Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എത്ര അനുകരിച്ചാലാണ് മതിയാവുക....
cancel

ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിവന്ന ചികിത്സ കഴിഞ്ഞ് മാർച്ച് 23ന് വത്തിക്കാനിലെ സാന്താ മാർട്ടയിലുള്ള വസതിയിൽ തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ കുറിച്ചിട്ടു: “ആശുപത്രിവാസത്തിന്റെ ഈ നീണ്ട കാലയളവിൽ, കർത്താവിന്റെ ക്ഷമ അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചു, അത് ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അക്ഷീണ പരിചരണത്തിലും രോഗീ ബന്ധുക്കളുടെ പരിചരണത്തിലും പ്രതീക്ഷകളിലും പ്രതിഫലിക്കുന്നത് ഞാൻ കാണുന്നു.

ദൈവത്തിന്റെ അചഞ്ചല സ്നേഹത്തിൽ നങ്കൂരമിട്ടിരിക്കുന്ന ഈ വിശ്വാസപരമായ ക്ഷമ, നമ്മുടെ ജീവിതത്തിൽ തീർച്ചയായും ആവശ്യമാണ്, പ്രത്യേകിച്ച് അതീവ പ്രയാസകരവും വേദനജനകവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ… ഗസ്സ മുനമ്പിൽ ഒട്ടേറെപേരുടെ മരണത്തിനും പരിക്കുകൾക്കും കാരണമായ ഇസ്രായേലിന്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതിൽ ഞാൻ ദുഃഖിതനാണ്, എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിർത്തൽ കൈവരിക്കാനുള്ള സംഭാഷണം പുനരാരംഭിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനായി ആയുധ പ്രയോഗങ്ങൾ ഉടനടി നിർത്തിവെക്കാൻ ഞാൻ ആവശ്യപ്പെടുന്നു. സംഘർഷത്തിലെ കക്ഷികളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും അടിയന്തര പ്രതിബദ്ധത ആവശ്യമാംവിധം ഗസ്സ മുനമ്പിൽ മാനുഷിക സാഹചര്യം അത്യന്തം ഗുരുതരമാണ്. യുദ്ധങ്ങൾ അവസാനിപ്പിക്കാനും സമാധാനത്തിനും വേണ്ടി നമുക്കൊരുമിച്ച് പ്രാർഥിക്കാം, പ്രത്യേകിച്ച് തകർന്നടിഞ്ഞ യുക്രെയ്ൻ, ഫലസ്തീൻ, ഇസ്രായേൽ, ലബനാൻ, മ്യാന്മർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിലെ”

ഈ വരികളിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ കൃതജ്ഞതാബോധവും യുദ്ധ ഇരകളോടുള്ള അനുതാപവും നാം അനുകരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതാണ്. അതിനും ഏതാനും ദിവസം മുമ്പ് ഈ വർഷം മാർച്ച് 19നാണ് സ്ഥാനാരോഹണത്തിന്റെ ഒരു വ്യാഴവട്ടം അദ്ദേഹം പൂർത്തിയാക്കിയത്. സഭാ ചരിത്രത്തിൽ അതീവ നിർണായകമായിരുന്നു ഈ പന്ത്രണ്ട് വർഷങ്ങൾ. നാം ജീവിക്കുന്ന ഈ ലോകത്തെ കൂടുതൽ മാനുഷികവും നീതിയുക്തവും സമാധാന-സ്നേഹനിർഭരവുമായ ഇടമാക്കി മാറ്റാനുള്ള സർവാത്മകവും ദീർഘവീക്ഷണമുള്ളതുമായ കാഴ്ചപ്പാടിലൂടെയും അചഞ്ചലമായ ദൗത്യത്തിലൂടെയും ചരിത്രത്തിന്റെ ഈ ഘട്ടത്തിലെ അത്യന്താപേക്ഷിതനായ വ്യക്തിയാണെന്ന് ഫ്രാൻസിസ് മാർപാപ്പ തെളിയിച്ചിരുന്നു.

‘എന്നെ അനുഗ്രഹിക്കണം’

അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ നിന്നുള്ള ജെസ്യൂട്ട് കർദിനാളായ ജോർജ് മരിയോ ബെർഗോഗ്ലിയോ മാർപാപ്പ സ്ഥാനലബ്ധിയെത്തുടർന്ന് ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിച്ച ശേഷം 2013 മാർച്ച് 13ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് നടത്തിയ ആദ്യ പ്രസംഗത്തിൽ പറഞ്ഞു: ആദ്യമായി നിങ്ങളോട് ഒരു ഉപകാരം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിഷപ് ജനങ്ങളെ അനുഗ്രഹിക്കുന്നതിനുമുമ്പ്, എന്നെ അനുഗ്രഹിക്കണമെന്ന് നിങ്ങൾ കർത്താവിനോട് പ്രാർഥിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.

‘വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേരിൽ’

എന്തുകൊണ്ടാണ് അദ്ദേഹം സഭാ ചരിത്രത്തിൽ ഒരു മാർപാപ്പയും സ്വീകരിച്ചിട്ടില്ലാത്ത ‘ഫ്രാൻസിസ്’ എന്ന പേര് തിരഞ്ഞെടുത്തതെന്ന് പലരും ചിന്തിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു: ഞാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉറ്റ സുഹൃത്ത് ബ്രസീലിയൻ കർദിനാൾ ക്ലോഡിയോ ഹമ്മസ് എന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ‘ദരിദ്രരെ മറക്കരുത്’ എന്ന് പറയുകയും ചെയ്തു. പ്രിയസുഹൃത്തിന്റെ വാക്കുകൾ ഞാൻ ഹൃദയത്തിൽ എടുക്കുകയും ദരിദ്രർക്കും സമാധാനത്തിനും വേണ്ടി ജീവിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേരിൽ വിളിക്കപ്പെടാൻ ഞാൻ തീരുമാനിച്ചു. ദരിദ്രവും ദ്രരിദ്രർക്കായി നിലകൊള്ളുന്നതുമായ ഒരു സഭയെ ഞാൻ അത്രമാത്രം ആഗ്രഹിക്കുന്നു!

‘വേദനിക്കുന്ന ചർച്ചിനെ ഇഷ്ടപ്പെടുന്നു’

2013 നവംബറിൽ, നടത്തിയ തന്റെ ആദ്യ അപ്പോസ്തോലിക പ്രഭാഷണമായ ‘ഇവാൻഗെലി ഗൗഡിയത്തിൽ’ (സുവിശേഷത്തിന്റെ സന്തോഷം) ഫ്രാൻസിസ് മാർപാപ്പ തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ വ്യക്തമായി പ്രസ്താവിച്ചു, സ്വന്തം സുരക്ഷയിൽ ഉറച്ചുനിൽക്കുന്ന അനാരോഗ്യകരമായ ചർച്ചിനേക്കാൾ, തെരുവുകളിൽ നിലകൊണ്ടതിനാൽ ചതവും വേദനയും ചളിയുമേറ്റ ഒരു ചർച്ചിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സമൂഹത്തിന്റെ ഒരു ഭാഗം മറ്റുള്ളവരുടെ മേൽ ആധിപത്യം പുലർത്തുന്നതിന്റെ ഫലമായുണ്ടാകുന്ന അക്രമത്തിന്റെ അഭാവത്തെ സമാധാനമായി മനസ്സിലാക്കാൻ കഴിയില്ല. ദരിദ്രരെ നിശ്ശബ്ദരാക്കുകയോ പ്രീണിപ്പിക്കുകയോ ചെയ്യുന്ന ഒരു സാമൂഹിക ഘടനയെ ന്യായീകരിക്കുന്നതിനുള്ള ഒരു ഒഴികഴിവായി യഥാർഥ സമാധാനം പ്രവർത്തിക്കുന്നില്ല. കടലാസിൽ സമവായം സൃഷ്ടിക്കുക അതല്ലെങ്കിൽ സംതൃപ്തരായ ന്യൂനപക്ഷത്തിന് ക്ഷണികമായ സമാധാനം സൃഷ്ടിക്കുക എന്നതിെൻറ മറവിൽ സമ്പത്തിന്റെ വിതരണം, ദരിദ്രരോടുള്ള ആശങ്ക, മനുഷ്യാവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന ആവശ്യങ്ങൾ അടിച്ചമർത്താൻ കഴിയില്ല.’’

‘പ്രിയങ്കരരായ അഭയാർഥികളെ..’

അഭയാർഥികൾ, കുടിയേറ്റക്കാർ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവർക്കായി ഫ്രാൻസിസ് മാർപാപ്പ ഹൃദയത്തിൽ ഇടം കരുതിവെച്ചു. ‘‘അഭയാർഥികൾ വെറും സംഖ്യകളല്ല, അവർ മുഖവും, പേരും,ജീവിതാനുഭവങ്ങളുമുള്ള ആളുകളാണ്, അവരെ അപ്രകാരം തന്നെ പരിഗണിക്കേണ്ടതുണ്ട്’’ എന്ന് അദ്ദേഹം പ്രസ്താവിച്ചു. 2015ലെ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോകദിനത്തോടനുബന്ധിച്ച തന്റെ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു, ‘‘കുടിയേറ്റക്കാരുമായും അഭയാർഥികളുമായും ഉള്ള ഐക്യദാർഢ്യത്തോടൊപ്പം ലോകമെമ്പാടും കൂടുതൽ നീതിയുക്തവും തുല്യവുമായ സാമ്പത്തികവും സാമ്പത്തികമായ ക്രമം വികസിപ്പിക്കുന്നതിന് ആവശ്യമായ ഇച്ഛാശക്തിയും സർഗാത്മകതയും ഉണ്ടായിരിക്കണം. പ്രിയപ്പെട്ട കുടിയേറ്റക്കാരെ, അഭയാർഥികളെ, സഭയുടെ ഹൃദയത്തിൽ നിങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.’’ ഇടമില്ലാത്ത ജനങ്ങളെ കൂടുതൽ മാനുഷികവും മാന്യവുമായ ജീവിതത്തിനായി അനുഗമിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യം അനുകരിക്കപ്പെടേണ്ടതുതന്നെയാണ്.

‘വിധിക്കാൻ ഞാൻ ആര്?’

മുസ്‍ലിം തടവുകാരികളുടെ പാദങ്ങൾ കഴുകുന്നതിലും സഭാ ഘടനകളുടെയും അധികാരസ്ഥാനങ്ങളുടെയും ഉത്തരവാദിത്തം സ്ത്രീകളെ ഏൽപിക്കുന്നതിലും LGBTQIA + സമൂഹത്തിെൻറ പശ്ചാത്തലത്തിൽ ‘‘വിധിക്കാൻ ഞാൻ ആര്’’ എന്ന് ചോദിക്കുന്നതിലും യുവജനങ്ങളോട് നിങ്ങളാണ് നാളെയുടെ പ്രതീക്ഷ എന്ന് പറയുന്നതിലും വധശിക്ഷയാവട്ടെ യുദ്ധമാവട്ടെ മരണസംസ്കാരത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിലും യു.എസ് ആയുധ, വെടിക്കോപ്പ് വ്യവസായത്തെ നേരിടാൻ ധൈര്യപ്പെട്ടതിലും പ്രത്യാശയുടെയും കരുണയുടെയും കിരണങ്ങൾ പ്രകടമാവുന്നു- ഇന്നത്തെ ലോകത്തിൽ ക്രിസ്തുവിന്റെ ഒരു യഥാർഥ ശിഷ്യൻ എന്നതിനുള്ള എല്ലാ ലക്ഷണങ്ങളും ആ ജീവിതത്തിൽ ഒത്തുചേരുന്നു.

അടുത്തിടെ, ‘റിബൽ പോപ്പ്: ടെൻ ഇയേഴ്സ് ഓഫ് ഹോപ്’ എന്ന പേരിൽ പുറത്തിറക്കിയ 45 മിനിറ്റ് ഡോക്യുമെന്ററിയുടെ പ്രസ്താവനയിൽ ‘നാഷനൽ ജിയോഗ്രാഫിക്’ പോർട്ടൽ ഇങ്ങനെ പറയുന്നു: ദാരിദ്ര്യം, കുടിയേറ്റം, ലിംഗസമത്വം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിബദ്ധത, അദ്ദേഹത്തെ ഒരു മഹത്തായ ലക്ഷ്യമുള്ള ഒരു വിമതനാക്കി മാറ്റി!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pope Francis
News Summary - Pope Francis: How much imitation is enough...
Next Story