Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും യുദ്ധ മുഖത്തേക്കോ...

text_fields
bookmark_border
പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷകൾക്കുമേൽ കരിനിഴൽ, മിഡിൽ ഈസ്റ്റിലേക്ക് രണ്ടു യു.എസ് വിമാനവാഹിനിക്കപ്പൽ, 10,000 സൈനികർ
വീണ്ടും യുദ്ധ മുഖത്തേക്കോ...
cancel

പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷകൾക്കുമേൽ വീണ്ടും യുദ്ധത്തിന്റെ കരിനിഴൽ. ഇറാനോട് ചേർന്നുള്ള മിഡിൽ ഈസ്റ്റ് മേഖലയിൽ അമേരിക്ക സൈനിക ശക്തി വർധിപ്പിക്കുന്നതായാണ് വാർത്തകൾ. എട്ടാം മാസത്തിലേക്ക് കടന്ന ഇറാൻ-യു.എസ് സംഘർഷത്തിന് അടുത്തിടെ അയവുവരികയും സമാധാന, നയതന്ത്ര ശ്രമം തുടരുകയും ചെയ്യുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.

നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിറകെ ഇറാനെതിരെ അമേരിക്ക ആക്രമണം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി കൂടുതൽ സൈനികർ മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ടു വിമാനവാഹിനിക്കപ്പൽ, 10,000 സൈനികർ

യു.എസ്.എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിന് പുറമെ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് അമേരിക്ക രണ്ടു വിമാനവാഹിനിക്കപ്പൽ കേന്ദ്രീകൃത സേനാവിഭാഗത്തെ (aircraft carrier strike group) കൂടി വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.

7000 സൈനികരുമായി യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ്, 2,000-ത്തിലധികം മറീനുകളുമായി ‘മാൽകിൻ ഐലൻഡ് മറൈൻ എക്സ്പെഡിഷണറി യൂണിറ്റ്' (MEU) എന്നിവ പശ്ചിമേഷ്യയിലേക്കുള്ള വഴിയിലാണ്. ഇവ എത്തുന്നതോടെ മേഖലയിൽ മൂന്ന് യു.എസ് യുദ്ധക്കപ്പലുകളാകും.

ഇതിനൊപ്പം 10,000ത്തിലധികം യു.എസ് സൈനികരും മേഖലയിലെത്തുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനിക്കപ്പലുകളും രണ്ട് ആംഫിബിയസ് ലാൻഡിംഗ് ഗ്രൂപ്പുകളും ഇറാനടുത്ത് വിന്യസിക്കും.

മേഖലയിൽ ഇതിനകം നിലയുറപ്പിച്ചിട്ടുള്ള ഏകദേശം 50,000 അമേരിക്കൻ സൈനികർക്ക് പുറമെയാണ് എഫ്-35 യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ വിന്യാസം.

പുതിയ സൈനിക വിന്യാസം യുദ്ധം രൂക്ഷമാകുന്നതിന്റെ സൂചനയാണോ എന്ന് വ്യക്തമല്ലെങ്കിലും, ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനുനേരെയുള്ള ആക്രമണം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് 'ടൈം' മാസികയുമായുള്ള അഭിമുഖത്തിൽ ട്രംപ് സൂചിപ്പിച്ചിരുന്നു. അതേസമയം, മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് ഇറാനുമായുള്ള ചർച്ചകളിൽ വാഷിംഗ്ടൺ സ്വീകരിക്കുന്ന ഒരു തന്ത്രമാകാം എന്നും നിരീക്ഷണമുണ്ട്.

രണ്ടായാലും മേഖലയിലെ അനിശ്ചിതത്വം തുടരുകയും വിവിധ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. യുദ്ധം രൂക്ഷമായാൽ ജി.സി.സി രാജ്യങ്ങൾക്കും പ്രവാസികൾക്കും ഉണ്ടാകുന്ന നഷ്ടവും ചെറുതായിരിക്കില്ല.

മധ്യപൂർവ്വേഷ്യയിലെ യു.എസ് സൈന്യം

പതിറ്റാണ്ടുകളായി മധ്യപൂർവ്വേഷ്യയിൽ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുണ്ട്. കുറഞ്ഞത് 19 ഇടങ്ങളിലായി സ്ഥിരവും താൽക്കാലികവുമായ സൈനിക കേന്ദ്രങ്ങളും ഉണ്ട്. ഇവയിൽ ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലേത് സ്ഥിരം താവളങ്ങളാണ്.

2025-ന്റെ മധ്യത്തോടെ, മിഡിൽ ഈസ്റ്റിലുടനീളമുള്ള സ്ഥിരം താവളങ്ങളിലും കേന്ദ്രങ്ങളിലുമായി 40,000 മുതൽ 50,000 വരെ അമേരിക്കൻ സൈനികരുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ വർഷം ആദ്യം യു.എസ്.എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ അറബിക്കടലിലേക്ക് അയച്ച് മിഡിൽ ഈസ്റ്റിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയുമുണ്ടായി.

ഫെബ്രുവരി ആദ്യം മുതൽ അമേരിക്ക മേഖലയിൽ 120ലധികം വിമാനങ്ങൾ വിന്യസിച്ചു. E-3 സെൻട്രി എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനങ്ങൾ, F-35 സ്റ്റെൽത്ത് സ്ട്രൈക്ക് ഫൈറ്ററുകൾ, F-22 എയർ സുപ്പീരിയോറിറ്റി ജെറ്റുകൾ, F-15, F-16 യുദ്ധവിമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് വിശകലന വിദഗ്ധരുടെയും സൈനിക വിമാന-ട്രാക്കിംഗ് വിവരങ്ങളും വ്യക്തമാക്കുന്നു. 7,000ത്തോളം അധിക സൈനികരും മധ്യപൂർവ്വേഷ്യയിലെത്തി.

2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള, മിഡിൽ ഈസ്റ്റിലെ യു.എസ് വ്യോമശക്തിയുടെ ഏറ്റവും വലിയ സാന്നിധ്യമായിരുന്നു ഇത്.

ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്ക, ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചു. ഇസ്രായേൽ, ജി.സി.സി രാജ്യങ്ങളിലെ തന്ത്രപ്രധാന ഇടങ്ങൾ, ജോർഡൻ എന്നിവ ഇറാൻ ലക്ഷ്യമിട്ടതോടെ മേഖല സംഘർഷഭരിതമായി. ഹുർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തതോടെ കപ്പൽ, ചരക്കുനീക്കം സ്തംഭിച്ചു.

ഹുർമൂസ് പ്രതിസന്ധി, നയതന്ത്ര നീക്കങ്ങൾ

ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ തിരികെ നൽകുക, ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുക തുടങ്ങിയ വ്യവസ്ഥകൾ അമേരിക്ക പാലിക്കണമെന്ന നിബന്ധനയോടെ, ഹുർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കുന്നതിനുള്ള പുതിയൊരു നിർദ്ദേശം ഇറാൻ കഴിഞ്ഞ ആഴ്ച മുന്നോട്ടുവെച്ചിരുന്നു. ഇത് പ്രതീക്ഷക്ക് വകനൽകിയെങ്കിലും ട്രംപ് ഭരണകൂടം നിർദ്ദേശം തള്ളി.

ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം അമേരിക്ക ശക്തിപ്പെടുത്തുകയും ചെയ്തു. യുദ്ധം ക്ഷീണിപ്പിച്ച ഇറാന്റെ അവശേഷിക്കുന്ന വരുമാന സ്രോതസ്സുകൾ ക്ഷയിപ്പിക്കുകയാണ് ലക്ഷ്യം. ഇറാനിലെ റെയിൽവേ, വാഹന നിർമ്മാണ മേഖലകളിലെ വൻകിട കമ്പനികൾക്ക് മേൽ ഈ ആഴ്ച ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം, ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു.ഇതിന് പകരം ഹുർമൂസ്, ബാബ് അൽ മന്ദബ് എന്നിവയിൽ ശക്തികൂട്ടിയാണ് ഇറാൻ മറുപടി നൽകുന്നത്.

മധ്യസ്ഥർ വഴി അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന പരോക്ഷ സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. കഴിഞ്ഞ മാസം ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ, ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഒരു തടസ്സമായിത്തന്നെ തുടർന്നു.

യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുക, ഉപരോധങ്ങളിൽ ഇളവ് നൽകുക, ലബനാൻ, യമൻ മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുക എന്നിവക്ക് പകരമായി ഹുർമുസ് വീണ്ടും തുറക്കാനും ആണവ ചർച്ചകൾ പുനരാരംഭിക്കാനും ലക്ഷ്യമിട്ടുള്ള ഏഴ് ദിവസത്തെ കർമ്മപദ്ധതി ഖത്തർ വഴി ഇറാൻ ചർച്ചകളിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതും ട്രംപ് തള്ളുകയാണുണ്ടായത്.

യുദ്ധം പുനരാരംഭിക്കാൻ ഇറാൻ പൂർണ സജ്ജമാണെന്ന് ഇതിന് മറുപടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയതോടെ ഒത്തുതീർപ്പിന്റെ സാധ്യതകളും അടഞ്ഞു.

തിരിച്ചടികളും, തയാറെടുപ്പും

ഇറാൻ യുദ്ധത്തിലേക്ക് എടുത്തുചാടിയതിൽ സ്വന്തം രാജ്യത്ത് കടുത്ത എതിർപ്പ് നേരിടുന്ന യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കാമെന്ന വിലയിരുത്തലുണ്ട്. യുദ്ധത്തിൽ യു.എസ് സഖ്യകക്ഷിയായ ഇസ്രായേലിൽ മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും. ഈ രണ്ടു തെരഞ്ഞെടുപ്പ് ഫലങ്ങളും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിച്ചേക്കും.

അതേസമയം, ഒരു പൂർണയുദ്ധത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് ഇറാൻ. യുദ്ധത്തിന്റെ ഇടവേള മിസൈൽ ദൂരപരിധി വർധിപ്പിക്കാനും കൂടുതൽ ആയുധങ്ങൾ നിർമിക്കാനും ഇറാൻ ഉപയോഗപ്പെടുത്തിവരികയാണ്.

കരയാക്രമണ സാധ്യതകൾ കണക്കിലെടുത്ത് നേരിടാനുള്ള തയാറെടുപ്പുകളും നടന്നുവരുന്നു. തെഹ്‌റാനിലെ സെൻട്രൽ സ്ക്വയറിലെ സൈനിക പരിശീലന കേന്ദ്രത്തിൽ സ്ത്രീകൾ തോക്കുകൾ കൈകാര്യം ചെയ്യുന്നത് പരിശീലിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തെഹ്‌റാനിലെ ഹഫ്തി തിർ സ്ക്വയറിലും സിവിലിയൻ സൈനിക പരിശീലന കേന്ദ്രം ഇറാൻ തുറന്നു. യു.എസും ഇസ്രായേലും കരയാക്രമണം നടത്തിയാൽ പ്രതിരോധിക്കാൻ സാധാരണക്കാരെ സജ്ജമാക്കുകയാണ് ലക്ഷ്യം.

മറുവശത്ത് ഇസ്രായേലിലേക്ക് കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളെയും അയക്കാൻ അമേരിക്ക തയാറെടുക്കുന്നതായ റിപ്പോർട്ടുകളും ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Deploys More Carriers to Middle East Amid Iran War Fears
Next Story