Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപ്രതിപക്ഷ ഉപനേതൃത്വ...

പ്രതിപക്ഷ ഉപനേതൃത്വ പദവിയും ഇടതുപക്ഷവും

text_fields
bookmark_border
article
cancel

രാഷ്ട്രീയം ഒരാശയം മാത്രമല്ല, അതൊരവബോധം കൂടിയാണ്. അത് നമ്മുടെ ജീവിതത്തെത്തന്നെ നിർണയിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ചില പദവികളെക്കുറിച്ചും അവ ആവശ്യപ്പെട്ടതിന്റെ ഔചിത്യത്തെക്കുറിച്ചും തർക്കവിതർക്കങ്ങളിലേക്ക് പ്രമുഖരായ രണ്ട് ഇടതുപക്ഷ പാർട്ടികൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ദയനീയമായി പരാജയപ്പെടുകയും അധികാരത്തിൽനിന്ന് പുറത്തുപോവുകയും ചെയ്തു. ഇപ്പോഴും സംഭവിച്ച പരാജയത്തെക്കുറിച്ച് സൂക്ഷ്മമായ പഠനവും അവലോകനങ്ങളും തുടരുകയാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരാജയം അപ്രതീക്ഷിതമായിരുന്നു. അന്യോന്യം കുറ്റപ്പെടുത്തലുകളും ആവശ്യമില്ലാത്ത വാക്പ്രയോഗങ്ങളും തെരഞ്ഞെടുപ്പുഫലങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുകയുമുണ്ടായി.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മഹത്തായ മുദ്രാവാക്യമുയർത്തിയ ഫ്രഞ്ച് വിപ്ലവമാണ് ഇടതുപക്ഷം എന്ന പദം ലോകത്തിന് സമ്മാനിച്ചത്. രാജാധികാരത്തെ എതിർക്കുകയും മതനിരപേക്ഷതയ്ക്കുവേണ്ടി പോരാടുകയും ചെയ്യുന്നവരുടെ പ്രതിനിധികൾക്ക് പാർലമെന്റിൽ അധ്യക്ഷന്റെ ഇടതുഭാഗത്തായിരുന്നു ഇരിപ്പടം. ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ച ആശയം ലോകമാകെ പടരുകയും ആ മുദ്രാവാക്യമുയർത്തിയ ഇടതുപക്ഷം പല രൂപഭാവങ്ങളോടെ ശക്തിപ്രാപിക്കുകയും ചെയ്തു.

വലതുപക്ഷമെന്ന് ഏതെങ്കിലും ഒരു വിഭാഗത്തെ ഇക്കാലത്ത് വിശേഷിപ്പിക്കുന്നത് ശരിയായിരിക്കുകയില്ല. ഇടതുപക്ഷത്തിന് ചില വലതുപക്ഷനയങ്ങളും വലതുപക്ഷത്തിന് ചില ഇടതുപക്ഷനയങ്ങളും നടപ്പാക്കേണ്ടിവന്നിട്ടുള്ളതായി ചരിത്രത്തിൽ കാണാൻ കഴിയും. ഇടതുപക്ഷ പാരമ്പര്യമുള്ള സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലെ പ്രധാന രാഷ്ട്രീയശക്തികൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ജവഹർലാൽ നെഹ്റു ഇടതുപക്ഷവീക്ഷണം ഉയർത്തിപ്പിടിച്ച നേതാവാണെന്ന് പറയാറുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒന്നാമത്തെ പാർലമെന്റിൽ 27 പേരെ വിജയിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു; അഞ്ച് ശതമാനം വോട്ടും അവർ നേടി. സോഷ്യലിസ്റ്റ് പാർട്ടി 10.6 ശതമാനം വോട്ടും 12 സീറ്റും കരസ്ഥമാക്കി. തുടർച്ചയായ പിളർപ്പും അന്തച്ഛിദ്രവും മൂലം കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും പല ഘട്ടങ്ങളിലായി ക്ഷയിച്ചുപോയെങ്കിലും നിർണായകഘട്ടങ്ങളിൽ അവരുടെ പങ്കാളിത്തം അവിസ്മരണീയമായിരുന്നു. 1977-ൽ ജനതാപാർട്ടി സർക്കാർ അധികാരത്തിൽ വരുമ്പോൾ അതിന്റെ പിന്നിൽ ഇടതുപക്ഷത്തിന്റെ കരങ്ങളുണ്ടായിരുന്നു.

1989-ലെ വി.പി. സിങ് സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിലും 1996-ലെ ദേവഗൗഡ സർക്കാരിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടായിരുന്നു. 2004-ലെ യു.പി.എ. സർക്കാരിന്റെ കാലത്ത് വിവിധങ്ങളായ ജനകീയ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിനാവശ്യമായ ശ്രദ്ധേയമായ നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും സ്വീകരിച്ചത്. ലോകത്തെങ്ങും ഉയർന്നുവന്ന ഭരണകൂടങ്ങളുടെ തിരുത്തൽശക്തി എന്ന നിലയിൽ കൂടിയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.

കേരളത്തിലെ ഇടതുപക്ഷമുന്നണിയിലെ രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളും പുതിയ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുമെന്ന് ആരും കരുതുന്നില്ല. എന്നാൽ, വർത്തമാനകാലത്തെ ഗൗരവമാർന്ന വർഗീയ-ഫാഷിസ്റ്റ് പ്രവണതകളെ നിശിതവും കാലികവുമായി പ്രതിരോധിക്കേണ്ട സമയത്ത് നിസ്സാരപ്രശ്നങ്ങളിലൊതുങ്ങി കാലയാപനം നടത്തുന്നത് ശരിയല്ല.

ഭരണത്തിൽനിന്ന് പുറത്തായാലും പ്രതിപക്ഷനേതാവുസ്ഥാനം ക്യാബിനറ്റ് പദവിക്ക് തുല്യമാണ്. ഔദ്യോഗിക ആനുകൂല്യങ്ങളില്ലെങ്കിലും ഉപനേതാവുപദവിയും കേരള നിയമസഭ അംഗീകരിച്ച ഒരു കീഴ്‌വഴക്കമായി നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഉണ്ടായിരിക്കുന്ന തർക്കം, പ്രതിപക്ഷ ഉപനേതാവുപദവി തങ്ങൾക്ക് വേണമെന്ന് സി.പി.ഐ. ആഗ്രഹിക്കുന്നുവെന്നതാണ്.

മാധ്യമങ്ങളിൽ അത്തരമൊരു ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ കഴിഞ്ഞദിവസം പ്രതിപക്ഷനേതാവിനോട് മാധ്യമപ്രവർത്തകർ ഇക്കാര്യം അന്വേഷിച്ചപ്പോൾ, അത് സി.പി.എമ്മിൽനിന്നൊരാളായിരിക്കുമെന്നും താൻ അത് എഴുതിനൽകുന്നതോടെ ആ പ്രശ്നം അവസാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വിഷയത്തിൽ സി.പി.ഐ. നേതാവ് സത്യൻ മൊകേരി 'ജനയുഗ'ത്തിൽ ലേഖനമെഴുതി. അതിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം വന്നു. ഏറ്റവുമൊടുവിൽ ഈ പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്ന രണ്ട് ലേഖനങ്ങൾ ഒരേദിവസം തന്നെ സി.എൻ. മോഹനൻ ദേശാഭിമാനിയിലും അജിത് കൊളാടി ജനയുഗത്തിലുമായി എഴുതി.

ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ സ്വാഗതം ചെയ്ത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ പ്രസക്തി ഊട്ടിയുറപ്പിക്കുന്നതാണ് ജനയുഗത്തിലെ ലേഖനത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സാംസ്കാരികപരിസരത്ത് കമ്യൂണിസ്റ്റ് പാർട്ടികൾ നേടിയ മേൽക്കൈയെക്കുറിച്ചും സമരങ്ങളെക്കുറിച്ചും അത് ആഴത്തിൽ സംസാരിക്കുന്നു. സമകാലിക ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ചും അതോടൊപ്പം വർഗീയതയെയും അതിനോടുചേർന്നുനിൽക്കുന്ന ഫാഷിസത്തെയും കുറിച്ചും ഗൗരവത്തോടെ ഓർമിപ്പിക്കുകയും ചെയ്യുന്നു.

2001-ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 41 സീറ്റ് ലഭിച്ചതിനെക്കുറിച്ചും അന്നത്തെ ദയനീയ പരാജയത്തെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടാണ് ദേശാഭിമാനിയിലെ ലേഖനം ആരംഭിക്കുന്നത്. വ്യക്തതയില്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളുമാണ് സി.പി.ഐ. ഉന്നയിക്കുന്നതെന്ന് ശക്തമായ ഭാഷയിൽ ലേഖകൻ വിശദീകരിക്കുന്നു.

1980-ൽ മുന്നണി രൂപംകൊണ്ടതുമുതൽ നിയമസഭയിൽ പ്രതിപക്ഷത്തിരിക്കേണ്ടിവരുമ്പോഴെല്ലാം പ്രതിപക്ഷനേതാവും ഉപനേതാവും സി.പി.എമ്മിൽനിന്നുതന്നെയായിരുന്നു. ഇപ്പോൾ ആ സ്ഥാനം തങ്ങൾക്ക് വേണമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? ഇനി അങ്ങനെ പുതിയൊരു ആവശ്യവും അവകാശവും ഉന്നയിക്കുന്നുവെങ്കിൽ അത് എൽ.ഡി.എഫ്. യോഗത്തിലല്ലേ പറയേണ്ടത്, പകരം മാധ്യമങ്ങൾക്ക് മുന്നിലാണോ അവതരിപ്പിക്കേണ്ടത് എന്നാണ് സി.എൻ. മോഹനൻ ലേഖനത്തിലൂടെ ചോദിക്കുന്നത്.

ഇതിനിടയിൽ മുന്നണിരാഷ്ട്രീയത്തിൽ പാലിക്കേണ്ട രാഷ്ട്രീയമര്യാദ പ്രതിപക്ഷനേതാവിനില്ലാതെ പോയതിനെക്കുറിച്ച് ബിനോയ് വിശ്വം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നുണ്ട്. അധികാരം വിട്ടൊഴിഞ്ഞ് ഇടതുപക്ഷമുന്നണിയെ ശക്തിപ്പെടുത്തി അധികാരത്തിലെത്തിച്ചതിനെക്കുറിച്ച് സി.പി.ഐയും, അടിയന്തരാവസ്ഥക്കാലത്തെ സി.പി.ഐ.-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് സി.പി.എമ്മും എപ്പോഴും ഓർമിപ്പിക്കാറുണ്ട്.

അതേസമയം, വിശാലമായ ജനാധിപത്യഐക്യം എപ്പോഴും മുന്നോട്ടുവെച്ചുകൊണ്ട് കേരളത്തിലെ ഇടതുപക്ഷമുന്നണിയെ സംരക്ഷിക്കണമെന്നും രണ്ടുപേരും ആവശ്യപ്പെടുന്നുമുണ്ട്. സ്വന്തം ശക്തിയെ തിരിച്ചറിയുന്നതുപോലെ ദൗർബല്യത്തെയും തിരിച്ചറിയാൻ വൈകിപ്പോകരുത്. എവിടെയോ ചെറിയൊരു പിഴവ് സംഭവിക്കുന്നുണ്ട്. അതെവിടെയെന്ന് സമയം കളയാതെ രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളും കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

ramanthaliravi@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicsmadhyamam articlecpi cpmLDFdeputy opposition leader
News Summary - The Position of Deputy Leader of the Opposition and the Left
Next Story