Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Waqf Law
cancel

വഖഫ് കേസിൽ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം പ്രതീക്ഷയോടെ കാത്തിരുന്ന ഇടക്കാല വിധി പരമോന്നത കോടതിയിൽനിന്ന് പുറത്തുവന്നപ്പോൾ മല എലിയെ പ്രസവിച്ചത് പോലെയായി. ലോകത്തിലെതന്നെ മുസ്‍ലിം ജനസംഖ്യയിൽ മൂന്നാമത് നിൽക്കുന്ന ഇന്ത്യൻ മുസ്‍ലിംകൾ തങ്ങളുടെ മൗലികാവകാശങ്ങളും മതവിശ്വാസ സംരക്ഷണവുമായും ബന്ധപ്പെട്ട് പ്രതീക്ഷിച്ച വിധിയല്ല സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്നലെ പുറപ്പെടുവിച്ചത്. ‘വഖഫ്’ എന്ന ഇസ്‍ലാമിക സങ്കൽപത്തെ നിയമത്തിന്റെ പഴുതിൽനിന്ന് പലർക്കും രക്ഷപ്പെടാനുള്ള കൗശല ഉപാധിയായി (Clever Device) ഉപയോഗിച്ചേക്കാം എന്നുപോലും ആശങ്കപ്പെട്ട സുപ്രീംകോടതിയെയാണ് ഇടക്കാല വിധി പ്രസ്താവത്തിൽ കണ്ടത്. അത്തരം ആശങ്കകളിൽനിന്നുണ്ടായ വിധിയായി വേണം ഇതിനെ കാണാൻ.

മുൻ ചീഫ് ജസ്റ്റിസ് നൽകിയ സംരക്ഷണം പോലുമില്ല

കേന്ദ്രസർക്കാറിന്റെ പ്രധാനപ്പെട്ട വാദങ്ങളെല്ലാം മുഖവിലക്കെടുത്ത് പേരിന് മാത്രം സന്തുലനത്തിന് 3 സി വകുപ്പ് സ്റ്റേ ചെയ്ത് കൗശലത്തോടെ എഴുതിയ ഒരു വിധി പ്രസ്താവമായി മാത്രമേ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹും ചേർന്ന് പുറപ്പെടുവിച്ച 128 പേജുള്ള വിധിന്യായത്തെ കാണാനാകൂ. അതുകൊണ്ടാണ് രാജ്യത്ത് മേലിൽ ഒരു സ്വത്ത് വഖഫ് ആയി രജിസ്റ്റർ ചെയ്യണമെങ്കിൽ അത് ചെയ്യുന്നയാൾ അഞ്ചുവർഷം ഇസ്‍ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥപോലും വിവേചനപരമായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കും ജസ്റ്റിസ് അഗസ്റ്റിൻ ജോർജും അടങ്ങുന്ന ബെഞ്ചിന് തോന്നാതിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഖണ്ഡിച്ച വിഷയങ്ങളിൽപോലും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സർക്കാർ നിലപാട് അംഗീകരിക്കുന്നതാണ് കണ്ടത്.

സർക്കാർ സ്വത്തുക്കളിൽ വഖഫ് കൈയേറ്റമെന്ന്

വൻതോതിലുള്ള സർക്കാർ സ്വത്തുക്കൾ കൈയേറിയത് നിർത്താൻ വേണ്ടിയാണ് ഉപയോഗത്താലുള്ള വഖഫിനുണ്ടായിരുന്ന വകുപ്പ് മായ്ച്ചു കളഞ്ഞതെന്ന സർക്കാർ നിലപാടും അംഗീകരിച്ച കോടതി ആ വിവാദ വ്യവസ്ഥയും വിവേചനപരമല്ലെന്ന് നിലപാട് കൈക്കൊണ്ടു. ഉപയോഗത്താലുള്ള വഖഫ് പുതിയ നിയമത്തിൽനിന്ന് ഒഴിവാക്കിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നായി മുസ്‍ലിം സംഘടനകൾ എല്ലാം ഒരുപോലെ ചൂണ്ടിക്കാണിച്ചിരുന്നു.

രാജ്യത്തെ ബഹുഭൂരിഭാഗവും വഖഫ് സ്വത്തുക്കൾ അത്തരത്തിലുള്ളതാണെന്നും അവയിൽ വലിയൊരു പങ്കും ഇനിയും രജിസ്റ്റർ ചെയ്യാത്തതാണെന്നും ഈ സംഘടനകൾ ചൂണ്ടിക്കാണിച്ചു. എന്നാൽ, ഇക്കാര്യത്തിലും കേന്ദ്രസർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം രേഖപ്പെടുത്തിയ സുപ്രീംകോടതി അതിന് മുൻകാല പ്രാബല്യം ഇല്ലല്ലോ എന്ന വാദഗതി അംഗീകരിക്കുകയാണ് ചെയ്തത്. അപ്പോഴും രജിസ്റ്റർ ചെയ്യാത്ത ഉപയോഗത്താലുള്ള വഖഫിന്റെ കാര്യം എന്താകുമെന്നതിൽ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ നൽകിയ ഉറപ്പുപോലും നൽകാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി നയിക്കുന്ന ബെഞ്ചിനായില്ല.

അഞ്ച് വർഷം ഇസ്‍ലാം അനുഷ്ഠിച്ചേ മതിയാകൂ

ഒരാൾ തന്റെ സ്വത്ത് വഖഫ് ചെയ്യണമെങ്കിൽ അയാൾ അഞ്ചുവർഷം ഇസ്‍ലാം മതം അനുഷ്ഠിക്കണമെന്ന വകുപ്പ് പ്രഥമ ദൃഷ്ട്യാ വിവേചനപരമോ തർക്കം ഉണ്ടാക്കുന്നതോ ആയി തോന്നുന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ദൈവത്തിനുള്ള സത്യസന്ധമായ സമർപ്പണം എന്ന മേലങ്കി അണിഞ്ഞ് നിയമത്തിൽനിന്ന് സ്വത്തുക്കളെ ഒളിച്ചുവെക്കാനുള്ള കൗശലത്തോടെ വഖഫ് ഉപയോഗിക്കാറുണ്ടെന്ന വാദവും സുപ്രീംകോടതി മുഖവിലക്കെടുത്തു. അതിനാൽ മുസ്‍ലിം സമുദായാംഗമല്ലാത്ത ഒരാൾ ഇസ്‍ലാമിലേക്ക് മതപരിവർത്തനം ചെയ്തു സ്വന്തം ബാധ്യതക്കാരിൽനിന്ന് രക്ഷപ്പെടാൻ വഖഫ് നിയമത്തിന്റെ സംരക്ഷണം പ്രയോജനപ്പെടുത്തുകയും നിയമത്തിൽനിന്ന് ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യം തള്ളിക്കളയാനാവില്ലെന്നുവരെ സുപ്രീംകോടതി പറഞ്ഞു.

വിവാഹത്തിന് വേണ്ടി മതം മാറും പോലെ

സ്വന്തം വ്യക്തി നിയമപ്രകാരം രണ്ടാം വിവാഹത്തിന് അനുമതിയില്ലാത്ത പല വ്യക്തികളും ആദ്യ വിവാഹം നിലനിൽക്കെ രണ്ടാം വിവാഹം കഴിക്കുമ്പോൾ പ്രോസിക്യൂഷൻ നടപടികളിൽനിന്നും ആ കുറ്റകൃത്യത്തിനുള്ള ശിക്ഷയിൽനിന്നും രക്ഷപ്പെടാൻ ഇസ്‍ലാം മതത്തിലേക്ക് മതപരിവർത്തനം നടത്തിയത് ഇത്തരം കൗശല തന്ത്രത്തിന്റെ ഉദാഹരണമായി സുപ്രീംകോടതി വിധിയിൽ കൂട്ടിച്ചേർത്തു.

അതിനാൽ അഞ്ചുവർഷം ഇസ്‍ലാം അനുഷ്ഠിച്ച ഒരാൾക്ക് മാത്രമേ വഖഫ് ചെയ്യാൻ അവകാശമുള്ളൂ എന്ന വിവാദവ്യവസ്ഥ വിവേചനപരമാണെന്ന് അഭിപ്രായം തങ്ങൾക്കില്ലെന്ന് വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് എഴുതിവെച്ചു. ഇത്തരമൊരു വ്യവസ്ഥ എഴുതിവെക്കാനുള്ള ലക്ഷ്യം ചോദ്യം ചെയ്യാനാവില്ലെന്നും കോടതി തുടർന്നു. എന്നാൽ, അഞ്ചുവർഷം ഇസ്‍ലാം അനുഷ്ഠിക്കുന്നതിനുള്ള സംവിധാനവും ചട്ടവും ഇല്ലെന്നതാണ് കോടതിയെ വിഷമിപ്പിച്ചത്. കേന്ദ്രസർക്കാർ വിവാദ നിയമത്തിലെ 109ാം വകുപ്പ് ഉപയോഗിച്ച് ഒരാൾ അഞ്ചുവർഷം ഇസ്‍ലാം അനുഷ്ഠിക്കുന്നു എന്ന് തെളിയിക്കുന്നതിനുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കി ചട്ടം ഉണ്ടാക്കുന്നതുവരെ ഈ വ്യവസ്ഥ പ്രാബല്യത്തിൽ വരുത്തരുതെന്നേ കോടതിക്ക് അഭിപ്രായമുള്ളൂ.

ഹരജിക്കാർക്കെതിരെ ഖുർആൻ സൂക്തവും

ഹരജിക്കാരായ മുസ്‍ലിം സംഘടനകൾക്കെതിരെ സംഘ്പരിവാറിന്റെയും കേന്ദ്രസർക്കാറിന്റെയും വാദഗതികളെ പിന്തുണച്ച് മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ നടത്തിയ വാദവും സുപ്രീംകോടതി വിധിയിൽ ഇടംപിടിച്ചു. വഖഫ് ചെയ്യുന്ന സ്വത്ത് സർക്കാറിന്റെയോ മൂന്നാം കക്ഷിയുടെയോ ഉടമസ്ഥാവകാശത്തിലുള്ളതാകരുതെന്ന വ്യവസ്ഥയെ വിശുദ്ധ ഖുർആനിലെ ‘അൽ ബഖറ’ അധ്യായത്തിലെ സൂക്തം ഉദ്ധരിച്ചാണ് സുപ്രീംകോടതി വിധിയിൽ സമർഥിച്ചത്. അതിനാൽ ആ വ്യവസ്ഥയും വിവേചനപരമല്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി എഴുതി. രാജ്യത്തെ രജിസ്റ്റർ ചെയ്യാത്ത നിരവധി വഖഫ് സ്വത്തുക്കളുടെ ചരിത്രം ചികഞ്ഞാൽ നിരവധി തർക്കങ്ങൾക്ക് അടിസ്ഥാനമായി മാറുന്ന ഒരു വ്യവസ്ഥയായി തീരും ഇതെന്ന കാര്യത്തിൽ സംശയമില്ല.

രജിസ്റ്റർ ചെയ്യാത്തതിൽ അവകാശവാദം വേണ്ട

1923ലെ നിയമം തൊട്ട് വഖഫിന് രജിസ്ട്രേഷൻ ഉണ്ടെന്നും 102 കൊല്ലമായി മുമ്പുണ്ടായിരുന്ന നിയമപ്രകാരം വഖഫ് സ്വത്തുക്കൾ മുത്തവല്ലിമാർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അവ വഖഫ് ആയി അംഗീകരിക്കണമെന്ന് ഇനിയും അവർക്ക് അവകാശപ്പെടാനാവില്ലെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. 30 കൊല്ലമായി രജിസ്ട്രേഷന് അപേക്ഷ നൽകാത്ത മുത്തവല്ലിമാർ ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ വകുപ്പ് വേണമെന്ന് വ്യവസ്ഥ വെച്ചതിന് വിവേചനപരമെന്ന് പറയുമ്പോൾ അത് കേൾക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മുസ് ലിം സമുദായം അടിസ്ഥാന വിഷയങ്ങളായി കണ്ട കാര്യങ്ങളിൽ ഒന്നുപോലും സ്പർശിക്കാതെ കേന്ദ്രസർക്കാർ അടിസ്ഥാന വിഷയങ്ങളായി കണ്ട കാര്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ച കൗശലത്തോടുള്ള ഒരു ഇടക്കാല ഉത്തരവാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of IndiaWaqf lawSupreme CourtWaqf Amendment Act
News Summary - The Waqf (Amendment) Law: A temporary measure, the solution is not promising
Next Story