Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇഫ്‌ളു വിളിച്ചു...

ഇഫ്‌ളു വിളിച്ചു പറയുന്ന രാഷ്ട്രീയ മാതൃക...

text_fields
bookmark_border
ഇഫ്‌ളു വിളിച്ചു പറയുന്ന രാഷ്ട്രീയ മാതൃക...
cancel

ദേശീയ രാഷ്ട്രീയ സമവാക്യങ്ങളോടും തരംഗങ്ങളോടും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ചരിത്രപരമായി തന്നെ ഇടത്, ബഹുജൻ, കീഴാള രാഷ്ട്രീയ ശബ്ദങ്ങളുടെ വിളനിലമായാണ് ഇന്ത്യയിലെ കാമ്പസുകൾ, വിശിഷ്യാ കേന്ദ്ര സർവകലാശാലകൾ, നിലയുറപ്പിച്ചിട്ടുള്ളത്. 2014ൽ സംഘ്പരിവാർ രാഷ്ട്രീയാധികാരം കൈയടക്കിയപ്പോഴും ഇന്ത്യയിലെ കാമ്പസുകൾക്ക് പ്രതിപക്ഷ ശബ്ദമായി നിലയുറപ്പിക്കാൻ സാധിച്ചതും അതുകൊണ്ടുതന്നെയാണ്. എന്നാൽ കാമ്പസുകൾ തങ്ങൾക്ക് അപ്രാപ്യമല്ലായെന്നും, ഏതു വിധേനെയും അത് കാൽക്കീഴിലൊതുക്കണമെന്നുമുള്ള ദൃഢനിശ്ചയം ചെയ്തു കൊണ്ടാണ് സംഘ്പരിവാർ സംഘടനകളൊന്നടങ്കം കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഹിന്ദുത്വ പൊതുബോധം സൃഷ്ടിച്ചെടുത്ത് രാഷ്ട്രീയാധികാരത്തെ ഈ പദ്ധതിയുടെ പൂർത്തീകരണമാക്കി പയറ്റിത്തെളിഞ്ഞ ആർ.എസ്.എസ് മോഡൽ തന്നെയാണ് കാമ്പസുകളിലും അവർ നടപ്പാക്കിയത്.

പൊതുമണ്ഡലങ്ങളിലെ ഹിന്ദുത്വ സ്വാധീനം കാമ്പസുകളിലും ചെറുതല്ലാത്ത രീതിയിൽ പ്രകടമാണ്. എന്നാൽ അവയെ പ്രതിരോധിക്കാനുള്ള സാധ്യതകളും കാമ്പസുകളിൽ ഉണ്ട് എന്നതാണ് പ്രകടമായ വ്യത്യാസം. ഇത്തരം വിമത ശബ്ദങ്ങളുടെ സാധ്യത പോലും ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ആദ്യം ശ്രമിച്ചത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സിലബസുകൾ വെട്ടിയും തിരുത്തിയും, ഹിന്ദിയെയും ഹിന്ദുത്വയെയും ബ്രാഹ്മണ്യ സംസ്കാരത്തെയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും, മുസ്‌ലിം-കീഴാള സംഭാവനകളെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തും അവരെ ആഭ്യന്തര ഭീഷണികളായി (Internal threats) മുദ്രകുത്തുകയും ചെയ്താണ് അക്കാദമിക രംഗത്ത് ഫാഷിസം പിടിമുറുക്കുന്നത്. ഇഫ്‌ളു (EFLU), എൻ.ഐ.ടി വാറങ്കൽ, ഐ.ഐ.ടി ഗുവാഹതി, ഡൽഹി യൂനിവേഴ്സിറ്റി തുടങ്ങിയ കാമ്പസുകളിൽ ഈയിടെ ആരംഭിച്ച സെന്‍റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ് (Centre for lndian Knowledge Systems - IKS), ജെ.എൻ.യുവിൽ ഈയിടെ നടന്ന ഇന്ത്യൻ നോളജ് സിസ്റ്റംസ് കോൺഫറൻസ് (Indian Knowledge Systems Conference), ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ഐ.കെ.എസ് സെൽ എന്നിവ ഇതിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രം. ബ്രാഹ്മണിക്കൽ ചിന്താധാരക്ക് അക്കാദമികമായ എല്ലാ പിന്തുണയും ഒരു വശത്ത് ഊട്ടിയുറപ്പിക്കുമ്പോൾ, മറുവശത്ത് മറ്റെല്ലാ പഠനങ്ങളെയും - വിശിഷ്യാ, മുസ്‌ലിം ന്യൂനപക്ഷ ദലിത് കേന്ദ്രീകൃത വ്യവഹാരങ്ങളെ - നിരുത്സാഹപ്പെടുത്തുന്ന പ്രവണതകളുമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഗവേഷക വിദ്യാർഥികൾക്ക് ലഭിച്ചുവന്നിരുന്ന എം.എ.എൻ.എഫ് (Moulana Azad National Fellowship) നിർത്തലാക്കൽ, ഐ.സി.എസ്.എസ്.ആറിന്‍റെ (Indian Council for Social Science Research) ഫെല്ലോഷിപ്പ് വിതരണത്തിലെ ആസൂത്രിത വിവേചനം തുടങ്ങിയവ ഇതിന്‍റെ ഭാഗമായ നടപടികളാണ്. അക്കാദമിക രംഗത്തെ കാവിവൽക്കരണം ഏറ്റവും പ്രകടമായ രീതിയിൽ നടപ്പിലാക്കപ്പെട്ടിട്ടുള്ളത് കേന്ദ്ര സർവകലാശാലകളിൽ സി.യു.ഇ.ടി മാനദണ്ഡമാക്കിയ അഡ്മിഷൻ നിർബന്ധമാക്കപ്പെട്ടപ്പോഴാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് എളുപ്പം മറികടക്കാവുന്ന സിലബസും എക്സാം പാറ്റേണുകളും നടപ്പിലാക്കുക വഴി സർവകലാശാലകളുടെ ഡെമോഗ്രഫി തന്നെ മാറിമറിഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ സി.യു.ഇ.ടിക്ക് മുമ്പും പിമ്പും വലിയ വ്യത്യാസം കാണാൻ സാധിക്കുന്നതാണ്.

അക്കാദമിക സിലബസുകൾ, ഫെല്ലോഷിപ്പുകൾ, അഡ്മിഷൻ പ്രക്രിയ തുടങ്ങിയവയിലെ കൈകടത്തലുകളോടൊപ്പം ഭരണമാറ്റത്തിനനുസരിച്ച് സ്വാഭാവികമായി കണ്ടുവരുന്ന വി.സി-അധ്യാപക നിയമനങ്ങളിലെ ഇടപെടലുകളും കൂടിച്ചേർന്നതോടെ കാമ്പസുകളിൽ സംഘ്പരിവാറിന് രാഷ്ട്രീയധികാരം കൈയടക്കാൻ അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് സാധ്യമായി എന്നതാണ് വസ്തുത. ഇതിനെ യാദൃശ്ചികം എന്ന് കരുതാൻ നിർവാഹമില്ല. മറിച്ച് ആർ.എസ്.എസ് അതിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ കാമ്പസുകളും കാവിയെ പുൽകണമെന്ന സംഘ് ചിന്തകരുടെ ആസൂത്രിത പദ്ധതിയായി വേണം ഇതിനെ മനസ്സിലാക്കാൻ. ഡൽഹി യൂനിവേഴ്സിറ്റിയിലെയും പഞ്ചാബ് യൂനിവേഴ്സിറ്റിയിലെയും ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെയും യൂനിയൻ തെരഞ്ഞെടുപ്പുകളിൽ എ.ബി.വി.പി നേടിയ അട്ടിമറി വിജയങ്ങൾ ഈ പദ്ധതിയുടെ സഫലീകരണമായിരുന്നുവെങ്കിലും ഇഫ്ളുവിൽ ഫ്രറ്റേണിറ്റി - എം.എസ്.എഫ് - എൻ.എസ്.യു.ഐ നേതൃത്വത്തിലുള്ള ആവാസ് സഖ്യത്തിന്റെ സമ്പൂർണ വിജയം കാമ്പസുകളിലെ സംഘ് രാഷ്ട്രീയത്തിന്റെ അടിവേരറുക്കുന്ന മാതൃകകളെയാണ് മുന്നോട്ട് വെക്കുന്നത്. എ.ബി.വി.പിക്ക് മാത്രമല്ല, ഹിന്ദുത്വക്ക് രാഷ്ട്രീയധികാരം നേടാൻ ചെങ്കൊടിത്തണൽ പിടിച്ചു നൽകുന്ന എസ്.എഫ്.ഐക്ക് കൂടിയുള്ള മറുപടിയാണ് ഇഫ്ലുവിലെ ആവാസിന്റെ വിജയം.

ആവാസ് ഉയർത്തുന്ന ചോദ്യങ്ങൾ

'ആവാസ്' എന്നാൽ ശബ്ദം എന്നാണർത്ഥം. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന ക്ലീഷേ വ്യാഖ്യാനമല്ല 'ആവാസി'നുള്ളത്. മറിച്ച്, ചോദ്യങ്ങളുന്നയിക്കാൻ മറ്റേതെങ്കിലും അപ്പോസ്തലന്മാരുടെ ആവശ്യമില്ലായെന്നും, അവനവന്റെ ശബ്ദം ഭയം ലവലേശമില്ലാതെ ഉയർത്താൻ സാധിക്കുമെന്നുമുള്ള പ്രഖ്യാപനം കൂടിയാണത്. കേന്ദ്രസർവലാകലാശാലകൾക്ക് പരിചിതമല്ലാത്ത ജൂനിയർ-സീനിയർ അധികാരപ്രയോഗത്തിലൂടെയും ഭയ്യാ - ദീദി സംസ്കാരത്തിലൂടെയും ഉത്തരേന്ത്യൻ വിദ്യാർഥികളെ തങ്ങളുടെ വോട്ട് ബാങ്കാക്കി എ.ബി.വി.പി മാറ്റിയെടുക്കുമ്പോൾ ഇതിനെതിരെ വിശാലമായ ഐക്യം രൂപപ്പെടണമെന്ന കേവല ധാരണ ഇലക്ഷന് മുമ്പ് തന്നെ വിദ്യാർഥികൾക്കിടയിലുണ്ടായിരുന്നു. സംഘ്പരിവാർ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളായി പ്രഖ്യാപിച്ചിരുന്ന മുസ്‌ലിംകൾ, ദലിതുകൾ, പിന്നാക്ക ജനവിഭാഗങ്ങൾ, ക്വീർ കമ്മ്യൂനിറ്റി, ആദിവാസികൾ തുടങ്ങിയവർക്കിടയിലെല്ലാം തന്നെ ഒരുമയുടെ ഇത്തരം ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മണ്ഡലാനന്തര ഇന്ത്യൻ ക്യാമ്പസുകളിൽ മുസ്‌ലിം-കീഴാള-പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ ഐക്യത്തിന്റെ ആദ്യകാല മാതൃകകളിലൊന്നായ ഡി.എ.ബി.എം.എസ്.എ (Dalit, Adivasi, Bahujan, Minority Students Association)യുടെ ഉദയത്തിന് സാക്ഷ്യം വഹിച്ച കാമ്പസായതു കൊണ്ട് തന്നെ ഈയൊരു രാഷ്ട്രീയ സഖ്യം ഇഫ്ലുവിന് പുതുമയുള്ളതായിരുന്നില്ല.


തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടൻ ക്യാമ്പസിലെ എ.ബി.വി.പി ഇതര വിദ്യാർഥി സംഘടനകളുടെ ഒരു യോഗം വിളിച്ചു ചേർക്കുകയുണ്ടായി. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിശാല ഐക്യം എന്ന ആശയം മുൻനിർത്തി വിളിച്ചു ചേർത്ത ഈ യോഗത്തിൽ ഫ്രറ്റേണിറ്റി, എം.എസ്.എഫ്, എൻ.എസ്.യു.ഐ, എസ്.എഫ്.ഐ, ടി.എസ്.എഫ് തുടങ്ങിയ സംഘടനകളെല്ലാം തന്നെ പങ്കെടുക്കുകയുണ്ടായി. കാലഘട്ടത്തിന്റെ അനിവാര്യത കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഇരുചേരികളിൽ മത്സരിച്ച ഫ്രറ്റേണിറ്റിയും എം.എസ്.എഫും എൻ.എസ്.യു.ഐയും ഒന്നിച്ചു പോവാമെന്ന് ആവർത്തിച്ചപ്പോഴും 'ഐഡിയോളജിക്കൽ ഡിഫ്രൻസി'ന്റെ പേരിൽ സഖ്യത്തിൽ ചേരാനാവില്ലായെന്ന നിലപാട് സ്വീകരിച്ച് മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എസ്.എഫ്.ഐക്കാർ. സംഘ്പരിവാർ ഫാഷിസത്തിന്റെ ഇരകളാക്കപ്പെട്ട മനുഷ്യർ വ്യത്യാസങ്ങൾ മാറ്റിവെച്ച് പൊതുശത്രുവിനെതിരെ ഒന്നിക്കുമ്പോഴും സംഘടനാപരമായ അഹംബോധവും മുസ്‌ലിം വിരുദ്ധതയും തലയിലേറ്റുകയായിരുന്നു ഇക്കൂട്ടർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ എ.ബി.വി.പിക്കെതിരെ ഇതര സംഘടനകളോട് ഒരുമിച്ച് പ്രവർത്തിക്കുകയും അതിന്റെ പേരിൽ ചുമത്തപ്പെട്ട കേസുകളെ ഒരുമിച്ച് നേരിടുകയും ചെയ്ത എസ്.എഫ്.ഐക്കാർ, രാഷ്ട്രീയധികാരത്തിന്റെ ചരിത്ര മുഹൂർത്തത്തിൽ കൂട്ടംതെറ്റി മാറി നിന്ന് എ.ബി.വി.പിക്ക് അധികാരം പിടിക്കാൻ കളമൊരുക്കി നൽകുന്നതിനെ രാഷ്ട്രീയ വഞ്ചനയെന്നല്ലാതെ വിലയിരുത്തുവാൻ നിർവാഹമില്ല.

ഈ രാഷ്ട്രീയ വഞ്ചനക്ക് നേതൃത്വം നൽകാൻ എസ്.എഫ്.ഐ നിരത്തുന്ന കാരണങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അത് ആദർശപരമല്ലായെന്നും, മറിച്ച് കേരളത്തിനകത്തെ സി.പി.എമ്മും എസ്.എഫ്.ഐയും പേറുന്ന അഹന്തയും മുസ്‌ലിം വിരുദ്ധതയുമാണെന്നതും പകൽപോലെ വ്യക്തമാണ്. കേരളത്തിനകത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി സി.പി.എമ്മും എസ്.എഫ്.ഐയും നടപ്പിലാക്കുന്ന മുസ്‌ലിം-കീഴാള രാഷ്ട്രീയ ശബ്ദങ്ങളോടുള്ള തൊട്ടുകൂടായ്മ, ഇഫ്ലു പോലെയുള്ള ഒരു കേന്ദ്ര സർവകലാശാലയിലേക്ക് വിവർത്തനം ചെയ്ത്, ദേശീയ രാഷ്ട്രീയത്തിന്റെ അനിവാര്യതകളെ കേരള-സ്പെസിഫിക്കായ സംഘടനാപരമായ ഈഗോ ഒന്ന് കൊണ്ട് മാത്രം ഒറ്റുകൊടുക്കുകയാണ് എസ്.എഫ്.ഐ ചെയ്തിട്ടുള്ളത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതൽക്ക് എസ്.എ ഡാങ്കെയും ഇ.എം.എസ് നമ്പൂതിരിപ്പാടും കോൺഗ്രസുമായുള്ള സഹകരണത്തെ ചൊല്ലി തുടങ്ങിവെച്ച ഈ തർക്കം ഉള്ളം കയ്യിലെ ബംഗാൾ കൈവിട്ടു പോയിട്ടും സംഘ്പരിവാർ ഫാഷിസം കഴുത്തിനുമേൽ കത്തിയുറപ്പിക്കുമ്പോഴും വെറുപ്പിനെതിരെ വിശാല ഐക്യമെന്ന പരിഹാരത്തിലേക്കെത്തിക്കാൻ അവർക്ക് സാധിച്ചില്ലായെന്നത് സംഘടനാപരമായ അപചയമല്ലാതെ മറ്റെന്താണ്?

സഖ്യചർച്ചകളുടെ ഒടുക്കത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, എം.എസ്.എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകൾ 'ആവാസ്' എന്ന പേരിൽ വെറുപ്പിനെതിരെയുള്ള ഐക്യമുന്നണി രൂപീകരിക്കുകയും പ്രസിഡന്റ്, കൾച്ചറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ഫ്രറ്റേണിറ്റിയും വൈസ് പ്രസിഡന്റ്, സ്പോർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എൻ.എസ്.യു.ഐയും ജനറൽ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എം.എസ്.എഫും മത്സരിക്കാൻ ധാരണയായി. എന്നാൽ, ഫ്രറ്റേണിറ്റി മത്സരിക്കുന്ന രണ്ടു സീറ്റുകളിലേക്കും എൻ.എസ്.യു.ഐ മത്സരിക്കുന്ന സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്കും സ്ഥാനാർഥികളെ നിർത്തിയാണ് എസ്.എഫ്.ഐയുടെ ലെഫ്റ്റ് ഫ്രണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രബുദ്ധരായ ഇഫ്ളുവിലെ വിദ്യാർഥി സമൂഹം എ.ബി.വി.പിക്ക് എതിരായി വിശാലമുന്നണിയെ ഏറ്റെടുക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്ത് ഉറച്ച ശബ്ദത്തിൽ വിളിച്ചു പറയുകയും ചെയ്തതിന്ന് കാലം സാക്ഷി. മത്സരിച്ച മൂന്നിൽ രണ്ട് സീറ്റുകളിലും ഏറ്റവും പിറകിലെത്താനേ എസ്.എഫ്.ഐക്ക് സാധിച്ചുള്ളൂ. മെയിൻ പാനലിൽ മത്സരിക്കാതിരുന്ന ടി.എസ്.എഫ് (Telugu Students Federation) ആവാസിന് പിന്തുണ പ്രഖ്യാപിച്ചത് വിശാല ഐക്യത്തിന്റെ അനിവാര്യതയെ അടയാളപ്പെടുത്തുന്നു.

മുസ്‌ലിംകളെ വെടിവെച്ച് കൊല്ലണമെന്ന് സംഘ്പരിവാർ മുഖ്യമന്ത്രിമാർ പരസ്യമായി ആക്രോശിക്കുന്ന വെറുപ്പിന്റെ കാലത്ത് മലബാറിൽ നിന്നുള്ള മാപ്പിളയായ ഹർഷദ് ഷിബിൻ ഒരു കേന്ദ്ര സർവകലാശാല വിദ്യാർഥി യൂനിയനെ നയിക്കുന്നുവെന്നത് വിദ്വേഷത്തിനെതിരായ പോരാട്ടങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല. ബ്രാഹ്മണ്യ സംസ്കാരത്തിന്റെ വളർച്ചക്കായി ഭരണകൂടം ചെല്ലും ചെലവും നൽകുന്ന കാലത്ത് ഹിജാബിട്ട പെൺകുട്ടിയായ ആയിഷ നേഹ കൾച്ചറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത് കർണാടകയിലെ മുസ്കാൻ ഖാന്റെ പോരാട്ടത്തിന്റെ തുടർച്ചയായല്ലാതെ വിലയിരുത്തുക സാധ്യമല്ല. വെറുപ്പ് പടരുന്ന അസഹിഷ്ണുതക്കാലത്ത് ഹർഷദ് ഷിബിനും സോനു രാജും ഇർഫാൻ ഷാജുദ്ധീനും ഹലീമത്തുസ്സഅദിയ്യയും ആയിഷ നേഹയും ഉദിതാ പുർകിതും നയിക്കുന്ന മുദ്ദസിർ കംറാന്റെ സർവകലാശാലാ വിദ്യാർഥി യൂനിയൻ പ്രതീക്ഷയാണ്, പ്രതിരോധത്തിന്റെ പുതിയ മാതൃകയാണ്, അർഹതപ്പെട്ടതിന്റെ വീണ്ടെടുപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangh ParivarMSFeflucentral universitiesFraternity MovementStudent union election
News Summary - Political model that the EFLU tells us -malayalam article
Next Story