Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎ.ഐ യുഗത്തിലെ ‘കേരള...

എ.ഐ യുഗത്തിലെ ‘കേരള മോഡൽ’

text_fields
bookmark_border
എ.ഐ യുഗത്തിലെ ‘കേരള മോഡൽ’
cancel

ബെംഗളൂരുവിനടുത്ത് 7,481 ഏക്കറിൽ 18,104 കോടി രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ ‘എ.ഐ സിറ്റി’ നിർമിക്കുമെന്ന കർണാടക സർക്കാറിന്റെ പ്രഖ്യാപനം രാജ്യത്തിന്റെ സാങ്കേതിക ഭൂപടത്തിൽ വലിയ ചലനങ്ങളാണുണ്ടാക്കിയിരിക്കുന്നത്. എ.ഐ സർവകലാശാല, ആറാം ക്ലാസ് മുതൽ എ.ഐ പഠനം, ഹരിത ഊർജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമാണ്. തൊണ്ണൂറുകളിലെ ഐ.ടി വിപ്ലവം ഏറ്റെടുത്ത് രാജ്യത്തിന്റെ സിലിക്കൺ വാലിയായി മാറിയ ബെംഗളൂരു, നിർമിതബുദ്ധിയുടെ പുതിയ തരംഗത്തിലും നേതൃസ്ഥാനം കൈവിടില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

അതേസമയം, നിർമിതബുദ്ധിക്ക് പ്രത്യേക വകുപ്പ് സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായ കേരളവും ചരിത്രപരമായ ഒരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. വ്യവസായം, ഐ.ടി, സ്റ്റാർട്ടപ്പുകൾ എന്നിവയോടൊപ്പം എ.ഐ വകുപ്പും ചേർത്തുവെച്ചതിലൂടെ, എ.ഐയെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി കാണുന്നുവെന്ന് കേരളം വിളിച്ചോതി.

ലോകരാജ്യങ്ങളുടെ തയാറെടുപ്പുകൾ

ഈ മേഖലയിൽ ഏറ്റവും ദീർഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പുകളുടെ ഉദാഹരണമാണ് യു.എ.ഇയുടേത്. 2017-ൽ ലോകത്തെ ആദ്യ എ.ഐ മന്ത്രിയെ നിയമിച്ച യു.എ.ഇ, സർക്കാർ സേവനങ്ങളിലും വിദ്യാഭ്യാസത്തിലും സമ്പദ്‌വ്യവസ്ഥയിലും എ.ഐ സമഗ്രമായി നടപ്പാക്കി. ഇന്ന് ആഗോള എ.ഐ സന്നദ്ധതാ സൂചികയിൽ അഞ്ചാം സ്ഥാനത്താണ് ആ രാജ്യം. സിംഗപ്പൂരാകട്ടെ, പൗരജനങ്ങൾക്കേവർക്കും എ.ഐ നൈപുണ്യ പരിശീലനം ലഭ്യമാക്കിയാണ് ലോകത്തിന്റെ മുൻനിരയിലെത്തിയത്. എ.ഐ രംഗത്ത് മേധാവിത്വം നേടിയ രാജ്യങ്ങളെല്ലാം ജനങ്ങളെയും വിദ്യാഭ്യാസ സംവിധാനങ്ങളെയും ഭരണസംവിധാനങ്ങളെയും ഒരുപോലെ സജ്ജമാക്കിയവരാണ്.

തൊണ്ണൂറുകളിൽ ഇന്ത്യ എങ്ങനെ ഐ.ടി വിപ്ലവത്തെ ഏറ്റെടുത്തു എന്നതും നമുക്ക് മുന്നിലുള്ള വലിയൊരു പാഠമാണ്. അന്ന് ആവശ്യത്തിന് മൂലധനമോ അടിസ്ഥാന സൗകര്യങ്ങളോ നമുക്കുണ്ടായിരുന്നില്ല; എന്നാൽ ഇംഗ്ലീഷ് പരിജ്ഞാനവും ഗണിത-എൻജിനീയറിങ് മികവുമുള്ള വലിയൊരു യുവനിര നമ്മുടെ കൈവശമുണ്ടായിരുന്നു. ഉദാരവത്കരണവും സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്കുകളും ആഗോള അവസരങ്ങളും ചേർന്നപ്പോൾ ആ മനുഷ്യവിഭവശേഷി ഇന്ത്യയെ ലോകത്തിന്റെ സോഫ്റ്റ്‌വെയർ ഹബ്ബാക്കി മാറ്റി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ബെംഗളൂരുവും ഹൈദരാബാദും അനുകൂല നയങ്ങളിലൂടെ ആ തരംഗത്തെ സ്വീകരിച്ച് ആഗോള നഗരങ്ങളായി വളർന്നു. അന്ന് ഭൂമിയുടെ ലഭ്യതയിലും വ്യവസായ സൗഹൃദ അന്തരീക്ഷത്തിലും പിന്നിലായിരുന്നതിനാൽ കേരളത്തിന് ആ അവസരം വലിയ അളവിൽ നഷ്ടമായി. എന്നാൽ അന്നും ഇന്നും നമ്മുടെ കരുത്ത് മനുഷ്യവിഭവശേഷിയാണ്. ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസവുമുള്ള കേരളത്തിന് മുന്നിൽ ഇന്ന് തുറക്കപ്പെടുന്നത് അതേ അനുകൂല സാഹചര്യമാണ്. ആ ശേഷിയെ ആഗോള വിപണിക്ക് പാകമായ വൈദഗ്ധ്യമാക്കി മാറ്റാൻ നാം തയാറാവുന്നുണ്ടോ എന്നതാണ് നമ്മുടെ ഭാവിയെ നിർണയിക്കുക.

ഇനിയെന്ത് പഠിക്കണം?

ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ ആലിബാബ സ്ഥാപകൻ ജാക്ക് മാ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്: ‘‘പഠിപ്പിക്കുന്ന രീതി മാറ്റിയില്ലെങ്കിൽ നാളെ നാം വലിയ പ്രതിസന്ധിയിലാകും. യന്ത്രങ്ങളോട് മത്സരിക്കാനല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്, മറിച്ച് യന്ത്രങ്ങൾക്ക് ഒരിക്കലും കഴിയാത്ത കാര്യങ്ങളാണ് അവരെ പഠിപ്പിക്കേണ്ടത്’’. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പർ ഇന്റലിജൻസിലേക്കാണ് എ.ഐയുടെ വളർച്ച. ഗണിത-യുക്തിബോധം, പ്രശ്നങ്ങൾ കൃത്യമായി നിർവചിക്കാനുള്ള ആശയവിനിമയ ശേഷി, വിമർശനാത്മക വിശകലനം, യന്ത്രങ്ങൾക്ക് പകരംവെക്കാനാവാത്ത സഹാനുഭൂതി, സാമൂഹിക നൈപുണികൾ എന്നിവക്കാണ് ഇനി പ്രസക്തി.

എ.ഐയുടെ കടന്നുവരവോടെ ജോലിയിൽ കടുത്ത വെല്ലുവിളി നേരിടുന്ന നിലവിലെ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ നൈപുണ്യ വികസനം അതിപ്രധാനമാണ്. മാറുന്ന സാങ്കേതികവിദ്യക്കനുസരിച്ച് നിലവിലെ തൊഴിൽസേനയെ പുനഃപരിശീലിപ്പിച്ചില്ലെങ്കിൽ അത് വലിയ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതമുണ്ടാക്കും. സ്കൂൾ വിദ്യാർഥി മുതൽ വയോധികർ വരെയും കർഷകർ മുതൽ വ്യാപാരികൾ വരെയും എല്ലാവർക്കും അടിസ്ഥാന എ.ഐ പരിജ്ഞാനം ഉറപ്പാക്കണം. സമ്പൂർണ സാക്ഷരതാ യജ്ഞത്തിലൂടെ ലോകത്തിന് മാതൃക കാണിച്ച അതേ ജനകീയ രീതിയിൽ ഒരു സമ്പൂർണ എ.ഐ സാക്ഷരതാ യജ്ഞം സാധ്യമാവണം.

പ്രതിഭകളുടെ ഒഴുക്കും ആഗോള കമ്പനികളും

നമ്മുടെ പുതുതലമുറ തുടർപഠനത്തിനായി കേരളം വിടുകയാണ്; പഠനശേഷം മടങ്ങിവരുന്നുമില്ല. കേരള മൈഗ്രേഷൻ സർവേ 2023 പ്രകാരം വിദ്യാർഥി കുടിയേറ്റം 2018ലെ 1.3 ലക്ഷത്തിൽനിന്ന് 2023ൽ 2.5 ലക്ഷമായി ഉയർന്നു; അഞ്ചു വർഷംകൊണ്ട് 92 ശതമാനം വർധന. മാത്രവുമല്ല, ഇന്ന് കേരളത്തിൽനിന്നുള്ള ആകെ പ്രവാസി കുടിയേറ്റക്കാരിൽ 11.3 ശതമാനവും വിദ്യാർഥികളാണ്. ബിരുദശേഷം നാലിലൊരാൾ ബ്രിട്ടനിലേക്കും അഞ്ചിലൊരാൾ കാനഡയിലേക്കുമാണ് പോകുന്നത്. ഇതിനു പുറമേ അഞ്ചു ലക്ഷത്തോളം പേർ ബെംഗളൂരു ഉൾപ്പെടെയുള്ള ഇതര സംസ്ഥാന നഗരങ്ങളിലുമുണ്ട്. കാരണം വ്യക്തമാണ്; ലോകനിലവാരമുള്ള അവസരങ്ങൾ നാട്ടിൽ ഇല്ല എന്ന ബോധ്യം.ഈ ഒഴുക്ക് തടയാൻ സർക്കാർ മുൻകൈയെടുത്ത് ലോകോത്തര അവസരങ്ങൾ ഇവിടെത്തന്നെ സൃഷ്ടിക്കുകയാണ് വേണ്ടത്.

ആഗോള കമ്പനികളുടെ കേന്ദ്രങ്ങൾ (ജി.സി.സി) സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ ഇന്ത്യൻ നഗരങ്ങളായി തിരുവനന്തപുരത്തെയും കൊച്ചിയെയും കോഴിക്കോടിനെയും അന്താരാഷ്ട്ര കൺസൾട്ടൻസി റിപ്പോർട്ടുകൾ വിലയിരുത്തുന്നു. മെട്രോ നഗരങ്ങളെക്കാൾ കുറഞ്ഞ ചെലവും മികച്ച ജീവിതനിലവാരവുമാണ് ആകർഷണം. ഈ അടിത്തറയിൽനിന്ന് ജി.സി.സി രാജ്യങ്ങളിലെ മലയാളി വ്യവസായികളുടേതടക്കം, ആഗോള എ.ഐ കമ്പനികളുടെയും സെന്ററുകൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നയം സർക്കാർ രൂപപ്പെടുത്തണം. പ്രത്യേക ഇളവുകൾ, വേഗത്തിലുള്ള അനുമതികൾ, പ്രവാസി ശൃംഖലകൾ വഴിയുള്ള നേരിട്ടുള്ള ക്ഷണം എന്നിവയിലൂടെ ഇത് സാധ്യമാക്കാം. ലോകനിലവാരമുള്ള കമ്പനിയും ശമ്പളവും കരിയർ വളർച്ചയും നാട്ടിൽത്തന്നെ ലഭ്യമായാൽ പുറത്തേക്കുള്ള ഒഴുക്ക് തിരികെയുള്ള ഒഴുക്കായി മാറും.

സർഗാത്മകതയുള്ള പുതിയൊരു സംരംഭക തലമുറ ഇന്ന് കേരളത്തിലുണ്ട്; സ്റ്റാർട്ടപ്പ് റാങ്കിങ്ങുകളിൽ കേരളം മുന്നിൽ നിൽക്കുന്നുമുണ്ട്. സംരംഭങ്ങൾക്ക് വളരാൻ ആവശ്യമായ മൂലധനം കണ്ടെത്താൻ സഹകരണ ബാങ്കുകൾ, കേരള ബാങ്ക്, കുടുംബശ്രീ ശൃംഖല, പ്രവാസി നിക്ഷേപങ്ങൾ എന്നിവ ചേർന്ന നമ്മുടെ സാമ്പത്തിക ഘടന കേരളത്തിന്റെ സവിശേഷതയാണ്. ഈ വിഭവങ്ങളെ എ.ഐ സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന ഒരു ‘കേരള എ.ഐ നിധി’ (Kerala AI Fund) രൂപവത്കരിക്കാവുന്നതാണ്.

താഴെത്തട്ടിൽനിന്ന് തുടങ്ങാം

വില്ലേജ് ഓഫീസിലെ ക്യൂവിലും കൃഷിഭവനിലെ കൗണ്ടറിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി ടിക്കറ്റിലുമാണ് എ.ഐ ആദ്യം എത്തേണ്ടത്. വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാളെ മലയാളത്തിൽ സംസാരിച്ച് വഴികാട്ടുന്ന, രേഖകൾ പരിശോധിച്ച് അപാകതകൾ മുൻകൂട്ടി ചൂണ്ടിക്കാട്ടുന്ന, അപേക്ഷയുടെ ഓരോ ഘട്ടത്തിലെ പുരോഗതിയും അറിയിക്കുന്ന ഒരു എ.ഐ സഹായി ഇന്നത്തെ സാങ്കേതികവിദ്യയാൽ പൂർണമായും സാധ്യമാണ്.

രണ്ടര ദശകം മുമ്പ് ഡിജിറ്റൽ സാക്ഷരതയുടെ ജനകീയ മുന്നേറ്റമായി മാറിയ അക്ഷയ കേന്ദ്രങ്ങളുടെ സേവനങ്ങൾ ഇന്ന് മൊബൈൽ ഫോണിലെ എ.ഐ ഉപയോഗിച്ചുള്ള സേവനങ്ങളാക്കി വികസിപ്പിക്കാം. കെ-സ്മാർട്ട് പോലുള്ള നിലവിലെ ഡിജിറ്റൽ ഭരണ സംവിധാനങ്ങളിൽ എ.ഐ സാങ്കേതികവിദ്യ കൂട്ടിച്ചേർക്കുകയാണ് വേണ്ടത്; പുതിയത് പണിയുകയല്ല, ഉള്ളതിനെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് വഴി. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എ.ഐ സഹായത്തോടെയുള്ള പ്രാഥമിക രോഗനിർണയ പരിശോധനകൾ, കൃഷിഭവനുകളിൽ ഫോട്ടോയിൽനിന്ന് കീടബാധ തിരിച്ചറിയുകയും വിലയും കാലാവസ്ഥയും പ്രവചിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ, സ്കൂളുകളിൽ ഓരോ കുട്ടിക്കും അവരവരുടെ വേഗതയിൽ പഠിക്കാൻ സഹായിക്കുന്ന എ.ഐ ട്യൂട്ടർ, പഞ്ചായത്തുകളിൽ പരാതി പരിഹാരവും നികുതി പിരിവും കാര്യക്ഷമമാക്കുന്ന സംവിധാനങ്ങൾ എന്നിങ്ങനെ സാധ്യതകൾ നിരവധിയാണ്. ആദ്യം ഒരു മാതൃകാ എ.ഐ പഞ്ചായത്തിൽ ഈ സേവനങ്ങളെല്ലാം സമഗ്രമായി നടപ്പാക്കി, ജനങ്ങൾക്കുണ്ടാകുന്ന സമയലാഭം വിലയിരുത്തി, ഘട്ടംഘട്ടമായി സംസ്ഥാനമാകെ വ്യാപിപ്പിക്കണം. ജനകീയാസൂത്രണം ലോകത്തിന് കാണിച്ചുകൊടുത്ത കേരളത്തിന് എ.ഐയുടെ ജനകീയാസൂത്രണവും കാണിച്ചുകൊടുക്കാൻ കഴിയും.

പുതിയ കാലത്തെ 'കേരള മാതൃക'

എ.ഐ സാങ്കേതികവിദ്യയുടെ വിപ്ലവം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മാറ്റമാണ്. എന്നാൽ കേരളത്തെ സംബന്ധിച്ച്, ഈ മാറ്റം കേവലം വലിയ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിലൂടെയോ വൻകിട നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലൂടെയോ മാത്രം സാധ്യമാകുന്ന ഒന്നല്ല.

കേരളം സ്വന്തം മണ്ണിന്റെയും ജനതയുടെയും ആവശ്യങ്ങളെ മുൻനിർത്തി തനതായ എ.ഐ പരിഹാരങ്ങൾ രൂപപ്പെടുത്തണം. സർക്കാർ സേവനങ്ങൾ, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, വൈജ്ഞാനിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന വികേന്ദ്രീകൃത എ.ഐ സംവിധാനങ്ങൾ ഇവിടെനിന്നും വളർന്നുവരണം. സാങ്കേതികവിദ്യയുടെ ആനുകൂല്യങ്ങളും സാധ്യതകളും സാധാരണക്കാരിലേക്കും അരികുവൽക്കരിക്കപ്പെട്ടവരിലേക്കും എത്തിക്കുകയും അവരുടെ സാമൂഹിക പുരോഗതി സാധ്യമാക്കുകയും ചെയ്യുന്ന മാനവികതയിലൂന്നിയ ഒരു മോഡൽ വികസിപ്പിക്കണം. സർക്കാരും നിക്ഷേപകരും സംരംഭകരും പൊതുസമൂഹവും ഒന്നിച്ച് മനുഷ്യജീവിതത്തെ ലളിതവും അർഥവത്തുമാക്കുന്ന ഒരു ‘കേരള മാതൃക’ കെട്ടിപ്പടുക്കുക എന്നതാണ് വരും ദശകങ്ങളിൽ നാം ഏറ്റെടുക്കേണ്ട വലിയ ദൗത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articleArtificial Intelligencekerala modelAI DepartmentKerala
News Summary - The 'Kerala Model' in the Age of AI
Next Story