Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രഹസ്യ അറകളിലേക്ക്‌ ഒരു പ്രവേശനമന്ത്രം
cancel

അറബിക്കഥയിലെ അലിബാബ ‘തുറക്കൂ സീസേ’ എന്ന് ഉരുവിട്ടതും ആ കൂറ്റൻ പാറക്കെട്ട് പിളർന്നുമാറുകയും മരുഭൂമിയിലെ പൊടിപടലങ്ങൾക്കടിയിൽ കുഴിച്ചുമൂടപ്പെട്ട രഹസ്യങ്ങളും മാണിക്യങ്ങളും സ്വർണവും നിറഞ്ഞ ഒരു ഗുഹ പ്രത്യക്ഷപ്പെടുകയും ചെയ്തു. റഷീദ് കിദ്വായ് എഴുതിയ ഡി.കെ. ശിവകുമാറിന്റെ ജീവചരിത്രം ആ മാന്ത്രികമന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. ഒരു പേജ് മറിക്കുമ്പോഴേക്കും കർണാടകരാഷ്ട്രീയത്തിന്റെ ഇരുമ്പുവാതിലുകൾ തുറക്കപ്പെടുകയും, ആധുനികരാഷ്ട്രീയത്തിലെ ഒരു അതികായന്റെ തിളക്കമുറ്റതും അതേസമയം അപകടസാധ്യതകൾ നിറഞ്ഞതുമായ ഒരു പോരാട്ടവേദി മുന്നിൽ തെളിയുകയും ചെയ്യുന്നു; അധികാരം എങ്ങനെയെല്ലാം രൂപപ്പെടുന്നുവെന്നും കൂറുകൾ എങ്ങനെ പരീക്ഷിക്കപ്പെടുന്നുവെന്നും ഒരു സാധാരണ കർഷകപുത്രൻ അതിജീവനത്തിന്റെ ആത്യന്തികശില്പിയായി എങ്ങനെ മാറിയെന്നും കാണിച്ചുതരുന്ന രഹസ്യ അറകളിലേക്കുള്ള പ്രവേശനമന്ത്രമാണ് ‘ഡി.കെ. ശിവകുമാർ: കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ, കർണാടകയുടെ കിങ്‌മേക്കർ’ എന്ന പുസ്തകം.

റഷീദ് കിദ്വായ്

പുസ്തകത്തിലെ ആദ്യ അധ്യായം കർണാടകയിലെ അധികാരരാഷ്ട്രീയത്തിലേക്ക് ചരിത്രപരവും സമകാലികവുമായ വീക്ഷണകോണുകളിൽനിന്ന് നോക്കാൻ അവസരമൊരുക്കുന്നു. ജാതിയുടെയും മതത്തിന്റെയും പങ്ക്, എച്ച്.ഡി. ദേവഗൗഡയുടെയും മകൻ എച്ച്.ഡി. കുമാരസ്വാമിയുടെയും അവരുടെ പാർട്ടിയായ ജെ.ഡി.എസ്., ബി.ജെ.പി., കോൺഗ്രസ് എന്നിവരുടെ നിലപാടുകൾ എന്നിവ വ്യക്തമാക്കാൻ ഇത് സഹായിക്കുന്നു. പ്രബലജാതികളായ ലിംഗായത്തുകളും വൊക്കലിംഗകളും ബി.ജെ.പിയുമായും ദേവഗൗഡയുമായും പുലർത്തുന്ന സമവാക്യങ്ങളെക്കുറിച്ച് ഇത് കൃത്യമായ ധാരണ നൽകുന്നു. ലിംഗായത്തുകളുടെയും വൊക്കലിംഗകളുടെയും ആധിപത്യത്തെ ചെറുക്കാൻ ന്യൂനപക്ഷങ്ങൾ, പിന്നാക്കവിഭാഗങ്ങൾ, ദളിതർ എന്നിവരുടെ കൂട്ടായ്മയായ 'അഹിന്ദ' എന്ന തന്ത്രം സിദ്ധരാമയ്യയുടെ മുൻകൈയിൽ കോൺഗ്രസ് എങ്ങനെ പ്രയോഗിച്ചുവെന്നും ഇതിൽ വിശദീകരിക്കുന്നു.

ദേവഗൗഡയും കുമാരസ്വാമിയും അവരുടെ പാർട്ടിയായ ജെ.ഡി.എസും നരേന്ദ്ര മോദിയുമായും അമിത് ഷായുമായും പുലർത്തുന്ന ബന്ധത്തെ ഈ അധ്യായം സമർഥമായി വിശകലനം ചെയ്യുന്നു. 1996-ൽ പ്രധാനമന്ത്രിപദത്തിലേക്ക് ലാലു പ്രസാദ് യാദവ് തന്റെ ഉറ്റസുഹൃത്തും സ്വജാതിക്കാരനുമായ ഉത്തർപ്രദേശിലെ അതികായൻ മുലായം സിങ് യാദവിനെയല്ല, ഇതേ ദേവഗൗഡയെയാണ് പിന്തുണച്ചിരുന്നത് എന്നത് കൗതുകകരമായ വൈരുധ്യമാണ്. ലാലുവിന്റെ ജനതാദളിൽനിന്ന് പിരിഞ്ഞശേഷം ദേവഗൗഡ മോദിയുമായും ഷായുമായും ഉറ്റബന്ധം സ്ഥാപിച്ചപ്പോൾ, പന്ത്രണ്ടാം നൂറ്റാണ്ടിൽ മഹോബയിലെ ധീരസേനാനായകരായ ആൽഹയും ഉദാലും പൃഥ്വിരാജ് ചൗഹാനോട് കാട്ടിയതുപോലെയുള്ള കടുത്ത ശത്രുതയാണ് മോദി-ഷാ കൂട്ടുകെട്ടിനോട് ലാലു പുലർത്തിയത്.

‘ഡി.കെ.ശിയുടെ ഉദയം’ എന്ന അധ്യായം, ഒരു രാഷ്ട്രീയകൃതിയിൽ ‘കൗതുകകരം’ എന്ന വാക്കിന്റെ അർഥമെന്താണെന്ന് കാണിച്ചുതരുന്നു. കനകപുരക്കടുത്തുള്ള ദൊഡ്ഡാലഹള്ളിയിൽ ജനിച്ചുവളർന്ന് കർണാടകയുടെ സാരഥ്യത്തിലേക്ക് ഉയർന്ന ഒരു മനുഷ്യന്റെ ആദ്യകാല താല്പര്യങ്ങൾ, പോരാട്ടങ്ങൾ എന്നിവയെല്ലാം ഈ അധ്യായം വിവരിക്കുന്നു. ഒരു മാന്ത്രികനാടോടിക്കഥയുടെ എല്ലാ ചേരുവകളും ഈ ജീവിതയാത്രയിലുണ്ട്. രാഷ്ട്രീയകുടുംബപാരമ്പര്യമില്ലാത്ത, സാധാരണ ഗ്രാമീണനായ ഒരാൾക്ക് ഇന്ത്യയിലെ ഏറ്റവും പഴയ പാർട്ടിയുടെ സങ്കീർണമായ തട്ടുകളും ഉദ്യോഗസ്ഥമേധാവിത്വവും മറികടന്ന് ഉയർന്നുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കർണാടകരാഷ്ട്രീയത്തിന്റെ മുൻനിരയിൽ എത്തുക മാത്രമല്ല, കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിശ്വസ്തനും പ്രതിസന്ധിപരിഹാരകനുമായി മാറി ശിവകുമാർ. .

ബി.ജെ.പിയുടെ ‘ചക്രവ്യൂഹ’ത്തിൽനിന്ന് സ്വന്തം പാർട്ടിയെ ശിവകുമാർ രക്ഷിച്ചെടുത്ത വിജയഗാഥ ഒരു യക്ഷിക്കഥ പോലെ തോന്നാം. അനുഭവകഥകളും ചെറിയ സംഭവങ്ങളും ലഘുവായ നിമിഷങ്ങളും മനോഹരമായി ചേർത്തുവെക്കാനുള്ള റഷീദിന്റെ കഴിവാണ് ഈ പുസ്തകത്തെ ഇത്രയധികം ആകർഷകമാക്കുന്നത്. പത്ത് അധ്യായങ്ങളിലൂടെ കടന്നുപോകുന്ന ഈ പുസ്തകത്തെക്കുറിച്ചുള്ള എന്റെ ഒരേയൊരു വിമർശനം, ശിവകുമാറിന്റെ ബലഹീനതകൾ, ഭയങ്ങൾ, നിസ്സഹായാവസ്ഥകൾ, നിരാശകൾ എന്നിവയെക്കുറിച്ചും അവയിൽനിന്ന് അദ്ദേഹം എങ്ങനെ കരകയറി എന്നതിനെക്കുറിച്ചും കുറച്ചുകൂടി വ്യക്തമായി പ്രതിപാദിക്കാമായിരുന്നു എന്നതാണ്. എത്ര പ്രതിരോധശേഷിയുള്ളവരാണെങ്കിലും മനുഷ്യർക്ക് ചില സഹജമായ ബലഹീനതകൾ ഉണ്ടാവുക സ്വാഭാവികമാണല്ലോ. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത, ഒരിക്കൽ വായിക്കാൻ തുടങ്ങിയാൽ മാറ്റിവെക്കാൻ തോന്നാത്തവിധം ആകർഷകമാണ് എന്നതാണ്. ‘‘ഇവിടെനിന്ന് ശിവകുമാർ എങ്ങോട്ടാണ് പോകുന്നത് എന്നത് മറ്റൊരു ചോദ്യമാണ്-അത് മറ്റൊരു ദിവസത്തേക്ക്, ഒരുപക്ഷേ മറ്റൊരു പുസ്തകത്തിനായി മാറ്റിവെക്കാം’’ എന്ന അവസാനവരികൾ വായിച്ചുതീർക്കാതെ എനിക്കിത് താഴെവെക്കാൻ സാധിച്ചില്ല.

ഗീതാ മഹേഷിന്റെ ‘മോസ്റ്റ്‌ലി മാലിനി’

ഗീതാ മഹേഷ്

അടുത്തിടെ എന്റെ ശ്രദ്ധ ആകർഷിച്ച മറ്റൊരു കൃതി കേരളത്തിൽനിന്നുള്ള കഥാകാരി ഗീതാ മഹേഷിന്റെ കന്നി നോവലായ 'മോസ്റ്റ്‌ലി മാലിനി' ആണ്. തന്റെ ചുറ്റുപാടുകളിൽനിന്ന് കഥ പറയാനുള്ള അവരുടെ താല്പര്യമാണ് എന്നെ ആകർഷിച്ചത്. സ്നേഹം, വാത്സല്യം, ധൈര്യം, അതിജീവനം എന്നിവ നിറഞ്ഞ വഴികളിലൂടെ മുത്തശ്ശിക്കും വിധവയായ അമ്മക്കുമൊപ്പമാണ് ഗീത വളർന്നത്. വിവാഹ ശേഷം ദുബൈയിലേക്ക് ചേക്കേറിയപ്പോൾ തന്റെ വൈകാരികമായ കരുത്തായിരുന്ന കഥകളെയും അവർ ഒപ്പം കൊണ്ടുപോയിരുന്നു.

നാൽപ്പതുകളിലെത്തിയ ഒരു സാധാരണ വീട്ടമ്മ, കടന്നുപോകുന്ന സ്വാഭാവികപ്രതിസന്ധികൾ കോവിഡ് ലോക്ക്ഡൗണുമായി ഒത്തുചേരുന്നതാണ് മാലിനി എന്ന കഥാപാത്രത്തിന്റെ മനോഹരമായ ആവിഷ്കാരം. ശാന്തമായ കേരളീയഗ്രാമത്തിലെ ബാല്യകാലബലഹീനതകളിൽനിന്നും കൗമാരപ്രണയത്തിൽനിന്നും പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളിലേക്കും, കുട്ടിക്കാലത്ത് ഒരിക്കലും സങ്കല്പിച്ചിട്ടില്ലാത്ത സങ്കീർണമായ ജീവിതസാഹചര്യങ്ങളിലേക്കും മാലിനി എങ്ങനെ സഞ്ചരിക്കുന്നുവെന്ന് ഈ ലഘുനോവൽ വിവരിക്കുന്നു.

ഇനിയും എഴുതുക ഗീതാ മഹേഷ്, എല്ലാവിധ ആശംസകളും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrancemantraopen forumsecretchamber
News Summary - Spell to Enter Secret Chambers
Next Story