വഖഫ് സ്വത്ത് സംരക്ഷണം ഉറപ്പാക്കും
text_fieldsഅഡ്വ. എം.കെ. സക്കീർ (ചിത്രം: ബൈജു കൊടുവള്ളി)
അഡ്വ. എം.കെ. സക്കീർ / പി.പി. കബീർ
പുതിയ നിയമഭേദഗതിയോടെ ബോർഡിന്റെ ഉത്തരവാദിത്തം കൂടുകയാണ്. പ്രത്യേകിച്ച്, വഖഫ് സ്വത്ത് സംരക്ഷണവും തർക്കങ്ങളും വലിയ ചർച്ചയാകുന്ന വർത്തമാനകാലത്ത്. വഖഫ് സ്വത്ത് സംരക്ഷണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?
വഫഖ് സ്വത്തുക്കൾ കൃത്യമായി ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. വഫഖ് സ്വത്തുക്കൾ കുടുംബ ട്രസ്റ്റുകൾക്കും സംഘടനകൾക്കും കീഴിൽ സ്വകാര്യ സ്വത്ത് പോലെ കൈകാര്യം ചെയ്യപ്പെടുകയാണ്. ഇത് വഖഫിന്റെ ലക്ഷ്യങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽ രജിസ്ട്രേഷനും മാനേജ്മെന്റിനുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആരംഭിച്ച ഏകീകൃത ഡിജിറ്റൽ സംവിധാനമായ ‘ഉമീദ്’ പോർട്ടലിൽ വിവരങ്ങൾ പൂർണ തോതിൽ അപ് ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.
ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾക്ക് ഭാവിയിൽ തർക്കങ്ങൾ ഉടലെടുക്കുമ്പോഴും കൈയേറ്റമുണ്ടാകുമ്പോഴും രജിസ്റ്റേർഡ് വഖഫ് എന്ന നിലക്കുള്ള പരിരക്ഷ ലഭിക്കില്ല. കൈയേറ്റം ഒഴിപ്പിക്കൽപോലുള്ള കാര്യങ്ങൾക്ക് തടസ്സമുണ്ടാകും. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഭൂമി ഏറ്റെടുത്താൽ നഷ്ടപരിഹാരത്തിനും അർഹതയുണ്ടാകില്ല. ബോർഡ് നിരന്തരം ബോധവത്കരണം നടത്തിയിട്ടും സംസ്ഥാനത്ത് വഖഫ് സ്വത്ത് രജിസ്ട്രേഷൻ മന്ദഗതിയിലാണ്.
ഇക്കാര്യത്തിൽ എന്താണ് ബോർഡിന് ചെയ്യാനാവുക?
രജിസ്ട്രേഷൻ പരമാവധി വർധിപ്പിക്കാനുള്ള പ്രത്യേക കാമ്പയിനാണ് ലക്ഷ്യമിടുന്നത്. ബോധവത്കരണം ശക്തിപ്പെടുത്തുകയും വഖഫ് സ്വത്ത് ഇനിയും രജിസ്റ്റർ ചെയ്യാത്ത മഹല്ലുകളെയും കുടുംബങ്ങളെയും നേരിട്ട് ബന്ധപ്പെടുകയും ചെയ്യും. തർക്കത്തിന്റെ ഭാഗമായും ആധാരമടക്കം രേഖകൾ നഷ്ടപ്പെട്ടത് മൂലവും രജിസ്റ്റർ ചെയ്യാത്തവരുണ്ട്. ഇത്തരം കേസുകളിൽ സാധ്യമായ പരിഹാര മാർഗങ്ങൾ തേടും.
സംസ്ഥാനത്ത് ഉമീദ് പോർട്ടലിലെ രജിസ്ട്രേഷൻ എവിടെയെത്തി?
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കളുടെ 50 ശതമാനത്തിന്റെ വിവരങ്ങൾ മാത്രമേ ഇതുവരെ ‘ഉമീദ്’ പോർട്ടലിൽ അപ് ലോഡ് ചെയ്തിട്ടുള്ളൂ. പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങളും ബോർഡിൽ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരാത്തതും വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ മഹല്ലുകൾക്കിടയിലും മുതവല്ലിമാർക്കിടയിലും ബോധവത്കരണം നടത്തിയിട്ടും ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുറന്നിട്ടും പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടും പ്രതിക്ഷിച്ച ഫലമുണ്ടായിട്ടില്ല. ഇവിടെ സംസ്ഥാന വഖഫ് ബോർഡിന് ഒരു ഫെസിലിറ്റേറ്ററുടെ റോൾ മാത്രമാണുള്ളത്.
ഉമീദ് പോർട്ടലിൽ വിവരങ്ങൾ ചേർക്കാൻ മുൻകൈയെടുക്കേണ്ടത് മുതവല്ലിമാരാണ്. ബോർഡിന് നേരിട്ട് വിവരങ്ങൾ അപ് ലോഡ് ചെയ്യാനാവില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ബോർഡ് ലഭ്യമാക്കും. രേഖകൾ ആവശ്യമുണ്ടെങ്കിൽ ബോർഡിനെ ബന്ധപ്പെടണം. മേയ് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. വഖഫ് ബോർഡിന്റെ അതത് ഡിവിഷൻ ഓഫിസുകളുടെ സഹായത്തോടെ പോർട്ടലിൽ വിവരങ്ങൾ ചേർക്കുന്ന നടപടികൾ ഉടൻ പൂർത്തിയാക്കണം. എന്നാൽ, മാത്രമേ വഖഫിന് ഔദ്യോഗിക പരിരക്ഷ ലഭിക്കൂ. അല്ലെങ്കിൽ ഭാവിയിൽ പല തടസ്സങ്ങളും വന്നേക്കാം. ക്രിമിനൽ നടപടികളടക്കം നേരിടേണ്ടിയും വരും.
ബോർഡിന്റെ പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായി എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്?
ബോർഡിന്റെ മുഖഛായ മാറ്റുന്ന വിധത്തിൽ കൂടുതൽ ഡിജിറ്റൽവത്കരിക്കും. ഇതിന്റെ ഭാഗമായി സോഫ്റ്റ് വെയറിൽ മാറ്റങ്ങൾ കൊണ്ടുവരും. ഭാവിയിൽ മഹല്ലുകളുടെ റിട്ടേൺ സമർപ്പണമടക്കം ഈ പ്ലാറ്റ്ഫോം വഴിയാക്കും. പേമെന്റ് ഗേറ്റ് വേ സൗകര്യത്തോടെ മൊബൈൽ ആപ് ഉൾപ്പെടെ വികസിപ്പിക്കും. ബോർഡിന്റെ വെബ്സൈറ്റ് നവീകരിക്കും. സേവനങ്ങൾ ഓൺലൈനായി മാറുന്നതോടെ മഹല്ലുകൾക്ക് പ്രത്യേക കോഡ് നമ്പർ നൽകും. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സാങ്കേതിക പരിശീലനം നൽകും.
രജിസ്റ്റർ ചെയ്ത 13,700 മഹല്ലുകളുടെയും അവരുടെ ഒരു ലക്ഷത്തോളം വരുന്ന സ്വത്ത് വകകളുടെയും വിഷയങ്ങളാണ് ബോർഡ് കൈകാര്യം ചെയ്യുന്നത്. മാസവരി, സംഭാവന, വാടക, കാർഷികാദായത്തിൽനിന്ന് 20 ശതമാനം ചെലവ് കഴിച്ചുള്ള തുക എന്നീ വരുമാനങ്ങളുടെ അഞ്ച് ശതമാനം മഹല്ലുകൾ ബോർഡിലേക്ക് അടക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, പല മഹല്ലുകളും വൻ തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. കൃത്യമായി സ്റ്റേറ്റ്മെന്റ് നൽകുന്നതിൽ പോലും മഹല്ലുകൾ വീഴ്ച വരുത്തുന്നു. ഈ സാഹചര്യത്തിൽ റവന്യൂ റിക്കവറി നടപടികൾ ഊർജിതമാക്കാനാണ് തീരുമാനം.
തർക്കപരിഹാര സംവിധാനം ശക്തിപ്പെടുത്തുമോ?
വിവിധ തർക്കങ്ങളുമായി ബന്ധപ്പെട്ട് 650ഓളം കേസുകൾ തീർപ്പാക്കാനുണ്ട്. പലതും രൂക്ഷമായ പ്രാദേശിക തർക്കങ്ങളാണ്. സിറ്റിങ്ങുകളുടെ എണ്ണം വർധിപ്പിച്ച് ഇവ സമയബന്ധിതമായി തീർപ്പാക്കും. തർക്ക പരിഹാരത്തിന് മേഖലാടിസ്ഥാനത്തിൽ മീഡിയേഷൻ സെന്ററുകൾ തുറക്കും. പരമാവധി തർക്കങ്ങൾ അവിടെത്തന്നെ പരിഹരിക്കാൻ ശ്രമിക്കും. ഡിവിഷൻ ഓഫിസുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും.
മുനമ്പം വിഷയത്തിൽ എന്താണ് തീരുമാനം?
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി നിരീക്ഷണത്തിനെതിരെ റിവ്യൂ ഹരജി നൽകിയിരുന്നു. വഖഫ് സംരക്ഷണ സമിതി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ അക്കാര്യം ചൂണ്ടിക്കാട്ടി ഹരജി തീർപ്പാക്കുകയായിരുന്നു. ഇനി അപ്പീലുമായി ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനം. അപ്പീൽ വൈകാതെ സമർപ്പിക്കും.
വഖഫ് സ്വത്തുക്കൾ കൃത്യമായി രജിസ്റ്റർ ചെയ്യുക എന്നതാണ് ഭാവിയിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കാനുള്ള മാർഗം. മുതവല്ലിമാർ സ്വകാര്യ സ്വത്ത് എന്ന പോലെ വഖഫ് സ്വത്തും സംരക്ഷിക്കണം. അന്യാധീനപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുകയും ഡിജിറ്റൽ സർവേ നടത്തി കൃത്യമായി അതിർത്തികൾ നിർണയിക്കുകയും വേണം. കൈയേറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബോർഡിനെ അറിയിക്കണം.
സംസ്ഥാന വഖഫ് ബോർഡിൽ ഇത്തവണ വനിതാ പ്രാതിനിധ്യം കൂടിയിട്ടുണ്ടല്ലോ?
സംസ്ഥാന ബോർഡിൽ സംവരണമില്ലാതെതന്നെ മുമ്പും വനിത പ്രാതിനിധ്യം നടപ്പാക്കിയിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ രണ്ടു വനിതകൾ ഉണ്ടായിരുന്നു. അവർ വളരെ ക്രിയാത്മകമായാണ് പ്രവർത്തിച്ചത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ വഖഫ് ബോർഡിലും വനിതാ പ്രാതിധിന്യം കൂടുന്നത് അവരുടെ ശാക്തീകരണത്തിനും സാമൂഹിക ഇടപെടലിനും സഹായിക്കും. തുല്യനീതി സംബന്ധിച്ച കാഴ്ചപ്പാടിനുള്ള അംഗീകാരം കൂടിയായാണ് ഇതിനെ കാണുന്നത്.
വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പള്ളികളുടെ വസ്തുവകകൾ ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടോ?
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ ബോർഡിന്റെ ഭാഗത്തുനിന്ന് കാലതാമസമില്ല. മുതവല്ലിയുടെയും വഖഫ് ബോർഡ് ചെയർമാന്റെയും സംയുക്ത അക്കൗണ്ടിലാണ് പണം വരുന്നത്. ഏറ്റെടുത്ത് പോയവക്ക് പകരം പള്ളിയുടെ ആസ്തിവികസനത്തിന് തയാറാക്കിയ പദ്ധതി സംബന്ധിച്ച കൃത്യമായ പ്രപ്പോസൽ ബോർഡിന് ലഭിച്ചാൽ മാത്രമേ തുക അനുവദിക്കാനാകൂ. സ്ഥലപരിശോധനയടക്കം പൂർത്തിയാക്കേണ്ടതുമുണ്ട്. ഇത്തരം പ്രപ്പോസൽ നൽകാത്തപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി ചോദിക്കുമ്പോഴുമാണ് തുക കൊടുക്കാതെ വരുന്നത്. ശരിയായ പ്രപ്പോസൽ സമർപ്പിച്ച അപേക്ഷകളെല്ലാം തീർപ്പാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾ മനസ്സിലാക്കാതെയാണ് ഇത്തരം കാര്യങ്ങളിൽ പലപ്പോഴും ബോർഡിനെ കുറ്റപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

