Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅടുത്ത ബുൾഡോസർ...

അടുത്ത ബുൾഡോസർ സർവകലാശാലക്കു നേരെ

text_fields
bookmark_border
അടുത്ത ബുൾഡോസർ സർവകലാശാലക്കു നേരെ
cancel
camera_alt

രാംപൂരിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാല പൊളിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം

യു.പി.യിലെ രാംപൂരിലുള്ള മുഹമ്മദ് അലി ജൗഹർ സർവകലാശാലക്ക് മുന്നിൽ ഇപ്പോൾ ശക്തമായൊരു വിദ്യാർഥി ധർണ നടക്കുകയാണ്. സർവകലാശാലയിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും പൊളിച്ചുനീക്കണമെന്ന രാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നോട്ടീസിനെതിരെയാണ് പ്രതിഷേധം. സമാജ്‌വാദി പാർട്ടി നേതാവ് അഅ്‌സം ഖാനാണ് സർവകലാശാല ട്രസ്റ്റിന്റെ ചെയർമാൻ. ജൂലൈ 20-ലെ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ ഉദ്ധരിക്കുന്ന, സർവകലാശാലയിലെ നിയമവിദ്യാർഥിനി മെഹ്റോസ ഖാന്റെ വാക്കുകളിൽ ആ സർവകലാശാലയുടെ പ്രാധാന്യം വ്യക്തമാണ്. അവർ പറയുന്നു:

‘‘സർവകലാശാല പൊളിച്ചുനീക്കാനുള്ള തീരുമാനം ഞങ്ങളുടെ ഭാവിയും കരിയറും അപകടത്തിലാക്കും. ഞങ്ങൾക്ക് മറ്റ് കോളജുകളിലോ ദൂരെയുള്ള സ്ഥാപനങ്ങളിലോ പോയി പഠനം തുടരാൻ നിർവാഹമില്ല. ഇവിടെ ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം ഫീസ് ഇളവാണ്. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് 50 ശതമാനം ഫീസിളവുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികൾക്കും ഇളവുകളുണ്ട്. ബി.ഫാം, ഡി.ഫാം തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾ ഇവിടെയുള്ളതുകൊണ്ട് മാത്രമാണ് ഞങ്ങളിൽ പലർക്കും പഠിക്കാൻ സാധിക്കുന്നത്; മറ്റ് സ്ഥലങ്ങളിൽ ഞങ്ങൾക്ക് ഇത് താങ്ങാനാവില്ല’’.

2006 സെപ്റ്റംബർ 18-ന് തറക്കല്ലിട്ട ഈ സർവകലാശാലയുടെ കാമ്പസ് വർഷങ്ങളുടെ അധ്വാനഫലമായി വികസിപ്പിച്ചെടുത്തതാണ്. സർവകലാശാലയുടെ മെഡിക്കൽ കോളജിനും ഒരു അക്കാദമിക് ബ്ലോക്കിനും മാത്രമാണ് സാധുവായ നിർമാണാനുമതിയുള്ളതെന്നും; മറ്റ് 38 കെട്ടിടങ്ങൾ അനുമതിയില്ലാതെയാണ് നിർമിച്ചിരിക്കുന്നത് എന്നുമാണ് ആർ.ഡി.എ. പറയുന്നത്.

എന്നാൽ, ഈ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സിംഗൻഖേര ഗ്രാമം ആർ.ഡി.എ.യുടെ അധികാരപരിധിയിൽ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണെന്നും, അന്നത്തെ തദ്ദേശീയ ജില്ലാ പഞ്ചായത്ത് ഇതിന് അനുമതി നൽകിയിരുന്നു എന്നുമാണ് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നത്.

പാർശ്വവൽക്കൃത വിഭാഗങ്ങളിലെ, പ്രത്യേകിച്ച് മുസ് ലിംകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും വിലപ്പെട്ട വിദ്യാഭ്യാസ സേവനം നൽകുന്ന സർവകലാശാലക്കെതിരായ നടപടികളിലൂടെ മുസ് ലിംകളുടെ വിദ്യാഭ്യാസ സാധ്യതകളെ തകർക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക-പൗരാവകാശ പ്രവർത്തകർ ആരോപിക്കുന്നു. രാജ്യത്തുടനീളം നടമാടുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നതുപോലെ, നിലവിലെ ഭരണകൂടം ഏറ്റവും കൂടുതൽ അവഗണിക്കുന്ന മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകട്ടെ, കൂടുതൽ തടസങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

മുസ് ലിം ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട നിർമിതികൾ പൊളിച്ചുനീക്കുന്ന പ്രവണതയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജൗഹർ സർവകലാശാല. കാശി, മഥുര, സംഭാൽ, അജ്മീർ ദർഗ, സഹാറൻപൂർ എന്നിവിടങ്ങളിലെ മസ്ജിദുകൾ ഇതിനോടകം തന്നെ പൊളിപ്പട്ടികയിലുണ്ട്. അടുത്തിടെ കമാൽ മൗലാ മസ്ജിദ് വാഗ്ദേവി ക്ഷേത്രമായിരുന്നു എന്ന വാദമുയർത്തി ഹൈന്ദവ പക്ഷത്തിന് വിട്ടുനൽകുന്നത് നാം കണ്ടു.

രാഷ്ട്രീയവും വർഗീയവുമായ നേട്ടങ്ങൾക്കായി മധ്യകാല ചരിത്രത്തെ ആയുധമാക്കുന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അതേ തന്ത്രങ്ങളാണ് ഈ അവകാശവാദങ്ങളിലും പ്രതിഫലിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിലെ സംശയാസ്പദമായ അടിക്കുറിപ്പുകളെ ഉദ്ധരിച്ചുകൊണ്ട്, ചരിത്രത്തെ അതിശയോക്തിപരമായും വികലമായും ചിത്രീകരിക്കുന്ന രീതിയാണിത്. ഇത്തരം അവകാശവാദങ്ങൾക്ക് അനുമതി നൽകുന്നത്, 1947 ആഗസ്റ്റ് 15-ലെ സ്റ്റാറ്റസ് കോ നിലനിർത്താൻ രൂപം നൽകിയ ആരാധനാലയ നിയമത്തെ നേരിട്ട് ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.

രാമക്ഷേത്രം തകർത്താണ് പണിതതെന്ന വാദമുയർത്തി ബാബരി മസ്ജിദ് തകർത്തതിലൂടെയാണ് ഹിന്ദുത്വ തീവ്രവലതുപക്ഷം ഈ പാറ്റേൺ ആരംഭിക്കുന്നത്. നിയമവ്യവസ്ഥ കണ്ണടച്ചുകൊടുക്കുന്ന ഇത്തരം അവകാശവാദങ്ങളുടെ പരമ്പര ഇന്നും തുടരുകയാണ്. ഹിന്ദു വലതുപക്ഷ ചിന്തകരുടെ ക്രിയാത്മക ബുദ്ധി ഇപ്പോൾ ഒരു സർവകലാശാലക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഈ നിർദ്ദിഷ്ട പൊളിച്ചുനീക്കൽ അവർക്ക് മറ്റൊരു ലക്ഷ്യം കൂടി നേടി കൊടുക്കും; മുസ് ലിം സമൂഹത്തെ അപമാനിക്കുക, ഒപ്പം ഉന്നത വിദ്യാഭ്യാസം നിഷേധിച്ച് ആ സമൂഹത്തെ അരികുകളിലേക്ക് തള്ളിയിടുക. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതാണ് അവരുടെ കണ്ണിൽ ‘രാഷ്ട്രനിർമാണം’ എന്ന് തോന്നുന്നു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ‘രാഷ്ട്രനിർമാണത്തിന് തികച്ചും വ്യത്യസ്തമായ അർഥമാണുണ്ടായിരുന്നത്. ഐ.ഐ.ടി.കളും എയിംസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ജലസേചന സൗകര്യങ്ങളും നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും പരിഹരിക്കാനാകൂ എന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി വിശ്വസിച്ചിരുന്നു.എന്നാൽ ഹിന്ദു വലതുപക്ഷത്തിന്റെ അധികാരലബ്ധിയോടെ അത് തലകീഴായി മറിഞ്ഞിരിക്കുന്നു. ഇപ്പോൾ പള്ളികൾക്ക് അടിയിൽ ക്ഷേത്രങ്ങൾ തിരയുകയും മുസ് ലിം നിർമിതികളുടെ നിയമവിരുദ്ധത കണ്ടെത്താൻ ശ്രമിക്കുകയുമാണ് രാഷ്ട്രനിർമാതാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi Governmentmadhyamam articleindian universitiesmuslim communitybulldozerraj
News Summary - The next bulldozer is heading towards the university
Next Story