Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഈ കുട്ടികളെ ഭരണകൂടം...

ഈ കുട്ടികളെ ഭരണകൂടം ഭയക്കുന്നുണ്ട്

text_fields
bookmark_border
ഈ കുട്ടികളെ ഭരണകൂടം ഭയക്കുന്നുണ്ട്
cancel
camera_alt

ജന്തർ മന്തറിൽ പ്രസംഗിക്കുന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ

ഏതാനും ആഴ്ചകൾക്കു മുൻപ് മാത്രം സമൂഹമാധ്യമ മീം ആയി പ്രത്യക്ഷപ്പെടുകയും പിന്നീട് സംഘടനാ രൂപത്തിൽ തെരുവിലേക്ക് വ്യാപിക്കുകയും ചെയ്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) യുടെ നേതൃത്വത്തിൽ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതക്കും തൊഴിലില്ലായ്മക്കുമെതിരായ അതിശക്തമായ പ്രതിഷേധ സമരം ഡൽഹി ജന്തർ മന്തറിൽ നാലുനാൾ പിന്നിട്ടിരിക്കുകയാണ്. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകൾ അട്ടിമറിക്കപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതാണ് അവരുടെ ആദ്യ ഡിമാന്റ്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളും യുവജനങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ-പൗരാവകാശ പ്രവർത്തകരുമടക്കം നിരവധി പേരാണ് ഓരോ ദിവസവും സി.ജെ.പി സമരത്തിന്റെ ഭാഗമാകാനെത്തുന്നത്.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ നിലവിലുള്ള തൊഴിലില്ലായ്മക്കും, പണപ്പെരുപ്പത്തിനും, സാമൂഹിക ചൂഷണത്തിനും, ഭരണകൂട അഴിമതിക്കും, വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ മാനേജ്മെന്റിനും മറ്റുമെതിരായി വ്യാപകമായൊരു, രാഷ്ട്രീയേതര യുവജന - വിദ്യാർഥി ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇന്ത്യൻ യുവതയിൽ നിന്ന് വലിയൊരു വിഭാഗം രംഗത്തുവന്നിരിക്കുന്നു എന്നത് സാധാരണക്കാർക്ക് പ്രതീക്ഷ പകരുമ്പോൾ ഫാഷിസ്റ്റ് അഭിമുഖ്യമുള്ള ഭരണകൂടത്തിന് കനത്ത ആശങ്കയാണ് ഇത് സമ്മാനിക്കുന്നത്.

ഇതേ ജന്തർമന്തറിൽ ജൂൺ ആറിന് സംഘടിപ്പിച്ച ഉജ്ജ്വല റാലിയോടെയാണ് സി.ജെ.പി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിത്തുടങ്ങിയത്. സ്ഥാപക നേതാവ് അഭിജിത് ദീപ്കെയെപ്പോലും അമ്പരിപ്പിച്ച വിധത്തിലെ ജനപങ്കാളിത്തമായിരുന്നു അന്ന്. വർഷങ്ങൾക്ക് മുൻപ് ഡോ. മൻമോഹൻ സിങ്ങിന്റെ സർക്കാരിനെതിരെ അണ്ണാ ഹസാരെയെ മുൻനിർത്തി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ പ്രക്ഷോഭത്തിന് സമാനമായ ആഘാതം സൃഷ്ടിക്കാൻ ഈ യുവജന കൂട്ടായ്മക്ക് സാധിച്ചേക്കുമെന്ന് കരുതാറായിട്ടില്ലെങ്കിലും ഭരണാധികാരികളിൽ നിഴലിച്ച ആദ്യവികാരം തന്നെ കടുത്ത ഭയപ്പാടിന്റേതായിരുന്നു.

ദീപ്കെയും സുഹൃത്തുക്കളും പുതുതലമുറയുമായി അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ സംവദിച്ചതുമുതൽ കേന്ദ്രത്തിന് അങ്കലാപ്പ് തുടങ്ങി. കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് തടയാനും ഗൂഢാലോചനകളാരോപിക്കാനുമൊക്കെ സർക്കാർ വക്താക്കൾ കാണിച്ച തിടുക്കം ഇത് സാക്ഷ്യപ്പെടുത്തുന്നു. സമര പരിപാടികൾക്കരികിൽ വമ്പിച്ച സായുധ പൊലീസ് സന്നാഹങ്ങൾ സജ്ജമാക്കിയ സർക്കാർ ജന്തർ മന്തറിലെ സമരവേദിയിലെ വെള്ളവും വെളിച്ചവും വരെ തടഞ്ഞുനോക്കി; സമരക്കാർ പിന്മാറുകയല്ല, അവർക്ക് പൊതുപിന്തുണ ഏറുകയാണ് എന്ന് കണ്ടതോടെ സർക്കാരിന് ജല-വൈദ്യുതി സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു നൽകേണ്ടിവന്നു.

ഭരണകൂടം പടച്ചുവിടുന്ന നരേറ്റീവുകൾ കണ്ണുമടച്ച് വിശ്വസിച്ച് അതേപടി ഏറ്റുപാടാൻ രാജ്യത്തെ യുവതലമുറ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് ഡൽഹിക്ക് പുറമെ ഹൈദരാബാദ്, ബംഗളൂരു, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിൽ സി.ജെ.പി വിളിച്ചുചേർത്ത സംഗമങ്ങളിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ. ‘‘കോക്രോച്ച് ഈസ് ദി ന്യൂ ടൈഗർ- കൂറയാണ് പുതിയ പുലി’’ എന്ന അവരുടെ പോസ്റ്റർ വാചകവും വമ്പൻ ഹിറ്റായി.

രാജ്യത്തെ ചെറുതും വലുതുമായ യുവജന-ജനകീയ ഉണർവുകളെ അടിച്ചമർത്താനും വിധേയമാക്കാനും ശ്രമിച്ചുപോരുന്ന മോദി സർക്കാർ പൗരത്വ ഭേദഗതി നിയമ (സി.എ.എ) ത്തിനെതിരായ സമരത്തെയും കർഷക സമരത്തെയും വിവിധ വിദ്യാർഥി പ്രക്ഷോഭങ്ങളെയും നേരിട്ട രീതിയിലെ ബലപ്രയോഗങ്ങൾ സി.ജെ.പി പ്രക്ഷോഭത്തോട് സ്വീകരിച്ചിട്ടില്ല. പൗരത്വ സമരത്തെ എപ്രകാരമാണ് ഭരണകൂടം ചോരയിൽ മുക്കിയതെന്ന് രാജ്യം മറന്നിട്ടില്ല. സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളെ പിന്നീട് യു.എ.പി.എ ചുമത്തി വർഷങ്ങളായി ജാമ്യം പോലും നിഷേധിച്ച് ജയിലിലടക്കുകയും ചെയ്തു.

2020-21 കാലത്ത് മൂന്ന് വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ഡൽഹിയിൽ നടന്ന ഐതിഹാസിക കർഷക പ്രക്ഷോഭത്തിനു നേരെയായിരുന്നു അടുത്ത പകപോക്കൽ. രാജ്യത്തെ ജനങ്ങളെ അന്നമൂട്ടുന്ന, മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരുടെ ആ സമരത്തെ വിദേശ ശക്തികളുടെ അജണ്ടയായി ചിത്രീകരിക്കാനാണ് സർക്കാർ തുടക്കം മുതലേ ശ്രമിച്ചത്. സംഘടിതവും സമാധാനപരവുമായി സമരം തുടരവെ ബംഗളൂരുവിലെ ദിശ രവി എന്ന കാലാവസ്ഥാ ആക്ടിവിസ്റ്റിനെ ഭരണകൂടം അറസ്റ്റ് ചെയ്തു. കുറ്റമെന്തായിരുന്നു? ലോകം ആദരിക്കുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെറി തയ്യാറാക്കിയ ഒരു രേഖ കർഷക സമൂഹത്തിന്റെ അറിവിലേക്കായി വിതരണം ചെയ്തു എന്ന മഹാപരാധം!

രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്നതും ഇന്ത്യൻ കുടുംബങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്നതുമായ ഒരു വിഷയത്തിലൂന്നി സമരങ്ങൾക്ക് തുടക്കമിട്ടു എന്നതാണ് സി.ജെ.പിയുടെ സ്വീകാര്യത ഇത്രകണ്ടുയർത്തിയതും സർക്കാരിനെ അന്ധാളിപ്പിച്ചതും. ‘‘രാജ്യത്തെ ജനങ്ങൾക്ക് പുതുജീവൻ പകർന്ന് ആശ്വാസം പകരാൻ മോഹിച്ച വിദ്യാർഥികൾ സ്വയം ജീവൻ നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് രാജ്യത്ത്’’ എന്ന അഭിജിത് ദീപ്കെയുടെ വാക്കുകളുടെ ശക്തി ജനങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും ഒരു തിരുത്തൽ നടപടിക്കും സർക്കാർ തയ്യാറാവുന്നില്ല എന്നതാണ് സങ്കടകരം.

സി.ജെ.പിക്ക് ദേശവിരുദ്ധ താല്പര്യങ്ങളുണ്ട് എന്ന് കള്ളക്കഥ മെനഞ്ഞ് പിശാചുവൽക്കരിക്കാനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ ഏതു സമയവും പ്രതീക്ഷിക്കാം. ജയ്‌പൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെ അഭിജിത് ദീപ്കെയെ സംഘ്പരിവാർ പ്രവർത്തകർ കൈയേറ്റം ചെയ്ത സംഭവവും ആശങ്കയുണർത്തുന്നതാണ്. എന്തായാലും, അതിശക്തരെന്ന് നടിക്കുന്ന, എല്ലാവരെയും വിലക്കെടുക്കാൻ കെൽപ്പുള്ളവരെന്ന് സ്വയം വിശ്വസിക്കുന്ന ഭരണകൂടം ഈ പുതിയ തലമുറയുടെ പോരാട്ട വീര്യത്തിന് മുന്നിൽ പതറുന്നു എന്നത് സുപ്രധാനമായ രാഷ്ട്രീയ യാഥാർഥ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government of indiayouthLatest NewsCockroach Janata Party
News Summary - The government is afraid of these children
Next Story