Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജ​ന​ങ്ങ​ൾ​ക്ക്...

ജ​ന​ങ്ങ​ൾ​ക്ക് മി​ത​വ്യ​യം; നേ​താ​വി​ന്...!

text_fields
bookmark_border
ജ​ന​ങ്ങ​ൾ​ക്ക് മി​ത​വ്യ​യം; നേ​താ​വി​ന്...!
cancel
camera_alt

Sorit Gupto/ Down to Earth

2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയ മുന്നറിയിപ്പ് ആരും മറന്നിട്ടുണ്ടാവില്ല. രാജസ്ഥാനിൽ ഒരു വൻജനസഞ്ചയത്തെ അഭിസംബോധന ചെയ്യവെ, കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഹിന്ദു സ്ത്രീകളുടെ താലിമാല പിടിച്ചെടുത്ത് മുസ് ലിംകൾക്ക് നൽകി അവരെ സമ്പന്നരാക്കുമെന്നായിരുന്നു മോദിയുടെ പരാമർശം. മുസ് ലിംകളെക്കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ എന്റെ മാന്യതക്ക് നിരക്കാത്തതാകയാൽ ഇവിടെ ആവർത്തിക്കുന്നില്ല.

വിവാഹിതയുടെ പവിത്രമായ സമ്പത്താണ് താലിമാല എന്നത് ഒരു ഹൈന്ദവ സങ്കല്പമാണെങ്കിലും കേരളത്തിലെ ഭൂരിഭാഗം ക്രൈസ്തവ സ്ത്രീകളും ഇത് ധരിക്കാറുണ്ട്; ക്രൈസ്തവ വിവാഹത്തിലെ സുപ്രധാനമായ ചടങ്ങാണ് ‘മിന്നുകെട്ട്’. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, ചന്ദ്രക്കല പതിപ്പിച്ച സമാനമായ ആഭരണം മുസ് ലിം വധുക്കളും ധരിക്കാറുണ്ട്. ഇവയെല്ലാം മതപരമായ സിദ്ധാന്തങ്ങളുമായി വലിയ ബന്ധമില്ലാത്ത സാംസ്കാരിക ആചാരങ്ങളാണ്. ധ്രുവീകരണമുണ്ടാക്കുന്നതിൽ കേമനായ മോദി, ഹിന്ദുക്കൾക്കിടയിൽ ഭീതി സൃഷ്ടിച്ച് വോട്ട് നേടാൻ നടത്തിയ ആ ശ്രമത്തിന് ഫലമുണ്ടായി; സ്വപ്നം കണ്ട നാനൂറിലേറെ സീറ്റുകൾ നേടാനായില്ലെങ്കിലും മൂന്നാം വട്ടവും ഭരണമുറപ്പിച്ചു.

കൃത്യം ഒരു വർഷത്തിനുശേഷം, വായ്പയെടുക്കുന്നതിനായി ആഭരണങ്ങൾ പണയം വെക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി ഒരു പഠനം കണ്ടെത്തി. ദരിദ്രരെ സംബന്ധിച്ചിടത്തോളം, പണയം വെക്കാൻ ആകെ മിച്ചമുണ്ടാകുന്ന പൊന്ന് പലപ്പോഴും അവരുടെ താലിമാലയാണ്.ഉയർന്ന പലിശ തിരിച്ചടച്ച് സ്വർണം വീണ്ടെടുക്കുക എന്നത് പാവങ്ങൾക്ക് മിക്കവാറും അസാധ്യവുമാണ്. വായ്പയെടുത്ത പണത്തിന്റെ ഇരട്ടിയിലേറെ തിരിച്ചടച്ചാലും പലിശ കിട്ടിയില്ലെന്ന് പറഞ്ഞ് കേരളത്തിൽ ‘ബ്ലേഡ് കമ്പനികൾ’ എന്ന് വിളിക്കപ്പെടുന്ന കൊള്ളപ്പലിശക്കാർ ആഭരണങ്ങൾ തട്ടിയെടുക്കും. സാമ്പത്തിക തകർച്ചക്ക് കാരണം സർക്കാരായതിനാൽ, പാവപ്പെട്ട സ്ത്രീകളുടെ താലിമാല നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മോദിക്ക് ഒഴിയാനാവില്ല.

മതപരമായ ആഘോഷങ്ങളും വ്യക്തിപരമായ ചടങ്ങുകളും വന്നാൽ പോലും ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് മോദി ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു. ഉത്തരേന്ത്യയിൽ, ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് ആഘോഷിക്കുന്ന ‘ധൻതേരസ്’ സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളും വാങ്ങുന്നതിനുള്ള ഉത്തമദിനമായാണ് കണക്കാക്കപ്പെടുന്നത്.

രാജ്യത്തെ ആദിവാസി ഇതര സമൂഹങ്ങളിലെല്ലാം വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് സ്വർണം. മോദിയുടെ ഈ ആഹ്വാനം ഇന്ത്യയിലെ സ്വർണ വ്യവസായത്തെ ദോഷകരമായി ബാധിക്കും. ജ്വല്ലറി ഉടമകൾ, ജീവനക്കാർ, കരകൗശല വിദഗ്ധർ എന്നിങ്ങനെ ഏകദേശം 50 ലക്ഷം ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആരും സ്വർണം വാങ്ങുന്നില്ലെങ്കിൽ ഇവർ എന്ത് ചെയ്യും? ഇത്രയധികം ആളുകളെ ഒരു വർഷം ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ് മോദിയുടെ ആഹ്വാനം. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഓഹരി വിപണിയിൽ കടുത്ത ആഘാതം സൃഷ്ടിച്ചു; തൊട്ടു തലേ ദിവസം മികച്ച ലാഭം രേഖപ്പെടുത്തിയ കല്യാൺ ജ്വല്ലേഴ്സ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. രൂപയുടെ മൂല്യവും ഇടിഞ്ഞിരിക്കുകയാണ്.

മോദിയുടെ ആഹ്വാനം അവഗണിക്കപ്പെട്ടാൽ, ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് മേൽ തീരുവ വർധിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. ഇപ്പോഴും എണ്ണ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി ഇനങ്ങളിൽ ഒന്നാണ് സ്വർണം. ഇന്ത്യയും ചൈനയുമാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കൾ; അതേസമയം അമേരിക്കയുടെ പക്കലാണ് ഏറ്റവും വലിയ സ്വർണ ശേഖരമുള്ളത്. രണ്ട് ലോകമഹായുദ്ധങ്ങൾക്ക് ശേഷം സ്വർണ ശേഖരത്തിന്റെ കരുത്തിൽ അതിജീവിച്ച ജർമനിയും വലിയ അളവിൽ സ്വർണം വാങ്ങുന്നുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണാഭരണ ഷോറൂമുകൾ ഉള്ള കേരളത്തെയാവും മറ്റേതൊരു സംസ്ഥാനത്തേക്കാളും മോദിയുടെ ആഹ്വാനം പ്രതികൂലമായി ബാധിക്കുക. കേരളത്തിലെ ജ്വല്ലറി ഗ്രൂപ്പുകൾക്ക് ഇന്ത്യയിലെ മിക്ക പ്രധാന നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം ഔട്ട്‌ലെറ്റുകളുമുണ്ട്. നിലവിൽ തന്നെ 10 ഗ്രാം സ്വർണത്തിന് ഒന്നര ലക്ഷം രൂപയും ഒരു കിലോ വെള്ളിക്ക് രണ്ടര ലക്ഷം രൂപയുമായതിനാൽ സ്വർണ വ്യാപാരം മന്ദഗതിയിലാണ്. ഇറക്കുമതി തീരുവ ഇനിയും വർധിപ്പിച്ചാൽ, അത് കള്ളക്കടത്തുകാർക്ക് മാത്രമേ ഗുണം ചെയ്യൂ.

സ്വർണം വാങ്ങലിലെ നിയന്ത്രണമടക്കം ഒരുപിടി മിതവ്യയ നടപടികൾ പാലിക്കണമെന്നും ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കണമെന്നും കമ്പനികൾ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നുമൊക്കെയാണ് മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരിക്കുന്നത്. പക്ഷേ, മിതവ്യയത്തെക്കുറിച്ച് പ്രസംഗിക്കാൻ അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളത്?

കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന് മാത്രം നിരവധി വിമാനങ്ങളാണ് ബി.ജെ.പി വാടകയ്ക്കടുത്തത്. പ്രധാനമന്ത്രിയുടെ യാത്രകൾക്കും യോഗങ്ങൾക്കുമായി കോടികളാണ് ചിലവഴിച്ചത്. തെരഞ്ഞെടുപ്പില്ലാത്തപ്പോൾ അദ്ദേഹം സ്വദേശത്തും വിദേശത്തും നടത്തുന്ന യാത്രകൾക്ക് വരുന്ന ചിലവിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഈ മിതവ്യയ പദ്ധതി പ്രഖ്യാപിക്കാൻ പോലും തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നത് വരെ മോദി കാത്തിരുന്നതായി കാണാം.

മോദിയുടെ മുൻഗാമിയായ ഡോ. മൻമോഹൻ സിംഗ് ഒരു പക്ഷേ, ചെക്കോസ്ലോവാക്യയുടെ മുൻ പ്രസിഡന്റും വിശ്രുത എഴുത്തുകാരനുമായിരുന്ന വാക്ലാവ് ഹാവലിന് ശേഷം ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നരായ നേതാക്കളിൽ ഒരാളായിരിക്കാം. 10 രൂപയുടെ പേനയും ഒരു നീല തലപ്പാവും ലളിതമായ വസ്ത്രധാരണവുമെല്ലാമായിരുന്നു ഡോ. സിംഗിന്റെ ശീലങ്ങൾ. എന്നാൽ മോണ്ട്ബ്ലാങ്ക് പേന ഉപയോഗിക്കുന്ന മോദി സ്വന്തം പേരെഴുതിയ ലക്ഷങ്ങൾ വിലവരുന്ന കോട്ട് ധരിക്കുന്നതിൽ പോലും ആനന്ദം കണ്ടെത്തി. രാജ്യത്തെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഹിന്ദുസ്ഥാൻ അംബാസഡർ കാറിൽ യാത്ര ചെയ്തപ്പോൾ, മോദി ഉപയോഗിക്കുന്നത് തനിക്ക് വേണ്ട വിധത്തിലെ മാറ്റങ്ങളെല്ലാം വരുത്തി നിർമിച്ച് ഇറക്കുമതി ചെയ്ത ബി.എം.ഡബ്ല്യു 7 സീരീസ് വാഹനമാണ്. മുൻ പ്രധാനമന്ത്രിമാർ വിദേശ സന്ദർശനങ്ങൾക്കായി എയർ ഇന്ത്യ വിമാനങ്ങൾ ചാർട്ടർ ചെയ്തിരുന്നപ്പോൾ, അമേരിക്കൻ പ്രസിഡന്റിന്റെ എയർ ഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന രണ്ട് അത്യാധുനിക വിമാനങ്ങൾ മോദിക്കായുണ്ട്.

എന്നിട്ടും, ഇറാനുമേൽ അടിച്ചേല്പിക്കപ്പെട്ടതും ഇന്ത്യ പിന്തുണക്കുന്നതുമായ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനായി സാധാരണ പൗരരോട് അരയും തലയും മുറുക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യൻ രൂപയുടെയും അമേരിക്കൻ ഡോളറിന്റെയും മൂല്യത്തിൽ തുല്യത ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നയാൾ പ്രധാനമന്ത്രിയായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലാണ്. ഒരു ഡോളറിന് വൈകാതെ 100 രൂപ നിരക്കിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല.

ഇന്ത്യക്കാർ കോവിഡിനെ അതിജീവിച്ചതുപോലെ ഈ വെല്ലുവിളിയെയും മറികടക്കുമെന്നാണ് മോദി പ്രസംഗിച്ചത്. അന്നദ്ദേഹം ഏകപക്ഷീയമായി അടിച്ചേല്പിച്ച ലോക്ക്ഡൗണിൽ ദശലക്ഷക്കണക്കിന് പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾ നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തങ്ങളുടെ നാടുകളിലേക്ക് നടന്നുപോകാൻ നിർബന്ധിതരായി; അവർക്ക് ആരും നഷ്ടപരിഹാരം നൽകിയില്ല. നോട്ട് നിരോധനം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ഒരാളും മാപ്പ് പറഞ്ഞിട്ടില്ല, അതു വരുത്തിവെച്ച തകർച്ചയിൽ നിന്ന് സാമ്പത്തിക മേഖല ഇന്നും പൂർണ്ണമായും കരകയറിയിട്ടുമില്ല.

അധികാരത്തിലിരിക്കുന്നവർ സ്വയം പ്രാവർത്തികമാക്കിയാൽ മാത്രമേ മിതവ്യയത്തിന് ധാർമികമായ കരുത്തുണ്ടാവൂ. 35 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന നേതാവ്, ദരിദ്രരോട് താലിമാല പോലും വാങ്ങരുതെന്നും ഉത്സവങ്ങൾ ആഘോഷിക്കരുതെന്നും പറയുന്നു- വർത്തമാനകാല ഇന്ത്യൻ അവസ്ഥ ഇതിലും വ്യക്തമായി എങ്ങനെയാണ് തുറന്നുകാട്ടാനാവുക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modishare marketRupee valueGold MarketIndian Economy'
News Summary - Thrift for the people; for the leader...!
Next Story