെയാണ്.

ഇന്ത്യയിലെ ക്രൈസ്തവരെ ഇസ്‍ലാം വിരുദ്ധരാക്കിമാറ്റുക എന്നത് സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ്. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ക്രൈസ്തവരുടെ ഇടയിൽ വ്യാപകമായി പ്രചരിപ്പിക്കാൻ ചെല്ലുംചെലവും കൊടുത്തു കൂലിപ്പട്ടാളത്തെ സംഘ്പരിവാർ സൃഷ്ടിച്ചിട്ടുണ്ട്. ഈ പദ്ധതി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് സാധിച്ചതിന് തെളിവാണ് തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. ‘കേരള സ്റ്റോറി’ എന്ന വിദ്വേഷ നിർമിതി പ്രദർശിപ്പിക്കാൻ കേരളത്തിലെ കത്തോലിക്കാസഭ കാണിച്ച വ്യഗ്രത മറ്റൊരു തെളിവാണ്.

കേരളത്തിലെ കത്തോലിക്കാസഭ നേതൃത്വം സംഘ്പരിവാർ രാഷ്ട്രീയത്തോട് അനുഭാവം കാണിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്ന്, ആഗോള വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇസ്‍ലാമിന്റെ വളർച്ച ക്രൈസ്തവ മതത്തെയും ക്രൈസ്തവ ഭരണകൂടങ്ങളെയും പ്രതിസന്ധിയിലാക്കും എന്ന ചിന്ത. മറ്റൊന്ന്, ഏറെ സ്ഥാവരജംഗമ വസ്തുക്കൾ കൈയവകാശമുള്ള മതസ്ഥാപനം എന്ന നിലയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലത. ഇതിനേക്കാളെല്ലാമുപരി സഭാനേതൃത്വം അകപ്പെട്ടിരിക്കുന്ന അഴിമതിയും കുംഭകോണവും സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധികൾ. സഭയുടെ മുന്നിലുള്ള ഈ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ സംഘ്പരിവാറിനൊപ്പം നിൽക്കലാണ് ബുദ്ധിയെന്ന് കേരളത്തിലെ കത്തോലിക്കാസഭ നേതൃത്വത്തിന് തോന്നുന്നു.

ഇതിന്റെ പ്രശ്നം, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര ക്രൈസ്തവസഭാ സമൂഹങ്ങളും ഇക്കാര്യത്തിൽ കത്തോലിക്കാസഭയോടൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. ചില സവർണ ക്രൈസ്തവരൊഴിച്ച് കേരളത്തിലെ മറ്റൊരു സഭാസമൂഹവും കത്തോലിക്കാസഭ പ്രചരിപ്പിക്കുന്ന സംഘ്പരിവാർ അനുകൂല രാഷ്ട്രീയത്തോടൊപ്പം ഇല്ലാ എന്നതാണ് വാസ്തവം. ഇസ്‍ലാം ഉൾപ്പെടെയുള്ള സഹോദര മതസമൂഹങ്ങളോട് സഹവർത്തിത്വത്തിൽ കഴിഞ്ഞുപോരുന്നവരും അത് തുടരാൻ ആഗ്രഹിക്കുന്നവരുമാണ് കേരളത്തിലെ ക്രൈസ്തവർ. അതുകൊണ്ടുതന്നെ കത്തോലിക്കാസഭയുടെ രാഷ്ട്രീയക്കളി മറ്റു ക്രിസ്തീയ സഭകളുടെ പേരിൽ വേണ്ടായെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

മുനമ്പം പ്രശ്നം മുൻനിർത്തിയാണ് സംഘ്പരിവാറും കത്തോലിക്കാസഭയും ചേർന്ന് കളിക്കുന്നത്. അത് പരിഹരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും നീതിന്യായ വ്യവസ്ഥയും കേരളത്തിലുണ്ട്. മുനമ്പത്തെ മുതലെടുത്ത് മുസ്‍ലിംകളെ ഒറ്റപ്പെടുത്താം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണ്. അതുകൊണ്ട് സംഘ്പരിവാറിന്റെ ആലയിൽ കേരളത്തിലെ ക്രൈസ്തവരെ ഒന്നടങ്കം കൊണ്ടുകെട്ടി സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കാമെന്ന് ആരും കരുതേണ്ടതില്ല. മതസൗഹാർദവും മതേതരത്വവും നിലനിന്നുകാണാൻ ആഗ്രഹിക്കുന്ന ക്രൈസ്തവ വിശ്വാസികളാണ് ഇന്ത്യയിലുള്ളതെന്നും സംഘ് പരിവാറിന്റെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാവുന്നവരാണ് അവരെന്നും കാവിപ്പടക്കൊപ്പം ചങ്ങാത്തം കൂടുന്നവർ മറക്കരുത്. ഈ തിരിച്ചറിവാണ് വിശുദ്ധവാരത്തിലെ പ്രാർഥനകളെ അർഥവത്താക്കുന്നത് എന്ന് മനസ്സിലാക്കണം. അതിനുള്ള വിവേചനവും തിരിച്ചറിവും ഇവർക്കുണ്ടാവട്ടെ എന്നും പ്രത്യാശിക്കാം.

(ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിയോളജിസ്റ്റും നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivar attackSangh Parivar threatIndian Christian Community
News Summary - No, the Christian community is not with the Sangh Parivar
Next Story