പ്രവാസിയുടെ അവസാന യാത്രയും നമ്മൾ ഒരുക്കാത്ത സംവിധാനവും
text_fieldsഗൾഫിൽ ഒരു പ്രവാസി മരിക്കുമ്പോൾ, അയാളുടെ കുടുംബത്തിന് മുന്നിൽ ഉയരുന്ന ആദ്യ ചോദ്യം: ആരെ വിളിക്കണം?
മരണത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകുന്നതിന് മുമ്പേ ആശുപത്രി, പൊലീസ്, കോൺസുലേറ്റ്, വിമാനക്കമ്പനി തുടങ്ങി പല വാതിലുകളും മുട്ടേണ്ടിവരുന്നു. മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്‌മോർട്ടം, എംബാമിങ്, അനുമതികൾ, കാർഗോ ബുക്കിങ്... ഓരോ ഘട്ടത്തിലും പുതിയ രേഖകളും പുതിയ ചോദ്യങ്ങളും. ആരെയാണ് സമീപിക്കേണ്ടത്? ഏത് രേഖ വേണം? എത്ര ചെലവാകും? പല കുടുംബങ്ങൾക്കും ഉത്തരമറിയില്ല. ഒടുവിൽ ഏതെങ്കിലും സാമൂഹിക പ്രവർത്തകർ ഇതിനായുള്ള ഓട്ടപ്പാച്ചിൽ തുടങ്ങും.
പ്രവാസി സമൂഹത്തെ ആശ്രയിച്ച് വളർന്ന കേരളത്തിന്, പ്രവാസിയുടെ മരണത്തെ ഇപ്പോഴും ഓരോ തവണയും ഒരു പുതിയ അടിയന്തരാവസ്ഥയായി നേരിടേണ്ടിവരുന്നത് എത്രത്തോളം ന്യായമാണ്?
സഹായിക്കാൻ മനുഷ്യരുണ്ട്, സാമൂഹിക പ്രവർത്തകരുണ്ട്. പക്ഷേ ഔദ്യോഗിക സംവിധാനം എവിടെ?
പ്രവാസി മരിച്ചാൽ കുടുംബത്തിനായി ഓടിയെത്തുന്ന സാമൂഹിക പ്രവർത്തകരും സംഘടനാ പ്രവർത്തകരും നിരവധിയാണ്. പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ വർഷങ്ങളായി ഈ സേവനം ചെയ്യുന്നവരുമുണ്ട്. പല കുടുംബങ്ങൾക്കും അവർ ആദ്യ ആശ്വാസമാണ്.
പക്ഷേ, സാമൂഹിക പ്രവർത്തകരുടെ കരുണ ഒരു സംവിധാനത്തിന് പകരമാകേണ്ട സാഹചര്യം എത്രകാലം തുടരും?
ചിലപ്പോൾ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാമൂഹിക പ്രവർത്തകർ തമ്മിൽ മത്സരവും കാണാം. ആരാണ് ആദ്യം എത്തിയത്, ആരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയായത്, നാട്ടിലേക്ക് കൊണ്ടുപോകാൻ അത്രയൊന്നും ചെലവില്ലല്ലോ തുടങ്ങിയ സോഷ്യൽ മീഡിയ പ്രചാരണങ്ങളും അവകാശവാദങ്ങളും മരണത്തിന്റെ വേദനയ്ക്കിടയിലും പ്രത്യക്ഷപ്പെടുന്നു. സേവനം പെരുമ നേടാനുള്ള മത്സരമാകുന്ന മട്ടിലാണ് കാര്യങ്ങൾ.
ഈടാക്കുന്ന തുകയെക്കുറിച്ച് കുടുംബങ്ങൾക്ക് സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ, അതിനെ വ്യക്തികൾക്കെതിരായ ആരോപണങ്ങളായി മാത്രം കാണാനും കഴിയില്ല. കാരണം നിരക്ക്, ചെലവ്, രസീത് എന്നിവയിൽ സുതാര്യതയില്ലാത്തിടത്ത് സംശയങ്ങൾക്ക് സ്വാഭാവികമായി ഇടമുണ്ടാകും.
പ്രശ്നം സംവിധാനമില്ലാത്തതല്ല
ഇന്ത്യൻ കോൺസുലേറ്റ്, കേരള സർക്കാർ, നോർക്ക, തൊഴിലുടമകൾ, അംഗീകൃത പ്രവാസി സംഘടനകൾ എന്നിവയ്ക്ക് വിവിധ തരത്തിലുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. നോർക്കയുടെ ബോഡി റീപാട്രിയേഷൻ സ്കീം പോലുള്ള സഹായങ്ങളും ലഭ്യമാണ്. കോൺസുലേറ്റിനും അടിയന്തര സേവന സംവിധാനങ്ങളുണ്ട്.
അപ്പോൾ യഥാർത്ഥ പ്രശ്നം സംവിധാനമില്ലാത്തതല്ല; നിലവിലുള്ള സംവിധാനങ്ങൾ കുടുംബത്തിന് മുന്നിൽ ഒരു ഏകോപിത സേവനമായി എത്തുന്നില്ല എന്നതാണ്.
സ്വാഭാവിക മരണമാണോ, അപകടമരണമാണോ, പൊലീസ് അന്വേഷണം ആവശ്യമാണോ എന്നതനുസരിച്ച് നടപടിക്രമങ്ങൾ മാറാം. പക്ഷേ കുടുംബം ആദ്യം മുട്ടേണ്ട വാതിൽ ഒന്നായിരിക്കണം.
ഫോൺ നമ്പറും കേസ് നമ്പറും
പ്രവാസി മരിച്ചാൽ കുടുംബത്തിന് ആദ്യം ലഭിക്കേണ്ടത് ഒരു ഫോൺ നമ്പറും ഒരു കേസ് നമ്പരുമാണ്. കേസ് രജിസ്റ്റർ ചെയ്തശേഷം ഏത് രേഖ ലഭിച്ചു, എന്താണ് ബാക്കിയുള്ളത്, നടപടി ഏത് ഓഫീസിലാണ്, അടുത്ത ഘട്ടം എന്താണ് എന്നിവ അറിയാൻ കഴിയണം. ഒരു ഉത്തരവാദിത്തപ്പെട്ട കേന്ദ്രം കേസിന്റെ പുരോഗതി പിന്തുടരുകയും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിക്കുകയും വേണം.
ഇത് വലിയ സാങ്കേതിക വിപ്ലവമൊന്നുമല്ല. നിലവിലുള്ള കേസ് ട്രാക്കിങ് സംവിധാനത്തിന്റെ മാതൃകയിൽ ചെയ്യാവുന്നതേയുള്ളൂ. പ്രധാനപ്പെട്ടത് സാങ്കേതികവിദ്യയല്ല, ഉത്തരവാദിത്തം ആരുടേതാണെന്ന് വ്യക്തമാക്കലാണ്.
വിവരങ്ങൾ ലളിതമായ ഇന്ത്യൻ ഭാഷകളിൽ, ഒരിടത്ത് ലഭ്യമാകണം. തൊഴിലുടമ എന്ത് ചെലവ് വഹിക്കും, ഇൻഷുറൻസ് എങ്ങനെ ലഭിക്കും, സർക്കാർ സഹായത്തിന് എങ്ങനെ അപേക്ഷിക്കാം, ആവശ്യമായ രേഖകൾ ഏതൊക്കെയാണ്, അംഗീകൃത സേവനദാതാക്കൾ ആരൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ മരണസമയത്ത് അന്വേഷിച്ച് നടക്കേണ്ട ഗതികേട് കുടുംബത്തിനുണ്ടാകരുത്.
ഉത്തരവാദിത്തം അവസാനിക്കുന്നില്ല
മൃതശരീരം നാട്ടിലെത്തിക്കുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഇൻഷുറൻസ്, അപകടപരിഹാരം, ബാങ്ക് നിക്ഷേപങ്ങൾ, വ്യക്തിപരമായ സാധനങ്ങൾ തുടങ്ങിയവയും കുടുംബത്തിന് ലഭിക്കേണ്ടതുണ്ട്. അതിനാൽ കേസ് നമ്പർ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടിക്കൊപ്പം മരണപ്പെട്ട പ്രവാസിയുടെ നിയമപരവും സാമ്പത്തികവുമായ അവകാശങ്ങളും പിന്തുടരുന്ന സംവിധാനമായി മാറണം. അതോടെ നാട്ടിലിരുന്നുതന്നെ കുടുംബത്തിന് കാര്യങ്ങളുടെ പുരോഗതി അറിയാനാകും.
പ്രവാസി സംഘടനകളെയും ഈ സംവിധാനത്തിന്റെ ഭാഗമാക്കണം. പരസ്പര മത്സരത്തിനു പകരം അവരുടെ അനുഭവവും മനുഷ്യവിഭവശേഷിയുംഏകോപിപ്പിക്കണം. ഇതിനായി പുതിയൊരു സ്ഥാപനം ഉണ്ടാക്കണമെന്നില്ല. നിലവിലുള്ള സംവിധാനങ്ങളെ ബന്ധിപ്പിച്ച്, കുടുംബത്തിന് മുന്നിൽ ഒരൊറ്റ ഉത്തരവാദിത്തകേന്ദ്രം സൃഷ്ടിക്കുകയാണ് വേണ്ടത്.
പ്രവാസിയെ നമ്മൾ പലപ്പോഴും കണക്കുകളായാണ് കാണുന്നത്. എന്നാൽ ഓരോ കണക്കിനും പിന്നിൽ ഒരു മനുഷ്യനുണ്ട്. കുടുംബത്തിനായി ജീവിതത്തിന്റെ നല്ല കാലം വിദേശത്ത് ചെലവഴിച്ച ഒരാളെ സ്വന്തം മണ്ണിലെത്തിക്കാൻ കുടുംബം വീണ്ടും അനിശ്ചിതത്വത്തിന്റെയും ഓട്ടപ്പാച്ചിലിന്റെയും വഴിയിലൂടെ പോകേണ്ടിവരുന്നത് ക്രൂരമാണ്.
സാമൂഹിക പ്രവർത്തകർ പലപ്പോഴും ആദ്യ സഹായഹസ്തമാണ്. പക്ഷേ ഒരു കുടുംബത്തിന് സഹായം ലഭിക്കാൻ ഒരു പ്രത്യേക വ്യക്തിയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം മാറണം.
പ്രവാസികളുടെ അധ്വാനത്തെ കേരളം പതിറ്റാണ്ടുകളായി ആശ്രയിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ജീവിതത്തിനും മരണത്തിനും ഒരുപോലെ ഉത്തരവാദിത്തമുള്ള ഒരു വ്യവസ്ഥയും ഒരുക്കണം. ജീവിച്ചിരിക്കുന്ന പ്രവാസിക്ക് സുരക്ഷ വേണം. മരിച്ച പ്രവാസിക്ക് അന്തസ്സോടെയുള്ള അവസാന യാത്ര അവകാശമാണ്. ആ വഴി കണ്ടെത്താൻ ഒരു ഫോൺ നമ്പർ തേടി കുടുംബം അലയേണ്ടിവരാത്ത ദിവസം വരണം.
(മൂന്ന് പതിറ്റാണ്ടിലേറെയായി ഗൾഫിൽ മാധ്യമ പ്രവർത്തകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

