യുദ്ധമോ സമാധാനമോ!; തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു, പശ്ചിമേഷ്യയിൽ ഇനി എന്ത്?
text_fieldsഅമേരിക്കയിലും ഇസ്രായേലിലും നിർണായക തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ ഇറാൻ വിഷയത്തിൽ ഇരു രാജ്യങ്ങളും ഇനി എന്തു തീരുമാനമെടുക്കും? അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻ തിരിച്ചടി നേരിടുകയും ഇസ്രായേലിൽ ബിന്യമിൻ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഇറാനെതിരെ മറ്റൊരു സൈനിക നീക്കത്തിന് അമേരിക്ക തുനിയുമോ, അതോ നയതന്ത്ര ചർച്ചകളിലൂടെ ആക്രമണ നയങ്ങളിൽ നിന്ന് പിന്മാറുമോ? തെരഞ്ഞെടുപ്പാനന്തരം ലോകത്തിന്റെ ശ്രദ്ധ ഈ ചോദ്യത്തിലാണ്.
കുറഞ്ഞ ദിവസത്തിനകം ഇറാനെ കീഴടക്കാനും മേഖലയിൽ ആധിപത്യം നേടാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇസ്രായേലും അമേരിക്കയും ചേർന്ന് ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. എന്നാൽ എട്ടു മാസം പിന്നിട്ടിട്ടും ഇറാന് മേൽ മേൽക്കൈ നേടാൻ ഇരുരാജ്യങ്ങൾക്കും ആയില്ല. ഇസ്രായേലും, ജി.സി.സിയിലെയും ജോർഡനിലെയും ഈജിപ്തിലെയും യു.എസ് താവളങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും പശ്ചിമേഷ്യ വലിയൊരു സംഘർഷമേഖലയായി മാറുകയും ചെയ്തതാണ് ഇതിന്റെ ബാക്കിപത്രം.
ഇറാൻ യുദ്ധം ഇസ്രായേലിൽ നെതന്യാഹുവിന്റെയും, അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെയും ജനപിന്തുണയിൽ ഇടിച്ചിൽ ഉണ്ടാക്കി എന്ന് തെളിയിക്കുന്നതാണ് രണ്ടിടങ്ങളിലെയും ഫലങ്ങൾ. വലിയൊരു തിരിച്ചടിയുടെ നിഴലിൽ നിൽക്കെ ഇറാൻ വിഷയത്തിൽ ഇനി എന്ത് എന്നത് ട്രംപിനും ഒരു ചോദ്യചിഹ്നമാകും.
ഇടക്കാല തെരഞ്ഞെടുപ്പ് കഴിയും വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി പുതിയ ആക്രമണത്തിന് പകരം നയതന്ത്ര ഒത്തുതീർപ്പിലെത്താൻ ട്രംപിനെ പ്രേരിപ്പിച്ചേക്കാമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് തിരിച്ചടി തന്റെയും അമേരിക്കയുടെയും ബലഹീനതയായി കണക്കാക്കപ്പെടുമെന്നും, അതിനെ മറികടക്കാൻ ട്രംപ് ആക്രമണത്തിന്റെ വഴി തെരഞ്ഞെടുത്തേക്കാമെന്നും ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇറാൻ യുദ്ധത്തിൽ ട്രംപിന് വിരുദ്ധമായ നിലപാടാണ് ഡെമോക്രാറ്റുകൾക്ക്. അതുകൊണ്ടു തന്നെ മറ്റൊരു ആക്രമണത്തിൽ നിന്ന് ട്രംപിനെ തടയാൻ സെനറ്റിൽ ഭൂരിപക്ഷം ലഭിച്ച ഡെമോക്രാറ്റുകൾ ശ്രമിച്ചേക്കും. യുദ്ധത്തിനായുള്ള കൂടുതൽ ഫണ്ടുകൾ തടയാനും കഴിയും.
അതേസമയം, ജനുവരിയിലാകും പുതിയ അംഗങ്ങൾ അധികാരമേൽക്കുക എന്നതും, യു.എസ് പ്രസിഡന്റിനുള്ള വീറ്റോ അധികാരവും ട്രംപിന് സമയവും കരുത്തും നൽകുന്നുണ്ട്. ഇത് രണ്ടും ട്രംപ് എങ്ങനെ ഉപയോഗപ്പെടുത്തും എന്നതും യുദ്ധത്തിന്റെ ഭാവി നിശ്ചയിക്കുന്നതാണ്. വീറ്റോ അധികാരം താൻ കൂടുതൽ ഉപയോഗപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിറകെ ട്രംപ് വ്യക്തമാക്കിയിരുന്നു.
നിലനിൽക്കുന്ന ഭീഷണികൾ
ഇറാൻ യുദ്ധവും ഉയർന്ന ഇന്ധന വിലയുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് ട്രംപ് സമ്മതിച്ചിട്ടുണ്ട്. ഇറാൻ വിഷയത്തിൽ ഇനി എന്ത് എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് ഇറാനെ തടയാൻ ആക്രമണം അനിവാര്യമാണെന്ന് ന്യായീകരിക്കുകയുമുണ്ടായി. ഇറാൻ നൽകുന്ന പ്രതികരണത്തിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തേക്കാമെന്ന് പറഞ്ഞ ട്രംപ്, കൂടുതൽ ആക്രമണങ്ങൾക്കുള്ള സാധ്യത തള്ളിക്കളഞ്ഞുമില്ല.
ഇസ്രായേലിൽ പിടിച്ചുനിൽക്കാൻ മറ്റൊരു യുദ്ധം അനിവാര്യമായ ബിന്യമിൻ നെതന്യാഹു ഇറാനെ ആക്രമിക്കാൻ ട്രംപിന് മേൽ സമ്മർദം ചെലുത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ നെതന്യാഹു, ട്രംപിന് മേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ടെന്നും അമേരിക്ക, ഇറാനെതിരെ ആണവായുധം പ്രയോഗിച്ചേക്കുമെന്നും പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഇറാനിലെ ഖശം ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തുകയുമുണ്ടായി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ ആക്രമണം. ട്രംപിന്റെ വാക്കുകൾ ഇതുകൊണ്ടു തന്നെ മുഖവിലയ്ക്കെടുക്കാൻ പ്രയാസമാണ്.
മേഖലയിൽ അമേരിക്ക നാവികസേനാ വിഭാഗങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇറാൻ പ്രതികരണങ്ങൾ, മധ്യസ്ഥ ശ്രമങ്ങൾ
ട്രംപിനും നെതന്യാഹുവിനും ഏറ്റ തിരിച്ചടികൾ ഇറാന് ആത്മവിശ്വാസം പകരുന്നതാണ്. അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ പ്രതികരണം. ഫലപ്രഖ്യാപനത്തിന് പിറകെ ഇറാനിൽ ജനങ്ങൾ ഒത്തുകൂടുകയും ഡോണൾഡ് ട്രംപ്, ജെ.ഡി. വാൻസ്, നെതന്യാഹു എന്നിവരുടെ ചിത്രങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
ആക്രമണങ്ങൾ വീണ്ടും ആവർത്തിച്ചാൽ സംഘർഷം വിപുലമായ തലങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈയും മുന്നറിയിപ്പ് നൽകി.
സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. യുദ്ധത്തിന്റെ കെടുതികൾ ഇപ്പോഴും അനുഭവിക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ തുടരുകയാണ്. ഈ നീക്കങ്ങളോട് ഇറാൻ അനുകൂല സമീപനമാണ് സ്വീകരിച്ചുവരുന്നത്.
തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് അനുസരിച്ചായിരിക്കും യു.എസിനോടുള്ള സമീപനമെന്നാണ് ഇറാന്റെ പക്ഷം. ആക്രമണങ്ങൾ അവസാനിപ്പിക്കുകയും, ഉപരോധവും മരവിപ്പിച്ച ഇറാന്റെ ആസ്തികൾ തിരികെ നൽകലും അടക്കമുള്ള പ്രധാന ആവശ്യങ്ങൾ ഇറാൻ മുന്നോട്ടുവെക്കുന്നു. ഇവ അംഗീകരിച്ചാൽ ഉടനടി ഹുർമുസ് കടലിടുക്ക് തുറക്കാൻ തയാറാണെന്നും വ്യക്തമാക്കുന്നു.
ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പുതിയ അന്തരീക്ഷത്തിൽ ഡോണൾഡ് ട്രംപ് എന്തു നിലപാടെടുക്കും എന്നതിന് അനുസരിച്ചായിരിക്കും പശ്ചിമേഷ്യയുടെ ഭാവി.

