ട്രംപിന്റെ തീരുവക്കൊള്ള തീരമേഖലയെ പട്ടിണിയിലാഴ്ത്തും
text_fieldsകാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവുമുതൽ മുങ്ങിയ കപ്പലിൽനിന്ന് ഒഴുകിനടക്കുന്ന എണ്ണയും രാസവസ്തുക്കളും മത്സ്യസമ്പത്തിനും കടലിന്റെ ആവാസ വ്യവസ്ഥയിലും സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾവരെയായി കേരളത്തിലെ മത്സ്യബന്ധനമേഖല ഗുരുതര പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. അതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കയറ്റുമതി തീരുവനയം ഇരുട്ടടിയായി കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തലയിൽ വന്നുപതിക്കുന്നത്. 8.5 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ അധിക തീരുവയുൾപ്പെടെ 58.5 ശതമാനമായി ഉയർത്തിയ ട്രംപിന്റെ നയം നമ്മുടെ മത്സ്യബന്ധന മേഖലയിൽ സൃഷ്ടിക്കുന്ന ദുരിതങ്ങൾ വിവരണാതീതമായിരിക്കും.
കേരളത്തിൽ നമ്മൾ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളിലധികവും കയറ്റുമതി പ്രാധാന്യമുള്ളവയാണ്. നമ്മുടെ യന്ത്രവത്കൃതബോട്ടുകളും വള്ളങ്ങളും പ്രധാനമായി പിടിക്കുന്ന നാരൻ, പൂവാലൻ, കഴന്തൻ, കരിക്കാടി തുടങ്ങിയ ചെമ്മീനിനങ്ങളും ചൂര, ആവോലി, നെയ്മീൻ, കോര, പാര, വേള, കിളിമീൻ, നങ്ക്, സ്രാവ്, കണവ, കൂന്തൽ തുടങ്ങിയവും കയറ്റുമതി ചെയ്യുന്നവയാണ്. ഇവക്ക് മറ്റുള്ളവയെ അപേക്ഷിച്ച് താരതമ്യേന വില കൂടുതൽ ലഭിക്കുന്നവയാണ്.
ഈ ചെമ്മീനുകളും മീനുകളും പിടിച്ചുവിൽക്കുമ്പോൾ കിട്ടുന്ന ആകെ വരുമാനത്തിൽനിന്ന് മത്സ്യബന്ധന ഉരുക്കളുടെ പ്രവർത്തന ചെലവ്, ഉപകരണങ്ങൾ വാങ്ങിയതിനുള്ള മുടക്കുമുതലിന്റെ തിരിച്ചടവ് വിഹിതം, അറ്റകുറ്റപ്പണികൾക്കായി മുമ്പ് വാങ്ങിയ കടത്തിന്റെ തിരിച്ചടവ്, ഉടമകാശ്, ലാഭക്കാശ്, പങ്ക് കാശ്, കമീഷൻ കാശ്, ലേലക്കാശ്, കൊട്ടക്കാശ്, ആരാധനാലയങ്ങളിലേക്കുള്ള പങ്ക്, ഹാർബറിലെ അനാമത്ത് ചെലവ് എന്നിവയെല്ലാം കഴിഞ്ഞുള്ള തുകയാണ് തൊഴിലാളികൾ അവരുടെ എണ്ണത്തിന് ആനുപാതികമായി വീതിച്ചെടുക്കുന്നത്.
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെ 2025 മാർച്ച് 31ലെ കണക്ക് പ്രകാരം രാജ്യം കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപക്ക് (7.45 ബില്യൺ യു.എസ് ഡോളർ) തുല്യമായ വിദേശനാണ്യം സംസ്കരിച്ച മത്സ്യങ്ങളുടെ കയറ്റുമതിയിലൂടെ നേടിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള കയറ്റുമതിയുടെ മൂല്യം 7456.84 കോടി രൂപയാണ്. കയറ്റുമതിയുടെ 43.76 ശതമാനം ചെമ്മീനാണ്. അതുവഴി 43,334.25 കോടി രൂപയാണ് ലഭിച്ചത്.
(അവലംബം: വാർഷിക റിപ്പോർട്ട് എം.പി.ഇ.ഡി.എ.31/03/2025)
നമ്മുടെ സമുദ്രോൽപന്ന കയറ്റുമതിയുടെ മൂന്നിലൊന്നും അമേരിക്കയിലേക്കാണ്. ഇക്കഴിഞ്ഞ സാമ്പത്തികവർഷം 23793.73 കോടി രൂപക്കുള്ള സമുദ്രോൽപന്നങ്ങളാണ് അവിടേക്കയച്ചത്.
കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന ചെമ്മീൻ-മത്സ്യസംസ്കരണ ഫാക്ടറികളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അവരിൽ ഗണ്യമായ വിഭാഗം സ്ത്രീകളാണ്. ട്രംപിന്റെ അധിക തീരുവയുടെ ഫലമായി ചെമ്മീൻ-മത്സ്യ കയറ്റുമതി കുറയുന്നതോടെ ഫാക്ടറിയുടമകൾ അവയുടെ സംസ്കരണം നിർത്തിവെക്കും. ഇത് സ്ത്രീകളെയടക്കം ആയിരങ്ങളെ തൊഴിൽരഹിതരാക്കും. മത്സ്യസംസ്കരണ ഫാക്ടറികൾ ചെമ്മീനും മത്സ്യങ്ങളും എടുക്കാതെ വരുന്നതോടുകൂടി മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന ചെമ്മീനിനും മീനിനും വിലകിട്ടാതെ വരികയും മത്സ്യത്തൊഴിലാളികൾക്ക് പണിക്ക് പോയാലും കൂലികിട്ടാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും. തീരുവ നയം നടപ്പാക്കാൻ തുടങ്ങിയപ്പോൾതന്നെ ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ എന്നിവയെല്ലാം വില ഗണ്യമായി കുറച്ചാണ് ഫാക്ടറി ഉടമകൾ എടുക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ ഇതിനകം തന്നെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന തീരദേശമേഖല മുഴുപട്ടിണിയായി മാറും.
കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യധാര
സവിശേഷ സാഹചര്യത്തിൽ ജീവിക്കുന്ന ജനവിഭാഗമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ ജീവിതനിലവാരത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനായി ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധയുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്.
ഫിഷറീസ് വകുപ്പിന്റെ 2022-23 ലെ കണക്കനുസരിച്ച് 10.60 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ. ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 3.1 ശതമാനമാണ്. 8.16 ലക്ഷം ജനങ്ങൾ കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും 2.44 ലക്ഷം ജനങ്ങൾ കായലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും ജീവിക്കുന്നു. 222 കടലോര ഗ്രാമങ്ങളിലും 113 കായലോര ഗ്രാമങ്ങളിലുമായി ഇവർ അധിവസിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിന്റെ 2022-23ലെ കണക്കനുസരിച്ച് 2,40,974 പേർ നേരിട്ട് മത്സ്യബന്ധന പ്രക്രിയയിലും 78,659 പേർ അനുബന്ധ മത്സ്യമേഖലയിലും പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു.
(അവലംബം: കേരളാ ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ്, സാമ്പത്തിക അവലോകന റിപ്പോർട്ട് 2023, കേരള സംസ്ഥാന ആസൂത്രണ ബോർഡ്).
രാജ്യത്തിന് വിദേശനാണ്യവും പൊതുസമൂഹത്തിന് ഏറ്റവും കുറഞ്ഞ ചെലവിൽ പോഷകമൂല്യമുള്ള ആഹാരവും പ്രദാനം ചെയ്യുന്ന, ഒരു ജനത ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ രാഷ്ട്രീയ-വ്യാപാര നയങ്ങളുടെയും ഭാഗമായി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ, ഇതൊരു വിഷയമായിപോലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ കാണുന്നില്ലെന്നത് മത്സ്യത്തൊഴിലാളി സമൂഹത്തോട് അവർക്കുള്ള സമീപനത്തിന്റെ തെളിവാണ്. ട്രംപിന്റെ ഫ്രണ്ട് മോദിയുടെ കേന്ദ്ര സർക്കാറും ക്ഷേമ സർക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംസ്ഥാന സർക്കാറും ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ എന്ത് പദ്ധതികളാണ് ഉദ്ദേശിക്കുന്നത്?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.