Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജാതി സെൻസസിന് അകാല...

ജാതി സെൻസസിന് അകാല ചരമം

text_fields
bookmark_border
ജാതി സെൻസസിന് അകാല ചരമം
cancel
ദീർഘകാല ആവശ്യം അംഗീകരിച്ച് രാജ്യത്ത് വീണ്ടും ജാതിസെൻസസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ അതിനുള്ള വിവരശേഖരണ മാതൃക അതിന്‍റെ ലക്ഷ്യം യാഥാർഥ്യമാക്കില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. സർവേയിൽ മുൻകൂട്ടി തയാറാക്കിയ പട്ടികക്ക് പകരം ഓരോ വ്യക്തിക്കും സ്വന്തം ജാതിയുടെ പേര് രേഖപ്പെടുത്താൻ അവസരം നൽകുന്നു. ഇത് ജാതി വർഗീകരണത്തിൽ വലിയ വെല്ലുവിളിയാകും. അബദ്ധത്തിൽ സംഭവിച്ചതല്ല ഇത്, അതൊരു രാഷ്ട്രീയ തീരുമാനമാണ്. അതിന്റെ പിന്നാമ്പുറങ്ങളിലൂടെ.

ജാതിയും ഗോത്രവും തിരിച്ചുള്ള പരമ്പരാഗത സാമൂഹിക വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കാണത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാമൂഹിക വിഭാഗങ്ങൾ കുലത്തൊഴിൽ എന്ന പേരിൽ പരമ്പരാഗതമായി ഒരേ തൊഴിലിൽ ഏർപ്പെടുന്നവരും സാമൂഹിക ഘടനയിൽ വ്യത്യസ്ത തട്ടുകളായി നിലകൊള്ളുന്നവരുമാണ്. അതുകൊണ്ടാണ് ഈ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ രാജ്യത്തിന്റെ വിഭവങ്ങളുടെ വിതരണം നടത്തുന്നതിനും സാമൂഹിക നീതിയും സംവരണവും ക്ഷേമ പദ്ധതികളും അടക്കമുള്ള നയങ്ങൾ രൂപവത്കരിക്കുന്നതിനും ജാതി സെൻസസ് അനിവാര്യമായിത്തീരുന്നത്. ഭരണഘടനയുടെ 340 അനുച്ഛേദം പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള അനുവാദം നൽകുന്നുണ്ടെങ്കിലും ജാതി തിരിച്ചുള്ള തലയെണ്ണൽ നിർബന്ധമാക്കുന്ന ഭരണഘടനാപരമായ ഒരു വ്യവസ്ഥയും നിലവിലില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ തലയെണ്ണൽ

അതേസമയം, ബ്രിട്ടീഷ് ഭരണകാലത്ത് 1881 മുതൽ 1931 വരെ ഓരോ സെൻസസിലും ജാതി നോക്കിയുള്ള തലയെണ്ണൽ പതിവായിരുന്നു. 1941ലെ സെൻസസിലും ജാതി വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ചുവെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അത് പ്രസിദ്ധീകരിച്ചില്ല. അതിൽ പിന്നെയാണ് 1951 തൊട്ട് ജാതി കണക്കെടുപ്പ് നിലച്ചുപോയത്. പോയ മുക്കാൽ നൂറ്റാണ്ടുകാലം സെൻസസിൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടേതല്ലാത്ത, മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) അടക്കമുള്ള ആരുടെയും തലയെണ്ണുന്ന പതിവില്ലാതായി. 1961ൽ കേന്ദ്രസർക്കാർ ഓരോ സംസ്ഥാനങ്ങളോടും അവിടങ്ങളിലെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ജാതികളുടെയും അതിൽ പെട്ടവരുടെയും പട്ടിക തയാറാക്കാൻ നിർദേശിച്ചിരുന്നു.

2011ൽ പാളിപ്പോയ ജാതി കണക്കെടുപ്പ്

പിന്നീട് 2011ൽ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് എന്നുതന്നെ പേരിട്ട് ഓരോ വീട്ടുകാരുടെയും ജാതി വിവരങ്ങളും സാമൂഹിക സാമ്പത്തിക സ്ഥിതിയും അറിയുന്നതിനുള്ള ശ്രമം നടന്നു. അതും പക്ഷേ വെളിച്ചം കണ്ടില്ല. ആ കണക്കെടുപ്പിൽ പറ്റിയ പല വീഴ്ചകളുടെയും പേരിലാണ് അത് പ്രസിദ്ധീകരിക്കേണ്ടെന്നുവെച്ചത്. വീട്ടുകാർ പറയുന്ന ഏത് ജാതിപ്പേരും ജാതി കോളത്തിൽ രേഖപ്പെടുത്താൻ പൗരന്മാരെ അനുവദിച്ചതായിരുന്നു അതിലൊരു പ്രധാന പോരായ്മ. ഇതുമൂലം പല പേരുകളിൽ ജാതികളുടെ എണ്ണം ക്രമാതീതമായി രേഖപ്പെടുത്തപ്പെട്ടു. അതോടെ ആ സ്ഥിതിവിവര കണക്ക് അവിശ്വസനീയവും അപ്രായോഗികവുമായി മാറി. അതുകൊണ്ടാണ് നടത്താനിരിക്കുന്ന ജാതി സെൻസസിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കണമെന്ന് എല്ലാ കോണുകളിൽനിന്നും ഒരുപോലെ ആവശ്യമുയർന്നത്. 2011ൽ ഓരോ വീട്ടിലും പോയി ജാതി ചോദിച്ച് അവർ പറഞ്ഞത് രേഖപ്പെടുത്തിയപ്പോൾ രാജ്യത്ത് 46.7 ലക്ഷം ജാതികൾ ഉണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എട്ടു കോടിയോളം പേർ രേഖപ്പെടുത്തിയ ജാതി തെറ്റാണെന്നും വ്യക്തമായി.

ചോദ്യാവലിയിൽ സംഭവിച്ച അട്ടിമറി

2021ൽ നടക്കേണ്ട സെൻസസ് പല കാരണങ്ങളാൽ വൈകി 2026- 27 വർഷത്തിൽ നടത്തുമ്പോഴാണ് ജാതി സെൻസസ് വീണ്ടും സജീവ ചർച്ചയിലാകുന്നത്. സെൻസസിന്റെ മുന്നോടിയായി ഒന്നാം ഘട്ടത്തിൽ നടത്തിയ വീടുകളുടെ സർവേ സംബന്ധിച്ച വാർത്തസമ്മേളനം നടത്തിയപ്പോൾ വ്യക്തിഗത സർവേക്കായുള്ള ചോദ്യാവലിയും മാർഗനിർദേശങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നിരുന്നു. അത് രണ്ടാം ഘട്ടത്തിലാണ് പുറത്തുവിടുക എന്നായിരുന്നു സെൻസസ് കമീഷണർ അന്ന് നൽകിയ മറുപടി. എന്നാൽ, സെൻസസിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് ചോദ്യാവലി ഇനിയും എന്യൂമറേറ്റർമാർക്ക് കൈമാറിയപ്പോഴാണ് സെൻസസിലെ ജാതി തിരിച്ചുള്ള തലയെണ്ണൽ കൃത്യതയില്ലാത്ത പേരിനു മാത്രമുള്ള ‘ഒരു ചടങ്ങ്’ ആക്കിയെന്ന് വ്യക്തമാകുന്നത്. അതുകൊണ്ടാണ് ഈ നടക്കുന്നത് ജാതി സെൻസസ് അല്ലെന്നും യഥാർഥത്തിൽ അട്ടിമറിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.

ഉത്തരമായി എന്തും എഴുതിവെക്കാവുന്ന ഒരു ചോദ്യാവലിയുമായിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭവന സെൻസസ് പൂർത്തിയാക്കിയ ശേഷം വ്യക്തിഗത സെൻസസിന് എന്യൂമറേറ്റർമാരെ പറഞ്ഞുവിടുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ അടയാളപ്പെടുത്തുന്ന അതേ കോളത്തിൽ അതല്ലാത്തവരുടെ ജാതി എഴുതാനാണ് നൽകിയ നിർദേശം. അങ്ങനെ ജാതി രേഖപ്പെടുത്തുമ്പോൾ നിലവിൽ സംവരണ ആനുകൂല്യങ്ങൾക്കും മറ്റുമായി ഓരോ സംസ്ഥാനത്തും സർക്കാർ തയാറാക്കിയ വിവിധ ജാതി വിഭാഗങ്ങളുടെ പട്ടിക കൈമാറാനുള്ള നീക്കമോ അത് സംഘടിപ്പിക്കണമെന്നുള്ള നിർദേശമോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തനിന്നുണ്ടായില്ല. ഇതുകൊണ്ടൊക്കെയാണ് പേരിനൊരു ജാതി ചോദിച്ചെന്നു വരുത്തി സെൻസസ് നടത്തുന്നത് ലക്ഷ്യമിട്ട ജാതി സെൻസസിനെ അട്ടിമറിക്കാനാണെന്ന് പറയുന്നത്.

ജാതി-ഉപജാതി തരംതിരിവ് സങ്കീർണമാക്കുന്ന ചോദ്യാവലി

നിലവിൽ വീടുകളിൽ വരുമ്പോൾ ഓരോ വീട്ടുകാരും തങ്ങളുടെ ജാതിപ്പേര് പറയുമ്പോൾ അത് ആ സംസ്ഥാനത്തെ ജാതികളുടെ പട്ടികയുമായി തട്ടിച്ചുനോക്കാനുള്ള അവസരം എന്യൂമറേറ്റർമാർക്ക് ഇല്ല. അതിനാൽ, വീട്ടുകാർ പറയുന്നതെന്തോ അത് രേഖപ്പെടുത്തുക മാത്രമേ നിർവാഹമുള്ളൂ. അതോടുകൂടി പലതരത്തിലുള്ള ജാതിപ്പേരുകളാൽ സെൻസസിൽനിന്നും ലഭിക്കുന്ന സ്ഥിതിവിവരങ്ങൾ സങ്കീർണമാകും. ആളുകൾ പറഞ്ഞ ജാതിപ്പേരുകൾ നിലനിൽക്കുന്നതാണോ അല്ലേ എന്ന് ഉറപ്പുവരുത്താൻ എന്യൂമറേറ്റർമാർക്ക് കഴിയാതെവരും. നൽകിയ വിവരങ്ങൾ പുനഃപരിശോധിക്കുന്ന രീതി സെൻസസിൽ ഇല്ലാത്തതിനാൽ അതിൽ ആവശ്യമായ തിരുത്തലിനുള്ള അവസരവുമില്ലാതെ പോകും.

ഇതു കൂടാതെ ഓരോ ജാതിയിലും ഉള്ള ഉപജാതികളുടെ തരംതിരിവും സങ്കീർണം ആയിത്തീരും. ജാതിയും ഉപജാതിയും തിരിച്ചുള്ള കണക്കെടുപ്പ് പോയ പതിറ്റാണ്ടുകളിൽ നടക്കാത്തതുകൊണ്ടാണ് നിലവിൽ ഒ.ബി.സി ജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവര കണക്ക് കിട്ടാത്തത്. 2017ൽ രോഹിണി കമീഷൻ സമർപ്പിച്ച ശിപാർശയിൽ ഒ.ബി.സി സംവരണത്തിന്റെ നീതിപൂർവകമായ നടപ്പാക്കലിന് ഉപജാതികളുടെ വർഗീകരണം അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മണ്ഡൽ കമീഷൻ ശിപാർശകൾ നടപ്പാക്കിയപ്പോൾ പോലും ജനസംഖ്യയുടെ 52 ശതമാനം പേർ ഒ.ബി.സി വിഭാഗമാണെന്ന് കണക്കുകൂട്ടിയത് 1931ലെ സെൻസസ് ആധാരമാക്കിയാണ് എന്നോർക്കണം.

സംസ്ഥാനങ്ങളുടെ ജാതി സർവേകൾ

കേന്ദ്രസർക്കാറുകളുടെ ഭാഗത്തുനിന്ന് ഓരോ സംസ്ഥാനത്തെയും ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്താൻ വേണ്ടത്ര ശുഷ്‍കാന്തി ഇല്ലെന്ന് കണ്ടപ്പോൾ അത് മറികടക്കുന്നതിന് സംസ്ഥാന സർക്കാറുകൾ കണ്ടെത്തിയ ഉപായമാണ് ജാതി സർവേകൾ. ചോദ്യാവലിയും കണക്കെടുപ്പും സെൻസസ് പോലെത്തന്നെയാണെങ്കിലും സെൻസസിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ് ഇതിന് സർവേ എന്ന് പേരിടുന്നത്. ഫലത്തിൽ ഓരോ വീട്ടിലും ചെന്നുള്ള തലയെണ്ണലും അവർ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കണക്കെടുപ്പുംതന്നെയാണ് ഇത്. കർണാടകയിലും തെലങ്കാനയിലും ബിഹാറിലും ഈ സർവേകൾ നടന്നു. ഒടുവിൽ നടന്ന തെലങ്കാനയിലും ബിഹാറിലും ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയതിന് പുറമെ അത് കൃത്യമായി രേഖപ്പെടുത്താൻ ജാതികളുടെയും ഉപജാതികളുടെയും പട്ടിക എന്യൂമറേറ്റർമാർക്ക് നൽകിയായിരുന്നതിനാൽ 2011ൽ സംഭവിച്ചതുപോലുള്ള സങ്കീർണതകളുണ്ടായില്ല.

തലയെണ്ണും മുമ്പ് പട്ടികയുണ്ടാക്കണം

അതിനാൽ, ആദ്യ ചുവടുവെപ്പ് എന്ന നിലക്ക് ഓരോ സംസ്ഥാനത്തെയും നിലവിലുള്ള ഓരോ ജാതികളെയും സാമൂഹിക വിഭാഗങ്ങളെയും തരംതിരിച്ച് പട്ടിക തയാറാക്കുകയാണ് സെൻസസിന് ഇറങ്ങും മുമ്പ് ചെയ്യേണ്ടത്. ആ ജാതികളുടെയും ഉപജാതികളുടെയും പട്ടികവെച്ചു വേണം എന്യൂമറേറ്റർമാർ ഓരോ വീട്ടിലും ചെന്ന് ജാതി കോളം പൂരിപ്പിക്കേണ്ടത്. ഇതാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യ പ്രതിപക്ഷം കോൺഗ്രസും ആവശ്യപ്പെടുന്നതും.

സ്ഥിതിവിവരക്കണക്ക് വെച്ച് ഭരണം നടത്തുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ചരിത്രപരമായി സംഭവിച്ചിട്ടുള്ള വിടവുകൾ നികത്താൻ ആവും എന്നതുകൊണ്ടാണ് ജാതി സെൻസസ് അതിനിര്‍ണായകമായിത്തീരുന്നത്.




ജാതി സെൻസസിന്റെ പ്രത്യാഘാതങ്ങൾ

രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട അതി വൈകാരികമായ ഒരു വിഷയമാണ് ജാതി സെൻസസ്. സാമൂഹിക നീതി ലക്ഷ്യമിടുന്ന ഭരണകൂടങ്ങൾക്ക് ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും നീതിപൂർവകമായ വിതരണത്തിനും നയ രൂപവത്കരണത്തിനും വിവിധ സാമൂഹിക വിഭാഗങ്ങളുടെ സ്ഥിതി വിവരണ കണക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ, ഇത്തരമൊരു കണക്കെടുപ്പ് നിലവിലുള്ള ജാതി വിഭജനത്തെ കൂടുതൽ ആഴത്തിൽ ആക്കും എന്നാണ് ഇതിനെ തടയിടുന്നവർ മുന്നോട്ടുവെക്കുന്ന വിമർശനം. ഇത് ശാസ്ത്രീയമായി നടത്തിയാൽ പാർശ്വവത്കൃത വിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനം മാത്രമല്ല, രാഷ്ട്രീയമായ ശാക്തീകരണം കൂടി സംഭവിക്കും. പാർശ്വവത്കൃതർ എന്ന് വെളിപ്പെടുന്ന സാമൂഹിക വിഭാഗങ്ങൾ തങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിനായും ശബ്ദമുയർത്തും. സ്വാഭാവികമായും ഉന്നത ജാതിക്കാർക്ക് അപ്രമാദിത്വം ഉള്ള പരമ്പരാഗത രാഷ്ട്രീയ സംഘടനകൾക്ക് ഈ കണക്കെടുപ്പ് ഒരു വെല്ലുവിളിയാകും. നിലവിലുള്ള രാഷ്ട്രീയ ബലാബലങ്ങൾ പുനർനിർണയിക്കപ്പെടും. 1931നു ശേഷമുള്ള പ്രാതിനിധ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും കണക്കുകൾ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സംവരണത്തിനുമായുള്ള മുറവിളികൾക്ക് ശക്തിപകരും. അതോടെ 1992ലെ ഇന്ദിരാ സാഹ്നി കേസിൽ സുപ്രീംകോടതി നിർണയിച്ച പരമാവധി സംവരണ പരിധി പോലും മാറ്റേണ്ടിവന്നേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusopinionCaste Census
News Summary - Premature death of caste census
Next Story