സംഘ്പരിവാർ പ്രതിരോധത്തിലെ ‘മൂന്നാം മുന്നണി’ പ്രയോഗം
text_fields2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇന്ത്യൻ ജനാധിപത്യം പുതിയൊരു വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന പൊതുവിലയിരുത്തലാണ് ഉയർന്നുവന്നത്. ‘നാനൂറ് സീറ്റ്’ എന്ന മുദ്രാവാക്യമുയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതും, സർക്കാരുണ്ടാക്കാൻ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയെയും (ടി.ഡി.പി) ആശ്രയിക്കേണ്ടി വന്നതും സംഘ്പരിവാർ രാഷ്ട്രീയത്തിനേറ്റ വലിയ പ്രഹരമായി വ്യാഖ്യാനിക്കപ്പെട്ടു. ഭരണഘടന തിരുത്തിയെഴുതാനും തീവ്ര ഹിന്ദുത്വ അജണ്ടകൾ ഏകപക്ഷീയമായി നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള ബില്ലുകൾ പാസാക്കുന്നതിന് സഖ്യകക്ഷി രാഷ്ട്രീയം വലിയ തടസ്സമാകുമെന്നും, ഒപ്പം പത്തുവർഷങ്ങൾക്ക് ശേഷം സഭയിൽ ശക്തനായ ഒരു പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ഉയർന്നുവന്നത് ജനാധിപത്യത്തിന് പുതിയ ഊർജ്ജം പകരുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതി.
എന്നാൽ, രണ്ട് വർഷങ്ങൾക്കിപ്പുറം എത്തിനിൽക്കുമ്പോൾ, ആ താൽക്കാലിക ആഘാതം സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെ ദുർബലപ്പെടുത്തിയോ എന്ന ചോദ്യം അതീവ ഗൗരവമുള്ളതാണ്. യഥാർത്ഥത്തിൽ, വലിയ ബഹളങ്ങളൊന്നുമില്ലാതെ, സൂക്ഷ്മമായ തന്ത്രങ്ങളിലൂടെയും ആസൂത്രിതമായ പദ്ധതികളിലൂടെയും തങ്ങളുടെ നഷ്ടപ്പെട്ട മേധാവിത്വം അവർ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ അധികാര പുനഃസ്ഥാപന പ്രക്രിയയിൽ, സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയം നിർണായക ദശാസന്ധിയിലൂടെ നീങ്ങുമ്പോൾ ‘മൂന്നാം മുന്നണി’ പ്രയോഗം പിന്താങ്ങുന്ന രാഷ്ട്രീയ സാധ്യത എന്താണെന്ന ചോദ്യം പ്രസക്തമാണ്.
അധികാരവും പ്രത്യയശാസ്ത്രവും: തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറമുള്ള സംഘ്പരിവാർ കരുത്ത്
ബി.ജെ.പിയെ കേവലമൊരു പാർലമെന്ററി തിരഞ്ഞെടുപ്പ് പാർട്ടിയായി മാത്രം കാണുന്നത് അവരുടെ യഥാർത്ഥ രാഷ്ട്രീയ കരുത്തിനെ തെറ്റായി വിലയിരുത്തുന്നതിന് കാരണമാകും. അധികാരം, പ്രത്യയശാസ്ത്രം, സംഘടനാ സംവിധാനം എന്നീ മൂന്ന് നെടുംതൂണുകളിലാണ് സംഘ്പരിവാർ രാഷ്ട്രീയം പടുത്തുയർത്തിയിരിക്കുന്നത്. പാർലമെന്റിലെ സീറ്റുകൾ ഭരണത്തിനുള്ള ഒരു ഉപാധി മാത്രമാണ്. എന്നാൽ അധികാരം കൈവിട്ടുപോകുന്ന ഘട്ടങ്ങളിലും ഏത് രാഷ്ട്രീയ തിരിച്ചടിയെയും സംഘടനാ പുനരുദ്ധാരണത്തിനുള്ള അവസരമാക്കി മാറ്റാൻ ആർ.എസ്.എസിന്റെ വിപുലമായ അടിത്തറയ്ക്ക് സാധിക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലാളി സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, മുഖ്യധാരാ മാധ്യമങ്ങൾ എന്നിവയിലെല്ലാം ആഴത്തിൽ വേരൂന്നിയ സംവിധാനങ്ങൾ വഴി പൊതുബോധത്തെ നിരന്തരം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അനുകൂലമായി നിലനിർത്താൻ അവർക്ക് കഴിയുന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ സംഘ്പരിവാർ നേടിയെടുത്ത വ്യവസ്ഥാപിത മേധാവിത്വത്തെയും, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന നിരന്തരമായ പാർശ്വവൽക്കരണത്തെയും മുൻനിർത്തി രാഹുൽ ഗാന്ധി നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കുന്നത് പോലെ, ഇത് കേവലം ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിയോടല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ ബഹുസ്വര കാഴ്ചപ്പാടുകളും ആർ.എസ്.എസിന്റെ കേന്ദ്രീകൃത ഹിന്ദുത്വ ആശയങ്ങളും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ്. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് സീറ്റുകളുടെ എണ്ണത്തിലെ നേരിയ കുറവ് സംഘ്പരിവാറിന്റെ അടിസ്ഥാന അജണ്ടകളെ പിന്നോട്ട് വലിക്കുന്ന ഒന്നല്ല.
സംഘ്പരിവാർ രാഷ്ട്രീയത്തിലെ ‘മൂന്നാം മുന്നണി പ്രയോഗം’
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ദേശീയ അച്ചുതണ്ടുകൾക്ക് ബദലായി ഇടതുപക്ഷ-സോഷ്യലിസ്റ്റ്-പ്രാദേശിക പാർട്ടികൾ രൂപീകരിച്ച ഭരണ-തിരഞ്ഞെടുപ്പ് സഖ്യങ്ങളെയാണ് പരമ്പരാഗതമായി ‘മൂന്നാം മുന്നണി’ എന്ന് വിളിച്ചിരുന്നത്. എന്നാൽ സമകാലിക സംഘ്പരിവാർ പശ്ചാത്തലത്തിൽ ഇതിന്റെ നിർവചനവും ലക്ഷ്യവും അടിമുടി മാറിയിരിക്കുന്നു.
ഇന്നത്തെ രാഷ്ട്രീയത്തിൽ ‘മൂന്നാം മുന്നണി’ എന്നത് ബി.ജെ.പിക്ക് ഒരു ബദലോ ഭീഷണിയോ അല്ല, മറിച്ച് ബി.ജെ.പി വിരുദ്ധ-മതേതര വോട്ടുകളെ ചിതറിക്കാനും പ്രതിപക്ഷ സഖ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്താനും ഭരണകൂടം പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ആയുധമാണ്.
ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുമ്പോൾ വോട്ടുകൾ സമാഹരിക്കപ്പെടുകയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാവുകയും ചെയ്യുന്നു എന്നാണ് 2024ലെ തെരെഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്ന ചിത്രം. എന്നാൽ അവിടെ ഒരു മൂന്നാം കക്ഷിയോ ബദൽ മുന്നണിയോ നിലയുറപ്പിക്കുമ്പോൾ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെടുകയും ചുരുങ്ങിയ വോട്ട് ശതമാനത്തിൽ ബി.ജെ.പി അനായാസ വിജയം നേടുകയും ചെയ്യുന്നു. ബി.ജെ.പിയോടും കോൺഗ്രസിനോടും സമദൂരം പാലിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന പാർട്ടികളും അത്തരം ‘മൂന്നാം ചേരി’കളും യഥാർത്ഥത്തിൽ ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കുന്ന ‘സേഫ്റ്റി വാൽവുകൾ’ ആയി മാറുകയാണ് ചെയ്യുന്നത്.
സഖ്യകക്ഷികളെ ഇല്ലാതാക്കുന്ന രാഷ്ട്രീയ പാരമ്പര്യം
ബി.ജെ.പി തങ്ങളുടെ സഖ്യകക്ഷികളോട് സ്വീകരിക്കുന്ന സമീപനം ചരിത്രപരമായി നിരീക്ഷിച്ചാൽ മൂന്നാം മുന്നണി പ്രയോഗത്തിന്റെ അപകടം കൂടുതൽ വ്യക്തമാകും. പ്രാദേശിക പാർട്ടികളുടെ ചുമലിലേറി പുതിയ സംസ്ഥാനങ്ങളിൽ കടന്നുകയറുക, തുടർന്ന് അവിടെ സ്വന്തമായി സംഘടനാ സംവിധാനങ്ങൾ നിർമിച്ച് ആ സഖ്യകക്ഷികളെത്തന്നെ അപ്രസക്തരാക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രായോഗിക രാഷ്ട്രീയം
ബിഹാറിൽ നിതീഷ് കുമാറിന്റെ തോളിലേറി വളർന്ന ബി.ജെ.പി, ഒടുവിൽ ജെ.ഡി.യുവിനെ വെട്ടിനിരത്തി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ജെ.ഡി.യുവിന്റെ പരമ്പരാഗത അടിത്തറ ഏതാണ്ട് തകരുകയും നിതീഷ് കുമാർ രാഷ്ട്രീയമായി സ്വന്തം പ്രാധാന്യം നഷ്ടപ്പെട്ട് ബി.ജെ.പിയുടെ കാരുണ്യത്തിൽ ജീവിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു.
പഞ്ചാബിൽ അകാലിദളും സമാന അനുഭവത്തിലൂടെ കടന്ന് പോയി. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട എതിർപ്പിനെ തുടർന്ന് സഖ്യം പിരിഞ്ഞെങ്കിലും, ബി.ജെ.പിയുമായുള്ള ദീർഘകാല സഖ്യം കാരണം പഞ്ചാബിലെ തങ്ങളുടെ ഗ്രാമീണ കർഷക അടിത്തറ അകാലിദളിന് നഷ്ടമായി, പാർട്ടി അവിടെ തീർത്തും ദുർബലമായി.
കശ്മീരിൽ മെഹ്ബൂബ മുഫ്തിയുമായി ചേർന്ന് അധികാരം പങ്കിട്ട ബി.ജെ.പി, കൃത്യമായ സമയം വന്നപ്പോൾ സഖ്യം ഉപേക്ഷിക്കുകയും പിന്നീട് കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി തന്നെ റദ്ദാക്കുകയും ചെയ്തു. ഇതോടെ താഴ്‌വരയിൽ പി.ഡി.പിക്ക് ഉണ്ടായിരുന്ന രാഷ്ട്രീയ മേൽവിലാസം പൂർണമായി തകർക്കപ്പെട്ടു.
മഹാരാഷ്ട്രയിൽ ദശാബ്ദങ്ങളുടെ സഖ്യകക്ഷിയായ ശിവസേനയെ പിളർത്തിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. തമിഴ്‌നാട്ടിൽ എൻ.ഡി.എയുടെ ഭാഗമായ എ.ഐ.എ.ഡി.എം.കെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി എഐഎഡിഎംകെ യുടെ തകർച്ച ബിജെപിക്ക് നേട്ടം ഉണ്ടാക്കി കൊടുത്തിട്ടില്ല എന്ന പ്രത്യേകതയും തമിഴ്‌നാടിന് ഉണ്ട്.
ഈ അനുഭവം മുൻനിർത്തി പല പ്രാദേശിക കക്ഷികളും എൻ.ഡി.എയിൽ നിന്ന് അകലം പാലിക്കാൻ ആഗ്രഹിക്കുമ്പോൾ, അവരെ ‘ഇന്ത്യ’ മുന്നണിയിലേക്ക് എത്തിക്കാതെ ‘മൂന്നാം ചേരി’യായി മാറ്റിനിർത്താൻ കഴിയുന്നത് ബി.ജെ.പിയുടെ തന്ത്രപരമായ വിജയമാണ്.
പ്രതിപക്ഷത്തെ പിളർത്തലും സഭകളിലെ കൃത്രിമ ആധിപത്യവും
പാർലമെന്റിലെ അംഗബലത്തിൽ വന്ന കുറവിനെ മറികടക്കാൻ എതിരാളികളെത്തന്നെ ദുർബലപ്പെടുത്തുകയോ കൂറുമാറ്റത്തിലൂടെ തങ്ങളുടെ ചേരിയിലേക്ക് അടുപ്പിക്കുകയോ ചെയ്യുന്ന ശൈലിയാണ് ബി.ജെ.പി പയറ്റുന്നത്. 2024-ൽ 293 സീറ്റുകളോടെയാണ് എൻ.ഡി.എ അധികാരത്തിലെത്തിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികളിലെ വിള്ളലുകൾ മുതലെടുത്ത് തൃണമൂൽ കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന തുടങ്ങിയവയിൽ നിന്നുള്ള എം.പിമാരെയും രാജ്യസഭയിൽ ആം ആദ്മി പാർട്ടി പ്രതിനിധികളെയും ആകർഷിച്ച് തങ്ങളുടെ സംഖ്യാബലം അവർ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ നിരകളിൽ നിന്നും വിള്ളലുകൾ സൃഷ്ടിച്ച് ഭരണഘടനാ ഭേദഗതികൾക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (362 സീറ്റുകൾ) തികയ്ക്കാനുള്ള തന്ത്രങ്ങൾ ബി.ജെ.പി ആവിഷ്കരിക്കുന്നുണ്ട്.
ഇത്തരം നീക്കങ്ങൾ കേവലം സംഖ്യാബലം കൂട്ടുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് പ്രതിപക്ഷ പാർട്ടികൾ ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നും സംഘ്പരിവാറിന് ബദലില്ലെന്നുമുള്ള രാഷ്ട്രീയ നിരാശ ജനങ്ങളിൽ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ അവർക്ക് സാധിക്കുന്നു. ഇവിടെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരാതെ മൂന്നാം വഴി തേടുന്ന പ്രാദേശിക പാർട്ടികളുടെ നിലപാടുകൾ ബി.ജെ.പിയുടെ ഭരണഘടനാ അട്ടിമറി നീക്കങ്ങൾക്ക് പരോക്ഷ പിന്തുണയായി മാറുന്നത്.
ജനാധിപത്യ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും രാഷ്ട്രീയ അസമത്വവും
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പരമ്പരാഗത ജനാധിപത്യ മൽസരത്തിന്റെ സ്വഭാവം അടിമുടി തകർക്കപ്പെട്ടിരിക്കുന്നു. വോട്ടർപട്ടികയിലെ തിരിമറികൾ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലുള്ള നിഷ്പക്ഷതയില്ലായ്മയെക്കുറിച്ചുള്ള ആശങ്കകൾ (‘വോട്ട് ചോരി’ ആരോപണങ്ങൾ), ഭരണകൂട വിരുദ്ധ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യൽ, ഇലക്ടറൽ ബോണ്ടുകൾ വഴിയും കോർപ്പറേറ്റ് സഖ്യങ്ങൾ വഴിയും ബി.ജെ.പി സമാഹരിച്ച ഭീമമായ തിരഞ്ഞെടുപ്പ് ഫണ്ടിംഗ്, മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷപാതിത്വം ഇവയെല്ലാം ചേർന്നുകൊണ്ട് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും തുല്യമായ അവസരങ്ങൾ ലഭിക്കുന്ന അന്തരീക്ഷം (Level Playing Field) ഇല്ലാതാക്കിയിരിക്കുന്നു. കേന്ദ്ര ഏജൻസികളുടെ ഭീഷണിയുള്ള പ്രാദേശിക നേതാക്കൾക്ക് ബി.ജെ.പിയെ നേരിട്ട് പിന്തുണയ്ക്കുന്നത് തങ്ങളുടെ വോട്ടുബാങ്കിനെ ബാധിക്കുമെന്നുള്ളതിനാൽ, അവർ സ്വീകരിക്കുന്ന എളുപ്പവഴിയായി മൂന്നാം മുന്നണിയുടെ സാധ്യതകളെ തള്ളിക്കളയാനാവില്ല. ഇത് പ്രതിപക്ഷ ഏകോപനത്തെ തകർക്കുകയും ഭരണകൂടത്തിന് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്നു.
പ്രതിപക്ഷത്തിന്റെ ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ബലഹീനതകൾ
സംഘ്പരിവാറിന്റെ ഈ ആധിപത്യ തിരിച്ചുവരവിന് കാരണം അവരുടെ സംഘടനാശേഷി മാത്രമല്ല, പ്രതിപക്ഷത്തിന്റെ ഘടനാപരമായ ബലഹീനതകൾ കൂടിയാണ്.
1.ബദൽ മാതൃകയുടെ അഭാവം: ബി.ജെ.പിയെ ഭരണത്തിൽ നിന്നും താഴെയിറക്കുക എന്ന കേവല ലക്ഷ്യത്തിനപ്പുറം, രാജ്യത്തെ വോട്ടർമാർക്ക് മുന്നിൽ സമഗ്രമായ ഒരു ബദൽ രാഷ്ട്രീയ-സാമ്പത്തിക മാതൃക മുന്നോട്ടുവെക്കാൻ പ്രതിപക്ഷ സഖ്യത്തിന് പലപ്പോഴും സാധിക്കുന്നില്ല. ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണത്തെയും ഭരണഘടനാ ലംഘനങ്ങളെയും നിശിതമായി വിമർശിക്കാൻ കഴിയുമ്പോഴും, സാധാരണ ജനങ്ങളുടെ ജീവിതാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ഭരണ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ അവർ പരാജയപ്പെടുന്നു.
2. കോൺഗ്രസിന്റെ സംഘടനാ പ്രതിസന്ധി: ദേശീയതലത്തിൽ സാന്നിധ്യമുള്ള ഒരേയൊരു പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്, പ്രാദേശിക തലങ്ങളിൽ കാര്യക്ഷമമായ സംഘടനാ സംവിധാനങ്ങളുടെ അഭാവം മൂലം വലിയ പ്രതിസന്ധിയിലാണ്. രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന വിമർശനങ്ങളും പുറത്തുകൊണ്ടുവരുന്ന വിഷയങ്ങളും താഴേത്തട്ടിലേക്ക് എത്തിക്കാൻ പാർട്ടി സംവിധാനങ്ങൾക്ക് കഴിയുന്നില്ല.
3. പ്രത്യയശാസ്ത്ര ആശയക്കുഴപ്പം: ഭൂരിപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ മൃദുഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കണോ, അതോ വ്യക്തമായ മതേതര-സോഷ്യലിസ്റ്റ് നയങ്ങളിലൂടെ നേരിടണോ എന്ന കാര്യത്തിൽ കോൺഗ്രസിനകത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പം സഖ്യകക്ഷികളിൽ വിശ്വാസക്കുറവ് സൃഷ്ടിക്കുന്നുണ്ട്.
ഈ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ശൂന്യതയെയാണ് പ്രാദേശിക പാർട്ടികൾ പലപ്പോഴും മൂന്നാം മുന്നണി സാധ്യതകളിലൂടെ മുതലെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ അത് ബി.ജെ.പിയുടെ ഭൂരിപക്ഷ രാഷ്ട്രീയത്തെ കൂടുതൽ ആഴത്തിൽ വേരൂന്നാൻ മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായിക്കുന്നത്.
ഇന്നത്തെ സങ്കീർണമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, ‘മൂന്നാം മുന്നണി’ എന്നത് സംഘ്പരിവാറിന് പകരമുള്ള ഒരു യഥാർത്ഥ മതേതര-ജനാധിപത്യ ബദലല്ല. മറിച്ച്, കേന്ദ്രീകൃതമായ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുന്നതിൽ നിന്ന് പ്രതിപക്ഷ വോട്ടുകളെ വഴിതിരിച്ചുവിടാനും, സഭകളിൽ കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലും ഭരണഘടനാപരമായ മാറ്റങ്ങളിലേക്ക് കടക്കാൻ ബി.ജെ.പിക്ക് അണിയറയിൽ വഴിതുറന്നുകൊടുക്കാനും ഉപയോഗിക്കാൻ സാധ്യത നൽകുന്ന ഒരു രാഷ്ട്രീയ ഉപാധിയാണ്.
ബി.ജെ.പിയെ കേവലം ഒരു തിരഞ്ഞെടുപ്പ് പാർട്ടി എന്നതിലുപരി, ഭരണഘടനാ സ്ഥാപനങ്ങളെയും സാമൂഹിക ബോധത്തെയും പുനർനിർമിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര പ്രസ്ഥാനമായി മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് സാധിക്കേണ്ടതുണ്ട്. കേവലമായ അധികാര പങ്കിടലുകൾക്കും പ്രാദേശിക താല്പര്യങ്ങൾക്കുമപ്പുറം, ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വരതയെ സംരക്ഷിക്കുന്ന സുസ്ഥിരമായ പ്രത്യയശാസ്ത്ര ഐക്യത്തിലൂടെ മാത്രമേ സംഘ്പരിവാറിന്റെ ഈ ഭിന്നിപ്പിച്ചു ഭരിക്കൽ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

