യു.എസ്-ഇറാൻ സംഘർഷം; യുദ്ധത്തോളം ‘ഭയാനകം’ ഈ ശീതയുദ്ധം
text_fieldsഇറാനെതിരെ അമേരിക്ക ഉടൻ ആക്രമണം നടത്തുമോ? അതിന് ഇറാന്റെ തിരിച്ചടി എങ്ങനെയായിരിക്കും? പശ്ചിമേഷ്യയിലെ പുതിയ ആശങ്ക ഇതാണ്. രാഷ്ട്ര നേതാക്കൾ തൊട്ട്, പ്രവാസികളെ വരെ പേടിപ്പെടുത്തുന്ന ചോദ്യം. ഇനിയുമൊരു യുദ്ധമുണ്ടായാൽ അതിന്റെ ഫലം എന്താകും എന്നത് അനിശ്ചിതത്വമായി തുടരുന്നു.
ഫെബ്രുവരി 28 മുതൽ നിരന്തരം ആക്രമിക്കപ്പെടുകയും ഭീതി നേരിടുകയും ചെയ്ത പശ്ചിമേഷ്യയിലെ രാജ്യങ്ങൾ പുതിയ നീക്കങ്ങളെ നിരീക്ഷിച്ചുവരികയാണ്. നവംബർ മൂന്നിലെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് കഴിയും വരെ ഇറാനെതിരായ സൈനിക നടപടി ഉണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ദിവസം അടുത്തുവന്നതോടെ വൈകാതെ ആക്രമണം ഉണ്ടാകുമോ എന്നാണ് ഭീതി. ആക്രമണ സാധ്യത മേഖലയിലെ രാജ്യങ്ങളെയും പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളെയും വലിയ രൂപത്തിൽ ആശങ്കപ്പെടുത്തുന്നുണ്ട്. അമേരിക്കയുടെ ഏതുതരം ആക്രമണങ്ങൾക്കും ഗൾഫ് രാജ്യങ്ങൾക്കു മേലെയാകും ഇറാൻ തിരിച്ചടിക്കുക, കണക്കു തീർക്കുക.
യുദ്ധത്തിൽ പങ്കാളി അല്ലെങ്കിലും ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതു മുതൽ വലിയ തിരിച്ചടികളാണ് ഗൾഫ് രാജ്യങ്ങൾ നേരിട്ടത്. സുരക്ഷാ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളുടെ സ്ഥിരത, വികസന പ്രതീക്ഷകൾ എന്നിവ സ്തംഭിപ്പിച്ചു.
ഹുർമുസ് പ്രതിസന്ധി എണ്ണ വിതരണത്തെയും ഇറക്കുമതിയേയും അതുവഴി സാമ്പത്തിക രംഗത്തേയും നേരിട്ടു ബാധിച്ചു. ബാബുൽ മന്ദബിലും നിയന്ത്രണം വന്നതോടെ ഗൾഫ് രാജ്യങ്ങളുടെ കടൽ വഴികൾ പൂർണമായും അടഞ്ഞു.
തുടർച്ചയായ ആക്രമണങ്ങൾ സുരക്ഷക്കും സമാധാനത്തിനും വികസനത്തിനും ക്ഷതമേൽപ്പിച്ചു. ഇത് പ്രവാസികളുടെ തൊഴിൽ നഷ്ടത്തിലേക്കും വേതനം വെട്ടിക്കുറക്കുന്നതിലേക്കും നയിച്ചു. സംഘർഷത്തിൽ അയവു വരാത്തതും യുദ്ധ സാധ്യത നിലനിൽക്കുന്നതും പ്രവാസികളുടെ തൊഴിൽ സുരക്ഷിതത്വം, വരുമാനം, ഭാവിയെ കുറിച്ച ആശങ്കകൾ എന്നിവ വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്.
യു.എസ്, ഇറാൻ ഒരുക്കങ്ങൾ
ട്രംപ് ഉത്തരവ് നൽകിയാൽ 96 മണിക്കൂറിനുള്ളിൽ സൈനിക നടപടി ആരംഭിക്കാൻ ആവശ്യമായ രീതിയിൽ യു.എസ് സേനയെ പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ, ഊർജമേഖലാ സ്ഥാപനങ്ങൾ, ആണവകേന്ദ്രങ്ങൾ തുടങ്ങി ആക്രമിക്കാൻ ലക്ഷ്യമിടുന്നവയുടെ പട്ടിക പെന്റഗണും യു.എസ് സെൻട്രൽ കമാൻഡും തയാറാക്കിയതായും പറയുന്നു.
തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് പുറമെ സിവിലിയൻ കേന്ദ്രങ്ങളിലേക്കും മറ്റിടങ്ങളിലേക്കും ആക്രമണങ്ങൾ വ്യാപിപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കടലിനടിയിലെ ഇന്റർനെറ്റ് കേബ്ളുകൾ, ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾ, ഊർജ്ജ ഉൽപാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, മേഖലയിലുടനീളമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുമെന്നും ഇറാൻ പറയുന്നു.
ഇത് ഗൾഫ് രാജ്യങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. സംഘർഷത്തിന് പിറകെ ആക്രമണം നേരിട്ട ഗൾഫ് രാജ്യങ്ങൾ അതിന്റെ ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. നിരവധി തവണ ആക്രമിക്കപ്പെട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-ഒന്ന് ഇതുവരെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല.
അറേബ്യൻ ഗൾഫിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നു. രണ്ടു ദിവസം മുമ്പു ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയുടെ എൽ.എൻ.ജി കപ്പലിന് നേരെ ആക്രമണം ഉണ്ടായി.
സംഘർഷാവസ്ഥ അനിശ്ചിതമായി തുടർന്നാലും ആക്രമണം രൂക്ഷമായാലും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന കെടുതികൾ ചെറുതായിരിക്കില്ല. യുദ്ധം അവസാനിച്ചാലും അതിന്റെ ആഘാതത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകൾ പഴയ വളർച്ചാ വഴിയിലേക്ക് അതിവേഗം മടങ്ങിയെത്തില്ലെന്ന അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് മറ്റൊരു സൂചനയാണ്. സൗദിക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണവും വെല്ലുവിളിയാണ്.
തയാറെടുപ്പുകൾ നടത്തി രാജ്യങ്ങൾ
നവംബർ മൂന്നിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ആക്രമണത്തിന് തയാറെടുക്കാൻ ഗൾഫ് അറബ് രാജ്യങ്ങൾക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണ സാധ്യതകൾ മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ തയാറെടുപ്പുകൾ നടത്തിവരുന്നുണ്ട്. പ്രതിരോധം ശക്തമാക്കുന്നതിനുള്ള നടപടികളിലാണ് ഇവ ശ്രദ്ധിച്ചുവരുന്നത്.
ജിസിസി വിദേശകാര്യമന്ത്രിമാരും സൈനിക മേധാവികളും നിരന്തരം ബന്ധപ്പെടുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കുവൈത്തിൽ സൈനിക പരിശീലനങ്ങൾ നടന്നുവരുന്നുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകളിലും കനത്ത ജാഗ്രത പുലർത്തുന്നു. ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷ പരിശീലനങ്ങൾ നടന്നു. ഇവ പതിവായി നടക്കുന്നതാണെങ്കിലും ആക്രമണ പശ്ചാത്തലത്തിൽ പ്രാധാന്യം ഏറുന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറ്റുകയാണെങ്കിൽ അതിനു വേണ്ട നിർദേശങ്ങൾ കുവൈത്തിലെ സ്കൂൾവിദ്യാർഥികൾക്ക് സ്ഥാപനങ്ങളിൽനിന്ന് നൽകിയിട്ടുണ്ട്. ആക്രമണ സാധ്യത മുന്നിൽ കണ്ടുള്ള നടപടി ആയാണ് ഇതിനെയും കണക്കാക്കുന്നത്. അതേസമയം, ഇറാൻ- യു.എസ് സംഘർഷത്തിൽ സമാധാന ചർച്ച പുരോഗമിക്കുന്നതായ സൂചനകൾ പുറത്തുവരുന്നുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ ശുഭകരമാകുന്ന പ്രതീക്ഷയിലാണ് ലോകം.

