Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightറബ്ബിയും ബിബിയും...

റബ്ബിയും ബിബിയും മിശിഹായും; നെതന്യാഹു നടത്തുന്നത് അവരുടെ സ്വപ്നത്തിലെ യുദ്ധമോ?

text_fields
bookmark_border
benjamin netanyahu
cancel
camera_altബിന്യമിൻ നെതന്യാഹു

ആഗസ്റ്റ് 12 ാം തിയതിയാണ് ഇസ്രായേലി ചാനലായ ‘ഐ 24’ ന്‍റെ മാധ്യമസംഘം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ അഭിമുഖത്തിനായി അദ്ദേഹത്തിന്‍റെ ഓഫിസിലെത്തിയത്. രാജ്യത്തെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും തീവ്രവലതുപക്ഷ വക്താവുമായ ഷാറോൺ ഗാലാണ് അഭിമുഖം നടത്തുന്നത്. ഇസ്രായേലി പാർലമെന്‍റായ കെനസേത്തിൽ ഇടക്കാലത്ത് അംഗമായിരുന്ന ഷാറോൺ മുമ്പ് ഒരു ലൈംഗികപീഡന കേസിലും പെട്ടിരുന്നു.

അഭിമുഖം അവസാനത്തിലെത്തിയപ്പോൾ താൻ കൊണ്ടുവന്ന ഒരു മന്ത്രത്തകിട് അടങ്ങിയ ചെറിയൊരു പെട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. തകിടിന്‍റെ ചിത്രം പുറത്തുകാണിച്ചില്ലെങ്കിലും യഥാർഥ ‘വാഗ്ദത്ത ഭൂമി’യുടെ ഭൂപടമാണെന്ന് ഷാറോൺ ഗാൽ സൂചിപ്പിച്ചു. ‘ഇതാണെന്‍റെ ദർശനം’- തകിട് കൈമാറവേ ഗാൽ മന്ത്രിച്ചു. ഇത് നെതന്യാഹുവിന്‍റെ ഭാര്യ സാറക്ക് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതംഗീകരിക്കുന്നുവെന്ന മട്ടിൽ നെതന്യാഹു നന്ദി പറഞ്ഞു.

പിന്നാലെ ഗാൽ ചോദിച്ചു: ‘‘ഈ ദർശനത്തോട് അങ്ങ് യോജിക്കുന്നുണ്ടോ?’’

നെതന്യാഹു: ഉറപ്പായും.

ഗാൽ: ശരിക്കും?

നെതന്യാഹു: ഉറപ്പായും.

‘‘ഇത് ഗ്രേറ്റർ ഇസ്രയേലാണ്’’-ഗാൽ ഊന്നിച്ചോദിച്ചു.


‘‘നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ, നമ്മൾ ഇപ്പോൾ ഇവിടെയുണ്ട്.’’-നെതന്യാഹു മറുപടി തുടങ്ങി. പിന്നെയൊന്ന് നിർത്തി. വീണ്ടും തുടർന്നു. ‘‘നിങ്ങൾക്കറിയാമല്ലോ, ഞാനെപ്പോഴും എന്‍റെ പിതാവിനെ പരാമർശിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ തലമുറയാണ് ഈ രാഷ്ട്രം സ്ഥാപിച്ചത്. നമ്മുടെ തലമുറ, എന്‍റെ തലമുറ അതിന്‍റെ നിലനിൽപ്പ് ഉറപ്പാക്കേണ്ടതുണ്ട്. അതൊരു അതിമഹത്തായ ദൗത്യമായാണ് ഞാൻ കാണുന്നത്.’’ താനൊരു ചരിത്രപരവും ആത്മീയവുമായ ദൗത്യത്തിലാണെന്നും വാഗ്ദത്ത ഭൂമി, ഗ്രേറ്റർ ഇസ്രയേൽ എന്ന ആശയങ്ങളോട് പൂർണാഭിമുഖ്യമുണ്ടെന്നും പിന്നാലെ അദ്ദേഹം ആവർത്തിച്ചു. തലമുറകളുടെ ദൗത്യമാണത്. ഇവിടേക്ക് വരുന്നതിനായി സ്വപ്നം കണ്ട ജൂതരുടെ തലമുറകളുടെയും നമുക്ക് ശേഷം വരാനിരിക്കുന്ന ജൂതരുടെ തലമുറകളുടെതും. അപ്പോൾ അങ്ങനെയൊരു ദൗത്യത്തെ കുറിച്ചുള്ള ചിന്തയുണ്ടോ എന്ന് ചോദിച്ചാൽ, അതെ എന്നാണ് ഉത്തരം - നെതന്യാഹു വിശദീകരിച്ചു.

കിഴക്കൻ ജറൂസലവും വെസ്റ്റ്ബാങ്കും ഗസ്സയും സീനായ് ഉപദ്വീപും ഗോലാൻ കുന്നുകളും മാത്രമല്ല, സമീപ അറബ് രാജ്യങ്ങളുടെ അതിർത്തികൾക്കുള്ളിലേക്ക് വരെ നീളുന്നതാണ് ഈ പറഞ്ഞ സങ്കൽപമെന്ന് അറിയുമ്പോഴാണ് അടുപ്പമുള്ളവർ ബിബി എന്ന് വിളിക്കുന്ന നെതന്യാഹുവിന്‍റെ സ്വപ്നത്തിന്‍റെ യഥാർഥ നിറം വ്യക്തമാകുക.

എന്താണ് ഇസ്രയേലിന്‍റെ യഥാർഥ ലക്ഷ്യം?

പുറത്ത് നിന്ന് വീക്ഷിക്കുന്നവർക്ക് എന്താണ് ഇസ്രയേലിന്‍റെ യഥാർഥ ലക്ഷ്യമെന്ന് അമ്പരപ്പ് തോന്നുന്ന മട്ടിലാണ് ഗസ്സയിലെ പുതിയ ആക്രമണം. ലോകത്തൊരിടത്തും ഒരുകാലത്തും കാണാത്ത നിലയിൽ അതിഭീകരമാണ് മരണനിരക്ക്. രണ്ടുലക്ഷത്തോളം ആളുകൾ മരിക്കുകയോ കാണാതാകുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇസ്രയേലി പക്ഷത്ത് നിന്നുതന്നെ ഇപ്പോൾ സ്ഥിരീകരണം വരുന്നുണ്ട്. ഇതുവരെ ‘ഹമാസ് നിയന്ത്രിക്കുന്ന ഗസ്സയിലെ പൊതുജനാരോഗ്യ സംവിധാനം പുറത്തുവിടുന്ന’ കണക്ക് എന്ന് പറഞ്ഞ് മരണ നിരക്കിനെ സംശയത്തിന്‍റെ നിഴലിൽ നിർത്തിയിരുന്ന പാശ്ചാത്യ മാധ്യമങ്ങൾക്ക് അതോടെ നേരം വെളുത്തുതുടങ്ങിയിട്ടുമുണ്ട്. രണ്ടുവർഷത്തിന് ശേഷമാണെങ്കിലും യു.എന്നിനും ബോധ്യപ്പെട്ടിരിക്കുന്നു; ഇവിടെ നടക്കുന്നത് വംശഹത്യയാണെന്ന്.

അതിനൊപ്പമാണ് വെസ്റ്റ്ബാങ്കിലെ അസാധാരണമായ ആക്രമണങ്ങൾ. കുടിയേറ്റക്കാരുടെയും ഐ.ഡി.എഫിന്‍റെയും നേതൃത്വത്തിൽ ഫലസ്തീനികൾക്കും അവരുടെ മുതലുകൾക്കും നേരെ അതിക്രമങ്ങൾ വർധിക്കുന്നു. വിവിധ കുടിയേറ്റ കേന്ദ്രങ്ങൾക്ക് തിടുക്കത്തിൽ അംഗീകാരം നൽകുന്നു. എന്നുമാത്രമല്ല, വെസ്റ്റ് ബാങ്ക് മുഴുവനായി അനക്സ് ചെയ്യാൻ പോകുകയാണെന്ന അഭ്യൂഹവും അന്തരീക്ഷത്തിലുണ്ട്. ലെബനാനിൽ, സിറിയയിൽ, ഇറാനിൽ, യമനിൽ ഒടുവിലിതാ ഇതുമായൊന്നും ഒരു ബന്ധവുമില്ലാത്ത ഖത്തറിലും ഇസ്രയേൽ കയറിയടിച്ചിരിക്കുന്നു.


ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും സർക്കാരും തുടരുന്ന ഹീനകൃത്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അതിജീവനമെന്ന കേവല യുക്തി മാത്രമാണോ? അതോ മെസിയാനിക് (messianic) തിയറികളിലും മതാത്മക ചിന്തകളിലും നിന്ന് ഉരുവം കൊള്ളുന്ന പദ്ധതികളാണോ നടപ്പാകുന്നത്?. തീവ്ര യഹൂദ വിശ്വാസ ധാരകൾക്കും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സഭകൾക്കും ഈ യുദ്ധം ആവേശം പകരുന്നതെന്ത് കൊണ്ട്? നെതന്യാഹുവിൽ അവരൊരു ദൈവദത്ത നിയോഗം പേറുന്ന വിശുദ്ധ പുരുഷനെ കാണുന്നുണ്ടോ? ഫലസ്തീനികളെ പൊതുവായും ഗസ്സക്കാരെ പ്രത്യേകിച്ചും നിതാന്തമായ വൈരം പേറുന്ന ബിബ്ലിക്കൽ പ്രതിയോഗികളുടെ രൂപത്തിലാണോ അവർ പരിഗണിക്കുന്നത്. മതവും വിശ്വാസവും പുരാണങ്ങളും കെട്ടുകഥകളും ലോകാവസാന സിദ്ധാന്തങ്ങളും ഇഴപിണഞ്ഞ് കിടക്കുന്ന പശ്ചിമേഷ്യൻ യുദ്ധഭൂമിയിലെ ചില വിശേഷങ്ങൾ....

ഹബാദ് ലുബാവിച്ചിന്‍റെ വേരുകളിൽ

യുക്രെയ്നിലെ കരിങ്കടൽ തീരനഗരമായ മൈകലേവിൽ 1902ലാണ് റബ്ബി മെനാഹം മെൻഡേൽ ഷ്നീർസൺ (Rabbi Menachem Mendel Schneerson) ജനിക്കുന്നത്. അദ്ദേഹത്തിന് അഞ്ചുവയസുള്ളപ്പോൾ കുടുംബം യുക്രെയ്നിലെ മറ്റൊരു വൻനഗരമായ ദ്നിപ്രോയിലേക്ക് താമസം മാറ്റി. ദ്നിപ്രോയിലെ ചീഫ് റബ്ബിയായിരുന്നു മെനാഹം മെൻഡേലിന്‍റെ പിതാവ് ലെവി യിത്സാക് ഷ്നീർസൺ. മെനാഹം മെൻഡേലിന്‍റെ ബാല്യവും കൗമാരവും യൗവനവുമെല്ലാം സോവിയറ്റ് സാമ്രാജ്യ വാഴ്ചക്ക് കീഴിൽ ദ്നിപ്രോയിലായിരുന്നു. യൂറോപ്പിൽ നാസിസത്തിന്‍റെയും ഫാഷിസത്തിന്‍റെയും ആസുരവാഴ്ച അരങ്ങേറുകയായിരുന്നു അപ്പോൾ. ജൂതവിരോധം അതിന്‍റെ ഉച്ചസ്ഥായിയിൽ. അതേനിലയിലല്ലെങ്കിലും സോവിയറ്റ് യൂനിയനിലും ജൂതജീവിതം വലിയ ബുദ്ധിമുട്ടായി മാറിയിരുന്നു. ഈ കാലങ്ങളിൽ യൂറോപ്പിലെ പലനഗരങ്ങളിലും മെനാഹം മെൻഡേൽ മാറിമാറി താമസിച്ചു.

റബ്ബി മെനാഹം മെൻഡേൽ ഷ്നീർസൺ

ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിലേക്കുള്ള അശ്വമേധം ആരംഭിക്കുന്ന ഘട്ടങ്ങളിൽ ബെർലിനിലായിരുന്നു അദ്ദേഹം. ’33 ൽ നാസികൾ അധികാരം പിടിച്ചതോടെ ബെർലിൻ വിട്ട് പാരീസിലേക്ക് മാറി. ’40 ൽ നാസികൾ പാരീസ് കീഴടക്കുന്നതിന് മൂന്നുദിവസം മുമ്പ് നഗരം വിട്ടു. മാസങ്ങൾക്ക് ശേഷം പോർച്ചുഗലിലെ ലിസ്ബൺ തുറമുഖം വഴി ന്യൂയോർക്കിലേക്ക് പലായനം ചെയ്തു. അവിടെ നിന്നാണ് ഹബാദ് (Chabad-Lubavitch) പ്രസ്ഥാനത്തിന്‍റെ അമരത്തേക്കുള്ള മെനാഹം മെൻഡേലിന്‍റെ കുതിപ്പ് തുടങ്ങുന്നത്. ജൂത മതത്തിലെ ആത്മീയ നവോത്ഥാന ധാരയായ ഹസിദിസത്തിലെ മുൻനിര സംവിധാനങ്ങളിലൊന്നാണ് ഹബാദ്.

1700 കളിൽ കിഴക്കൻ യൂറോപ്പിൽ ഉരുവം കൊണ്ട ഹസിദിസവും മറ്റ് ഓർത്തഡോക്സ് ജൂത വിഭാഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം സകലതിനും അവസാനവാക്കായ ഒരു ആത്മീയ ഗുരുവിന്‍റെ സാന്നിധ്യമാണ്. (റെബ്ബെ എന്നാണ് ഈ പുരോഹിതന്‍റെ വിശേഷണം. സാധാരണ മറ്റ് ജൂത വിഭാഗങ്ങൾ പുരോഹിതന് ഉപയോഗിക്കുന്ന റബ്ബി എന്ന വാക്കിന് തുല്യം തന്നെയാണ് യിദ്ദിഷ്-ജർമൻ പദമായ റെബ്ബെ).

ഒരുഡസനിലേറെ ഹസിദിക് പ്രസ്ഥാനങ്ങൾ ഇന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രമുഖം ഒരുലക്ഷത്തിലേറെ അനുയായികളുള്ള, ന്യൂയോർക്കിലെ ബ്രൂക്ലിൻ ആസ്ഥാനമായ ഹബാദ് തന്നെയാണ്. 1775ൽ ഇന്നത്തെ ബെലാറസിലാണ് ഹബാദ് സ്ഥാപിക്കപ്പെടുന്നത്. ഷ്ന്യൂയർ സൽമാൻ ആയിരുന്നു പ്രഥമ റബ്ബി.

രണ്ടാം ലോകയുദ്ധ വേളയിൽ ആറാമത്തെ റബ്ബിയുടെ നേതൃത്വത്തിലാണ് ആസ്ഥാനം യു.എസിലേക്ക് പറിച്ചുനടുന്നത്. ഇതേസമയം തന്നെയാണ് മെനാഹം മെൻഡേലും യു.എസിലേക്ക് വരുന്നത്. ഷ്ന്യൂയർ സൽമാന്‍റെ മക്കളും ചെറുമക്കളും അടുത്ത ബന്ധുക്കളുമാണ് ഇതുവരെയുള്ള ഏഴുറബ്ബിമാരും. ആറാം റബ്ബിയുടെ മരണത്തെ തുടർന്ന് 1950 ലാണ് മെനാഹം മെൻഡേൽ ചുമതലയേൽക്കുന്നത്.

ഇസ്രയേലിന്‍റെയും ജൂത ജനതയുടെയും സമുദ്ധാരണത്തിനും ആത്മീയമോക്ഷത്തിനുമായി അവതരിക്കുന്ന മിശിഹയിൽ അതിതീവ്രമായി വിശ്വസിക്കുകയും അതേക്കുറിച്ച് വ്യാപകമായി എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു, മെനാഹം മെൻഡേൽ. ചില വിശ്വാസികളാകട്ടെ മെനാഹം മെൻഡേൽ തന്നെ തന്‍റെ ജീവിതകാലത്തിനിടയിൽ സ്വയം മിശിഹയായി വെളിപ്പെടുമെന്ന് പ്രതീക്ഷിച്ചു. ഓരോ തലമുറയിലും മിശിഹാതുല്യ ആത്മീയ ജ്ഞാനിയായ ഒരു സച്ചരിത വ്യക്തി ഉണ്ടാകുമെന്നും ലോകവും കാലവും മിശിഹക്കായി പാകപ്പെടുമ്പോൾ ഈശ്വരൻ അയാളെ അനാവരണം ചെയ്യുമെന്നും ജൂത വിശ്വാസ പ്രമാണങ്ങളിലുണ്ട്.

ഈ തലമുറയിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അത് മെനാഹം മെൻഡേൽ തന്നെയെന്ന് അനുയായികൾക്ക് ഉറപ്പായിരുന്നു. ഇംഗ്ലീഷ്, ഹീബ്രു, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ ഉൾപ്പെടെ അനവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന മെനാഹം മെൻഡേലിന് ലോകമെങ്ങും വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. അവരെല്ലാം ബഹുമാന പൂർവം ചുരുക്കി ‘റബ്ബി’ എന്ന് അദ്ദേഹത്തെ വിളിച്ചുപോന്നു.

യു.എസിലെയും മറ്റുരാജ്യങ്ങളിലെയും പ്രമുഖ നേതാക്കൾ അദ്ദേഹത്തെ കാണാൻ സ്ഥിരമായി എത്തി. ജോൺ എഫ്. കെന്നഡി, റോബർട്ട് കെന്നഡി, ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്, റൊണാൾഡ് റീഗൻ, ജിമ്മി കാർട്ടർ എന്നിവർ സന്ദർശകരായിരുന്നു. മെനാഹം മെൻഡേൽ ഒരിക്കൽപോലും ഇസ്രയേൽ സന്ദർശിച്ചിട്ടില്ലെങ്കിലും ജൂതരാജ്യത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളായിരുന്നു.

ഏരിയൽ ഷാരോണും മെനാഹം മെൻഡേലും

മെനാഹം ബെഗിൻ, ഏരിയൽ ഷാരോൺ, ഷിമോൺ പെരസ് എന്നിവർ തങ്ങളുടെ ആത്മീയ ഗുരുവായി അദ്ദേഹത്തെ കണ്ടു. 1969 ൽ ഐ.ഡി.എഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്) സതേൺ കമാൻഡിന്‍റെ കമാൻഡറായി നിയമിതനാകുന്നതിന് ഒരുവർഷം മുമ്പാണ് ഏരിയൽ ഷാരോൺ ആദ്യമായി മെനാഹം മെൻഡേലിനെ കാണുന്നത്. പൊതുവെ കടുപ്പക്കാരനായ ഷാരോണിന്‍റെ മുഖം റബ്ബിയെ കുറിച്ച് പറയുമ്പോൾ തരളമാകുന്നു. മുമ്പെങ്ങും കാണാത്ത വിടർന്ന ചിരിയും അവിടെ ദൃശ്യമാകും. തന്‍റെ മകന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ വേദനിച്ചുകഴിയുമ്പോൾ ഒരു കത്തിന്‍റെ രൂപത്തിലാണ് ഗുരു ആദ്യമായി അവതരിച്ചതെന്ന് ഷാരോൺ പറയുന്നു. പിന്നീട് പലതവണ ഇരുവരും നേരിൽ കണ്ടു.

ഇസ്രയേലിന്‍റെ സൈനിക, രാഷ്ട്രീയ നയങ്ങളിൽ അദ്ദേഹം ഉപദേശം നൽകിയിരുന്നുവെന്നും ഷാരോൺ വ്യക്തമാക്കി. ഇസ്രയേലിലെ ജൂതരുടെ സുരക്ഷ മാത്രമായിരിക്കണം രാജ്യത്തിന്‍റെ ഏക ലക്ഷ്യമെന്നും ഇപ്പോഴത്തെ അതിർത്തികൾ (’67 ൽ ഇസ്രയേൽ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കും ഗാസയും ഉൾപ്പെടുന്ന പ്രദേശം) രാജ്യത്തിന്‍റെ യഥാർഥ നിയമാനുസൃത അതിർത്തികളായി തന്നെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതായത് പിന്നീട് പല കാലങ്ങളിൽ ഇസ്രയേലി നേതാക്കൾ രഹസ്യമായും അടുത്തിടെയായി പരസ്യമായും പറയുന്ന വെസ്റ്റ്ബാങ്ക് അനക്സേഷന് പ്രേരിപ്പിക്കുകയുമായിരുന്നു മെനാഹം മെൻഡേൽ.

ഏരിയൽ ഷാരോണും മെനാഹം മെൻഡേലും

’67 ൽ ഈജിപ്തിൽ നിന്ന് പിടിച്ചെടുത്ത സീനായ് പ്രദേശം സൈനിക പരമായി ഇസ്രയേലിന് വെല്ലുവിളിയാകുമെന്ന് പ്രവചനാത്മകമായി അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഷാരോൺ പിന്നീട് വ്യക്തമാക്കി. മൂന്ന്, നാല് വർഷത്തിന് ശേഷം യോം കിപ്പുർ യുദ്ധത്തിൽ മെനാഹം മെൻഡേലിന്‍റെ സൂക്ഷ്മ ദർശനം ശരിയായി പുലർന്നുവെന്നും ഷാരോൺ പറയുന്നു. അന്ന് സീനായുടെ ചുമതലയുള്ള സതേൺ കമാൻഡിന്‍റെ കമാൻഡറായിരുന്നു ഷാരോൺ. ‘‘നീ കാണുന്ന ഭൂമിയൊക്കെയും ഞാൻ നിനക്കും നിന്‍റെ സന്തതിക്കും ശാശ്വതമായി തരും.’’ എന്ന ഉൽപത്തി പുസ്തകത്തിലെ (13:15) അബ്രഹാം പ്രവാചകനോടുള്ള ദൈവിക വാഗ്ദാനമാണ് ’67 ൽ പുലർന്നതെന്ന് അദ്ദേഹം ഇസ്രയേലി രാഷ്ട്ര നേതാക്കളോടൊക്കെ പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ആ അതിർത്തികളിൽ എന്തുവന്നാലും വിട്ടുവീഴ്ച ചെയ്യരുതെന്നും. ഒപ്പം, ഇസ്രയേലിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ നയതന്ത്രരംഗത്ത് ഏറെ കഷ്ടപ്പെടുന്നതിന് പകരം സൈനികമായ മുൻകൂർ ആക്രമണങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം കരുതി. ‘സമാധാനത്തിന് പകരമായി അതിർത്തികളിലെ വിട്ടുവീഴ്ച’യെന്ന ഉപദേശങ്ങളെ സ്വീകരിക്കുകയുമരുത്. ജൂത ജനതക്ക് വേണ്ടിയുള്ള ദൈവിക പദ്ധതികളിൽ അതിനിർണായക ഇടമാണ് ഇസ്രയേൽ രാജ്യത്തിനുള്ളതെന്നും മെനാഹം മെൻഡേൽ പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽപോലും ഇസ്രയേൽ സന്ദർശിക്കാൻ അദ്ദേഹം തയാറായില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളുയർന്നപ്പോഴൊക്കെ വ്യത്യസ്തങ്ങളായ മറുപടികളാണ് അദ്ദേഹം നൽകിയത്. ഒരിക്കൽ കെനസേതിലെ (ഇസ്രയേലി പാർലമെന്‍റ്) തീവ്രവലതുപക്ഷ അംഗമായ ഗ്യൂലാഹ് കോഹൻ മെനാഹം മെൻഡേലിനോട് ഇക്കാര്യം നേരിട്ട് തന്നെ ചോദിച്ചു. ‘‘മിശിഹ അവതരിക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് ഞാനവിടെ എത്തും’’ എന്നായിരുന്നു മറുപടി. ഇസ്രയേലിന്‍റെ ക്ഷേമം എന്നത് അമേരിക്കയുടെ ഉത്തമതാൽപര്യത്തിന് വേണ്ടിയുള്ളതാണെന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറ്റൊരു നിലപാട്. ‘‘അറബികൾക്കെതിരെ അവിടെ മുൻനിരയിലുള്ളത് ഇസ്രയേലാണ്. അറബികളോ യു.എസിന് എതിരും. യു.എസ് പരാജയപ്പെടണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇറാനും അതുപോലുള്ള രാജ്യങ്ങളും ജയിക്കണമെന്നും.’’

അനധികൃത കുടിയേറ്റം

1989 ൽ വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റകേന്ദ്രമായ ഏരിയലിലെ മേയർ മെനാഹം മെൻഡേലിനെ കാണാനെത്തി. ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് വെസ്റ്റ്ബാങ്ക് പ്രദേശത്ത് ഇസ്രയേൽ സെറ്റിൽമെന്‍റ് വ്യാപനം ത്വരിതപ്പെടുത്തിയ കാലമാണ്. ’67 ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ശേഷം ’78 ലാണ് ഏരിയലിൽ കുടിയേറ്റം തുടങ്ങുന്നത്. സോവിയറ്റ് യൂനിയനിൽ നിന്നുള്ള നൂറുകണക്കിന് യഹൂദർ അവിടേക്ക് വരുന്നതിനിടെയാണ് മേയർ വലിയൊരു ബ്രോഷറുമായി മെനാഹം മെൻഡേലിന് മുന്നിലെത്തുന്നത്.

ഫലസ്തീൻ ഭൂമിയിൽ നിർമിച്ചതും നിർമിക്കാനിരിക്കുന്നതുമായ മനോഹരമായ വില്ലകളുടെ ബ്രോഷറാണ് കൈയിലുള്ളത്. അതുകാണിച്ച് മേയർ വിശദീകരിച്ചു. കൂടുതൽ നല്ല പുതിയ ബ്രോഷർ അച്ചടിക്കണമെന്നും കൂടുതൽ ആൾക്കാരെ അവിടേക്ക് ആകർഷിക്കണമെന്നുമാണ് റബ്ബിക്ക് നൽകാനുള്ള ഉപദേശം. എന്നെങ്കിലും വെസ്റ്റ്ബാങ്കിലെ സെറ്റിൽമെന്‍റുകൾ ഇസ്രയേൽ സമാധാന സന്ധിയുടെ ഭാഗമായി ഉപേക്ഷിക്കുമോ എന്ന ആശങ്ക കുടിയേക്കാർക്കുണ്ടെന്ന് മേയർ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും മിശിഹ അവതരിക്കുന്നതോടെ ഇപ്പോഴുള്ളതിലും വിശാലമായ അതിർത്തികളിലേക്ക് രാജ്യം വികസിക്കുമെന്നും അദ്ദേഹം ആശ്വസിപ്പിച്ചു.

’94 ൽ തന്‍റെ 92ാം വയസിൽ അന്തരിക്കുന്നത് വരെ അദ്ദേഹം ഹബാദ് പ്രസ്ഥാനത്തിന്‍റെ ഏഴാം റബ്ബി പദവിയിൽ തുടർന്നു. പക്ഷേ, അതിന് ശേഷം മെനാഹം മെൻഡേലിന് ഹബാദിൽ പിൻഗാമിയുണ്ടായില്ല. മരണാനന്തരം മൂന്നുദശകങ്ങൾ കഴിഞ്ഞിട്ടും വിശ്വാസികൾ മെനാഹം മെൻഡേലിനെ തന്നെ ഗുരുവായി കരുതിപ്പോരുന്നു.

നെതന്യാഹുവിന്‍റെ പരിണാമം

മെനാഹം മെൻഡേലിന്‍റെ മരണത്തിന് കൃത്യം പത്തുവർഷം മുമ്പാണ് നെതന്യാഹു ആദ്യമായി അദ്ദേഹത്തിന് മുന്നിലെത്തുന്നത്, 1984 ൽ. നെതന്യാഹുവിന്‍റെ ജീവിതം മാറ്റിമറിച്ച ആ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പതിറ്റാണ്ടുകൾ പലത് കഴിഞ്ഞിട്ടും നെതന്യാഹു മറന്നില്ല. മെനാഹം മെൻഡേലുമായുള്ള അടുപ്പവും അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഇസ്രയേലിനെ കാക്കാനുള്ള ദൈവദത്ത നിയോഗം പേറുന്ന ആത്മാവാണ് താനെന്ന് സ്വയം വിശ്വസിക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചു. മിലിറ്ററി കരിയറിന് ശേഷം നയതന്ത്രരംഗത്തും പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങുമ്പോൾ നെതന്യാഹുവിനെ നയിച്ചത് ഈ വികാരമാണ്.


തങ്ങളുടെ സ്വന്തം ‘ബിബി’ക്ക് ഇങ്ങനെയൊരു ദൗത്യമുണ്ടെന്ന് നെതന്യാഹുവിന്‍റെ അടുത്ത അനുയായികളും വിശ്വസിച്ചുപോരുന്നു. ബിബി ഒരിക്കലും പരാജയപ്പെടില്ലെന്നും അദ്ദേഹത്തിന്‍റെ പ്രവൃത്തികൾക്കെല്ലാം അതീന്ദ്രിയമായ ഒരുന്യായമുണ്ടെന്നും അവർ കരുതുന്നു. കരിയറിന്‍റെ സായാഹ്നത്തിൽ ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രധാനമന്ത്രിയായി പുറത്തുപോകുന്നതിന് തൊട്ടുമുമ്പ് ബിബി ഉയിർത്തെഴുന്നേൽക്കുമെന്നും ഇപ്പോൾ നടക്കുന്ന ഗസ്സ യുദ്ധം അതിലേക്കുള്ള പാത മാത്രമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഈ യുദ്ധകാലത്ത് നെതന്യാഹു നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്‍റെ ചെയ്തികളുമെല്ലാം ഈയൊരു വിശ്വാസത്തിന്‍റെ ബലത്തിലായിരുന്നുവത്രെ. എല്ലാത്തിനും പിന്നിൽ റബ്ബി മെനാഹം മെൻഡേൽ ഷ്നീർസണുമായി നെതന്യാഹുവിന് ഉണ്ടായിരുന്ന ബന്ധവും അദ്ദേഹത്തിന്‍റെ ഒരുപ്രവചനവുമാണ്. ഹബാദ് പ്രാസ്ഥാനികർ മാത്രമല്ല, വിവിധ മെസിയാനിക് ജ്യൂയിഷ് സെക്ടുകളിലുള്ളവർ മുതൽ എന്തിന് ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളിൽ വരെയും അങ്ങനെ കരുതുന്നവരുണ്ട്.

1984 ൽ യു.എന്നിലെ ഇസ്രയേൽ അംബാസഡറായി നിയമിതനായതിന് പിന്നാലെയാണ് നെതന്യാഹു റബ്ബിയെ ആദ്യമായി കാണാനെത്തുന്നത്. ആ വർഷത്തെ സിംഹാത് തോറ ദിനത്തിലായിരുന്നു കൂടിക്കാഴ്ച. വിശുദ്ധഗ്രന്ഥമായ തോറയുടെ വാർഷിക പാരായണ ചക്രം പൂർത്തിയാകുന്ന ദിവസമാണ് സിംഹാത് തോറ. 39 വർഷങ്ങൾക്ക് ശേഷം ഇസ്രയേലിന് നേരെ ഹമാസിന്‍റെ ആക്രമണമുണ്ടായതും ഒരു സിംഹാത് തോറദിനത്തിലായിരുന്നു.

‘അവിടത്തെ 119 പേരോട് നിനക്ക് പോരടിക്കേണ്ടിവരും’

‘ബിബി: മൈ സ്റ്റോറി’ എന്ന ആത്മകഥയിൽ റബ്ബിയുമായുള്ള പ്രഥമ കൂടിക്കാഴ്ച നെതന്യാഹു വിവരിക്കുന്നുണ്ട്: ‘‘യു.എന്നിലെ എന്‍റെ ആദ്യ മാസങ്ങളിലെ ഏറ്റവും അവിസ്മരണീയമായ കൂടിക്കാഴ്ച ഏതെങ്കിലും ഡിപ്ലോമാറ്റുമായിട്ടായിരുന്നില്ല, പകരം ഒരു റബ്ബിയുമായിട്ടായിരുന്നു. സിംഹാത് തോറ ദിനമായിരുന്നു അന്ന്. സൈന്യത്തിൽ ഒപ്പമുണ്ടായിരുന്നു ഷ്മാര്യ ഹാരേലാണ് ബ്രൂക്ലിനിലെ ഹബാദിന്‍റെ ആസ്ഥാനത്തേക്ക് ഒപ്പംവന്നത്. ഞങ്ങളെത്തുമ്പോൾ ആയിരക്കണക്കിന് ഹസിദി വിശ്വാസികളാൽ യോഗഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. അവർ ആടുകയും പാടുകയും ചെയ്യുന്നു. ആ ഹാളിന്‍റെ അങ്ങേത്തലക്കലെ ചെറിയ സ്റ്റേജിൽ റബ്ബി ഉണ്ട്. തോറ പാരായണം ചെയ്യുകയാണ് അദ്ദേഹം. റബ്ബിയുടെ അടുത്തേക്ക് പോകാൻ ഷ്മാര്യ പറഞ്ഞു. പക്ഷേ, അദ്ദേഹം തോറ പാരായണത്തിൽ അല്ലേയെന്ന് ഞാൻ സംശയിച്ചു. ‘പോകൂ’ എന്ന് ഷ്മാര്യ നിർബന്ധിച്ചു. അവിടത്തെ ആചാരങ്ങൾ എന്താണെന്ന് ഉറപ്പില്ലാതിരുന്നിട്ടും അവൻ പറഞ്ഞതുപോലെ ഞാൻ സ്റ്റേജിലേക്ക് കയറി. അദ്ദേഹം പിന്തിരിഞ്ഞ് നിൽക്കുകയാണ്. മെല്ലെ അദ്ദേഹത്തിന്‍റെ തോളിൽ സ്പർശിച്ചു. ‘റബ്ബി, ഞാൻ അങ്ങയെ കാണാൻ വന്നതാണ്’.

‘കാണാൻ വേണ്ടി മാത്രമോ. സംസാരിക്കേണ്ടേ?’- തോളിന് മുകളിലേക്ക് തല തിരിച്ച് അദ്ദേഹം ചോദിച്ചു. ഹീബ്രുവിൽ ഞങ്ങൾ സംസാരിച്ചുതുടങ്ങി. പിന്നിൽ പാട്ടിന്‍റെയും നൃത്തത്തിന്‍റെയും കാതടപ്പിക്കുന്ന ശബ്ദം. അതിനിടയിലും റബ്ബിയുടെ സന്ദേശം വ്യക്തവും സൂക്ഷ്മവുമായിരുന്നു. ‘നുണകളുടെ കൊട്ടാരത്തിലേക്കാണ് നീ പോകുന്നത്’-യു.എന്നിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ‘ഓർക്കുക, അന്ധകാരത്തിന്‍റെ തളത്തിലും നിനക്കൊരു ചെറുതിരി കത്തിക്കാം. ആ വെളിച്ചം അകലങ്ങളിലേക്ക് വ്യാപിക്കും. ഇസ്രയേൽ ജനതക്ക് വേണ്ടി നീ സത്യത്തിന്‍റെ വിളക്ക് തെളിയിക്കണം’. പിന്നീട്, 1984 ലെ യു.എന്നിലെ എന്‍റെ ആദ്യ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു: ‘നിന്‍റെ ആദ്യ പ്രസംഗം എനിക്ക് നല്ല സംതൃപ്തിയേകി. ഈ പാതയിൽ തുടരാൻ നിനക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ’. യു.എന്നിൽ പിന്നീടുള്ള എന്‍റെ വർഷങ്ങളിലും റബ്ബി പ്രോത്സാഹന സന്ദേശങ്ങൾ സ്ഥിരമായി അയക്കുമായിരുന്നു’’.

മെനാഹം മെൻഡേലിനെ നെതന്യാഹു സന്ദർശിച്ചപ്പോൾ

’88 ഓടെ യു.എൻ കരിയർ അവസാനിപ്പിച്ച നെതന്യാഹു രാഷ്ട്രീയത്തിലിറങ്ങി. ലിക്കുഡ് പാർട്ടിയായിരുന്നു തട്ടകം. 120 അംഗ കെനസേതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ന്യൂയോർക്ക് വിടുന്നതിന് മുമ്പ് റബ്ബിയെ കാണാൻ പിന്നെയും നെതന്യാഹു എത്തി. പിന്നീട് വ്യാപകമായി പ്രചരിക്കപ്പെട്ട ആ കൂടിക്കാഴ്ചയുടെ വിഡിയോയിൽ ഭാവിയിലേക്കുള്ള ചില സുപ്രധാന നിർദേശങ്ങളും ഉപദേശങ്ങളും നെതന്യാഹുവിന് റബ്ബി നൽകി. ‘‘ഇസ്രയേലിൽ നിന്ന് നല്ല വാർത്തകളൊന്നുമില്ല. കർമമാണ് എന്തിന്‍റെയും മർമം. പക്ഷേ, അതുണ്ടാകുന്നില്ല. ഒരുപക്ഷേ, അവിടത്തെ നേതൃത്വത്തെ സ്വാധീനിക്കാൻ നിനക്ക് കഴിഞ്ഞേക്കാം.’’- റബ്ബി പറഞ്ഞു.

‘‘ഞാൻ തിരിച്ചുപോകാൻ ഒരുങ്ങുകയാണ്. അവിടത്തെ കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കും’’-നെതന്യാഹുവിന്‍റെ മറുപടി. ‘‘ഇവിടെ, യു.എന്നിൽ ചെയ്യാൻ ഇനിയുമേറെ കാര്യങ്ങളുണ്ട്. അവിശ്വാസികളെ സ്വാധീനിക്കുന്നതിൽ ചില ജൂത കൽപനകളുള്ള കാര്യം നിനക്ക് അറിയുമല്ലോ. അതാണ് നിന്‍റെ ദൗത്യം’’. അതിൽ നിന്ന് മെല്ലെ വഴുതിമാറിയെന്ന് ‘ബിബി: മൈ സ്റ്റോറി’ എന്ന ആത്മകഥയിൽ നെതന്യാഹു പിന്നീട് സ്മരിച്ചു.

നേരെ മറുപടി പറയുന്നതിന് പകരം വേറെ ചിലതിലേക്ക് ചർച്ച നീട്ടി. ‘‘അങ്ങയുമായുള്ള ആദ്യ കൂടിക്കാഴ്ച ഞാൻ മറന്നിട്ടില്ല. അങ്ങ് പറഞ്ഞത് പോലെയാണ് ഞാൻ പ്രവർത്തിച്ചത്. സ്വാഭിമാനത്തോടെയും കരുത്തോടെയും ഉറച്ചുനിന്നു. എന്നിട്ടും ഞാനിവിടെ വർഷങ്ങളോളം തുടർന്നു’’. പക്ഷേ, യു.എന്നിലെ നെതന്യാഹുവിന്‍റെ വർഷങ്ങൾ നീണ്ടുപോയതിൽ റബ്ബിക്ക് നേരിയ നീരസം ഉണ്ടായിരുന്നു. അത് മറുപടിയിൽ പ്രകടമായി: ‘‘മിശിഹായുടെ ആഗമനം വരെ വേണമെങ്കിലും നിനക്കിവിടെ തുടരാമായിരുന്നു’’. റബ്ബിയുടെ പ്രോത്സാഹനങ്ങൾക്ക് നന്ദി പറഞ്ഞ നെതന്യാഹു ഇനിയും കാണാൻ വരുമെന്ന് സൂചിപ്പിച്ചു.​

‘‘എന്‍റെ യാത്രയുടെ തുടക്കത്തിലാണ് ഇപ്പോഴും ഞാൻ. നീയും നിന്‍റെ യാത്ര തുടങ്ങുകയാണ്’’. ഇതിന് ശേഷം റബ്ബി പറഞ്ഞ വാക്കുകൾ പിന്നീടൊരിക്കലും താൻ മറന്നിട്ടില്ലെന്ന് നെതന്യാഹു എഴുതുന്നു. ‘‘അവിടത്തെ 119 പേരോട് നിനക്ക് പോരടിക്കേണ്ടിവരും. (കെനസേതിൽ 120 അംഗങ്ങളാണുള്ളത്). പക്ഷേ, അതൊന്നും നിന്നെ ബാധിക്കില്ല. കാരണം ദൈവം നിന്‍റെ ഭാഗത്താണ്’’.

അധികം വൈകാതെ ’90 നവംബറിൽ പിന്നെയും നെതന്യാഹു റബ്ബിക്ക് മുന്നിലെത്തി. അപ്പോഴേക്കും പാർലമെന്‍റംഗം എന്ന നിലയിൽ രണ്ടുവർഷം പൂർത്തിയാക്കിയ നെതന്യാഹു ഇസ്രയേലിന്‍റെ രാഷ്ട്രീയ ഭൂമികയിൽ മെല്ലെ ഇടംനേടി വരികയായിരുന്നു. റബ്ബിക്ക് നെതന്യാഹുവിന് മേലുള്ള യഥാർഥ ചിന്തകളും പ്രതീക്ഷകളും എന്താണെന്ന് പൂർണമായി വെളിപ്പെടുന്ന കൂടിക്കാഴ്ച ആയിരുന്നു അത്. വിജയാശംസ നേർന്ന് കൈപിടിച്ച ഉടൻ റബ്ബി നെതന്യാഹുവിനോട് ചോദിച്ചു. ‘കണ്ടിട്ട് കുറേ ആയല്ലോ.’ രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും അനുഗ്രഹം തേടിയാണ് വന്നതെന്ന് നെതന്യാഹുവിന്‍റെ മറുപടി. റബ്ബിയുടെ വാക്കുകൾ മറ്റുവഴികളിലേക്ക് നീങ്ങി. ‘‘നമ്മൾ അവസാനം കണ്ടതിന്ശേഷം ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നു. മാറാത്തത് എന്താണെന്നാൽ മിശിഹ ഇതുവരെയും വന്നില്ല. അദ്ദേഹത്തിന് ആഗമനം വേഗത്തിലാക്കാൻ എന്തെങ്കിലും ചെയ്യൂ.’’

‘‘ഞങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾ ചെയ്യുന്നുണ്ട്’’ -നെതന്യാഹു ആവർത്തിച്ചു.

‘‘അതൊന്നും മതിയാകില്ല. ഈ ദിനത്തിൽ എത്രയോ മണിക്കൂറുകൾ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അദ്ദേഹം എത്തിയില്ല. ഇനി കുറച്ച് സമയമേ ബാക്കിയുള്ളു. അതുകൊണ്ട് ഇന്ന് തന്നെ ശ്രമിക്കണം.’’

ജൂത ജനതയുടെ നേതൃ പദവിയിലേക്ക് മിശിഹ അവതരിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന നേതാവായാണ് റബ്ബി നെതന്യാഹുവിനെ കണ്ടിരുന്നതത്രെ. ഇസ്രയേലിന്‍റെ അവസാന പ്രധാനമന്ത്രിയായിരിക്കും നെതന്യാഹുവെന്നും അധികാരത്തിന്‍റെ ചെങ്കോൽ മിശിഹക്ക് കൈമാറുന്നത് നെതന്യാഹു ആയിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നുവത്രെ.

മെസിയാനിക് ജൂദായിസത്തിന്‍റെ സ്വപ്നങ്ങൾ

ഇസ്രയേൽ രാഷ്ട്രത്തിന്‍റെ 80 ാം വർഷത്തിലേക്ക് നീങ്ങുന്ന ഈ കാലം അതിനിർണായകമാണെന്ന് മെസിയാനിക് ജൂദായിസത്തിന്‍റെ (Messianic Judaism) വക്താക്കൾ വിശ്വസിക്കുന്നു. ഹമാസിന്‍റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഈ ചിന്തകളും ചർച്ചകളും ഇസ്രയേലിൽ ശക്തിപ്രാപിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സഭകളും മറ്റ് മാർഗങ്ങളിലൂടെയാണെങ്കിലും ഇതേ ആശയങ്ങൾ പങ്കുവെക്കുന്നു. അവരുടെയൊക്കെ ‘ദിവ്യപുരുഷൻ’ നെതന്യാഹു ആണ്. ഒരിക്കലും പരാജയമേശാത്ത നിലയിൽ ദൈവം സൃഷ്ടിച്ച മനുഷ്യനായി അവർ അദ്ദേഹത്തെ കാണുന്നു. ഒക്ടോബർ ഏഴിന് നേരിട്ട അതിഭീകരമായ തിരിച്ചടി മിശിഹയുടെ വരവിനുള്ള കേളികൊട്ടാണത്രെ. അന്നത്തെ അപമാനത്തിൽ നിന്ന് ആത്യന്തിക വിജയത്തിലേക്ക് നെതന്യാഹു മോക്ഷം പ്രാപിക്കും. ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഗസ്സക്ക് മേൽ നടക്കുന്ന ഭയാനകമായ ആക്രമണങ്ങളും വെസ്റ്റ്ബാങ്കിലെ വിശുദ്ധഭൂമിയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാൻ നടക്കുന്ന നീക്കങ്ങളും അതിന്‍റെ ഭാഗമാണ്. എന്തെങ്കിലും ദൈവിക ഇടപെടലുകൾ ഉടൻ തന്നെയുണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു.

പരാജിതനായ ഒരു മനുഷ്യനായി ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടാൻ നെതന്യാഹുവും തയാറല്ല. ജൂതജനതക്ക് മുന്നിൽ കാണിക്കാൻ ഒരു വലിയ നേട്ടം വേണം എന്ന രാഷ്ട്രീയ കൗശലത്തിനൊപ്പം റബ്ബിയുടെ പ്രവചനങ്ങളുടെ മാറാപ്പും ബിബി പേറുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പലതവണ കാലിടറിയിട്ടും തിരിച്ചുവരാനും പിടിച്ചുനിൽക്കാനും നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതും അതുതന്നെ. വോട്ടർമാരിൽ കുറവെങ്കിലും ഹബാദ് പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ ആത്മീയ പിന്തുണ ലഭിക്കുന്നത് നെതന്യാഹുവിന് എന്നും ഗുണം ചെയ്തിരുന്നു. ഏകഛത്രാധിപതിയെ പോലെ കഴിഞ്ഞ കാലങ്ങളിലും അടുത്തിടെയായി രാഷ്ട്രീയമായി ദുർബലനായപ്പോഴും അവരുടെ ആളായി നിൽക്കാൻ അദ്ദേഹം ശ്രമിച്ചു.

നെതന്യാഹുവും മെനാഹം മെൻഡേലും

കക്ഷി രാഷ്ട്രീയത്തിൽ വഴുതാൻ തുടങ്ങിയപ്പോൾ മറ്റ് തീവ്രവലതുപക്ഷ സംഘങ്ങളുടെ പിന്തുണയും തേടി. അത്തരക്കാരിൽ ചിലരുടെ കൈയയഞ്ഞ സഹായത്തോടെയാണ് ഇപ്പോൾ ഭരണത്തിൽ തുടരുന്നതും. ഫ്രിഞ്ച് ഗ്രൂപ്പുകളായി പരിഗണിക്കപ്പെട്ടിരുന്ന ഇതമർ ബെൻഗ്വിറിന്‍റ പാർട്ടിക്കും മറ്റും കാബിനറ്റിൽ ഇടം ലഭിക്കുക മാത്രമല്ല, ദേശീയ സുരക്ഷാ മന്ത്രാലയത്തിന്‍റെ വരെ ചുമതലയും കിട്ടി. അവർ പറയുന്ന അതിതീവ്ര വലതുവാദങ്ങളേക്കാൾ കടുപ്പത്തിൽ അക്കാര്യങ്ങൾ പറയാനും നെതന്യാഹു ഈയടുത്ത ദിവസങ്ങളിൽ തയാറായി.

ഒരു രാഷ്ട്ര നേതാവ് എന്നതിനപ്പുറം എന്താണ് നെതന്യാഹുവിനെ നയിക്കുന്നതെന്ന് മനസിലാക്കാൻ ഒക്ടോബർ ഏഴിന് ശേഷമുള്ള നെതന്യാഹുവിന്‍റെ വാക്കുകളും പ്രവൃത്തികളും ഉപകരിക്കും. ഒരു ആധുനിക പരിഷ്കൃത രാജ്യത്തിന്‍റെ ഭരണാധികാരി എന്ന നിലയിൽ നിന്ന് രക്തദാഹിയായ മധ്യകാല സാമ്രാജ്യാധിപന്‍റെ തലത്തിലേക്ക് നെതന്യാഹു താഴുന്നത് ആ വാക്കുകളിൽ കാണാം. തോറ ഉദ്ധരിച്ച്, പൗരാണിക ചോരക്കടങ്ങളുടെ ഓർമകൾ ജ്വലിപ്പിച്ച് തന്‍റെ പാതകങ്ങൾക്ക് നെതന്യാഹു ന്യായങ്ങൾ ചമക്കുന്നു. ഏതോ ചരിത്രാതീത കാലത്തെ കഥകൾ പറഞ്ഞ് ഈ കാലത്തെ മനുഷ്യരുടെ മനസുകളിൽ വൈരം നിറയ്ക്കുന്നു. ഗസ്സയിലെ കുഞ്ഞുങ്ങളെയും വനിതകളെയും കെട്ടിടങ്ങളെയും എന്തിന് പ്രകൃതിയെ പോലും തച്ചുതകർക്കുന്നതിന് ആവശ്യപ്പെടുന്നുവെന്ന മട്ടിൽ ബൈബിൾ വചനങ്ങളെ തെറ്റായി ഉദ്ധരിക്കുന്നു. ജൂത ജനതയെ മോക്ഷപ്രാപ്തിയുടെ വഴികളിൽ കൈപിടിച്ച് നടത്താനുള്ള ദൈവനിയോഗം പേറുന്നവനാണ് താനെന്ന റബ്ബിയുടെ പ്രവചനത്തിന്‍റെ പ്രേതം നെതന്യാഹുവിനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.

അമാലകുകളുടെ ഉപമ

ഈ യുദ്ധത്തിന്‍റെ ആദ്യ ദിനങ്ങളിലൊന്നിൽ, 2023 ഒക്ടോബർ 25ന് നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് നാമെന്ന് പറഞ്ഞുതുടങ്ങിയ നെതന്യാഹു യുദ്ധത്തിന്‍റെ രണ്ടു പ്രധാന ലക്ഷ്യങ്ങളും വ്യക്തമാക്കി. ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെ തിരിച്ചെത്തിക്കുക. പിന്നീട് യുദ്ധത്തിന്‍റെ സാഹചര്യങ്ങളും രാജ്യം യുദ്ധകാലത്ത് നേരിടുന്ന പൊതുവിഷയങ്ങളും പരാമർശിച്ചശേഷം പഴയ നിയമത്തിലെ ഒരു പ്രവചനം ഉദ്ധരിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. ‘‘നിന്‍റെ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടാവുകയില്ല; നിന്‍റെ മതിലുകളെ രക്ഷയെന്നും കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.’’ (ഏശയ്യ 60:18) ‘‘ഒരുമിച്ച് നാം പോരാടും, ഒരുമിച്ച് നാം വിജയിക്കും’’ -ഈ മുദ്രാവാക്യത്തോടെ നെതന്യാഹു പിൻവാങ്ങി.

പ്രതിസന്ധികാലത്ത് ദേശത്തെ ആവേശത്തിലാഴ്ത്താനുള്ള നിർദോഷകരമായ പ്രസ്താവനയെന്ന് ഇതിനെ കരുതിയവർക്ക് മൂന്നു ദിവസത്തിന് ശേഷം അബദ്ധം മനസിലായി. അപകടകരമായ ‘വേദവാക്യ സാഹസ’ങ്ങളിലേക്ക് കടക്കാനുള്ള നെതന്യാഹുവിന്‍റെ ചവിട്ടുപടി മാത്രമായിരുന്നു ആ ബൈബിൾ വചനങ്ങൾ. ഒക്ടോബർ 28ന് വീണ്ടും നെതന്യാഹു കാമറകൾക്ക് മുന്നിലെത്തി. ഗാസയിൽ ആദ്യഘട്ട കരയുദ്ധം തുടങ്ങി 24 മണിക്കൂർ ആയിട്ടില്ല അപ്പോൾ. നെതന്യാഹുവിനൊപ്പം പ്രതിരോധ മന്ത്രി യോവ് ഗാലന്‍റും മന്ത്രി ബെന്നി ഗാന്‍റ്സും വാർത്തസമ്മേളനത്തിനുണ്ട്.

ചരിത്രവും വിശ്വാസവും ആത്മീയതയുമൊക്കെ നെതന്യാഹുവിന്‍റെ വാക്കുകളിൽ നിറഞ്ഞുനിന്നു: ‘‘ഇസ്രയേൽ പൗരൻമാരെ, കഴിഞ്ഞ വൈകുന്നേരം നമ്മുടെ സൈനികർ ഗസ്സയുടെ കവാടം കടന്ന് തിന്മയുടെ കോട്ടവാതിലിന് മുന്നിലെത്തിയിരിക്കുന്നു. യുദ്ധത്തിന്‍റെ രണ്ടാം ഘട്ടമാണിത്. ലക്ഷ്യങ്ങൾ സുവ്യക്തമാണ്: ഹമാസിന്‍റെ ഭരണ, സൈനിക ശേഷി തകർക്കുക, ബന്ദികളെ തിരിച്ചുകൊണ്ടുവരിക. ജനതയും ഭരണകൂടവും തങ്ങൾക്ക് പുറകിലുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ കമാൻഡർമാരും സൈനികരും ശത്രുമേഖലയിൽ പോരടിക്കുകയാണ്. നമ്മുടെ കുട്ടികൾക്കും വനിതകൾക്കും മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമെതിരെ നടന്ന ഭയാനകമായ ആക്രമണങ്ങൾക്ക് അവർ പകരം ചോദിക്കുകയാണ്. നമ്മുടെ നിലനിൽപ്പിനും ലോക മാനവികതയുടെ നല്ലതിനും വേണ്ടി ആ തിന്മയെ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. ഈ ജനത മുഴുവനും ഭരണനേതൃത്വും അവരെ ആശ്ലേഷിക്കുന്നു, അവരിൽ വിശ്വസിക്കുന്നു. ‘അമാലെകുകൾ എന്താണ് നിങ്ങളോട് ചെയ്തതയെന്ന് ഓർക്കുക’. (ഡ്യൂട്രോണമി 25:17) നാം ഓർക്കുന്നു. നാം പോരാടുന്നു. നമ്മുടെ ധീരരായ പോരാളികൾ ഇപ്പോൾ ഗസ്സയിലാണ്. കഴിഞ്ഞ 3,000 വർഷത്തെ ധീരൻമാരുടെയും നായകരുടെയും ശൃംഖലയിൽ അവർ കണ്ണിചേരുന്നു. ജോഷ്വ മുതൽ ജൂദാ മക്കാബി, ബാർ കോക്ബ, അവിടെ നിന്ന് 1948 ലെയും ആറുദിന യുദ്ധത്തിലെയും യോം കിപ്പുർ യുദ്ധത്തിലെയും ഇസ്രയേലിന്‍റെ മറ്റ് യുദ്ധങ്ങളിലെയും നായകർക്കൊപ്പം’’ -പ്രഭാഷണം അങ്ങനെ നീണ്ടുപോയി.

ഓരോ വരിയിലും അപകടവും ക്രൗര്യവും നിർദയത്വവും ഒളിഞ്ഞിരിക്കുന്ന വാക്കുകൾ

ആരാണ് നെതന്യാഹു പറഞ്ഞ അമാലെക്കുകൾ, എന്തിനാണ് അദ്ദേഹം ഗസ്സയിലെ ഫലസ്തീനികളെ കുറിച്ച് പറയുമ്പോൾ ഏതോ കാലത്തെ ഒരു ജനതയിൽ ഊന്നുന്നത് എന്ന് അറിയണമെങ്കിൽ ബൈബിൾ വായിക്കണം. ഇസ്രയേൽ ജനതയുടെ ഏറ്റവും വലിയ ശത്രുക്കളായി ബൈബിളിൽ പരാമർശിക്കുന്ന ജനവിഭാഗമാണ് അമാലെകുകൾ. ഹീബ്രു ബൈബിളിൽ നിന്ദാപരമായി നിരവധി പരാമർശങ്ങൾ അവരെകുറിച്ചുണ്ട്. ഇന്നത്തെ ഇസ്രയേലിലെ തെക്കൻ നെഗേവ് മരുഭൂമിയിലെ ഒരു നാടോടി ഗോത്രമായിരുന്നു അമാലെകുകൾ. കാനാൻ ദേശത്തിന്‍റെ അതിരുകളിലാണ് അവരുടെ വാസം.

ആവർത്തിച്ചാവർത്തിച്ച് ഇസ്രയേൽ ജനതയോട് പോരടിക്കുന്ന ഈ വിഭാഗത്തെ കുറിച്ച് ഹീബ്രു ബൈബിൾ പലതവണ പരാമർശിക്കുന്നുണ്ട്. പഴയ നിയമത്തിൽ പുറപ്പാടിന്‍റെ പുസ്തകത്തിലാണ് (17: 8-16) ആദ്യം ഇവരെ കാണാനാകുക. ഈജിപ്ഷ്യൻ അടിമവാസത്തിൽ നിന്ന് ഇസ്രയേൽ ജനതയെ മോശെ മോചിപ്പിച്ചു കൊണ്ടുവരുന്ന യാത്രയുടെ ഘട്ടമാണത്. ‘‘അമലേക്യര്‍ റഫിദീമില്‍ വന്ന് ഇസ്രായേല്‍ക്കാരെ ആക്രമിച്ചു. അപ്പോള്‍ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ ദൈവത്തിന്‍റെ വടി കൈയിലെടുത്തു മലമുകളില്‍ നില്‍ക്കും. മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായി യുദ്ധം ചെയ്തു. മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു. മോശ കരങ്ങൾ ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്‍മേല്‍ ഇരുന്നു. അഹറോനും ഹൂറും അവന്‍റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്‍റെ കൈകള്‍ ഉയര്‍ന്നുതന്നെ നിന്നു. ജോഷ്വ അമലേക്കിനെയും അവന്‍റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇതിന്‍റെ ഓര്‍മ നിലനിര്‍ത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചു കേള്‍പ്പിക്കുക. ആകാശത്തിന്‍ കീഴില്‍ നിന്ന് അമലേക്കിന്‍റെ സ്മരണ ഞാന്‍ നിശേഷം മായിച്ചുകളയും. മോശ അവിടെ ഒരു ബലിപീഠം നിര്‍മിച്ച് അതിനു യാഹ്‌വെനിസ്‌സി എന്നു പേരു നല്‍കി. എന്തെന്നാല്‍, അവന്‍ പറഞ്ഞു: കര്‍ത്താവിന്‍റെ പതാക കൈയിലെടുക്കുവിന്‍. തലമുറതോറും കര്‍ത്താവ് അമലേക്കിനെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കും’’

ഇതിന് ശേഷമാണ്, നെതന്യാഹു ഉദ്ധരിച്ച ഡ്യൂട്രോണമി അഥവാ നിയമാവർത്തന പുസ്തകത്തിലെ അതീവ അപകടകരമായ ഉദ്ധരണികൾ വരുന്നത്. അതിങ്ങനെ: ‘‘നീ ഈജിപ്തില്‍നിന്നു പോന്നപ്പോള്‍ വഴിയില്‍വച്ച് അമലേക്ക് നിന്നോടു ചെയ്തതെന്തെന്ന് ഓര്‍ത്തുകൊള്ളുക. ക്ഷീണിച്ചു തളര്‍ന്നിരുന്ന നിന്നെ അവന്‍ ദൈവഭയമില്ലാതെ വഴിയില്‍വച്ചു പിന്നില്‍നിന്ന് ആക്രമിക്കുകയും പിന്‍നിരയിലുണ്ടായിരുന്ന ബലഹീനരെ വധിക്കുകയും ചെയ്തു. ആകയാല്‍, നിനക്ക് അവകാശമായിത്തരുന്ന ദേശത്ത്, നിനക്കു ചുറ്റുമുള്ള ശത്രുക്കളെ നശിപ്പിച്ചു. നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു വിശ്രമം നല്‍കുമ്പോള്‍ അമലേക്കിന്‍റെ ഓര്‍മയെ ആകാശത്തിന്‍ കീഴേ നിന്ന് ഉന്‍മൂലനം ചെയ്യണം. ഇതു നീ മറക്കരുത്.’’ (ഡ്യൂട്രോണമി: 25: 17-19).

ആവേശപൂർവം നെതന്യാഹു ഈ വാക്കുകൾ ഉദ്ധരിക്കുമ്പോൾ ഗസ്സയിൽ ഐ.ഡി.എഫ് കൊടിയ ആക്രമണം തുടരുകയായിരുന്നു. അമലകിന്‍റെ ഓർമയെ ആകാശത്തിന് കീഴെ നിന്ന് ഉന്മൂലനം ചെയ്യണമെന്ന യഹോവ വാക്യത്തെ ഗസ്സയിലേക്ക് പറിച്ചുനടുകയായിരുന്നു നെതന്യാഹു. ‘യുദ്ധത്തിനൊരു കാലം, സമാധാനത്തിനൊരു കാലം. ഇതിപ്പോൾ യുദ്ധത്തിന്‍റെ കാലം’ എന്ന മട്ടിലും പിന്നീട് ബൈബിൾ വചനങ്ങൾ അദ്ദേഹം കടമെടുത്തു. താൻ ചെയ്യുന്നതിനെല്ലാം ദൈവികമായ പരിവേഷം ഉണ്ടെന്ന് കാട്ടാൻ തന്‍റെ വ്യാഖ്യാനങ്ങൾക്ക് അനുസരിച്ച് ഉദാരമായി അദ്ദേഹം ബൈബിൾ വാക്യങ്ങളെ വളച്ചൊടിച്ചു.

‘നമ്മൾ പ്രകാശത്തിന്‍റെ പുത്രൻമാരാണ്. അവർ (ഫലസ്തീനികൾ) ഇരുളിന്‍റെ സന്തതികളും. ഇരുളിന് മേൽ പ്രകാശം വിജയിക്കുന്നതുവരെയും നാം യുദ്ധം തുടരും. ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്ന തിന്മക്കെതിരെ നന്മ വിജയിക്കു തന്നെ ചെയ്യു’മെന്ന് യുദ്ധം പുരോഗമിക്കവെ, നെതന്യാഹു മറ്റൊരിക്കൽ പറഞ്ഞു. എന്തോ കാരണത്താൽ ഇതുസംബന്ധിച്ച് ട്വിറ്റർ പോസ്റ്റ് പിന്നീട് അദ്ദേഹം പിൻവലിച്ചു. നെതന്യാഹുവിന്‍റെ വാദങ്ങളിലെ അപകടങ്ങളെ കുറിച്ച് പ്രശസ്ത ചരിത്രകാരൻ വില്യം ഡാൽറിംപിൾ പിന്നീടെഴുതി: ‘‘വരാനിരിക്കുന്ന യുദ്ധത്തിനുള്ള പ്രതിരോധമെന്നോണം കഴിഞ്ഞയാഴ്ച നെതന്യാഹു എശയ്യായുടെ പ്രവചനങ്ങളെ ഉദ്ധരിച്ചിരുന്നു. യഹൂദ ജനതക്കുള്ള ദൈവിക സുരക്ഷ സംബന്ധിച്ച ബൈബിൾ വചനമാണത്. യു.എസിലെ നെതന്യാഹുവിന്‍റെ ഇവാഞ്ചലിക്കൽ പ്രസ്ഥാനങ്ങൾക്കുള്ള സന്ദേശം കൂടിയായിരുന്നു അത്. അതേറ്റുപാടിയ മൈക് ജോൺസൺ യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറാണ്. പിന്നീട് ഡിലീറ്റ് ചെയ്ത ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നെതന്യാഹു പ്രകാശത്തിന്‍റെയും അന്ധകാരത്തിന്‍റെയും സന്തതികൾ തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് പറഞ്ഞിരുന്നു. അത്തരമൊരു അലങ്കാരപ്രയോഗം ദുരന്തസമാനമാണ്. 3,000 ലേറെ ഫലസ്തീൻ കുട്ടികൾ ഇപ്പോൾ തന്നെ മരിക്കുകയും ഈ സംഖ്യ ഇനിയും കൂടുമെന്നും ഉറപ്പായിരിക്കെ പ്രത്യേകിച്ചും.’’

How to defeat Ishmael’s kingdom

നെതന്യാഹുവിന്‍റെ ഈ ‘പുരാണ വാചകമടി’യെയും കവച്ചുവെക്കുന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷക്കാരായ ഇതമർ ബെൻഗ്വിർ, ബെസലേൽ സ്മോട്രിച്ച്, അമിഹായ് ഏലിയാഹു എന്നിവരുടെ പ്രവൃത്തികൾ. അതിൽ തന്നെ ഗസ്സയിൽ ആണവായുധം പ്രയോഗിക്കണമെന്ന അമിഹായ് ഏലിയാഹുവിന്‍റെ പ്രസ്താവന സകല സീമകളും ലംഘിക്കുന്നതായി. ‘‘നിഷ്കളങ്കരായ സിവിലിയൻമാർ എന്നൊരുവിഭാഗം ഗാസയിലില്ല. ഫലസ്തീനികൾക്ക് അയർലണ്ടിലേക്ക് പോകാം. അല്ലെങ്കിൽ മരുഭൂമിയിലേക്ക് പോകട്ടെ. ഗാസയിലെ രാക്ഷസൻമാർ സ്വയം പരിഹാരം കണ്ടെത്തട്ടെ. ഫലസ്തീൻ, ഹമാസ് പതാകകൾ വീശുന്ന ഒരാളെയും ഈ ഭൂമുഖത്ത് ജീവിക്കാൻ അനുവദിക്കാൻ പാടില്ല.’’ അമിഹായ് ഏലിയാഹു ഇങ്ങനെ മുന്നേറുന്ന ഘട്ടത്തിലാണ് റേഡിയോ അവതാരകന്‍റെ ഇടപെടലുണ്ടാകുന്നത്. ‘‘താങ്കളുടെ പ്രതീക്ഷയെന്നത് നാളെ രാവിലെ ഗസ്സക്ക് മുകളിൽ ന്യൂക്ലിയർ ബോംബ് പ്രയോഗിച്ച് സകലരെയും കൊന്നൊടുക്കി അവിടം നിരപ്പാക്കണമെന്നാണോ?’’- അവതാരകൻ ചോദിച്ചു. ഈ ചോദ്യത്തിൽ തന്നെ ഞെട്ടിപ്പോയ കേൾവിക്കാരെ സ്തബ്ധരാക്കിക്കൊണ്ട് മന്ത്രിയുടെ മറുപടി ഉടനടി വന്നു: ‘‘അതൊരു മാർഗം തന്നെയാണ്. രണ്ടാമത്തെ വഴിയെന്നത് അവർക്ക് കൂടുതൽ പ്രധാനപ്പെട്ടതെന്തെന്ന് നോക്കി ഒരുപ്ലാൻ ഉണ്ടാക്കുകയാണ്. എന്താണ് അവരെ ഭയപ്പെടുത്തുക. എന്താണ് അവരെ പിന്തിരിപ്പിക്കുക. മരണത്തെയൊന്നും അവർക്ക് ഭയമില്ല’’.

ഈ വാർത്ത പുറത്തുവന്നതോടെ ലോകമാധ്യമങ്ങളിൽ വൻ വാർത്തയായി. മന്ത്രിയുടെ നിലപാടിലെ കഠോരതയിൽ ഇസ്രയേലിനുള്ളിൽ നിന്ന് തന്നെ പ്രതിഷേധമുയർന്നു. പിന്നാലെ അമിഹായ് ഏലിയാഹുവിനെ മന്ത്രിസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പക്ഷേ, അമിഹായിന്‍റെ പിതാവും ഇസ്രയേലിലെ പ്രമുഖ മതപണ്ഡിതനും സഫേദിലെ ചീഫ് റബ്ബിയുമായ ഷമുവേൽ ഏലിയാഹു മകനെ പിന്തുണച്ച് അടുത്തദിവസങ്ങളിൽ രംഗത്തുവന്നു. ‘‘ഗസ്സയിൽ എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. അവരെ തൂത്തുകളയണോ? എന്താണ് ചെയ്യാൻ പോകുന്നത്? അവർക്ക് മുകളിൽ ഒരു ആറ്റം ബോംബ് ഇടണോ? അതൊരു ഓപ്ഷനാണ്’’- ചിരിച്ചുകൊണ്ട് ഷമുവേൽ ഏലിയാഹു തുടർന്നു. ‘‘എന്നെ അവർക്ക് (സർക്കാർ) പുറത്താക്കാനാകില്ല. എന്‍റെ മകനെ പുറത്താക്കാം. പക്ഷേ, എന്നോട് അതുകഴിയില്ല’’-How to defeat Ishmael’s kingdom എന്ന തലക്കെട്ടിൽ യുട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ഷമുവേൽ ഏലിയാഹു കൂട്ടിച്ചേർത്തു.

ഇസ്രയേലിന്‍റെ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള കുടുംബമാണ് അമിഹായുടെയും ഷമുവേലിന്‍റേയും ഏലിയാഹു കുടുംബം. കടുത്തനിലപാടുകൾ കൊണ്ട് എന്നും വിവാദങ്ങളിൽ ഇടം നേടിയിരുന്നു ഇവർ. ഷമുവേലിന്‍റെ മുത്തശ്ശൻ സൽമാൻ എലിയാഹു ബഗ്ദാദിലെ പ്രമുഖ യഹൂദ കുടുംബാംഗമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിലാണ് സൽമാന്‍റെ കുടുംബം ഒന്നടങ്കം ജറുസലമിലേക്ക് കുടിയേറുന്നത്. യഹൂദ മിസ്റ്റിക് ധാരയായ കബാലയായിരുന്നു സൽമാൻ എലിയാഹുവിന്‍റെ വിശ്വാസ പ്രമാണം. മതപഠനത്തിനൊപ്പം ബ്രിട്ടനിൽ നിന്ന് ഫിലോസഫിയും പഠിച്ച അദ്ദേഹം ഒന്നാം ലോക യുദ്ധാനന്തരം ഫലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റിന്‍റെ ഹൈകമീഷണറായിരുന്ന ഹെർബർട്ട് സാമുവലിന്‍റെ സെക്രട്ടറിയായി.

ബ്രിട്ടീഷ് കാബിനറ്റിലെ ആദ്യത്തെ ‘പ്രാക്ടീസിങ് ജൂതൻ’ ആയിരുന്നു ഹെർബർട്ട് സാമുവൽ. ബ്രിട്ടീഷ് കാബിനറ്റിൽ സയണിസത്തിന്‍റെ പ്രമോട്ടറും അദ്ദേഹമായിരുന്നു. ഓട്ടോമൻ ഭരണത്തിലായിരുന്ന ഫലസ്തീനെ ബ്രിട്ടൻ കീഴടക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച വ്യക്തികളിലൊരാളും ഹെർബർട്ട് സാമുവലായിരുന്നു. ഫലസ്തീൻ ജൂതജനതയുടെ ഭൂമിയായി മാറണമെന്നും അദ്ദേഹം വാദിച്ചു. ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന The Future of Palestine എന്ന ഹെർബർട്ട് സാമുവലിന്‍റെ മെമോറാണ്ടം അക്കാലത്ത് ഏറെ വിവാദവും ജനശ്രദ്ധയും നേടിയിരുന്നു.

പൊട്ടിക്കാൻ അവസരം കിട്ടാത്ത ബോംബ്

ഇത്തരത്തിലുള്ള പ്രചാരണങ്ങളുടെയും ഉപജാപങ്ങളുടെയും ഒടുവിലാണ് ഫലസ്തീനിൽ ജൂതരാജ്യം സ്ഥാപിക്കുന്നതിന് പിന്തുണ നൽകുന്ന ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ ബാൽഫർ ഡിക്ലറേഷൻ 1917 ൽ ഉണ്ടാകുന്നത്. യുദ്ധാനന്തരം 1920 ൽ ഹെർബർട്ട് സാമുവൽ ഫലസ്തീനിന്‍റെ ബ്രിട്ടീഷ് ഹൈകമീഷണറായി നിയമിതനായി. ഈ കാലത്താണ് സൽമാൻ എലിയാഹു അദ്ദേഹത്തിന്‍റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. ഫലസ്തീനിൽ ജൂത സാന്നിധ്യവും സ്വാധീനവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഹെർബർട്ട് സാമുവലിന്‍റെ പ്രധാന കൈയാളായിരുന്നു സൽമാൻ എലിയാഹു. 1940 ൽ ജറുസലമിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്‍റെ മകനായിരുന്നു പിന്നീട് ഇസ്രയേലിന്‍റെ ചീഫ് റബ്ബി (ജൂത പുരോഹിതൻ) ആയ മോർദെഷായ് എലിയാഹു.

പിതാവ് മരിക്കുമ്പോൾ 11 വയസായിരുന്നു മോർദെഷായിക്ക്. ചെറുപ്പത്തിലേ റാഡിക്കൽ ജൂത സംഘമായ ബ്രിത് ഹകാനാമിൽ ചേർന്ന് പ്രവർത്തിച്ച അദ്ദേഹം സെക്യുലർ സംസ്കാരത്തിനെതിരെ പോരാടി. രാജ്യം പൂർണമായും മതാത്മകം ആയിരിക്കണമെന്നും സെക്യുലറിസത്തിന് ഭരണത്തിലോ രാഷ്ട്രഗാത്രത്തിലോ സ്ഥാനമുണ്ടാകരുതെന്നുമായിരുന്നു മോർദേഷായിയുടെ നിലപാട്. ശാബത്ത് ദിനത്തിൽ നിരത്തിൽ ഓടുന്ന കാറുകൾ കത്തിക്കുകയായിരുന്നു പ്രധാന പ്രതിഷേധം. യഹൂദ വിശ്വാസ പ്രകാരമല്ലാതെ കശാപ്പ് നടക്കുന്ന ഇറച്ചിക്കടകളും ആക്രമിച്ചു. ഇസ്രായേൽ സൈന്യത്തിൽ വനിതകളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ച നടക്കവെ പാർലമെന്‍റായ കെനസേത്തിലേക്ക് ബോംബ് എറിയാൻ വരെ പ്ലാനിട്ടു. കെനസേത്തിൽ കയറിപ്പറ്റിയ ബ്രിത് ഹകാനിം അംഗത്തിന് പോക്കറ്റിൽ കൊണ്ടുവന്ന ബോംബ് പൊട്ടിക്കാൻ അവസരം കിട്ടാത്തതുകൊണ്ട് മാത്രം ദുരന്തം ഒഴിവായി.

1951ൽ ബ്രിത് ഹകാനിം അംഗങ്ങളെ ഷിൻബെത്ത് അറസ്റ്റ് ചെയ്തു. മോർദെഷായ് എലിയാഹുവിന് 10 മാസത്തെ തടവുശിക്ഷയും കിട്ടി. പിൽക്കാലത്ത് താൻ തെരഞ്ഞെടുത്ത പാത തെറ്റായിരുന്നെങ്കിലും തന്‍റെ ആശയങ്ങൾ ശരി തന്നെയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പിന്നാലെ പൂർണമായും ആത്മീയതയിലേക്ക് മടങ്ങി.

1960ൽ ബീർഷെബയിലെ റബ്ബിനിക്കൽ കോർട്ടിൽ ദയാൻ (മത പദവി) ആയി നിയമിതനായി. 1983ൽ ഇസ്രയേലിന്‍റെ ചീഫ് റബ്ബി ആയി. 2005ൽ ഗസ്സയിൽ നിന്ന് ഇസ്രയേൽ പിൻമാറുന്നതിന്‍റെ ഭാഗമായി കുടിയേറ്റക്കാരെ ഒഴിപ്പിച്ച നടപടിയുടെ വലിയ വിമർശകനായിരുന്നു മോർദെഷായ് എലിയാഹു. 8,500 ലേറെ ഇസ്രയേലികൾ താമസിച്ചിരുന്ന തെക്കൻ ഗസ്സയിലെ ഗുഷ് ഖതീഫിൽ നിന്ന് അവരെ ഒഴിപ്പിക്കുന്ന നടപടിയോട് സൈനികർ സഹരിക്കരുതെന്ന് വരെ അദ്ദേഹം നിർദേശിച്ചു. ഗസ്സയിലെ ഇസ്രയേലിന്‍റെ പിൻമാറ്റത്തെ പിന്തുണച്ച ഏഷ്യൻ രാഷ്ട്രങ്ങൾക്ക് നേരെ മുൻകൂട്ടി ഇറങ്ങിയ ദൈവീക ശിക്ഷയാണ് 2004ലെ സുനാമിയെന്ന് അദ്ദേഹം പറഞ്ഞുവെന്നും വാർത്തകളുണ്ടായിരുന്നു.

2006 ലെ ഇസ്രയേൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഗസ്സ നടപടിയെ പിന്തുണച്ച പാർട്ടികൾക്ക് വോട്ട് ചെയ്യുന്നത് വിശ്വാസികൾക്ക് നിഷിദ്ധമാണെന്ന മതശാസനയും അദ്ദേഹം നൽകി. 2007ൽ ഗസ്സക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ സിവിലിയൻമാരുടെ മരണം സംഭവിക്കുന്നതിൽ ‘ധാർമികമായി ശരികേടൊന്നുമില്ലെ’ന്ന് പ്രധാനമന്ത്രി യഹൂദ് ഓൽമെർട്ടിന് എഴുതിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി. ചുരുക്കത്തിൽ റിലിജയസ് സയണിസ്റ്റ് ധാരയിലെ റാഡിക്കൽ വലതുപക്ഷത്തിന്‍റെ വക്താവായിരുന്നു മോർഷെദായ് എലിയാഹു. 2009 ൽ 81ാം വയസിലാണ് അദ്ദേഹം മരിക്കുന്നത്.

ഈ മോർദെഷായ് എലിയാഹുവിന്‍റെ മകനാണ് വിവാദ ആണവ പ്രസ്താവന നടത്തിയ അമിഹായ് ഏലിയാഹുവിന്‍റെ പിതാവ് ഷമുവേൽ എലിയാഹു. പിതാവിന്‍റെയും മുത്തശ്ശന്‍റെയും അതേപാതയിൽ തന്നെയാണ് ഷമുവേൽ എലിയാഹുവിന്‍റെയും സഞ്ചാരം. അറബികൾക്കും ഫലസ്തീനികൾക്കുമെതിരെ നിരന്തരം വംശീയാധിക്ഷേപ പ്രസ്താവനകൾ നടത്തുന്ന ഷമുവേൽ എലിയാഹുവിന് ഇസ്രായേലിൽ വലിയ ആരാധക വൃന്ദമുണ്ട്. 2007ൽ ഗസ്സയിൽ കാർപറ്റ് ബോംബിങ് നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗസ്സയിലെ മരണങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. 2023 ഫെബ്രുവരിയിലുണ്ടായ തുർക്കി-സിറിയ ഭൂകമ്പം ഇസ്രായേലിനോടുള്ള സമീപനത്തിന് ഈ രാഷ്ട്രങ്ങൾക്ക് ദൈവം നൽകിയ ശിക്ഷയാണെന്നും അദ്ദേഹം വാദിക്കുന്നു. കടുത്ത വംശീയ പരാമർശങ്ങളെതുടർന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് ഷമുവേൽ എലിയാഹുവിന്‍റെ വിസ 2022ലാണ് റദ്ദാക്കിയത്. പിതാവിന്‍റെയും മുൻഗാമികളുടെ പാതയിൽനിന്ന് കടുകിട മാറാതെയാണ് അമിഹായ് ഏലിയാഹുവിന്‍റെയും ഇപ്പോഴത്തെ മുന്നേറ്റം. തീവ്ര വലതുപക്ഷ പാർട്ടിയായ ഒത്സ്മ യെഹുദിത്തിന്‍റെ പാർലമെന്‍റംഗം ആണ് അമിഹായ്.

ജൂത ഫാഷിസം

കടുത്ത അറബ് വിരോധിയും നാഷനൽ സെക്യൂരിറ്റി മിനിസ്റ്ററുമായ ഇത്തമർ ബെൻ ഗ്വിർ ആണ് ഒത്സ്മ യഹൂദിത്ത് പാർട്ടിയുടെ നേതാവ്. 2022ലെ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകളാണ് ഈ പാർട്ടി നേടിയത്. ഏതുവിധേനയും ഭരണം പിടിക്കാൻ നെതന്യാഹു ഇവരുടെയും പിന്തുണ ഒപ്പിച്ചെടുക്കുകയായിരുന്നു. അങ്ങനെയാണ് ഇസ്രയേലിന്‍റെ ചരിത്രത്തിലെ most right-wing and hardline government എന്ന് ഈ സർക്കാർ അറിയപ്പെടാൻ തുടങ്ങിയത്.

രാജ്യത്തോട് കൂറില്ലാത്ത മുഴുവൻ അറബികളെയും ഇസ്രയേലിൽനിന്ന് പുറത്താക്കണമെന്ന് ഇത്തമർ ബെൻ ഗ്വിർ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ‘ജ്യൂയിഷ് ഫാസിസ’ത്തിന്‍റെ വക്താവായാണ് ഇസ്രയേലി സോഷ്യോളജിസ്റ്റ് ഇവ ഇല്യൂസ് ബെൻ ഗ്വിറിനെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ബെൻ ഗ്വിർ അൽ അഖ്സ വളപ്പിൽ നടത്തിയ പ്രകോപനകരമായ സന്ദർശനം വലിയ സംഘർഷം സൃഷ്ടിച്ചിരുന്നു. ബെൻ ഗ്വിറിന്‍റെ പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് അമിഹായ് എലിയാഹുവിനെ നെതന്യാഹു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

വെസ്റ്റ്ബാങ്കിലെ അനിധികൃത കുടിയേറ്റ കേന്ദ്രമായ റിമോനിമിൽ താമസിക്കുന്ന അമിഹായ് ഫലസ്തീനികൾക്കെതിരെ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കണമെന്ന പക്ഷക്കാരനും ദ്വിരാഷ്ട്ര വാദത്തെ അംഗീകരിക്കാത്തയാളുമാണ്. വെസ്റ്റ് ബാങ്ക് മുഴുവനായി ഇസ്രയേൽ ‘അനക്സ്’ ചെയ്യണമെന്ന് ആർമി റേഡിയോയിലെ അഭിമുഖത്തിനിടെ വാദിച്ചത് വലിയ വിവാദമായിരുന്നു.

ഹമാസ് ആക്രമണത്തിന് പിന്നാലെ വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാർക്ക് അത്യാധുനിക യന്ത്രത്തോക്കുകൾ ബെൻഗ്വിർ നേരിട്ട് വിതരണം ചെയ്തു. ഈ തോക്കുകളുമായാണ് വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ മേഖലകളിൽ ഇസ്രയേലി സൈന്യത്തിനൊപ്പം കുടിയേറ്റക്കാരും ഇപ്പോൾ ആക്രമണം അഴിച്ചുവിടുന്നത്. കുടിയേറ്റക്കാർ ഫലസ്തീൻ ഭവനങ്ങളിൽ തോക്കുമായി കയറിച്ചെല്ലുകയും കുടിയൊഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെയും സൈന്യത്തിന്‍റെയും വെടിയേറ്റ് കഴിഞ്ഞ രണ്ടരമാസത്തിനിടെ വെസ്റ്റ്ബാങ്കിൽ മാത്രം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞിരിക്കുകയാണ്.

ചുരുക്കത്തിൽ ഒരു റബ്ബിയുടെ പ്രവചനങ്ങളെ മനസിൽ താലോലിക്കുന്ന പ്രധാനമന്ത്രിയും കുറേ മതവാദികളായ മന്ത്രിമാരും ചേർന്ന് ഏതോ ചരിത്രാതീത കാല ചിന്തകളിലേക്ക് ഇസ്രയേലി ജനതയെ നയിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഓരോരുത്തരും അവരവരുടേതായ ന്യായങ്ങൾ ചമയ്ക്കുന്നു. എല്ലാവർക്കും അധികാരകസേരകൾ വേണം. ബൈബിളും പുരാണങ്ങളും ഉദ്ധരിച്ച് അതിലെ സങ്കൽപശത്രുവായി ഫലസ്തീനികളെ പ്രതിഷ്ഠിച്ച് അവർക്ക് മേൽ നേടുന്ന വിജയങ്ങളാകും അതിനൊക്കെയുള്ള മൂലധനമെന്ന് അവർ കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelBenjamin NetanyahuBibiGaza Genocide
News Summary - Rabbi, Bibi, and Messiah; Is Netanyahu waging the war of their dreams?
Next Story